നിർമ്മലേ .... നിന്നെയോർത്ത് [പ്രണയ ഗാനം]


 നിർമ്മലേ .... നിന്നെയോർത്ത്  

[പ്രണയ ഗാനം]

മലയാളമങ്ക തൻ മനസ്സിലിന്നുണരുന്ന
മധുരക്കിനാക്കൾക്കിതെന്തു ഭംഗി
മലരമ്പനൊരുക്കുന്ന മണിനൂലിൽ കൊരുക്കും നിൻ
മധുരക്കിനാക്കൾക്കിന്നെന്തു ഭംഗി

കാച്ചെണ്ണമണമോലും മുടി കോതിയൊതുക്കുവാൻ
കിളിവാതിലരികിലായ് ഇരിയ്ക്കുവോളെ
കടക്കണ്ണിൻ ശരമേറ്റു പിടയുവാൻ കൊതിച്ചെത്ര
തവണയാ ഇടവഴി നടന്നു തീർത്തു

തൊടിയിലായ് പിടി തരാതോടുന്ന പൈക്കിടാവിൻ
പുറകേ നീ പായുമ്പോൾ, നിനച്ചു പോയി
ഒരു വേള പൈയ്യായ് തീർന്നെങ്കിലൊടുവിൽ നിൻ 
കിതപ്പാർന്ന പൂവുടൽ  ഉരുമ്മി നില്ക്കാൻ

ധനുമാസക്കുളിരിലും നനുനനെ വിയർക്കും നിൻ
തരള-കപോലങ്ങൾ തഴുകി നില്ക്കാൻ
അഴകാർന്നു വിറയ്ക്കുമാ അധരത്തെ ചുംബിയ്ക്കും
കുളിർതെന്നലാകുവാൻ കൊതിച്ചു പോയി

കരളേ നീ അണയുന്ന  ദിനവും കിനാവു കണ്ട്
ഒരു സുഖമയക്കത്തിൽ അമരട്ടെ ഞാൻ
ഉണരുമ്പോൾ നിർമ്മലേ നിൻ മുഖം കണികാണാൻ 
കഴിഞ്ഞെങ്കിലിവനെത്ര ധന്യനാകും


- ബിനു മോനിപ്പള്ളി 

പിൻകുറിപ്പ്: 'ഇമ ഇ-മാഗസിൻ', മാർച്ച്-2021 ലക്കത്തിൽ പ്രസിദ്ധീകരിച്ചത് 

                                                                             *************
Blog: https://binumonippally.blogspot.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്


യുട്യൂബിൽ: https://youtu.be/wILIDxmZVX0

Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]