കേരളം : തിരഞ്ഞെടുപ്പ് ശതമാനം വിരൽ ചൂണ്ടുന്നത് ? [വിശകലനം - 2021]
കേരളം : തിരഞ്ഞെടുപ്പ് ശതമാനം വിരൽ ചൂണ്ടുന്നത് ?
[വിശകലനം - 2021]
നാടിളക്കിയുള്ള പ്രചാരണങ്ങൾ സമാപിച്ചു. നവമാധ്യമങ്ങളിലെ കൂട്ടപ്പൊരിച്ചിൽ കഴിഞ്ഞു. ദാ ഇന്നലെ, കാത്തുകാത്തിരുന്ന ആ വോട്ടെടുപ്പ് ദിവസവും കൊഴിഞ്ഞു.
പക്ഷെ, ഇത്രയൊക്കെ പ്രചണ്ഡ-പ്രചാരണ-കോലാഹലങ്ങൾ നടത്തിയിട്ടും വോട്ടിങ് ശതമാനത്തിൽ കാര്യമായ ഇടിവ് തന്നെ സംഭവിച്ചിരിയ്ക്കുന്നു. എന്താകാം കാരണം?
നിങ്ങൾ ആലോചിച്ചോ?
എനിയ്ക്കു തോന്നുന്നു രണ്ടു പ്രധാന കാരണങ്ങളാകാം ഇതിനു പിന്നിൽ എന്നാണ്.
1. വാഗ്ദാനങ്ങളുടെ വിലകുറഞ്ഞ വർണ്ണം പൂശിയ 'പ്രകടന പത്രിക'കളുമായി എത്തുന്ന മുന്നണികളെ നിഷ്‌പക്ഷജനങ്ങൾക്ക് നന്നേ മടുത്തു തുടങ്ങിയിരിയ്ക്കുന്നു. അതിനാൽ, അവർ തിരഞ്ഞെടുപ്പുകളോട് ഒരുതരം 'നിസംഗ സമീപനം' തന്നെ സ്വീകരിച്ചു തുടങ്ങിയിരിയ്ക്കുന്നു. ഏതു മുന്നണി ഭരിച്ചാലും അടിസ്ഥാനപരമായി വലിയ മാറ്റങ്ങളൊന്നും തങ്ങൾക്കു സംഭവിയ്ക്കില്ല എന്ന് അവർ സ്വയം മനസിലാക്കി തുടങ്ങുന്നു.
2. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പുറത്തുവന്ന 'ഇരട്ടവോട്ട്' വിവാദവും, പിന്നെ അതിനോടനുബന്ധിച്ചു വന്ന ഹൈക്കോടതിയുടെയും, തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ശക്തമായ ഇടപെടലുകളും, അത്തരത്തിലുള്ള 'വ്യാജ വോട്ടുകളെ' ഏതാണ്ട് പൂർണമായും ഇല്ലാതാക്കി എന്നുതന്നെ പറയാം. എല്ലാ മുന്നണികളിലും പെട്ട, ഏറ്റവും പ്രമുഖരായ നേതാക്കൾ മത്സരിച്ച (അതതു പാർട്ടികളുടെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങൾ ആയ), ഒട്ടേറെ മണ്ഡലങ്ങളിൽ, ഇത്തവണ വോട്ടിംഗ് ശതമാനം വളരെ ഗണ്യമായി തന്നെ കുറഞ്ഞത് ഇതിനു തെളിവായി കരുതാവുന്നതാണ്.
മറ്റൊരു കാരണം (വേണമെങ്കിൽ പറയാവുന്നത്) 'കൊറോണ' ആണ്. എന്നാൽ പ്രചാരണ-കോലാഹല സമയത്ത്, ശരിയായ രീതിയിൽ മാസ്കുകൾ പോലും ധരിയ്ക്കാതെ കൂട്ടംകൂടിയ പാർട്ടി അനുഭാവികളായ വോട്ടർമാരെ ആ ഒരു കാരണം തീരെയും ബാധിച്ചിരിയ്ക്കാൻ സാധ്യതയില്ല. അതുപോലെ, എൺപതു വയസിനു മുകളിൽ പ്രായമുള്ള ബഹുഭൂരിപക്ഷം വോട്ടർമാരും വീടുകളിൽ ഇരുന്നുതന്നെ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുകയും ചെയ്തു. അപ്പോൾ പിന്നെ, 'കൊറോണ' എന്നത്, കുറഞ്ഞ വോട്ടിംഗ് ശതമാനത്തിന് വലിയ ഒരു കാരണമായില്ല എന്ന് കരുതേണ്ടിവരും. അല്ലേ?
മേൽപ്പറഞ്ഞ രണ്ടു കാര്യങ്ങളും ഇവിടുത്തെ മുന്നണികൾക്കും, വിവിധ രാഷ്ട്രീയ പാർട്ടികൾക്കും (കൂടെ അസംഖ്യം നേതാക്കൾക്കും) ഉള്ള ഒരു മുന്നറിയിപ്പ് കൂടിയാണ്. നിങ്ങൾ പറയുന്ന, വാഗ്ദാനം ചെയ്യുന്ന, കാര്യങ്ങളെ നന്നായി വിശകലനം ചെയ്യുകയും, അതിലെ പൊള്ളത്തരങ്ങൾ മനസിലാകുമ്പോൾ, അർത്ഥഗർഭമായ നിസ്സംഗതയോടെ മാറിനിൽക്കുകയും ചെയ്യുന്ന 'വോട്ടർ' മാരുടെ എണ്ണം ഇവിടെ കൂടുകയാണ്. ഓരോ തിരഞ്ഞെടുപ്പുകളും കഴിയുംതോറും.....
അത് മനസ്സിലാക്കുക.... ശേഷം, പറ്റുമെങ്കിൽ അതിലെ ശക്തമായ ആ മുന്നറിയിപ്പ് ഉൾക്കൊണ്ടു പ്രവർത്തിയ്ക്കുക... അവശ്യം വേണ്ട തിരുത്തലുകളോടെ...!!
ഒരു കാര്യം കൂടി പറഞ്ഞ്, ഈ കുറിപ്പ് അവസാനിപ്പിയ്ക്കാം. ഇത്തവണ പ്രചാരണ സമയത്തോ, വോട്ടെടുപ്പ് സമയത്തോ, കാര്യമായ അക്രമ സംഭവങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല എന്ന വലിയ ആശ്വാസത്തിലിരുന്ന പാവം മലയാളമനസിലേയ്ക്ക് പതിച്ച ഇടിത്തീയായി മാറി പാനൂരിലെ ആ കൊലപാതകം. തീർച്ചയായും അതിനുത്തരവാദികളായവർ ശിക്ഷിയ്ക്കപ്പെടുക തന്നെ ചെയ്യണം.
മെയ്-2 ലെ ആ തിരഞ്ഞെടുപ്പ് ഫലത്തിനായി നിങ്ങൾക്കൊപ്പം ഞാനും കാത്തിരിയ്ക്കുന്നു.
-ബിനു മോനിപ്പള്ളി
പിൻകുറിപ്പ്: ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും സന്തോഷിയ്ക്കുന്നത് ഇവിടുത്തെ ഒരു മുന്നണിയുമല്ല. മറിച്ച്, അവനാകും ആ 'കൊറോണ' വൈറസ്. ആയിരങ്ങളിലേയ്ക്ക് പടരാൻ പറ്റിയ ആവേശത്തിൽ..... കരുതലെടുക്കുക. ആ സന്തോഷത്തെ വളരാൻ അനുവദിയ്ക്കാതിരിയ്ക്കുക.
Comments
Post a Comment