വേദനകൾ ഇല്ലായിരുന്നുവെങ്കിൽ ? [ലേഖനം]
വേദനകൾ ഇല്ലായിരുന്നുവെങ്കിൽ ?
[ലേഖനം]
പ്രിയ വായനക്കാരെ,
ഇത്തവണ നമുക്ക് നേരെ കാര്യത്തിലേക്കു വരാം.
നിങ്ങളോടായി, ഒരൊറ്റ ചോദ്യം ...
"ഈ ലോകജീവിതത്തിൽ നമുക്ക് വേദനകൾ ഇല്ലായിരുന്നുവെങ്കിൽ ?"
എന്താകുമായിരുന്നു നമ്മുടെയൊക്കെ ജീവിതങ്ങൾ? അഥവാ എങ്ങിനെ ആകുമായിരുന്നു നമ്മുടെയൊക്കെ ജീവിതങ്ങൾ?
"ഹ...ഹ.. ഇതെന്തൊരു മണ്ടൻ ചോദ്യം?"
എന്നല്ലേ നിങ്ങളിൽ ഭൂരിഭാഗം പേരും ഇപ്പോൾ മനസ്സിൽ ചോദിച്ചത്?
'വേദനകൾ ഇല്ലായിരുന്നുവെങ്കിൽ, ഈ ജീവിതം, (എന്തിന്? മിക്കവാറും ഈ ലോകം തന്നെ) സ്വർഗ്ഗസമാനമായി മാറിയേനെ, എന്നത് ഇയാൾക്കറിയില്ലേ? എന്തൊരു മണ്ടനാണ് ഇയാൾ?'
എന്നൊരു തുടർചോദ്യമാകും, നിങ്ങളുടെ മനസ്സിൽ, പിന്നീട് ഉയർന്നു വന്നിട്ടുണ്ടാകുക. അല്ലേ?
എന്നാൽ, ഞാൻ പറയുന്നു, വേദനകൾ ഇല്ലായിരുന്നുവെങ്കിൽ ഈ ലോകം നരകതുല്യമോ, ഒരുവേള അതിനേക്കാൾ ഏറെ പരിതാപകരമോ ഒക്കെ ആകുമായിരുന്നു. എന്തിനേറെ? ഈ ലോകത്തിൽ നമ്മുടെയൊക്കെ ജീവിതം തന്നെ ഏതാണ്ട് അസാധ്യവുമാകുമായിരുന്നു.
എനിയ്ക്കറിയാം, ഈ ഒരു വാദഗതി നിങ്ങൾക്ക് അംഗീകരിയ്ക്കാൻ തീർത്തും ബുദ്ധിമുട്ടാണെന്ന്. അതിനാൽ, വളരെ പെട്ടെന്ന് നമുക്കതിന്റെ വിശദാംശങ്ങളിലേക്കൊന്നു പോയി നോക്കാം. എന്താ?
വേദനകൾ എന്ന് പറയുമ്പോൾ, നമുക്ക് വേണമെങ്കിൽ അതിനെ പൊതുവേ രണ്ടായി തരംതിരിയ്ക്കാം - (1) ശാരീരിക വേദനകൾ (2) മാനസിക വേദനകൾ
1. ശാരീരിക വേദനകൾ:
ശാരീരിക വേദനകൾ എന്നാൽ, ചൂടുള്ളതോ, മൂർച്ചയുള്ളതോ, ദൃഢമായതോ, ഒക്കെയായ വസ്തുക്കൾ മൂലമോ, അല്ലെങ്കിൽ മുറിവ്, ഒടിവ്, ചതവ്, ക്ഷതം എന്നിവയൊക്കെ മൂലമോ, നമ്മുടെ ശരീരഭാഗങ്ങൾക്കുണ്ടാകുന്ന വേദനകൾ.
ഒന്നാലോചിച്ചു നോക്കൂ. ഇത്തരം വേദനകൾ നമുക്കുണ്ടായിരുന്നേയില്ല എങ്കിൽ, ചൂടേറിയ ഒരു വസ്തുവിൽ നിങ്ങളുടെ കൈയ്യോ, കാലോ സ്പർശിച്ചാൽ അത് നിങ്ങളിൽ ഒരു വേദനയും ഉണ്ടാക്കുന്നില്ല, എങ്കിൽ?
കൂർത്ത ഒരു വസ്തു നിങ്ങളുടെ ശരീരത്തിൽ തുളച്ച് കയറിയിട്ടും നിങ്ങൾക്ക് വേദന തീർത്തും അനുഭവപ്പെടുന്നില്ല, എങ്കിൽ?
ഒരു കരിങ്കല്ലിൽ തട്ടി നിങ്ങളുടെ കാൽവിരൽ പൊട്ടി രക്തമൊഴുകിയിട്ടും നിങ്ങൾ അത് അറിയുന്നില്ല, എങ്കിൽ?
എന്താകും നിങ്ങളുടെ അവസ്ഥ?
എങ്ങിനെ നിങ്ങൾക്ക് ധൈര്യപൂർവ്വം ചലിയ്ക്കാൻ കഴിയും? സാധന സാമഗ്രികൾ കൈകാര്യം ചെയ്യാൻ കഴിയും? ജോലിചെയ്യാൻ കഴിയും?
എന്തിന്?
എങ്ങിനെ സമാധാനമായി ഒരു ദിവസം ഒന്ന് ജീവിയ്ക്കാൻ കഴിയും?
2. മാനസിക വേദനകൾ:
മുകളിൽ പറഞ്ഞ ശാരീരിക വേദനകളേക്കാൾ പ്രധാനപ്പെട്ടതും, പലപ്പോഴും താരതമ്യേന ദീർഘകാലത്തേയ്ക്കു നമ്മളെ ബാധിയ്ക്കുന്നതും, നേരിട്ടുള്ള ചികിത്സകൾ അത്ര പ്രായോഗികമല്ലാത്തതുമാണ് മാനസിക വേദനകൾ. അല്ലേ?
പെട്ടെന്ന് ചിന്തിയ്ക്കുമ്പോൾ നമുക്ക് തോന്നും, ഇത്തരം മാനസികമായ വേദനകളെങ്കിലും ഈ ജീവിതത്തിൽ ഇല്ലായിരുന്നുവെങ്കിൽ, അതെത്ര നന്നായിരുന്നു എന്ന്. നമ്മൾ ഇഷ്ടപെടുന്ന, അല്ലെങ്കിൽ നമ്മുടെ വേണ്ടപ്പെട്ടവരുടെ, ഏതൊരു പെരുമാറ്റവും, നമുക്ക് യാതൊരു തരത്തിലുമുള്ള മാനസിക ബുദ്ധിമുട്ടുകളും അഥവാ വേദനകളും ഉണ്ടാക്കുന്നില്ല എങ്കിൽ, എത്ര പ്രശ്നരഹിതമാകുമായിരുന്നു നമ്മുടെയൊക്കെ ജീവിതങ്ങൾ?
ഇത്രയേറെ കുടുംബപ്രശ്നങ്ങളോ, വിവാഹമോചനങ്ങളോ ഒക്കെ ഇവിടെ ഉണ്ടാകുമായിരുന്നോ? കുടുംബ കോടതികൾ എന്നൊരു സംവിധാനമേ വേണ്ടിവരുമായിരുന്നോ?
എന്നാൽ, സത്യാവസ്ഥ നേരെ തിരിച്ചാണ്.
നമ്മൾ ഇഷ്ടപ്പെടുന്ന ആളുകൾക്ക്, വേദനിച്ചെങ്കിലോ എന്ന് ഒരു നിമിഷമെങ്കിലും ഒന്നാലോചിച്ചിട്ടു കൂടിയല്ലേ, പല കാര്യങ്ങളും (ഒരു പക്ഷെ, ഒട്ടുമിക്ക കാര്യങ്ങളും) നമ്മൾ ചെയ്യുന്നത്? പല തവണ ആലോചിച്ച്, വേണ്ട മാറ്റങ്ങൾ എല്ലാം വരുത്തിയല്ലേ നമ്മൾ പലതും ചെയ്യുന്നതും, പറയുന്നതും, പെരുമാറുന്നതും?
അല്ലെങ്കിൽ, നമ്മൾ മറ്റു പലതും ചെയ്യാത്തതും, പറയാത്തതും?
നമ്മുടെ മാതാപിതാക്കളെ, സഹോദരങ്ങളെ, പങ്കാളിയെ, കുട്ടികളെ, അല്ലെങ്കിൽ സുഹൃത്തുക്കളെ, ഒക്കെ തീർത്തും വേദനിപ്പിയ്ക്കാതെ (അഥവാ ഏറ്റവും കുറച്ച് മാത്രം വേദനിപ്പിയ്ക്കുന്ന തരത്തിൽ) എത്രയോ മാറ്റങ്ങൾ വരുത്തിയാണ് നമ്മൾ, നമ്മുടെ സംസാരവും, പെരുമാറ്റവും, പിന്നെ ദേഷ്യം, സങ്കടം, സന്തോഷം തുടങ്ങിയ വിവിധ വികാരങ്ങളും, വിചാരങ്ങളും ഒക്കെ അവരുടെ മുന്നിൽ പ്രകടിപ്പിയ്ക്കുന്നത്?
നമ്മളെ വേദനിപ്പിയ്ക്കണ്ട എന്ന് കരുതിയല്ലേ നമ്മുടെ കുട്ടികൾ, പല കാര്യങ്ങളും ചെയ്യാതിരിയ്ക്കുന്നത്? ചെയ്യണമെന്ന് അവർക്ക് അതിയായ ആഗ്രഹമുണ്ടായിട്ടും?
നമ്മുടെ മാതാപിതാക്കൾ, പലതും നമ്മോട് തുറന്നു പറയേണ്ട എന്നു വയ്ക്കുന്നതും അതുകൊണ്ടു തന്നെയല്ലേ?
നമ്മുടെ ജീവിതപങ്കാളിയ്ക്കു വേദനയുണ്ടാക്കേണ്ട എന്ന് കരുതിയല്ലേ, കുടുംബജീവിതത്തിൽ പല കാര്യങ്ങളും നമ്മൾ കണ്ടില്ല/കേട്ടില്ല എന്ന് നടിയ്ക്കുന്നത്?
നമ്മുടെ മാതാപിതാക്കൾക്ക് ഏറെ വേദനയുണ്ടാക്കേണ്ട എന്ന് കരുതിയല്ലേ, നമ്മളിൽ ചിലരെങ്കിലും, ഇഷ്ടപ്പെട്ട ചില പ്രണയബന്ധങ്ങൾ പോലും അവരുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കുന്നത്?
'വേദനപ്പിയ്ക്കേണ്ട' അഥവാ 'വിഷമിപ്പിയ്ക്കേണ്ട' എന്ന അതേ വിചാരം കൊണ്ടു തന്നെയല്ലേ, നമ്മൾ മാതാപിതാക്കളോടും മറ്റു മുതിർന്നവരോടും ഏറെ സ്നേഹത്തോടെ പെരുമാറുകയും, അവരെ ആദരിയ്ക്കുകയും ഒക്കെ ചെയ്യുന്നത്?
നമ്മുടെ സഹപ്രവർത്തകർക്ക്, അല്ലെങ്കിൽ കീഴ് ജീവനക്കാർക്ക് കൂടുതൽ വേദനിയ്ക്കണ്ട എന്ന് കരുതിയല്ലേ നമ്മൾ ഓഫീസുകളിൽ പോലും പലപ്പോഴും നിലവിലെ 'നിയമങ്ങളിലും ചട്ടങ്ങളിലും' കുറച്ചൊക്കെ അയവു വരുത്തുന്നത് ?
അപ്പോൾ ...
ഈ പറഞ്ഞ മാനസിക വേദനകൾ ആർക്കും തന്നെ ഉണ്ടാകുമേയില്ലായിരുന്നുവെങ്കിൽ, നിങ്ങളും ഞാനും ഒക്കെ, ഇപ്പോൾ ഉള്ളതുപോലെ തന്നെ ആകുമോ മറ്റുള്ളവരോട് പെരുമാറുക? മറ്റുള്ളവർ നമ്മളോട് പെരുമാറുക?
നമ്മുടെ, വിഹിത/അവിഹിത, സാന്മാർഗിക/അസാന്മാർഗിക ബന്ധങ്ങളും, അത്തരത്തിലുള്ള ജീവിതശൈലിയും, നമുക്ക് 'വേണ്ടപ്പെട്ടവർക്ക്' യാതൊരുവിധ വേദനകളും ഉണ്ടാക്കുന്നില്ല എങ്കിൽ, നമ്മളിൽ എത്രപേർ ഇന്ന് അവർ പാലിക്കുന്ന ആ 'സ്വയം നിയന്ത്രണങ്ങൾ'ക്കുള്ളിൽ നിന്ന് തന്നെ ജീവിയ്ക്കുന്നവരാകും?
ഒന്നോർത്തു നോക്കൂ ...!
നമ്മുടെ ഏതൊരു തരത്തിലുമുള്ള പെരുമാറ്റവും, നമ്മുടെ വേണ്ടപ്പെട്ടവർക്കാർക്കും, യാതൊരു തരത്തിലുള്ള വേദനകളും ഉളവാക്കുന്നില്ല എങ്കിൽ, നമ്മൾ എന്തൊക്കെ ചെയ്യുമായിരുന്നു ഈ ജീവിതത്തിൽ? അല്ലേ?
ക്ഷമിയ്ക്കണം.
നമ്മൾ എന്തൊക്കെ ചെയ്യുമായിരുന്നില്ല? എന്ന് ചോദിയ്ക്കുന്നതാവും കൂടുതൽ ശരി.
മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഈ പറഞ്ഞ 'മാനസിക വേദനകളിൽ' അധിഷ്ടിതമാണ് 'മാനുഷിക ബന്ധങ്ങൾ'. അങ്ങിനെ വരുമ്പോൾ, വേദനകൾ ഇല്ലെങ്കിൽ ബന്ധങ്ങളും അർത്ഥശൂന്യമാകും അഥവാ ഇല്ലാതാകും എന്ന് ചുരുക്കം.
മനുഷ്യ ജീവിതത്തിന്റെ അഥവാ മാനവ സംസ്കാരത്തിന്റെ തന്നെ അടിസ്ഥാനം 'ബന്ധങ്ങൾ' ആണ്. അല്ലേ? അപ്പോൾ ആ ബന്ധങ്ങൾ എല്ലാം, തീർത്തും ഇല്ലാതായാൽ?
പിന്നെന്ത് മനുഷ്യജീവിതം?
* * *
പ്രിയ വായനക്കാരെ,
ഇതൊക്കെ കൊണ്ടാണ്, ഞാൻ ആദ്യം പറഞ്ഞത് 'വേദനകൾ ഇല്ലായിരുന്നുവെങ്കിൽ ഈ ലോകം നരകതുല്യമോ, ഒരുവേള അതിനേക്കാൾ ഏറെ പരിതാപകരമോ ആകുമായിരുന്നു. എന്തിനേറെ? ഈ ലോകത്തിൽ നമ്മുടെയൊക്കെ ജീവിതം തന്നെ ഏതാണ്ട് അസാധ്യവുമാകുമായിരുന്നു." എന്ന്.
ഇപ്പോൾ, നിങ്ങളിൽ പലരും തന്നെ ആ ചിന്താഗതിയോട് കുറെയെങ്കിലും യോജിയ്ക്കും എന്നാണ് ഞാൻ കരുതുന്നത്.
അവസാനമായി പറഞ്ഞാൽ ....
'വേദനകൾ ആണ് നമ്മുടെയൊക്കെ ജീവിതത്തിന് ആവശ്യമായ, ആ നിയന്ത്രണങ്ങളും, അർത്ഥങ്ങളും, പിന്നെ ഗതിവേഗവും ഒക്കെ നൽകുന്നത്' എന്ന് വേണമെങ്കിൽ പറയാം. അതിനാൽ തന്നെ, ആ വേദനകളെ അംഗീകരിച്ചു കൊണ്ട്, സ്വീകരിച്ചു കൊണ്ട്, കഴിയുമെങ്കിൽ അതിനെ ആസ്വദിച്ചു കൊണ്ട്, അങ്ങിനെ തോൽപ്പിച്ച് കൊണ്ട്, ജീവിതത്തിൽ സധൈര്യം മുന്നോട്ടു പോകുക.
വിഷയം 'വേദന' ആയിരുവെങ്കിലും, ആരെയും വേദനിപ്പിച്ചില്ല ഈ ലേഖനം എന്ന വിശ്വാസത്തോടെ ....
ബിനു മോനിപ്പള്ളി
----------------------------------------------
www .binumonippally.blogspot.com
ചിത്രത്തിന് കടപ്പാട്: ഗൂഗിൾ ഇമേജസ്
This thought is quite new and interesting. As you said, perhaps, our thriving may not be possible have not the pain element existed..
ReplyDeletethank you for your valuable comment .....
DeleteThis thought is quite new and interesting. As you said, perhaps, our thriving may not be possible have not the pain element existed..
ReplyDeletethank you for reading the article and commenting on it....
Deleteആഹാ.. വേറിട്ട ചിന്ത അത് നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ.
ReplyDeletevayanaykkum, kurippinum ere nandhi .....!
Delete