ചുമ്മാ ... ചില കൗപീന കാര്യങ്ങൾ
[കുറച്ചു ചിരിയ്ക്കാൻ .. ഏറെ ചിന്തിയ്ക്കാൻ]
എന്തോ ... പെട്ടന്നാണ് മറവിയുടെ ആഴങ്ങളിലെങ്ങോ മറഞ്ഞു കിടന്നിരുന്ന ആ 'സാധനം', ഓർമയുടെ ഓളപ്പരപ്പിലേക്കെത്തിയത്.
ഏതാണ്ടൊരു ഒന്നോ രണ്ടോ തലമുറ പിന്നിലേയ്ക്ക് പോയാൽ, തികഞ്ഞ രാജകീയ പ്രൗഡിയിൽ, ഈ നാടുവാണിരുന്ന 'സാധന'മല്ലേ?
അന്നൊക്കെ, ഒരാളുടെ... അല്ല ഓരോ തറവാടിന്റെയും തന്നെ, പേരും പെരുമയും, പിന്നെ ആഢ്യത്തവും ഒക്കെ, മാലോകരോട് ഉറക്കെ വിളിച്ചു പറഞ്ഞിരുന്നത് ഇവനായിരുന്നു. അത്രയ്ക്കു കേമൻ.
തറവാട്ടുപറമ്പിലെ കുളത്തിൽ, കാച്ചെണ്ണയും തേച്ചു നന്നായി മുങ്ങിക്കുളിച്ച്, ആ കുഞ്ഞലകൾക്കൊപ്പം വെള്ളത്തിൽ അങ്ങിനെ ഒഴുകി നീങ്ങി, പിന്നെ മുറ്റത്തെ ആ അയ(ഴ)യിൽ നിരന്നങ്ങനെ ഉണങ്ങാൻ കിടന്നിരുന്ന, ഇവന്റെ ആ നിറവും, എണ്ണവും ഒക്കെ ആയിരുന്നവത്രെ, അന്നത്തെ ഓരോ തറവാടിന്റെയും പേരും പെരുമയും ഒക്കെ വിളിച്ചോതിയിരുന്നത്.
പിന്നെ വീട്ടുമുറ്റത്ത് വെയിൽ ഇല്ലെങ്കിലോ? അങ്ങിനെയെങ്കിൽ, അപ്പോൾ ഇവന്റെ സ്ഥാനം അങ്ങ് പെരപ്പുറത്താവും. ഇടവഴിയെ പോകുന്നവരെയൊക്കെ വെളുക്കെ ചിരിച്ചു കാണിച്ച്, വെയിലിൽ പഴുത്ത ആ പഴയ കാലടി ഓടിന്റെ മുകളിൽ, അവനങ്ങനെ കിടക്കും. ഒരു രാജവെമ്പാലയെ പോലെ ഗമയിൽ.
നാട്ടിലെ ഇടവഴികളിൽ, തന്റെ യജമാനന്റെ തൊട്ടുപുറകിലായി അങ്ങോട്ടും ഇങ്ങോട്ടും തലയാട്ടി, ചിണുങ്ങിക്കുണുങ്ങി, ചിലപ്പോൾ ഇടയ്ക്കൊന്ന് ഒളിച്ചു കളിച്ചും അല്ലാതെയുമൊക്കെ, ഒരു വിനീത വിധേയനായി അവനങ്ങനെ പോണ കാണാൻ എന്നാ രസമാരുന്നന്നെ...
ചുരുക്കി പറഞ്ഞാൽ, സർവ പ്രതാപിയായിട്ടായിരുന്നു ഇവന്റെ അന്നത്തെ വാഴ്ച. അതും, പല ദേശങ്ങളിൽ പല പേരുകളിൽ. വടക്കോട്ട് അവൻ 'ലങ്കോട്ടി' ആയിരുന്നുവെങ്കിൽ, തെക്കോട്ടവൻ 'കോണകം' ആയിരുന്നു. എന്നാൽ, ഞങ്ങൾ കോട്ടയംകാർ ഇവനെ സ്നേഹത്തോടെ നീട്ടി വിളിച്ചിരുന്നതാകട്ടെ 'എടാ കോണാനെ......' എന്നാണു കേട്ടോ.
എന്തിനേറെ? സ്വന്തം പേരിൽ പഴഞ്ചൊല്ല് പോലും ഉണ്ടായിരുന്നവനാണ്. നിങ്ങളും കേട്ടിട്ടുണ്ടാകും അത്- "കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്തു കിടക്കട്ടെ".
പക്ഷേ.....
നിരത്തി ഉണക്കാനിട്ടിരിക്കുന്ന കൗപീനങ്ങളും, ഇല്ലത്തിന്റെ ഉമ്മറത്തെ ചാരുകസേരയിൽ നാലുംകൂട്ടി മുറുക്കി വിശ്രമിയ്ക്കുന്ന ആ ഉണ്ണി നമ്പൂരീടെ നാവിൽ നിന്നും, തുപ്പലിനൊപ്പം ചിതറിത്തെറിയ്ക്കുന്ന ചില വെണ്മണി ശ്ലോകങ്ങളും, അന്നു പക്ഷേ നാട്ടിലെ അടിയാത്തി പെണ്ണുങ്ങളുടെ മനസ്സിൽ ഉയർത്തിയിരുന്നത്, ആശങ്കയുടെ, ആത്മാഭിമാനത്തിന്റെ, നിസ്സഹായതയുടെ ഒക്കെ ആന്തലുകളായിരുന്നു.
പിന്നെ, കാലത്തിനൊപ്പം നമ്മളും കോലം മാറി. നമ്മുടെ കോട്ടയം കുഞ്ഞച്ചന്റെ ഭാഷയിൽ പറഞ്ഞാൽ, നമ്മളങ്ങ് 'പച്ചപ്പരിഷ്കാരി'കളായി. കൗപീനത്തിനു പകരം നല്ല നല്ല ജെട്ടികൾ വന്നു. പിന്നെ അതിലായി നമ്മുടെ ഫാഷൻ പരീക്ഷണങ്ങൾ.
പിന്നെയും കുറെ കഴിഞ്ഞപ്പോൾ, സ്വദേശിയ്ക്കു പകരം വിദേശികൾ വന്നു. അകമേ തങ്ങൾ ഇടുന്ന വില കൂടിയ ആ വിദേശികളെ പുറത്തു കാണിയ്ക്കാൻ, ചിലരൊക്കെ തങ്ങളുടെ കാൽശരായികളുടെ അരക്കെട്ടിന്റെ ഇറക്കം കൂട്ടി. എന്നിട്ടോ? അതിനും ഒരു വിദേശ പേരങ്ങ് നൽകി - 'ലോ വെയിസ്റ്റ്'.
[എനിയ്ക്കു തോന്നുന്നത്, ചില കൊച്ചമ്മമാർ തങ്ങളുടെ ബ്ലൗസിന്റെ പിൻകഴുത്ത് ഓരോ തവണയും അങ്ങിനെ താഴേയ്ക്ക് താഴേയ്ക്ക് ഇറക്കി വെട്ടുന്നതിലുള്ള, ഇവന്മാരുടെ ഒരു പകരം വീട്ടലായിരുന്നു ഈ കാൽശരായിയുടെ ഇറക്കിവെട്ട് എന്നാണ്].
നമ്മൾ ഈ ബസിലൊക്കെ യാത്ര ചെയ്യുമ്പോൾ, സീറ്റ് കിട്ടാത്ത ഇത്തരം ചില ഹതഭാഗ്യർ, ഇരുകൈകളും മുകളിലത്തെ ആ കമ്പിയിൽ പിടിച്ച് ഒരൊറ്റ നിൽപ്പാ. പുറകിൽ ഇരിയ്ക്കുന്ന എല്ലാവന്മാരും, അവന്റെ മേൽപ്പറഞ്ഞ ആ വിദേശിയെ യാത്ര തീരുവോളം കണ്ടേ മതിയാകൂ, എന്ന മട്ടിൽ. [അങ്ങനെയാകുമ്പോൾ, പാവം ഇരിയ്ക്കുന്നവരാകും 'ഹതഭാഗ്യർ'].
പിന്നെപ്പിന്നെ, ഒരുപാട് പേർ ഈ ഫാഷനിലേയ്ക്കായപ്പോൾ, ആദ്യം വന്ന ചിലർക്കൊക്കെ ഒരു സംശയം. തങ്ങളുടെ വിദേശിയെ ആളുകൾ ശരിയ്ക്കും അങ്ങ് കാണുന്നില്ലേ എന്ന്. അപ്പോൾ അവർ എന്തു ചെയ്തുവെന്നോ? വിദേശിയന്റെ മുകൾഭാഗം അങ്ങ് 'ഫ്ലൂറസെന്റ്' ആക്കി.
ഹോ.... നല്ല പച്ചയിലും മഞ്ഞയിലും ചുവപ്പിലും ഒക്കെ 'ഫ്ലൂറസെന്റ്' പ്രൗഢിയിൽ വിളങ്ങുന്ന അവനെ, അപ്പോൾ അടുത്തു നിന്ന് മാത്രമല്ല, അര കിലോമീറ്റർ അകലെ നിന്നു പോലും, നന്നായി കാണാം എന്ന സ്ഥിതിയായി.
ഉടമ ഹാപ്പി ...അവനോ, പരമ ഹാപ്പി....!!
[പിന്നെ, കുറ്റം പറയരുതല്ലോ. ഈ 'ഫ്ലൂറസെന്റ്' സാധനത്തിന്, വേറെ ഒരു മെച്ചവും കൂടിയുണ്ട് കേട്ടോ. അലക്കി ഉണങ്ങാനിട്ടിരുന്ന ഇവൻ കാറ്റത്തെങ്ങാനും പറന്നു പോയാലും, ആ തിളക്കം കാരണം ഏതു രാത്രിയിലും അവനെ 'ഈസിയായി' കണ്ടെത്താൻ സാധിയ്ക്കും].
അങ്ങിനെ അങ്ങിനെ ....
എല്ലാവരും മറന്ന ആ പഴയ കൗപീനത്തെ കുറിച്ച്, പിന്നെ കുറച്ചു നാൾ മുൻപ് നമ്മളെ ഒന്ന് ചെറുതായി ഓർമ്മപ്പെടുത്തിയത്, ഏതോ ക്ഷേത്രത്തിൽ 'ഔദ്യോഗിക' ദർശനത്തിനു പോയപ്പോൾ, പ്രതിഷ്ഠയ്ക്ക് പകരം അവിടുത്തെ പൂജാരിയുടെ കൗപീനത്തെ തൊഴേണ്ടി വന്ന, നമ്മുടെ ഈ മാവേലിദേശത്തെ ഒരു പാവം സചിവോത്തമൻ ആയിരുന്നു. പക്ഷേ, കഷ്ടകാലമെന്നേ പറയേണ്ടു. അദ്ദേഹത്തിന്റെ ആ 'സദുദ്ദേശം' നാട്ടിൽ ആർക്കും മനസിലായില്ല. എന്തൊക്കെ ചീത്തയാ അന്ന് ആ പാവത്തെ വിളിച്ചത്. ദുഷ്ടപ്രജകൾ ...!
അയ്യോ... .. ഒരു കാര്യം പറയാൻ മറന്നു.
ഇതിനിടയിൽ തന്നെ വേറെ ഒരു സാധനം കൂടി വിദേശത്തു നിന്ന് ഇവിടെ എത്തിയിരുന്നു കേട്ടോ. നമ്മുടെ ആ 'ഐടി' വ്യവസായം അന്ന് വലിയ 'ബൂം' ആയപ്പോൾ, ഇഷ്ടൻ ആ കൂടെ വന്നതാ. മനസിലായില്ലേ? സായിപ്പിന്റെ ആ 'ടൈ'യില്ലേ? അവൻ തന്നെ.
നമ്മൾ അതും സന്തോഷത്തോടെ, രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു. എന്നിട്ടോ? നമ്മുടെ നാട്ടിലെ പുഴുങ്ങുന്ന ആ ചൂടിൽ, അതും കഴുത്തിൽ കെട്ടി ഗമയിൽ ഞെളിഞ്ഞു നടന്നു.
പിന്നെ, ദോഷം പറയരുതല്ലോ. വൈകുന്നേരം വീട്ടിലെത്തി അവനെ അഴിയ്ക്കുമ്പോൾ തോന്നുന്ന ആ ഒരു ആശ്വാസമുണ്ടായിരുന്നല്ലോ. അതിന്റെ ആ സുഖം (അല്ലല്ല പരമസുഖം) മാത്രം മതിയായിരുന്നു, പിറ്റേന്നും രാവിലെ അതെടുത്തു കഴുത്തു മുറുക്കി കെട്ടാൻ.
ചില "വല-വിപണന-തന്ത്രക്കാർ"* വഴി " ഈ 'ടൈ' നമ്മുടെ നാട്ടിൻപുറങ്ങളിൽ പോലുമെത്തിയപ്പോൾ ആണ്, ചില രസികന്മാർക്ക് ആ പഴയ കൗപീനത്തെ എങ്ങിനെയോ ഓർമ്മ വന്നത്. അവന്മാർ എന്ത് ചെയ്തുവെന്നോ? പേരുകൾ കൊണ്ട് ഒരു 'കിലുക്കിക്കുത്ത്' തന്നെ അങ്ങ് നടത്തി.
പഴയ കൗപീനത്തെ അവന്മാർ 'ഇന്ത്യൻ ടൈ' ആക്കി. പിന്നെയോ? ഒറിജിനൽ 'ടൈ'യെ 'കണ്ഠകൗപീനവും' ആക്കി.
ആഹാ ...സ്വദേശിയ്ക്ക് വിദേശി പേര് ... വിദേശിയ്ക്ക് സ്വദേശി പേര്.
മറ്റൊരു തരത്തിൽ പറഞ്ഞാൽ, അന്നത്തെ ഒരു 'മെയ്ക്ക് ഇൻ കേരള'.....
എങ്ങിനെ ഉണ്ട് നമ്മന്റെ പുത്തി?
അല്ല പിന്നെ ... നമ്മളോടാ സായിപ്പിന്റെ കളി...!
പക്ഷെ... പിന്നെയും കുറച്ച് കഴിഞ്ഞപ്പോൾ, നമ്മൾക്ക് ടൈയും മടുത്തു.
അപ്പോൾ, മേല്പറഞ്ഞ ആ ഐടി കമ്പനിക്കാര് പറഞ്ഞു... നിങ്ങൾ, ഫുൾ സ്ലീവും വേണ്ട, ടൈയും വേണ്ട, എന്തിന്? ഹാഫ് സ്ലീവ് പോലും വേണ്ട ..വല്ല ടീഷർട്ടോ ജീൻസോ ബർമുഡയോ മറ്റോ ഇട്ടു വന്നാൽ മതി എന്ന്. അതോടെ പാവം കണ്ഠകൗപീനത്തിന്റെ കഷ്ടകാലവും തുടങ്ങി.
എന്നാലും അവൻ ഏതൊക്കെയോ വഴികളിൽകൂടി നമ്മുടെ ചില സ്വകാര്യ സ്‌കൂളുകാരെ പോയിക്കണ്ടു. ആ കാൽക്കൽ വീണു കരഞ്ഞപേക്ഷിച്ചു. പാവം തോന്നിയിട്ടാവും, ചില സ്‌കൂളുകാർ അവിടുത്തെ എല്ലാ കുട്ടികൾക്കും അവനെ അവരുടെ 'യൂണിഫോമിന്റെ' ഭാഗമാക്കി കൊടുത്തു.
സ്‌കൂളുകാർ ഹാപ്പി ...രക്ഷിതാക്കൾ ഹാഹാപ്പി .... അവനോ പരമഹാപ്പി.
[പാവം കുട്ടികൾ മാത്രം...സ്വാഹ ...!]
അങ്ങിനെ, കാലം അനസ്യൂതമായി മുന്നോട്ടൊഴുകുമ്പോൾ ആണ്, ദേ ആരും പ്രതീക്ഷിയ്ക്കാതെ ഒരു വില്ലൻ പെട്ടെന്ന് കടന്നു വന്നത്. വേറെ ആര്? ഈ നശിച്ച കൊറോണ തന്നെ.
അതോടെ ആ "ടൈ"യ്യൻ വീണ്ടും വന്നു.
എന്നിട്ടവൻ പറയുവാന്നെ ... "പുതിയ ചില ടൈകൾ കെട്ടിയ്ക്കാനും ...പിന്നെ പഴയ ചില ടൈകളെ ഒന്ന് പരിഷ്കരിയ്ക്കാനും വേണ്ടി കൂടിയാ എന്റെ ഈ മൂന്നാം വരവ്...." എന്ന്.
അമ്പരന്നു നിന്ന മലയാളീടെ മുഖത്ത് നോക്കി, അവൻ ഇത്രേം കൂടെ പറഞ്ഞൂന്നേ ... അതും ഒട്ടും കണ്ണീച്ചോരയില്ലാതെ ...
"പണ്ട് നീയൊക്കെക്കൂടി പരിഹസിച്ചു വലിച്ചെറിഞ്ഞ ആ കൗപീനമില്ലേ? അതെന്റെ വല്യച്ഛനാ ...ആ വല്യച്ഛന്റെ കണ്ണീരിന്റെ ഉപ്പു കലർന്ന ചോറുണ്ടു വളർന്ന ഒരു ബാല്യമാ എന്റേത്. അന്ന് നീയൊക്കെ ഫാഷൻ പോരാ എന്നും പറഞ്ഞു പടിയടച്ചു പിണ്ഡം വച്ച ആ വല്യച്ചനെ.... ദേ ഇന്ന് നിന്നെ കൊണ്ടൊക്കെ തന്നെ, തിരിച്ചു വിളിപ്പിയ്ക്കും ... വിളിപ്പിയ്ക്കുക മാത്രമല്ല നിന്റെ ഒക്കെ തിരുമോന്തയ്ക്കു തന്നെ അത് കെട്ടിയ്ക്കുകയും ചെയ്യും .... പണ്ട് നീയൊക്കെ നുകത്തിൽ കെട്ടിയ ആ കാളകളുടെ മോന്തയ്ക്കിത് കെട്ടിയപ്പോൾ അതുങ്ങള് അനുഭവിച്ച ആ ഒരു ശ്വാസം മുട്ടലുണ്ടല്ലോ... അത് നിങ്ങളും കുറച്ച് ഒന്നനുഭവിയ്ക്ക് .... എന്നിട്ട് അങ്ങേ ലോകത്തിരുന്ന് അതുകണ്ട് ആനന്ദക്കണ്ണീർ പൊഴിയ്ക്കുന്ന എന്റെ ആ വല്യച്ചൻ കേൾക്കെ, ഞാൻ നിന്നോടോക്കെ പറയും 'ഒന്ന് പോ... മോനെ ദിനേശാ' ..... ന്ന് ...".
ഇത്രേം പറഞ്ഞ് അവനുണ്ടല്ലോ, നീളം കുറച്ച, വള്ളികൾ കൂട്ടിയ ഒരു കുഞ്ഞുകൗപീനം മുഖത്തേയ്ക്കു വലിച്ചെറിഞ്ഞു. പിന്നെ തോളും ചരിച്ച്, കണ്ണും ചിമ്മിച്ചിരിച്ച് അകലേയ്ക്ക് നടന്നു മറഞ്ഞു.
പാവം മലയാളി. ഞെട്ടലോടെ അതെടുത്ത് നോക്കിയപ്പോഴോ? ആ പഴയ കൗപീനകാരണവരുടെ അതേ മുഖച്ഛായ. ഒരൊറ്റ അച്ചിൽ വാർത്ത പോലെ. പിന്നെ, ഇവന്റെ ആ കൂടിയ ശൗര്യം കാരണമാകാം, തളയ്ക്കാൻ രണ്ടു വള്ളികൾ കൂട്ടിയിട്ടുണ്ട്. മാറ്റം എന്നു പറയാൻ അത്രമാത്രം.
ആഹ് .... കൗപീനവും, കണ്ഠകൗപീനവും പിന്നെ, ഇപ്പോൾ ദേ ഈ പുതിയ മോന്തകൗപീനവും വരെ കണ്ട നമ്മൾ, ഇനിയെന്തൊക്കെ കാണാൻ കിടക്കുന്നു..... ആവോ ...
അറിയാതെ, പണ്ടു ഞങ്ങൾ ആക്ഷേപിച്ചു വിട്ട ആ പഴയ കൗപീനകാരണവരെ .. ഞങ്ങളോട് ക്ഷമിയ്ക്കേണമേ....!! എത്രയും വേഗം ഇതൊന്നങ്ങോട്ട് തിരിച്ചെടുക്കേണമേ ....!!
***********
സ്നേഹത്തോടെ
- ബിനു മോനിപ്പള്ളി
*************
Blog: https://binumonippally.blogspot.com
mail: binu.monippally@gmail.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
*നെറ്റ്‌വർക്ക് മാർക്കറ്റിംഗ്
ചുമ്മാ = വെറുതെ
Congratulations Sir...
ReplyDeleteSuper very interesting Subject ....
thank you ....
DeleteSuper writing Binu
ReplyDeleteInteresting
ReplyDeleteThank you very much sir ...
Deleteഅഞ്ച് വയസ് വരെ ചെറിയ ഒരു ഓർമ്മ ഉണ്ട്..കോണകം മാത്രം.
ReplyDelete