നവോത്ഥാന കേരളം [നാട്ടുചർച്ച]

നവോത്ഥാന കേരളം 

[നാട്ടുചർച്ച]

കുഞ്ഞുപാക്കരൻ: അല്ല ... എന്താ കുമാരച്ചാ ... താടിയ്ക്കു കയ്യും കൊടുത്ത് ...?

കുമാരച്ചൻ: എന്നാലും എന്റെ പാക്കരാ .. ഞാൻ കരുതിയില്ല കേട്ടോ ഈ നവോത്ഥാന കേരളം ഇമ്മാതിരി ഒരു സത്യാവൂന്ന് ....

കുഞ്ഞുപാക്കരൻ: എന്തോന്നാ ...കുമാരച്ചാ ..നീ ഈ എലക്ഷൻ കാലത്ത് ... ആ 'വേണ്ടാത്ത' കാര്യങ്ങളൊക്കെ വീണ്ടും കുത്തിപ്പൊക്കുന്നത് .... 

കുമാരച്ചൻ: അതല്ലന്ന് .... ഞാൻ പറഞ്ഞ നവോത്ഥാനം അതല്ലെന്ന് .....

കുഞ്ഞുപാക്കരൻ: പിന്നെ ?

കുമാരച്ചൻ: പാക്കരാ നീ പത്രം വായിയ്ക്കാറില്ലേ? നമ്മടെ പ്രിയപ്പെട്ട  സ്ഥാനാർത്ഥികളുടെ പത്രിക സമർപ്പണ വിശേഷങ്ങൾ ?

കുഞ്ഞുപാക്കരൻ: പിന്നില്ലാണ്ട് .....

കുമാരച്ചൻ: എന്നിട്ട് ..നിനക്കൊന്നും തോന്നിയില്ലാ?

കുഞ്ഞുപാക്കരൻ: ശ്ശെടാ ...അവര് പത്രിക സമർപ്പിയ്ക്കുന്നതിന്, എനിയ്ക് എന്ത് തോന്നാൻ  ...?

കുമാരച്ചൻ: പറയാം ...ദേ നോക്ക് ..... നേതാവിന്റെ കയ്യിൽ ആകെ ആയിരം രൂപ ...ഭാര്യയുടെ കയ്യിൽ പതിനായിരം .....  നേതാവിന്റെ അക്കൗണ്ടിൽ പതിനായിരം ...ഭാര്യയുടെ അക്കൗണ്ടിൽ ലക്ഷങ്ങൾ ..... നേതാവിന് 1 പവൻ സ്വർണം .... ഭാര്യയ്ക്ക് വെറും 100 പവൻ ..... നേതാവിന്റെ പേരിൽ 800 സ്‌ക്വയർഫീറ്റ് വീട് ..ഭാര്യയുടെ പേരിൽ 3800 സ്‌ക്വയർഫീറ്റ് വീട്..... നേതാവിന് 4 ലക്ഷത്തിന്റെ സെക്കൻഡ് ഹാൻഡ് കാർ ....ഭാര്യയ്ക്ക്  പുതുപുത്തൻ ഇന്നോവ ക്രിസ്റ്റ ......നേതാവിന് ഫിക്സഡ് ഡെപ്പോസിറ്റ് ആയി രണ്ടു പോലീസ് കേസുകൾ ..ഭാര്യക്ക് സഹകരണബാങ്കിൽ 50 ലച്ചം .......

കുഞ്ഞുപാക്കരൻ: അയ്യോ ...കുമാരച്ചാ ..മതി ..മതി .... 

കുമാരച്ചൻ: ഇല്ലടാ ...തീർന്നില്ല .....

കുഞ്ഞുപാക്കരൻ: വേണ്ട... എനിയ്ക്കു കേൾക്കണ്ടാ ... ആ പാർട്ടീടെ ചീഞ്ഞ വിശേഷങ്ങൾ ..... അല്ലേലും അവര് പണ്ടേ അങ്ങിനെയാ .....

കുമാരച്ചൻ: ഹ..ഹ ...നീയിങ്ങനെ ഒരു ശുദ്ധനായിപ്പോയല്ലോടാ .... ഇതേ ഏതേലും ഒരു പാർട്ടീടെ കാര്യമല്ല .... എല്ലാ പാർട്ടീലും പെട്ട സ്ഥാനാർത്ഥികളുടെ കാര്യങ്ങളാ ... 

കുഞ്ഞുപാക്കരൻ: ഏഹ്ഹ് ....

കുമാരച്ചൻ: പിന്നല്ലാണ്ട് ... അതല്ലേ സോഷ്യലിസം ......

കുഞ്ഞുപാക്കരൻ: ശ്ശെടാ .....

കുമാരച്ചൻ: ആഹ്... ഇത്രേം സമ്പാദ്യശീലമുള്ള, ഇത്രേം സമ്പന്നരായ സ്ത്രീകളുള്ള ഈ കൊച്ചു കേരളത്തിൽ, വീണ്ടും നവോത്ഥാനം വേണം, അത് വരണോങ്കി എന്താണ്ടൊരു മതില് വേണം, എന്നാലെ സമത്വം വരൂ ....  എന്നൊക്കെയല്ലായിരുന്നോ ഇതുവരെ ?

കുഞ്ഞുപാക്കരൻ: അല്ല ..അതിപ്പം ... ഇതൊക്കെ ഒള്ളതാണോ ? അതോ ആ കമ്മീഷനെ പറ്റിയ്ക്കാൻ പറയുന്ന വല്ല കള്ളക്കണക്കുകളും ആണോ ?

കുമാരച്ചൻ: അല്ലടാ ... നമ്മുടെ പാവം ഈ നേതാക്കൾ പകലന്തിയോളം നാടിനെ സേവിയ്ക്കുന്നവരല്ലേ ? അപ്പോൾ അവർക്കെവിടുന്നാ സമ്പാദ്യം? പണി ചെയ്തു സമ്പാദിയ്ക്കാൻ ആണെങ്കിൽ അവരിൽ പലർക്കും എവിടാ വേതനം കിട്ടുന്ന ജോലി ?

കുഞ്ഞുപാക്കരൻ: ശരിയാണല്ലോ ... അപ്പോ നീ പറഞ്ഞ ആ സാധനം ഇതിൽ എവിടെയാ?

കുമാരച്ചൻ: എന്ത് സാധനം ?

കുഞ്ഞുപാക്കരൻ: അതല്ലാന്നേ ..ആ  നവോത്ഥാനം....

കുമാരച്ചൻ: ഞാൻ ഇത്രേം പറഞ്ഞിട്ടും നിനക്കതു മനസിലായില്ലേ കൂവേ .... ?  ഇത്രേം അദ്ധ്വാനശീലോം .... പിന്നെ ഭർത്താക്കന്മാരുടെ പത്തിരട്ടി സമ്പാദ്യോം  ഒക്കെയുള്ള ഭാര്യമാരെ കൊണ്ട് നിറഞ്ഞ ഈ കൊച്ചു കേരളത്തിൽ, ആ പറഞ്ഞ സാധനം ഇല്ലെങ്കിൽ, അത് പിന്നെ വേറെ ഏതു നാട്ടിലാന്ന് നീ തന്നെ പറ.... പാക്കരാ .....

കുഞ്ഞുപാക്കരൻ: അയ്യോ .. എന്നെ വിട്ടേക്ക് കുമരച്ചാ ...ഞാനില്ലേ ... ഞാൻ ഈ നാട്ടുകാരനേ അല്ലേ ...... കലികാലം ...!!

കുമാരച്ചൻ: ഹ..ഹ ...ഹ 

ശേഷം: കുഞ്ഞുപാക്കരൻ ഒരു ചായ കുടിയ്ക്കാൻ, മോന്തക്കെട്ടൊന്നു ശരിയാക്കി  കവലയിലേയ്ക്കു നടക്കവേ, കുമാരച്ചൻ ബാക്കി നേതാക്കളുടെ 'നാമനിർദ്ദേശ-പത്രിക-സമ്പത്ത്-വെളിവാക്കൽ' നാടകത്തിന്റെ വിശേഷങ്ങൾ അറിയാൻ, തന്റെ പത്രപാരായണത്തിലേയ്ക്കു തന്നെ മടങ്ങി..... ഇത്തവണ താടിയ്ക്കു രണ്ടു കയ്യും കൊടുത്തു ...  പാവം ..!!

പിൻകുറിപ്പ്: ഏതെങ്കിലും സ്ഥാനാർത്ഥികളെ ഇകഴ്താൻ ഉദ്ദേശിച്ചല്ല ഈ രചന. പത്രിക സമർപ്പണത്തിന്റെ കൂടെയുള്ള സമ്പാദ്യ പട്ടികയുടെ വിശേഷങ്ങൾ നിറഞ്ഞ ദിനപത്രത്താളുകൾ കണ്ടുമടുത്തപ്പോളുള്ള ഒരു സാധാരണ പൗരന്റെ വിചാരഗതി മാത്രമാണിത്. വായനക്കാർക്ക്, ഇതിനോട് യോജിയ്ക്കുവാനോ വിയോജിയ്ക്കുവാനോ ഉള്ള പൂർണ്ണസ്വാതന്ത്ര്യവുമുണ്ട്.

- ബിനു മോനിപ്പള്ളി 

                                                                        *************

Blog: https://binumonippally.blogspot.com

ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്













Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]