ചിക്കൻപോക്സും പിന്നെ വിവിപാറ്റും
കഴിഞ്ഞ ശനിയാഴ്ച ഏതാണ്ട് രാത്രി 8 മണിയ്ക്കാണ് എനിയ്ക്ക് ആ ഫോൺ കാൾ വന്നത്.
'ഹലോ ... ബിനു അല്ലെ?'
"അതെ .."
"ഇത് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നിന്നാണ് .."
"എന്താ സാർ ?"
"നാളെ രാവിലെ 10 മണിയ്ക്ക് ഇവിടെ ഓഫീസിൽ എത്തണം. അത് പറയാൻ വിളിച്ചതാണ്"
കൂടുതൽ എന്തെങ്കിലും ചോദിയ്ക്കുന്നതിനു മുൻപേ കാൾ കട്ടായി. ആകെ പ്രശ്നം ആയല്ലോ. എന്തിനായിരിയ്ക്കും നേരിട്ട് വിളിപ്പിയ്ക്കുന്നത്?
ഇനി വല്ല FB പോസ്റ്റും ആണോ പ്രശ്നം ?
ഞാനാണെങ്കിൽ രാഷ്ട്രീയവും തിരഞ്ഞെടുപ്പും ഒന്നും ആയി ബന്ധപ്പെട്ട ഒരു പോസ്റ്റും ഇടാറില്ല. ഒന്നും ഷെയർ ചെയ്യാറും ഇല്ല. അല്ലെങ്കിൽ പിന്നെ അത് മൂലമുള്ള എന്തേലും കുഴപ്പം ആണെന്നു കരുതാമായിരുന്നു.
ഇല്ല, അങ്ങിനെ ഒന്നും ഓർമയിൽ പോലും ഇല്ല.
അപ്പോൾ പിന്നെ എന്തിനാവും?
എന്തിനു കൂടുതൽ പറയുന്നു? അന്നത്തെ രാത്രി പിന്നെ ഉറങ്ങാനേ പറ്റിയില്ല എന്ന് പറഞ്ഞാൽ മതിയല്ലോ.
പിറ്റേന്ന് രാവിലെ 9:30 കഴിഞ്ഞപ്പോൾ തന്നെ ഞാൻ കമ്മീഷണർ ഓഫീസിൽ എത്തി.
"ദാ ...ആ റൂമിൽ വെയിറ്റ് ചെയ്തോളൂ ..."
ആശ്വാസമായി. എന്തോ ഡെമോ തരാൻ വേണ്ടി ആണെന്ന് തോന്നുന്നു.
പക്ഷെ ആ റൂമിൽ എത്തിയതും വീണ്ടും ടെൻഷൻ ആയി. അവിടെ വേറെ ആരും ഇല്ല.
കൃത്യം പത്തുമണിയ്ക്കു തന്നെ അകത്തെ വാതിൽ തുറന്ന് ഒരാൾ എത്തി. ചാനലുകളിൽ ഈയ്യിടെയായി സ്ഥിരം കണ്ടുകണ്ട് ആ മുഖം നല്ല പരിചയം.
"നമസ്കാരം സാർ .."
"നമസ്കാരം "
അദ്ദേഹം എന്റെ നേരെ സൂക്ഷിച്ചൊന്നു നോക്കി. എന്നിട്ടു ചോദിച്ചു
'വിവിപാറ്റ് എന്ന് കേട്ടിട്ടുണ്ടോ ?"
"ഉണ്ട് സർ ... കുറച്ചൊക്കെ ".
"നന്നായി... ദാ .. ഇതാണാ സാധനം ...നന്നായി കണ്ടോളൂ.."
ശേഷം അദ്ദേഹം ആ യന്ത്രത്തിന്റെ പ്രവർത്തനം വിശദമായി കാണിച്ചു തന്നു.
അപ്പോഴും എന്റെ മനസ്സിലെ സംശയം തീരുന്നില്ല. ഇതെന്തിനാണ് ഈ തിരഞ്ഞെടുപ്പുമായി, ഒരു വോട്ടർ നിലയ്ക്കല്ലാതെ മറ്റു യാതൊരു ബന്ധവും ഇല്ലാത്ത എന്നെ വിളിച്ച് ഇതൊക്കെ കാണിയ്ക്കുന്നത് ?
നേരിട്ട് ചോദിച്ചാലോ ?
എന്റെ വിഷമാവസ്ഥ കണ്ടിട്ടാകും അദ്ദേഹം ചോദിച്ചു.
"ഇതൊക്കെ എന്തിനാ ഇപ്പൊ ഇയ്യാളെ വിളിച്ചു കാണിച്ചു തരുന്നത് എന്നറിയാമോ ?"
"ഇല്ല സാർ ..."
"ഹ..ഹ..ഹ ..." നീണ്ട ഒരു പൊട്ടിച്ചിരിയായിരുന്നു ഉത്തരം ... "അപ്പോൾ ഓഫീസിൽ നിന്നും വിളിച്ചപ്പോൾ ഒന്നും പറഞ്ഞില്ലേ ?"
"ഇല്ല സാർ ... ഇന്ന് രാവിലെ ഇവിടെ വരണം...എന്നു മാത്രം പറഞ്ഞു".
"ശരി ..പറയാം ... ഇയാൾക്കൊരു ബ്ലോഗ് ഉണ്ടോ?"
"ഉണ്ട് സാർ..... ബിനുമോനിപ്പള്ളി.ബ്ലോഗ്സ്പോട്ട്..... "
"അതിനു വല്ല വായനക്കാരൊക്കെ ഉണ്ടോ ?"
"മോശമല്ല സാർ ..."
"എന്നാൽ ഈ വിവിപാറ്റിനെ കുറിച്ച് അതിൽ ഒന്ന് വിശദമായി എഴുതണം. അതിനാ വിളിപ്പിച്ചത് "
"ഹോ ..."
അറിയാതെ പറഞ്ഞു പോയി. ഇതിനു വേണ്ടിയായിരുന്നോ ഇന്നലെ രാത്രി മുതൽ ഈ സമയം വരെ താൻ ടെൻഷൻ അടിച്ചത് ? എന്തൊക്കെയാ വെറുതെ ആലോചിച്ചു കൂട്ടിയത് ?
"എന്താ പറ്റില്ലേ ?"
"ഉവ്വ് സാർ ... തീർച്ചയായും എഴുതാം"
"ശരി... എല്ലാം കണ്ടല്ലോ?"
"ഉവ്വ്" എന്ന് പറഞ്ഞതും "ട്ടപ്പ്" എന്ന വലിയ ശബ്ദത്തോടെ അദ്ദേഹം ആ മെഷീൻ അടച്ചതും ഒരുമിച്ചായിരുന്നു.
ഒപ്പം, ഒരു ഞെട്ടലോടെ ഞാൻ ഉണർന്നു.
എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി നോക്കി. പറ്റുന്നില്ല. കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ചിക്കൻപോക്സ് പിടിച്ചു കിടപ്പല്ലേ. ശരീരത്തിന് നല്ല വേദന. ഒരു വിധത്തിൽ കിടക്കയിൽ എഴുന്നേറ്റിരുന്നു.
എന്നാലും ഈ നശിച്ച ചിക്കൻപോക്സിനിടയിൽ ഈ വിവിപാറ്റ് എങ്ങിനെ കയറി വന്നു എന്നാ അറിയാത്തത്. ഓർത്തപ്പോൾ അറിയാതെ ചിരി പൊട്ടി.
നല്ലോരു വിഷുവും, ഈസ്റ്ററും, പിന്നെ ദാ കാത്തുകാത്തിരുന്ന് വന്ന ആ ഇലക്ഷനും ....എല്ലാം കുളമാക്കിയിട്ട് പകരം ദേ ഈ ചിക്കൻപോക്സ് എനിയ്ക്കു തന്നതു കണ്ടില്ലേ?
ഈ തിരഞ്ഞെടുപ്പും വോട്ടെണ്ണലും കഴിഞ്ഞാൽ, പിന്നെ ഒരാളും തിരിഞ്ഞുപോലും നോക്കാൻ മെനക്കെടാത്ത ഒരു വിവിപാറ്റിനെ.
എന്നാലും എന്റെ ചിക്കൻപോക്സേ, ഇതിത്തിരി കടന്ന കയ്യായി പോയി കേട്ടോ .... !! ഹല്ലാ പിന്നെ ....
-- ബിനു മോനിപ്പള്ളി.
പിൻകുറിപ്പ്: ചിക്കൻ പോക്സിന്റെ അസ്കിതകൾ മൂലം, ഈ കുറിപ്പ് തിരഞ്ഞെടുപ്പിന് മുൻപ് പ്രസിദ്ധീകരിയ്ക്കാൻ പറ്റാത്തതിൽ നിർവ്യാജം ഖേദിയ്ക്കുന്നു.
*************
Blog: https://binumonippally.blogspot.com
ചിത്രത്തിന് കടപ്പാട് : ഗൂഗിൾ ഇമേജസ്
ഹ...ഹ.. കൊള്ളാം
ReplyDelete