നവകേരളം [കവിത]

നവകേരളം
[കവിത]

തല കുനിച്ചല്ലേ നടക്കുന്നു ഞാനിന്നു 
കേരളക്കരയിലെ പാതകളിൽ 
എന്തേ ഇതിങ്ങനെ ആയിടുന്നെന്നോർത്തു 
ചിന്തിയ്ക്കയാലല്ലതോർത്തീടണം  

ലജ്ജ കൊണ്ടും, പിന്നെ ഹാനി മൂലം 
എങ്ങോ ഒളിച്ചോരെൻ മാനമാലും 
ശിരസ്സൊന്നുയർത്തുവാൻ ത്രാണിയില്ലാ-
തന്തിച്ചു കുന്തിച്ചു ഞാൻ നടപ്പൂ 

അരുണന്റെ കിരണങ്ങൾ ചോപ്പുചാർത്തേ 
ഭീതിയാണിന്നെന്തു വാർത്തയാവും
മുറ്റത്തു വീണൊരാ ദിനപത്ര താൾ 
കൺമുന്പിലെത്തിയ്ക്കയെന്നതോർത്ത്   

കള്ളുമണത്തൊരാ വാളയാറി-
ന്നുള്ളം പിടയ്ക്കുന്ന വിങ്ങലായി 
നക്സലായ് തീരുന്നതെന്തേ ചിലർ 
ഉത്തരം കിട്ടാനെളുപ്പമായി 

സ്കൂളിൽ നിന്നങ്ങു മടങ്ങും വഴി 
ഓടിയടുത്തിട്ടു വേട്ടനായ്ക്കൾ  
പച്ചയ്ക്ക് തിന്നു മദിച്ചു പോലും 
കൗമാരക്കാരിയാം ഇരയൊന്നിനെ 

മദ്യത്തിനായ് തുക നൽകിടാത്തോ- 
രമ്മയെ കാലന്നു നൽകീടുവാൻ 
ഒട്ടും മടിയ്ക്കാത്ത മക്കളാലെ 
സമ്പന്നമാകുന്നു കേരനാട് !

മുക്കിന്നു ബാറുകൾ നൽകിയിട്ടാ- 
മന്ത്രിയിന്നോതിയതു കേട്ടുവോ നീ?
"നിരോധനം കൊണ്ടൊരു കാര്യമില്ല, 
വർജ്ജനമാണിന്നു പഥ്യ"മത്രേ !

പാടവും തോടും നികത്തി നമ്മൾ 
പകരമായ് ചെയ്തോരു വേല കണ്ടോ?
റോഡായ റോഡിൽ കുളങ്ങൾ തീർത്തു 
നാളെയതിൽ മീനും വളർത്തിടാത്രെ !!

*എഫ്ബിയും **ടിടിയും സ്വപ്നമാക്കി 
ലൈക്കിന്റെയൊപ്പം ഒളിച്ചോടുവാൻ 
വെമ്പിനിൽക്കുന്നവരായി മാറി 
തുച്ഛമല്ലാതെണ്ണം ഇവിടെ ചിലർ !!

ആവില്ല വീണ്ടും തിരിച്ചു പോകാൻ 
ആ നല്ല നാളിലേയ്ക്കൊരു മാത്രയും 
എങ്കിലും, ആവില്ലേ ഒത്തുചേർന്നാൽ 
ഇനിയങ്ങു, മോശമാവാതിരിയ്ക്കാൻ ?

- ബിനു മോനിപ്പള്ളി
*************
Blog: https://binumonippally.blogspot.com
ചിത്രത്തിന് കടപ്പാട് : ഗൂഗിൾ ഇമേജസ് 

*ഫേസ്ബുക് 
**ടിക്‌ടോക്

Comments

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]