പച്ച മുതൽ രാശി വരെ ... ഒരു വട്ടുകളി [കളിയോർമ്മകൾ - 4]
പ്രിയ വായനക്കാരെ,
ലോകത്തെ ആകെയും ഉലച്ച ആ കൊറോണ ഭീതി മൂലം, നമ്മൾ താൽക്കാലികമായി നിർത്തി വച്ചിരുന്ന "കളിയോർമ്മകൾ" എന്ന പരമ്പര ഇവിടെ പുനരാരംഭിയ്ക്കുന്നു.
ഈ കൊറോണ കാലത്തിന്റെ എന്തെങ്കിലും ടെൻഷനുകൾ നിങ്ങളുടെ മനസ്സിലുണ്ടെങ്കിൽ, അതിനെ ഈ പഴയ ഓർമ്മകളുടെ മാധുര്യത്തിൽ കുറെയൊക്കെ നമുക്കങ്ങ് അലിയിച്ചു കളയാം. എന്താ ?
======================
[കളിയോർമ്മകൾ - 4]
"എടാ ജോസേ നീ വെറുതെ തർക്കിക്കണ്ട ..നിന്നെ ഞാൻ ശരിക്കും കറ്റീതാ ...."
"പോടാ ... തോമാ ..നീ എന്നെ കറ്റീട്ടില്ല...."
"ജോസേ .... തമാശിയ്ക്കല്ലേ നീ ...."
"എന്നാ പറ, എവിടെ വച്ചാ നീ കറ്റീത് ?"
"ദേ .. ആ അഞ്ചാം കുഴീടെ കരേല് വച്ച്..... ഡാ ദിനേശാ നീ കണ്ടതല്ലേ?"
"അതിപ്പം ..ഞാൻ ഓർക്കണില്ല ...."
ആ തർക്കം പതുക്കെ ഒരു ഒച്ചപ്പാടിലേയ്ക്ക് പോകുമ്പോഴാണ്, മീൻ കഴുകിയ വെള്ളം കളയാൻ വേണ്ടി നമ്മുടെ അന്നാമ്മചേട്ടത്തി ചെമ്പരത്തി വേലിയ്ക്കരികിൽ എത്തിയത്.
"എന്റെ പൊന്നു ജോസേ ..പോത്തു പോലെ വളർന്നിട്ടും നിനക്ക് നാണമില്ലേടാ ഈ കുഞ്ഞുപിള്ളേരുടെ കൂടെ ഇങ്ങനെ വട്ടും കളിച്ചു നടക്കാൻ?.."
"അതല്ല ചേട്ടത്തി.. ഇന്ന് ഞാൻ ശരിയ്‌ക്കും ജയിക്കേണ്ടതാ ... ഇവന്മാർ വെറുതെ കള്ളത്തരം പറയുവാന്നെ ..."
"അല്ലല്ല ചേട്ടത്തി ..ഈ ജോസാ നൊണ പറയുന്നേ ...പെരുംനൊണയൻ "
"ഓ ...നിങ്ങളായി നിങ്ങടെ പാടായി.... ഞാനില്ലേ ... ദേ അടുക്കളേൽ കൊറച്ചു മോരുംവെള്ളം കൂട്ടി വച്ചിട്ടുണ്ട്..... വേണേ വന്നു കുടിച്ചേച്ചും പോ ....."
കേട്ടപാതി കേൾക്കാത്ത പാതി, വഴക്കും കളിയും ഒക്കെ അവിടെ ഇട്ടേച്ച്, എല്ലാരും കൂടെ ചേട്ടത്തിയുടെ വീട്ടിലേയ്ക്ക് ഒരോട്ടം .....
അയ്യോ ... അവന്മാരുടെ വഴക്കിന്റെ വിശേഷങ്ങൾ പറയുന്നതിനിടയിൽ ഞാൻ ചോദിയ്ക്കാൻ മറന്നു .. നിങ്ങൾക്കീപ്പറഞ്ഞ "വട്ടുകളി" എന്താണെന്നറിയുവോ ?
ഇല്ല അല്ലേ?
എന്നാ പിന്നെ ഞാൻ പറഞ്ഞു തരാം ... ശ്രദ്ധിച്ചു കേട്ടോണെ ...
=============
ഏവർക്കും, കളിയോർമ്മകളുടെ ഈ നാലാം ഭാഗത്തിലേയ്ക്ക് സ്വാഗതം.
ഇന്ന് നമ്മൾ പറയുന്നത് "വട്ടുകളി"യെ കുറിച്ചാണ്. വളരെ പണ്ട് കേരളത്തിന്റെ ഏതാണ്ടെല്ലാ നാട്ടിൻപുറങ്ങളിലും വളരെയേറെ പ്രചാരത്തിലുണ്ടായിരുന്ന ഒരു കളിയാണിത്.
പല ദേശങ്ങളിൽ പല പേരുകളിലാണ് ഇത് അറിയപ്പെട്ടിരുന്നത് എന്നു മാത്രം. വട്ടുകളി, ഗോലികളി, ഗോട്ടികളി, രാശികളി, പളുങ്കുകളി, മൂന്നാം രാശി എന്നിങ്ങനെ പല പല പേരുകളിൽ.
ഇപ്പോൾ നിങ്ങളിൽ ചിലർക്കെങ്കിലും കളി പിടികിട്ടിക്കാണും. അല്ലേ?
ഇനിയും പിടി കിട്ടാത്തവർക്കായി, നമുക്കാ കളിയെ വിശദമായി തന്നെ, കാണാം കേട്ടോ.
നാട്ടിൻപുറങ്ങളിലെ തെങ്ങിൻതോപ്പുകളിലും, റബ്ബർ തോട്ടങ്ങളിലും, തിരക്കൊഴിഞ്ഞ മൺറോഡുകളിൽ പലയിടത്തും റോഡിനു നടുക്ക് തന്നെയും, നാലുംകൂടിയ മുക്കുകളിൽ റോഡരികുകളും ..... അങ്ങിനെ ഏതാണ്ട് എല്ലായിടത്തും, ചെറിയ കുട്ടികൾ മുതൽ വല്യപ്പന്മാർ വരെ പ്രായഭേദമന്യേ എല്ലാവരും (ആണുങ്ങൾ) കളിച്ചിരുന്ന ഒരു കളിയാണിത്. ഒറ്റ നിബന്ധനയെ ഉണ്ടായിരുന്നുള്ളൂ. കളിക്കാരന് നിലത്തു കുത്തിയിരിയ്ക്കാൻ പറ്റണം.
എത്ര പേർക്ക് വേണമെങ്കിലും ഇത് കളിയ്ക്കാം; എങ്കിലും, സാധാരണ രണ്ടു മുതൽ അഞ്ചു പേർ വരെയാണ് ഒരുമിച്ചു കളിയ്ക്കാറുള്ളത്.
കളിസ്ഥലം: നേരത്തെ പറഞ്ഞുവല്ലോ.
കളിസാധനങ്ങൾ: ഓരോ കളിക്കാരനും സ്വന്തമായി ഒരു വട്ട്/ഗോലി/പളുങ്ക്.
കളിസ്ഥലമൊരുക്കൽ: പുതിയ സ്ഥലത്താണ് കളിയെങ്കിൽ മാത്രമേ ഇത് ആവശ്യമുള്ളൂ. (അതല്ല എങ്കിൽ, പഴയ കുഴികൾ അവിടെയുള്ളത് ഉപയോഗിയ്ക്കാം). നിരപ്പാർന്ന സ്ഥലത്ത്, നേർരേഖയിൽ ഏതാണ്ട് മൂന്നടി (വലിയവർ ആണെങ്കിൽ ഈ ദൂരം ചിലപ്പോൾ കുറച്ചു കൂടും കേട്ടോ) അകലത്തിൽ കുഴിച്ച മൂന്ന് ചെറുകുഴികൾ.
ഈ കുഴികൾ കുഴിയ്ക്കുന്നതും ഒരു പ്രത്യക രീതിയിൽ ആണ്. ആദ്യം കുഴികളുടെ സ്ഥാനം കൃത്യമായി തീരുമാനിയ്ക്കുന്നു. ആദ്യ കുഴിയുടെ സ്ഥാനത്ത് കൂർത്ത ഒരു കല്ല് കൊണ്ടോ, അല്ലെങ്കിൽ ഒരു മരക്കമ്പുകൊണ്ടോ കുത്തിക്കുത്തി ഒരു ചെറുകുഴി എടുക്കുന്നു. പിന്നെ, കളിക്കാരിലൊരാൾ തന്റെ ഒരു കാലിന്റെ ഉപ്പൂറ്റി ഇതിൽ ഉറപ്പിച്ച്, കഴിയുന്നത്ര സ്പീഡിൽ വട്ടം കറങ്ങുന്നു. ഇങ്ങിനെ ഒന്നോ രണ്ടോ തവണ കറങ്ങുമ്പോൾ ആ കുഴി നല്ല വൃത്താകൃതിയിൽ തയ്യാറായിട്ടുണ്ടാകും. പിന്നെ, അടുത്ത രണ്ടു കുഴികളും ഈ രീതിയിൽ തന്നെ തയ്യാറാക്കുന്നു.
ഊഴം തീരുമാനിയ്ക്കൽ: ഒന്നിൽ കൂടുതൽ കളിക്കാരുള്ളപ്പോൾ ഇല പറിച്ചു ടോസിട്ട് തീരുമാനിയ്ക്കാൻ പറ്റാത്തതിനാൽ, ആദ്യ കുഴിയ്ക്കു മുകളിൽ നിന്ന് കൊണ്ട് ഓരോ കളിക്കാരനും തന്റെ ഗോലി മൂന്നാം കുഴിയെ ലക്ഷ്യമാക്കി എറിയുന്നു. ആരുടെ ഗോലിയാണോ മൂന്നാം കുഴിയിൽ വീഴുന്നത് അയാൾ ആദ്യം കളി തുടങ്ങും. മൂന്നാം കുഴിയുടെ ഏറ്റവും അടുത്ത് ഗോലിയിട്ട ആൾ രണ്ടാമൻ. അങ്ങിനെ പോകും. ഇനി ഒന്നിൽ കൂടുതൽ ആളുകൾ ഗോലി മൂന്നാം കുഴിയിൽ ഇട്ടാൽ, അവർ മാത്രമായി ഒന്നു കൂടി ഗോലിയിട്ട് ഊഴം തീരുമാനിയിയ്ക്കുന്നു.
കളി തുടങ്ങാം: ആദ്യത്തെ കളിക്കാരൻ ആദ്യകുഴിയ്ക്കരികിൽ കുത്തിയിരിയ്ക്കുന്നു. ശേഷം, ആദ്യ കുഴിയുടെ (S) വക്കിൽ ഇടതുകൈയ്യുടെ പെരുവിരൽ കുത്തി വലതുകൈയിലെ ഗോട്ടി (ഗോലി) ഇടംകൈയിലെ ചൂണ്ടുവിരലിന്റെയോ, നടുവിരലിന്റെയോ അഗ്രത്തു വച്ച്, ശേഷം ആ വിരൽ വില്ലുപോലെ പിന്നിലേയ്ക്ക് വലിച്ച് ഉന്നം നോക്കി, ആയത്തിൽ ഗോട്ടിയെ മുന്നോട്ട്, പച്ച(P) കുഴിയെ ലക്ഷ്യമാക്കി വിടുന്നു. പച്ച കുഴിയിൽ കൃത്യമായി വീണാൽ അതിനെ 'പച്ച തപ്പി" എന്നാണ് പറയുക. 'പച്ച തപ്പൽ' കഴിഞ്ഞാലേ മുന്നോട്ടു കളി തുടരാനാവൂ. പച്ച തപ്പിയാൽ പിന്നെ, ഇതേ രീതിയിൽ തന്നെ ഗോലിയെ മുന്നിലെ ഒന്നാം കുഴിയിലേക്ക് തൊടുക്കുന്നു. കുഴിയിൽ വീണാൽ, പിന്നെ രണ്ടിലേയ്ക്ക്. അതങ്ങിനെ തുടരും.
ഇനി കുഴിയിൽ വീഴാതെ പോയാൽ, അതായതു കുഴിയുടെ കരയിൽ എവിടെയെങ്കിലും ഗോലി എത്തി നിന്നാൽ, പിന്നെ അടുത്ത കളിക്കാരന്റെ ഊഴം. അയാൾ പച്ച തപ്പാൻ ശ്രമിയ്ക്കുന്നു. തപ്പാൻ കഴിഞ്ഞാൽ പിന്നെ ഒന്ന്, രണ്ട്, മൂന്ന് ..അങ്ങിനെ തുടരുന്നു. കഴിഞ്ഞില്ലെങ്കിൽ, ഊഴം അടുത്ത കളിക്കാരന്.
ഇനി, ഒരു കളിക്കാരൻ തന്റെ അടുത്ത കുഴിയെ ലക്ഷ്യമാക്കി കളിയ്ക്കുന്നതിന്റെ കൂടെ, വേണമെങ്കിൽ അടുത്തുള്ള മറ്റു കളിക്കാരുടെ ഗോലിയെ, തന്റെ ഗോലി കൊണ്ട് അടിച്ചു ദൂരെ തെറിപ്പിയ്ക്കുകയും ചെയ്യാം കേട്ടോ. അങ്ങിനെയെങ്കിൽ, പാവം ആ കളിക്കാരൻ പിന്നെ അവിടെ മുതൽ, നമ്മൾ നേരത്തെ പറഞ്ഞത് പോലെ കുത്തിയിരുന്ന് ഇടതു കൈയിലെ പെരുവിരൽ നിലത്തു കുത്തി ഗോലിയെ അടിച്ചു വീണ്ടും തന്റെ കളിക്കുഴിയിൽ എത്തിയ്ക്കണം. ഇതിനിടയിൽ മറ്റേതെങ്കിലും കളിക്കാർ പിന്നെയും ആ ഗോലിയെ അടിച്ചു തെറിപ്പിച്ചു എന്നും വരാം.
ചിലപ്പോൾ ചില കളികളിൽ, ചിലർക്ക് പച്ച തപ്പാൻ പോലും കഴിയാറില്ല. അതിനു മുൻപേ മിടുമിടുക്കൻമാരായ, മറ്റു ചിലർ കളി തീർത്തിരിയ്ക്കും.
നേരത്തെ നമ്മൾ പറഞ്ഞതു പോലെ, ഓരോ കുഴിയും തപ്പി, ഒരു കളിക്കാരൻ പത്താം കുഴിയിൽ എത്തി എന്നിരിയ്ക്കട്ടെ. പത്താം കുഴിയെ 'രാശിക്കുഴി' എന്നാണ് പറയുക. ആ രാശിക്കുഴി തപ്പുന്നതിനു മുൻപേ മറ്റൊരു ചടങ്ങു കൂടിയുണ്ട്. പച്ചയ്ക്കും രാശിയ്ക്കുമിടയിൽ, ആ കളിക്കാരൻ എപ്പോഴെങ്കിലും മറ്റെല്ലാ കളിക്കാരെയും 'കറ്റി'യിരിയ്ക്കണം. എന്നാൽ മാത്രമേ അയാൾക്ക് രാശിക്കുഴി തപ്പാൻ പറ്റൂ.
എന്താണീ 'കറ്റൽ' എന്ന് മനസിലായില്ല അല്ലേ? പറയാം.
ഓരോ കളിക്കാരനും ആദ്യം പച്ച തപ്പി, പിന്നെ 1 മുതൽ 10 വരെയുള്ള കുഴികളിലേയ്ക്ക് മുന്നേറുമല്ലോ. അങ്ങിനെ ചെയ്യുന്നതിനിടയിൽ എപ്പോഴെങ്കിലും, മറ്റെല്ലാ കളിക്കാരുടെയും ഗോലികളെ അയാൾ തന്റെ ഗോലി ഉപയോഗിച്ച് ഒരു തവണയെങ്കിലും അടിച്ചു തെറിപ്പിച്ചിരിയ്ക്കണം. അതും രണ്ടു ഗോലികളും തമ്മിൽ ഒരു ചാണിൽ കൂടുതൽ അകലമുള്ളപ്പോൾ. അതിനെയാണ് 'കറ്റൽ' എന്ന് പറയുന്നത്.
അത്തരമൊരു കറ്റലുമായി ബന്ധപ്പെട്ട തർക്കമാണ് ഈ ലേഖനത്തിന്റെ തുടക്കത്തിൽ നമ്മൾ കണ്ടത്.
ഇനി, രണ്ടു ഗോലികൾ തമ്മിൽ ഒരു ചാൺ അകലമില്ല എന്നിരിയ്ക്കട്ടെ. ഉദാഹരണത്തിന്: ഒരു കളിക്കാരൻ മൂന്നാം കുഴിയിൽ നിന്നും നാലിലേയ്ക്ക് കളിയ്ക്കുന്നു. കൃത്യം നാലാം കുഴിയിൽ ഗോലി വീണു. ആ കുഴിയുടെ അടുത്ത് മറ്റൊരു കളിക്കാരന്റെ ഗോലിയുണ്ട്. ഈ അവസരത്തിൽ വേണമെങ്കിൽ അയാൾക്ക് അതു ഗൗനിയ്ക്കാതെ അടുത്ത കുഴിയെ ലക്ഷ്യമാക്കി പോകാം. അതല്ല എങ്കിൽ, ആ കളിക്കാരനെ നേരത്തെ കറ്റിയിട്ടില്ലെങ്കിൽ ഇത്തവണ അത് ചെയ്യാവുന്നതാണ്. അതിന്, ആദ്യം അകലം നോക്കണം. കളിക്കാരൻ തന്റെ കയ്യിന്റെ പെരുവിരലും നടുവിരലും കഴിയുന്നത്ര അകത്തി പിടിയ്ക്കുന്നു. ആ ദൂരമാണ് ഒരു ചാൺ. പിന്നെ, പെരുവിരൽ അഗ്രം തന്റെ ഗോലിയെ മുട്ടിച്ചുവച്ച്, മറുവിരലിന്റെ അഗ്രം മറു കളിക്കാരന്റെ ഗോലിയുടെ മേൽ മുട്ടുമോ എന്ന് നോക്കുന്നു. മുട്ടിയില്ലെങ്കിൽ, അത് അടിച്ചു തെറിപ്പിച്ചാൽ, അതു നേരത്തെ പറഞ്ഞതുപോലെ കറ്റൽ ആകും.
ഇനി ഒരു ചാൺ അകലമില്ലെങ്കിൽ, ആ കളിക്കാരന് മറുഗോലിയെ കയ്യിലെടുത്ത്, ഏതു ദിശയിലേയ്ക്ക് വേണമെങ്കിലും തിരിച്ചുവച്ച്, അടിച്ചു തെറിപ്പിയ്ക്കാവുന്നതാണ്. ഇവിടെ സാധാരണ എന്ത് ചെയ്യുമെന്നോ? മറു കളിക്കാരന് പോകേണ്ടതിന്റെ എതിർ ദിശയിലേക്കു തിരിച്ചു വച്ച് കഴിയുന്നത്ര അകലേക്ക് അടിച്ചു വിടും.
ചില മിടുക്കന്മാർ ഉണ്ട്. അവർ ഒരു പ്രത്യേക രീതിയിൽ തന്റെ ഗോലികൊണ്ട് മറ്റു ഗോലികളെ അടിച്ചു തെറുപ്പിയ്ക്കും. ശേഷം ആ ഗോലി 'ബൂമറാങ്' പോലെ അവരുടെ കയ്യുടെ അടുത്തേയ്ക്കു തന്നെ കൃത്യമായി തിരിച്ചെത്തുകയും ചെയ്യും. വല്ലാത്ത കഴിവ് തന്നെ .. അല്ലെ?
രാശി തപ്പൽ: മേൽപ്പറഞ്ഞ എല്ലാ കടമ്പകളും കഴിഞ്ഞ്, ഒരു കളിക്കാരൻ പത്താംകുഴി വരെയെത്തി എന്നു കരുതുക. ആദ്യ തവണ കുഴിയിൽ ഗോലി വീഴ്ത്തി "ഒന്നാം രാശി" എന്നുപറഞ്ഞ്, തന്റെ ഗോലിയെ ആ കുഴിയുടെ സമീപത്ത് എവിടെയെങ്കിലും വയ്ക്കാം. പിന്നെ ഊഴം അടുത്ത കളിക്കാരന്. വീണ്ടും മറ്റെല്ലാവരിലും കറങ്ങി നമ്മുടെ രാശിക്കാരന്റെ ഊഴമെത്തുന്നതിനു മുൻപേ, ആർക്കു വേണമെങ്കിലും ആ രാശിക്കാരന്റെ ഗോലിയെ അവിടെനിന്നും അടിച്ചകറ്റാവുന്നതാണ്.
രാശിക്കാരൻ വീണ്ടും തന്റെ ഊഴമെത്തുമ്പോൾ, അപ്പോൾ ഗോലിയുള്ള സ്ഥലത്തു നിന്നും വീണ്ടും രാശിക്കുഴി തപ്പണം. തപ്പാൻ പറ്റിയാൽ, "രണ്ടാം രാശി" എന്നും പറഞ്ഞ് വീണ്ടും സമീപത്തു ഗോലിയെ വയ്ക്കാം.
തന്റെ അടുത്ത ഊഴത്തിൽ, "മൂന്നാം രാശി" തപ്പാനായാൽ അയാൾ ആകും ആദ്യ വിജയി. ചിലപ്പോൾ അതോടെ കളി നിർത്തും. വീണ്ടും ആദ്യം മുതൽ തുടങ്ങും. മറ്റു ചിലപ്പോഴാകട്ടെ, ശേഷിയ്ക്കുന്നവർ കളി തുടരും. അടുത്ത വിജയിയെ കണ്ടെത്താൻ.
ചിലപ്പോൾ ഈ കളിയ്ക്ക് 'വേദന നിറഞ്ഞ' ഒരു പര്യവസാനം കൂടിയുണ്ടാകാറുണ് കേട്ടോ. അതു പക്ഷേ, അങ്ങിനെ പന്തയം വച്ച് കളിക്കുമ്പോൾ മാത്രം.
ജയിയ്ക്കുന്ന കളിക്കാരൻ ആദ്യ കുഴിയിൽ നിന്നും തന്റെ ഗോലിയുമായി ഉന്നം പിടിയ്ക്കുന്നു. പക്ഷെ ഇത്തവണ ഉന്നം പച്ചക്കുഴിയല്ല മറിച്ച്, ആ കുഴിയുടെ മുകളിൽ തനിയ്ക്കഭിമുഖമായി വച്ചിരിയ്ക്കുന്ന, തോറ്റ കളിക്കാരിലൊരുവന്റെ മുഷ്ടിയാണെന്നു മാത്രം. ആ പാവം, തന്റെ കണ്ണുകൾ ഇറുക്കെ അടച്ചു പിടിച്ചാവും അവിടെ ഇരിയ്ക്കുന്നത്.
സർവശക്തിയുമെടുത്ത് അടിയ്ക്കുന്ന ആ ഗോലി, വിരലിന്റെ എല്ലിൽ വന്നു കൊള്ളുമ്പോഴുണ്ടല്ലോ........ ഒഹ്ഹ്ഹ് ... കണ്ണിൽ നിന്നും പൊന്നീച്ചയല്ല പ്ലാറ്റിനം ഈച്ചയും, ഡയമണ്ട് ഈച്ചയും വരെ പറപറക്കും.
ഒരിയ്ക്കലെങ്കിലും അതനുഭവിച്ചിട്ടുള്ളവർക്ക് ഇപ്പോഴും ഓർമ്മയുണ്ടാകും, അതിന്റെ ആ ഒരു പരമസുഖം....!!
*******
എങ്ങിനെയുണ്ട് നമ്മുടെ ഗോലികളി? വളരെ രസകരമല്ലേ?
കടയിൽ നിന്നും ഓരോ പളുങ്കും വാങ്ങി, നമുക്കൊന്ന് കളിച്ചു നോക്കിയാലോ? ചുമ്മാ ഒരു രസത്തിന്.... നേരം പോകട്ടെന്നെ ...
പക്ഷെ, ഒരു കുഴപ്പമുണ്ടല്ലോ. റോഡായ റോഡൊക്കെ ഇപ്പോൾ ടാറല്ലേ? അല്ലെങ്കിൽ കോൺക്രീറ്റ്. മുറ്റത്താണെങ്കിൽ മുഴുവനും ടൈൽസും. പിന്നെ എവിടെ കുത്തും നമ്മൾ ആ മൂന്ന് ചെറുകുഴികൾ?
ടെറസിൽ നോക്കാമെന്നു വച്ചാൽ, കുഴി കുത്താതെ തന്നെ അത്യാവശ്യം നല്ല ചോർച്ച അവിടെ ഉണ്ട് താനും.
ഛേ .... ആകെ മൊത്തം ടോട്ടൽ 'കൺഫൂഷൻ' ആയല്ലോ..... !!
**********
രാശികളി എന്ന വട്ടുകളി നിങ്ങൾക്കിഷ്ടമായി എന്ന് കരുതുന്നു. ഒരു കളി വിശേഷം കൂടി പറഞ്ഞ്, നമുക്കീ അദ്ധ്യായം ഇവിടെ അവസാനിപ്പിയ്ക്കാം.
അന്ന് 'സോഡാവട്ട്' കയ്യിലുള്ള കളിക്കാരൻ വല്യ വിഐപി ആണ് കേട്ടോ. പണ്ടത്തെ ആ സോഡാകുപ്പി ഓർമ്മയുണ്ടോ? ഒന്ന് കുലുക്കി, ഒരു വിരൽ ഉള്ളിൽ കടത്തി ഞെക്കി, വെടിപൊട്ടുന്ന ശബ്ദത്തിൽ 'പൊട്ടിച്ച്' കടക്കാരൻ നമുക്ക് നേരെ നീട്ടുന്ന ആ പച്ച സോഡാകുപ്പി? അതിലെ ആ കടുംനീല വട്ടില്ലേ? അതാണീ സോഡാവട്ട്. അന്നും അതൊരെണ്ണം കിട്ടണമെങ്കിൽ വലിയ വിഷമമാണ്. കാരണം, ഏതേലും സോഡാകുപ്പി പൊട്ടിയാലല്ലേ, ഉള്ളിലെ വട്ട് എടുക്കാൻ പറ്റൂ?
നമ്മൾ തുടക്കത്തിൽ കണ്ട ജോസില്ലേ? പുള്ളിക്കാരൻ ഒരിയ്ക്കൽ ഒരു 'കടുംകൈ' ചെയ്തു. അന്ന് ഞങ്ങളുടെ നാട്ടിൽ നാരായണേട്ടന്റെ മുറുക്കാൻ കടയുണ്ട്. സോഡാ കുപ്പികൾ എല്ലാം പെട്ടിയിലാക്കി, കടയുടെ തട്ടിന്റെ അടിയിലാണ് വയ്ക്കാറ്. ഒരു ദിവസം ഉച്ചയ്ക്ക് കടയടച്ച് നാരായണേട്ടൻ ഊണ് കഴിയ്ക്കാൻ വീട്ടിൽ പോയപ്പോൾ, ഒരു സോഡാവട്ടും തപ്പി ഏറെ നാളായി നടക്കുന്ന നമ്മുടെ ജോസുണ്ടല്ലോ, പുള്ളിക്കാരൻ പതുക്കെ ചെന്ന് ഒരു സോഡാ കുപ്പി എടുത്ത്, അടുത്ത കല്ലിൽ ഒറ്റയടി.
പക്ഷേ, വെപ്രാളത്തിൽ കാലിക്കുപ്പിയ്ക്കു പകരം പൊട്ടിയ്ക്കാത്ത ഒരു സോഡക്കുപ്പിയാണ് ജോസ് എടുത്ത് കല്ലിൽ അടിച്ചത്. ഗ്യാസ് നിറഞ്ഞ കുപ്പിയല്ലേ? അത് വെടി പൊട്ടുന്ന ഒച്ചയിൽ പൊട്ടിയതും, ഒരൊറ്റ നിലവിളിയായിരുന്നു അവൻ. നാൽക്കവലയല്ലേ? നാലുപാടുനിന്നും ആളുകൾ ഓടിക്കൂടി. നോക്കുമ്പോൾ നമ്മുടെ ജോസ് ദാ വാവിട്ടു നിലവിളിയ്ക്കുന്നു. ആർക്കും ഒന്നും മനസിലായില്ല. എല്ലാവരും വിചാരിച്ചു ഏതോ സോഡാക്കുപ്പി ഗ്യാസ് കൂടി പൊട്ടിയപ്പോൾ അതിലെയെങ്ങോ പോയ ജോസ് പേടിച്ചു കരഞ്ഞതാണെന്ന്.
ഈ തിരക്കിനിടയിൽ, ആ കുപ്പിയിൽ നിന്നും ദൂരെ തെറിച്ചു വീണ ആ കടുംനീല വട്ടാകട്ടെ, അത് നമ്മുടെ ആ ദിനേശൻ കൈക്കലാക്കുകയും ചെയ്തു. 'മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി' എന്നുപറഞ്ഞ പോലെ.
രാശികളി എന്ന വട്ടുകളിയെ കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ പ്രതികരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്...
സ്നേഹപൂർവ്വം,
ബിനു മോനിപ്പള്ളി
*************
Blog: https://binumonippally.blogspot.com
ചിത്രങ്ങൾക്ക് കടപ്പാട് : ഗൂഗിൾ ഇമേജസ്
വളരെ നല്ലത് . മക്കളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു.
ReplyDeleteദിലീപ് കുമാർ 7907942529
ReplyDelete