ഇന്ന് [കവിത]
[കവിത]
ഇന്നാണ് ജീവിതം ഓർക്ക നമ്മൾ
ഇന്നിന്റെ ജീവിതം ജീവിയ്ക്കുക
ഇന്നെത്ര സുന്ദരം കാൺക നമ്മൾ
ഇന്നിനെ നന്നായി ആസ്വദിയ്ക്ക
ഇന്നലെകൾ ഉണ്ടായിരുന്നുവെന്നാൽ
ഇന്നലെ ചെയ്തോരു കൃത്യമൊന്നും
ഇന്നു തിരുത്തുവാൻ ആവതില്ല
എന്നതും ഓർക്കുക ഇന്നു നമ്മൾ
ഇന്നലെ ചെയ്തോരു കൃത്യമൊന്നും
ഇന്നു തിരുത്തുവാൻ ആവതില്ല
എങ്കിലും ഓർക്കുക ഇന്നു നമ്മൾ
ഇന്നവ ചെയ്യാതിരിയ്ക്കുവാനായ്
നാളെയിനി എന്താകും ആർക്കറിയാം
നാളെ ഇവിടാരൊക്കെ ബാക്കിയാകും
നാളെയീ ഭൂമിയും നാമുമെല്ലാം
എവ്വിധം ഇവിടെയിനി ബാക്കിയാകും
നാളേയ്ക്ക് ജീവിപ്പതിന്നു വേണ്ടി
കൂട്ടിയതൊക്കെയും ബാക്കിയാകാം
ആറായിരത്തേക്കർ കൂട്ടിവച്ചോർ
ആറടി മണ്ണിലൊടുങ്ങിയേക്കാം
മാളികകൾ കെട്ടിയുയർത്തിയോരും
മറുനാട്ടിൽ മണ്ണായ് അലിഞ്ഞു ചേരാം
നാളേയ്ക്കു കരുതിയാ കല്ലറയും
കാലിയായ് തന്നെ അനാഥമാകാം
ഇന്നിന്റെ ജീവിതം ജീവിയ്ക്കുക
കഴിയുന്ന നന്മകൾ ചെയ്തീടുക
നന്നായ് ചിരിയ്ക്കുക, മനസ്സിലെന്നും
സന്തോഷപ്പൂത്തിരി കത്തിയ്ക്കുക
നേടാത്ത 'ഭാഗ്യ'ങ്ങൾ വിസ്മരിയ്ക്ക
നേടിയ 'കാര്യ'ങ്ങൾ ഓർത്തെടുക്ക
നഷ്ടങ്ങളല്ല നിൻ ജീവിതത്തിൽ
മോദം നിറയ്ക്കുവതോർത്തുവയ്ക്ക
ഇന്നു നാം ചെയ്യേണ്ട കാര്യമൊന്നും
നാളേയ്ക്ക് മാറ്റരുതോർമ്മ വയ്ക്ക
അവയിന്നു ചെയ്തിട്ടു വേണമല്ലോ
ആമോദമായൊന്നു പുഞ്ചിരിയ്ക്കാൻ
ഇന്നാണ് ജീവിതം ഓർക്ക നമ്മൾ
ഇന്നിന്റെ ജീവിതം ജീവിയ്ക്കുക
ഇന്നെത്ര സുന്ദരം കാണ്ക നമ്മൾ
ഇന്നിനെ നന്നായി ആസ്വദിയ്ക്ക
=====================
ബിനു മോനിപ്പള്ളി
യൂട്യൂബിൽ കാണുവാൻ: https://youtu.be/3XWogsD5z0Q
*************
Blog: https://binumonippally.blogspot.com
mail: binu.monippally@gmail.com
[ചിത്രത്തിന് കടപ്പാട്: ഗൂഗിൾ ഇമേജസ്]
Excellent poem
ReplyDeleteWow!!! എത്രയും അർത്ഥവത്തായത്
ReplyDelete