ഓൺലൈൻ ക്‌ളാസുകൾ : ചില പ്രായോഗിക നിർദ്ദേശങ്ങൾ
ഓൺലൈൻ ക്‌ളാസുകൾ : ചില പ്രായോഗിക നിർദ്ദേശങ്ങൾ
ഇന്നിപ്പോൾ ഈ നാട്ടിൽ കൊറോണയെക്കാൾ കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണല്ലോ "ഓൺലൈൻ ക്‌ളാസുകൾ".
ആദ്യം തന്നെ പറയട്ടെ. ആ വിവാദങ്ങളിൽ പങ്കു ചേരാനോ, ഏതെങ്കിലും സർക്കാരുകളെ കുറ്റം പറയാനോ അല്ല ഈ ലേഖനം. മറിച്ച്, കുറച്ചു കൂടി ആസൂത്രണത്തോടെ, അവധാനതയോടെ നടപ്പിലാക്കിയാൽ, എത്ര ഫലപ്രദമായും, വിവാദരഹിതമായും നമുക്കീ "ഓൺലൈൻ ക്‌ളാസുകൾ" നടത്താം, എന്നതിനെ കുറിച്ച് മാത്രമാണ്.
ആമുഖം:
ആവശ്യമായ മുന്നൊരുക്കങ്ങളോ ആലോചനകളോ ഒന്നും ഇല്ലാതെ, ഏതാണ്ട് മെയ് മാസം അവസാനത്തോടെയാണ്, പെട്ടെന്ന് സ്‌കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിയ്ക്കുവാനുള്ള തീരുമാനം വന്നത്.
ഈ രാജ്യത്തും, സംസ്ഥാനത്തും, എത്ര കുട്ടികൾക്ക് നിലവിൽ ഓൺലൈൻ ക്‌ളാസുകളിൽ പങ്കെടുക്കാനുള്ള സാങ്കേതിക സൗകര്യങ്ങൾ (കമ്പ്യൂട്ടർ, ഇന്റർനെറ്റ് തുടങ്ങിയവ) ഇല്ല, എന്നതിനെ കുറിച്ച് കാര്യമായ ഒരു പഠനവും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, ഇക്കാര്യത്തിൽ നടത്തിയില്ല എന്നു തന്നെ പറയാം.
നിലവിലെ പ്രശ്നങ്ങൾ:
ആദ്യം പറഞ്ഞതു പോലെ, മുൻകൂട്ടി തീയതികൾ പ്രഖ്യാപിച്ചതിനു ശേഷമായിരുന്നില്ല ഈ പദ്ധതിയുടെ തുടക്കം.
സ്റ്റേറ്റ് സിലബസ്സിൽ, ഓൺലൈനിലും പിന്നെ വിക്ടേഴ്സ് ചാനലിലും ആണ് ക്ലാസുകളുടെ സംപ്രേഷണം.
ഐസിഎസ്ഇ, സിബിഎസ്‌ഇ സിലബസ്സുകളിൽ, അതത് സ്‌കൂളുകൾ വെബക്സ്, ഗൂഗിൾ മീറ്റ്, സൂം തുടങ്ങിയ സങ്കേതങ്ങൾ ഉപയോഗിച്ച് തീർത്തും സ്വന്തമായ രീതിയിൽ, സ്വന്തമായ നിബന്ധനകളോടെ ആണ് ഇപ്പോൾ ക്‌ളാസുകൾ നടത്തുന്നത്.
ഇവിടെ രണ്ടു പ്രധാന കുഴപ്പങ്ങൾ ഉണ്ട്.
1. വീട്ടിൽ കമ്പ്യൂട്ടർ/ലാപ്‌ടോപ് ഇല്ലാത്ത എത്രയോ വീടുകൾ കേരളത്തിൽ ഉണ്ട്. ഇനി ഉള്ളവയിൽ തന്നെ, മിക്ക വീടുകളിലും ഒരു കമ്പ്യൂട്ടർ/ലാപ്‌ടോപ് ആകും ഉണ്ടാകുക. മിക്കവാറും അതാകും കുട്ടിയുടെ മാതാവോ പിതാവോ (അല്ലെങ്കിൽ രണ്ടുപേരുമോ) ഈ ലോക്ഡൗൺ കാലത്തെ അവരുടെ 'വർക്കിംഗ് ഫ്രം ഹോം' ന് ഉപയോഗിയ്ക്കുന്നതും. ഇത്തരം വീടുകളിലെ കുട്ടികൾ എന്ത് ചെയ്യും? അതുമല്ല, ഒരു വീട്ടിൽ രണ്ടു കുട്ടികൾ ഉണ്ട് എങ്കിൽ, അവർ രണ്ടു സ്‌കൂളുകളിൽ പഠിയ്ക്കുന്നുവെങ്കിൽ, ഒരേസമയംക്ലാസുകൾ വരുമ്പോൾ, എങ്ങിനെ തങ്ങളുടെ വീട്ടിലെ ആ ഒരു കമ്പ്യൂട്ടർ/ലാപ്‌ടോപ് അവർ പങ്കിടും?
[സ്വകാര്യ സ്‌കൂളുകളിലെ 'സ്വന്തം നിബന്ധനകൾ' എന്ന് പറഞ്ഞത് ബോധപൂർവം തന്നെയാണ് കേട്ടോ. കാരണം, ചില സ്‌കൂളുകളിൽ യാതൊരു ആവശ്യവുമില്ലാത്ത നിബന്ധനകൾ ആണ് അവർ കുട്ടികളിൽ അടിച്ചേൽപ്പിയ്ക്കുന്നത്. ഉദാഹരണത്തിന് - തിരുവനന്തപുരത്തെ ഒരു പ്രമുഖ സ്‌കൂളിൽ, കുട്ടികൾ ക്യാമറ ഉള്ള കംപ്യൂട്ടറിൽ ഓൺലൈൻ വന്നാൽ മാത്രം പോരാ; മറിച്ച്, അവർ യൂണിഫോമിൽ ആയിരിയ്കുകയും വേണം, ടൈയും കെട്ടിയിരിയ്ക്കണം!! അതും, പാവം എൽകെജി കുട്ടികൾ ഉൾപ്പെടെ. ഇതെന്നോട് വിവരിച്ച അത്തരം ഒരു പിതാവിന്റെ മുഖത്തെ ആ നിസ്സഹായാവസ്ഥ, ഇപ്പോഴും എന്റെ കണ്മുന്നിൽ ഉണ്ട്. യൂണിഫോം എന്നത് സ്‌കൂളിൽ 'യൂണിഫോമിറ്റി' നിലനിർത്താനാണ് എന്ന ആ അടിസ്ഥാന വസ്തുത, ഇത്തരം സ്‌കൂളുകാർ മറന്നതോ, അതോ മറന്നുവെന്നു മനപൂർവ്വം നടിയ്ക്കുന്നതോ?]
2. ലോക്ഡൗൺ കാലത്തിന്റെ ആഘാതത്തിൽ, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന മാതാപിതാക്കന്മാർ പെട്ടെന്ന് എങ്ങിനെ പുതിയ കമ്പ്യൂട്ടർ/ലാപ്‌ടോപ്, ഇന്റർനെറ്റ് ഒക്കെ വാങ്ങും?
ചില നിർദ്ദേശങ്ങൾ:
നമ്മുടെ രാജ്യത്ത് പ്രധാനമായും മൂന്ന് വിദ്യാഭ്യാസ സമ്പ്രദായങ്ങൾ ആണല്ലോ നിലവിൽ ഉള്ളത് - ഐസിഎസ്ഇ, സിബിഎസ്‌ഇ, സ്റ്റേറ്റ്.
ഇതിൽ ഐസിഎസ്ഇ യും, സിബിഎസ്‌ഇ യും അതത് ബോർഡുകളും, സ്റ്റേറ്റ് അതത് സംസ്ഥാനങ്ങളിലെ ബോർഡുകളും കൈകാര്യം ചെയ്യുന്നു.
A. രാജ്യത്ത് സർക്കാർ അധീനതയിൽ ദൂരദർശന് മാത്രം, ഏതാണ്ട് 20ൽ അധികം ചാനലുകൾ ഉണ്ട്. ഇതിൽ വെറും 10 ചാനലുകൾ മാത്രം, ഈ പറഞ്ഞ ഓൺലൈൻ ക്‌ളാസ്സുകൾക്കു വേണ്ടി (താൽക്കാലികമായി) മാറ്റിവച്ചാൽ തന്നെ, നമുക്ക് വളരെ ഫലപ്രദമായ രീതിയിൽ, അനാവശ്യ വിവാദങ്ങൾ ഇല്ലാതെ, കൂടുതൽ കുരുന്നുകളുടെ ആത്മഹത്യകൾ ഇല്ലാതെ, മാതാപിതാക്കളുടെ നെഞ്ചുരുക്കങ്ങൾ ഇല്ലാതെ, ഈ പറഞ്ഞ "ഓൺലൈൻ" വിദ്യാഭ്യാസം, രാജ്യത്തെ മുഴുവൻ കുട്ടികൾക്കും ലഭ്യമാക്കാം.
B. കൂടെ ചേർത്തിരിയ്ക്കുന്ന ടൈം ടേബിൾ നോക്കുക. ആവശ്യമായ ചെറു ഇടവേളകൾ നൽകിക്കൊണ്ട്, നമുക്കീ ക്‌ളാസ്സുകൾ ഫലപ്രദമായി ക്രമീകരിയ്ക്കുകയും ചെയ്യാം.
C. ഇനി. കൂടുതൽ ചാനലുകൾ ആവശ്യമായി വരികയാണെങ്കിലോ? അവിടെ സർക്കാരുകൾക്ക് വേണമെങ്കിൽ, രാജ്യത്തെ ഏതു സ്വകാര്യ ചാനലിന്റെയും കുറച്ചു സമയം ഇതിനായി നീക്കി വയ്ക്കാൻ ആവശ്യപ്പെടാവുന്നതാണ്. അതും അവർക്കു അതിനുള്ള വാടക നൽകികൊണ്ട് തന്നെ.
D. വീടുകളിൽ ടിവി ഇല്ലാത്തവർക്ക് (കൃത്യമായ കണക്കെടുപ്പിനു ശേഷം മാത്രം), തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയോ, സന്നദ്ധ സംഘടനകൾ വഴിയോ അത് നൽകാവുന്നതാണ്. കേബിൾ കണക്ഷൻ എടുക്കാനുള്ള ആദ്യ മുതൽമുടക്ക് സാധ്യമാകാത്തവർക്കും, ഇത്തരം സഹായം എത്തിച്ചു നൽകാവുന്നതാണ്.
E. മുകളിൽ പറഞ്ഞ (D) ഒരുക്കങ്ങൾ കൂടി പൂർത്തിയാക്കിയതിനു ശേഷം മാത്രം, മുഴുവൻ സമയ അടിസ്ഥാനത്തിൽ ഓൺലൈൻ ക്‌ളാസ്സുകൾ നടത്തുക.
F. "ഓൺലൈൻ" ക്‌ളാസ്സുകൾക്കു വേണ്ടി മാത്രം, ഒരു വെബ്‌സൈറ്റ് തുടങ്ങുക. ചാനലുകളിൽ പൂർത്തിയാകുന്ന ഒരോ ക്‌ളാസുകളും (മൂന്നു പാഠ്യപദ്ധതിയിലെയും) ഈ വെബ്സൈറ്റിൽ ചേർക്കുക. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പിന്നീടുള്ള ഉപയോഗത്തിന് ഇത് ഉപകരിയ്ക്കും.
G. ഒരു ദിവസത്തെ സംപ്രേഷണം പൂർത്തിയായാൽ, ഉടനെ തന്നെ പുനഃസംപ്രേഷണം തുടങ്ങുക. ആദ്യ സംപ്രേഷണത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന കുട്ടികൾക്ക് ഇതിൽ പങ്കെടുക്കാവുന്നതാണ്.
H. അടുത്ത ആറുമാസത്തേയ്ക്ക് പരീക്ഷകൾ പൂർണമായും ഒഴിവാക്കുക.
ഈ പദ്ധതിയുടെ മേന്മകൾ:
1. ഓരോ സ്‌കൂളുകളും അവരുടേതായ രീതിയിൽ ഓൺലൈൻ ക്‌ളാസ്സുകൾ ഏർപ്പെടുത്തേണ്ടതില്ല. ഐസിഎസ്ഇ, സിബിഎസ്‌ഇ എന്നിവയ്ക്ക് രാജ്യത്താകമാനം ഒരേ ക്‌ളാസുകൾ.
2. ഓരോ സ്റ്റേറ്റിലും, അതത് സ്റ്റേറ്റ് സിലബസിൽ ഒരേ ക്‌ളാസുകൾ.
3. ഓരോ സ്‌കൂളുകളിലും ഓൺലൈൻ ക്‌ളാസ്സുകൾക്കു വേണ്ടിയുള്ള ഷൂട്ടിംഗ് ഒഴിവാക്കാം. പകരം, ദേശീയ/സംസ്ഥാന തലങ്ങളിൽ കൂടുതൽ മികവോടെ ഷൂട്ട് ചെയ്ത ഓൺലൈൻ ക്‌ളാസ്സുകൾ സംപ്രേഷണം ചെയ്യാം.
3. ഒരു വീട്ടിലും ഇന്റെർനെറ്റോ കമ്പ്യൂട്ടറോ നിർബന്ധമല്ല. അതുകൊണ്ടു തന്നെ ആ അധിക സാമ്പത്തിക ഭാരം വലിയ അളവ് വരെ കുറയുന്നു.
4. ഇനി ഏതെങ്കിലും വിദൂര പ്രദേശങ്ങളിൽ, അടുത്തടുത്ത വീടുകളിൽ ടിവി ഇല്ലെങ്കിൽ, അടുത്ത അംഗനവാടികളിലോ, സ്‌കൂളുകളിലോ ഒന്നോ രണ്ടോ ടിവികൾ വച്ചുകൊണ്ട്, അവിടെ കുട്ടികൾക്കിടയിൽ സാമൂഹിക അകലം പാലിച്ചു കൊണ്ട്, നമുക്കീ ഓൺലൈൻ ക്‌ളാസുകൾ നടത്താവുന്നതാണ്.
5. ഓൺലൈൻ ക്ലാസുകൾ നടത്തുമ്പോൾ LKG/UKG/STD-1/STD-2 ക്‌ളാസ്സുകളിലെ കുട്ടികളുടെ കൂടെ മാതാപിതാക്കളിൽ ഒരാൾ വേണ്ടിവരുന്നതാണ്. ഇവിടെ ഈ പദ്ധതിയിൽ, ഒരു മണിക്കൂർ മാത്രം ആ ക്‌ളാസ്സുകൾ വരുന്നത് കൊണ്ട് തന്നെ, മാതാവിനോ പിതാവിനോ തങ്ങളുടെ ആ 'വർക്കിംഗ് ഫ്രം ഹോം' പരിപാടിയ്ക്കിടയിലെ 'ബ്രേക്ക്' ക്രമീകരിച്ചുകൊണ്ട് ഇത് ചെയ്യാവുന്നതാണ്.
ഓർക്കുക. ഇത്തരം അസാധാരണ സാഹചര്യങ്ങളിൽ, തങ്ങളുടെ ജനങ്ങൾക്ക്,പൗരന്മാർക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയിൽ, അവരുടെ സാമ്പത്തിക ബാധ്യത ഏറ്റവും കുറഞ്ഞ രീതിയിൽ, എന്നാൽ ഏറ്റവും ഫലപ്രദമായ രീതിയിൽ, പദ്ധതികൾ നടപ്പിലാക്കേണ്ടതിലാണ് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ, തങ്ങളും കഴിവും പ്രാപ്തിയും പിന്നെ മിടുക്കും ഒക്കെ പ്രകടിപ്പിയ്ക്കേണ്ടത്.
പ്രിയപ്പെട്ട വായനക്കാരെ, കാലത്തിന്റെ അനിവാര്യതയായി മാറിയ ഓൺലൈൻ വിദ്യാഭ്യാസം, എങ്ങിനെ ഫലപ്രദമായി നടപ്പിലാക്കാം എന്നതിനെ കുറിച്ച്, എനിയ്ക്കു തോന്നിയ ചില പ്രായോഗിക നിർദേശങ്ങൾ മാത്രമാണ് ഞാൻ നിങ്ങളുമായി ഇവിടെ പങ്കു വച്ചത്. നല്ലത് എന്ന് തോന്നുന്നുവെങ്കിൽ, ഇത് മറ്റുള്ളവരുമായും പങ്കു വയ്ക്കുക.
കൂടെ, നിങ്ങളുടേതായ കൂടുതൽ നിർദ്ദേശങ്ങളും.
സ്നേഹത്തോടെ
- ബിനു മോനിപ്പള്ളി
*************
Blog: https://binumonippally.blogspot.com
mail: binu.monippally@gmail.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
നല്ല നിർദ്ദേശങ്ങൾ, ഓൺലൈൻ വിദ്യാഭ്യാസം ഇനി ഭാഗികമായെങ്കിലും സ്ഥിരമായി തുടരണമെന്നാണ് എന്റെ അഭിപ്രായം. കാരണം സാങ്കേതിക വിദ്യയുടെ വളർച്ചയുമായി തുതലമുറ ഇപ്പോഴും ബന്ധപ്പെട്ടിരിക്കേണ്ടത് ഇനിയുള്ള കാലതു നിലനില്പിനാവശ്യമാണ്
ReplyDelete