ഓടിയൊളിച്ചൊരു സാറ്റുകളി [കളിയോർമ്മകൾ - 5]
ഓടിയൊളിച്ചൊരു സാറ്റുകളി
[കളിയോർമ്മകൾ - 5]
"അംബാലാ .....അംബാലാ...."
വലിയ മാട്ടേൽ ചാരിവച്ചിരുന്ന ആ ചൂട്ടുകൂട്ടത്തിൽ നിന്നും അവറാൻ അലറിക്കൊണ്ട് പുറത്തു ചാടിയതും, കുറച്ചകലെ സാറ്റുമരത്തിന്റെ ചോട്ടിൽ നിന്നിരുന്ന ജോസ്‌മോൻ ഒന്ന് പകച്ചു.
അപ്പോ ... അതിനിടയിൽ, ദേ അപ്പുറത്തെ കുറ്റിക്കാട്ടിൽ നിന്നും ഓമനക്കുട്ടൻ ഒറ്റച്ചാട്ടത്തിന് ഓടിയെത്തി സാറ്റും പിടിച്ചു. എന്നിട്ട് ജോസിനെ നോക്കിയൊരു കൊഞ്ഞനം കുത്തലും....
പാവം ജോസ്‌മോൻ... ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്ന് പറഞ്ഞ അവസ്ഥയിലായി. (ഇന്നത്തെ പുത്തൻതലമുറ ഭാഷയിൽ പറഞ്ഞാൽ, ആകെയങ്ങ് 'പ്ലിങ്ങി'...). പിന്നെ, താടിയ്ക്കു കൈയ്യും കൊടുത്ത് ആ സാറ്റുമരത്തിൽത്തന്നെ ചാരി നിലത്തിരുന്നു.
"എന്റെ ദൈവമേ .. എനിയ്ക്കു ദേ വീണ്ടും അൻപത് ....." എന്നൊരു ആത്മഗതത്തോടെ. (ആത്മഗതം ആയിരുന്നെങ്കിലും, അതിത്തിരി ഉറക്കെയായിരുന്നെ ...)
******
വായനക്കാരിൽ ചിലർക്കെങ്കിലും, ഇപ്പോൾ കാര്യം (ക്ഷമിയ്ക്കണം 'കളി') പിടികിട്ടിക്കാണും. അല്ലേ?
വേറെ ഒന്നിനെയും പറ്റിയല്ല, മറിച്ച് കുറെയേറെ വർഷങ്ങൾക്കു മുൻപ് നമ്മുടെ നാട്ടിലും, വീട്ടുമുറ്റത്തും, വീട്ടുപറമ്പിലും, എന്തിനേറെ... വീടുകൾക്കുള്ളിൽപ്പോലും, അത്രയേറെ പ്രചാരത്തിൽ ഉണ്ടായിരുന്ന, എന്നാൽ ഇന്ന് തീർത്തും അന്യം നിന്നു പോയ, ആ കിടുകിടുക്കൻ "സാറ്റ് കളി"യെ കുറിച്ചാണന്നേ, ഇന്ന് നമ്മൾ ഇവിടെ പറയാൻ തുടങ്ങുന്നത്.
കളിസാധനങ്ങൾ ഒന്നും ആവശ്യമില്ലാത്ത, നിയതമായതോ കൃത്യമായ ആകൃതിയോട് കൂടിയതോ ആയ ഒരു കളിസ്ഥലം പോലും ആവശ്യമില്ലാത്ത, കളിക്കാരുടെ പരമാവധി എണ്ണത്തിൽ പരിധികൾ ഇല്ലാത്ത, എത്ര പേർ ഉണ്ടെങ്കിലും ഒരിയ്ക്കലും ടീം ആയി കളിയ്ക്കാത്ത, പ്രായ-ലിംഗ വ്യത്യാസങ്ങളില്ലാതെ ആർക്കും കളിയ്ക്കാൻ പറ്റുന്ന, ഏറെ മാനസിക-ശാരീരിക ഉല്ലാസങ്ങൾ പ്രദാനം ചെയ്യൂന്ന, ഒരു തകർപ്പൻ നാട്ടുകളി....... എന്ന് വേണമെങ്കിൽ നമുക്കീ സാറ്റ് കളിയെ കുറിച്ച് ചുരുക്കി പറയാം.
ഇങ്ങനെയുള്ള, സർവ്വപ്രതാപിയായിരുന്ന, ആ കളിയെ, അതറിയാത്തവർക്കായി നമുക്കൊന്നു വിശദമായി കണ്ടാലോ?
ആദ്യമായി, കളിയ്ക്കാൻ ഉദ്ദേശിയ്ക്കുന്ന സ്ഥലത്തുള്ള ഏതെങ്കിലും ഒരു മരം, 'സാറ്റുമര'മായി തിരഞ്ഞെടുക്കുന്നു. കളിസ്ഥലത്തിന്റെ ഏതാണ്ട് നടുക്കായി നിൽക്കുന്ന, ഒരു പ്ലാവോ അല്ലെങ്കിൽ മാവോ ഒക്കെ ആവും അത്.
മിക്കവാറും, തെങ്ങിൻ തോപ്പുകളോ, വീട്ടുപുരയിടമോ ഒക്കെ ആയിരുന്നു അന്നത്തെ കളിസ്ഥലങ്ങൾ. കൃത്യമായ അതിരുകൾ ഇല്ലെങ്കിലും, ഏകദേശമുള്ള ഒരു അതിർത്തി കളിസ്ഥലത്തിനുവേണ്ടി ആദ്യമേ അങ്ങ് നിർണ്ണയിയ്ക്കുന്നു. ".... മ് ... ഈ രണ്ട് പറമ്പ്...പിന്നെ..... ദേ ആ മാവു മുതൽ അങ്ങനെ കറങ്ങി, ആ തെങ്ങിന്റെ അതിലൂടെ , ദോ... ആ തൈത്തെങ്ങില്ലേ? അതിനു ചുറ്റി, ഇങ്ങിനെ ഇവിടെ ഈ പറമ്പു വരെ ...". ഇവ്വിധമൊക്കെ ആകും കളിസ്ഥലത്തിന്റെ അതിരുകൾ പറഞ്ഞു തീരുമാനിയ്ക്കുക, കേട്ടോ.
അടുത്തതായി, കൂട്ടത്തിൽ ഒരാളെ കളി തുടങ്ങാൻ തിരഞ്ഞെടുക്കുന്നു. ആ ആൾ സാറ്റ്മരത്തിന് അഭിമുഖമായി ചേർന്നുനിന്ന്, ഇരുകൈകളും മടക്കി സ്വന്തം നെറ്റിയോട് ചേർത്ത് മരത്തിൽ അമർത്തി, ഇരുകണ്ണുകളും അടച്ചു നിൽക്കുന്നു. എന്നിട്ട്, എല്ലാവരും കേൾക്കെ ആവുന്നത്ര ഉച്ചത്തിൽ, ഒന്ന് മുതൽ അമ്പതു വരെ എണ്ണുന്നു.
ശേഷം "സാറ്റ് ... എണ്ണിക്കഴിഞ്ഞു... സാറ്റുമരത്തിനു ചേർന്ന് ഒളിയ്ക്കാൻ പാടില്ല " എന്നുറക്കെ വിളിച്ചു പറഞ്ഞ്, കണ്ണുകൾ തുറന്ന് തിരിയുന്നു. [ഇതിങ്ങിനെ ഉറക്കെ പറയാൻ ഒരു കാരണമുണ്ട് കേട്ടോ. അതല്ലെങ്കിൽ, ചില വിരുതന്മാർ സാറ്റുമരത്തിനു പിന്നിൽ തന്നെ ഒളിച്ചതിനു ശേഷം, എണ്ണിത്തീർന്നാൽ അപ്പോൾ തന്നെ സാറ്റ് പിടിച്ചു കളയും. അതൊഴിവാക്കാനാണ് ഈ ഒരു പ്രഖ്യാപനം. ഇനി, എന്താണ് ഈ പറഞ്ഞ 'സാറ്റ് പിടിത്തം' എന്നത്, വഴിയേ കാണാം].
കളിയിൽ പങ്കെടുക്കുന്നവർ എല്ലാം ഇതിനകം ഓരോരോ സ്ഥങ്ങളിലായി ഒളിച്ചിരിയ്ക്കും. നേരത്തെ പറഞ്ഞുറപ്പിച്ച അതിരുകൾക്കുള്ളിൽ എവിടെയും ഒളിയ്ക്കാം. മരത്തിനു പുറകിലോ, മരത്തിനു മുകളിലോ, ചെറിയ കുഴികൾ ഉണ്ടെങ്കിൽ അതിനുള്ളിലോ, കുറ്റിക്കാടുകൾ ഉണ്ടെങ്കിൽ അതിലോ...... അങ്ങിനെ..അങ്ങിനെ ... സുരക്ഷിതമായ എവിടെ വേണമെങ്കിലും ഒളിയ്ക്കാം.
ശേഷം, സാറ്റ് എണ്ണിയ കളിക്കാരൻ ഒളിച്ചിരിയ്ക്കുന്ന ഓരോ ആളെയും കണ്ടുപിടിയ്ക്കണം. കണ്ടുപിടിച്ചാൽ മാത്രം പോരാ, ആ ആളുടെ പേര് ഉറക്കെ പറഞ്ഞ്, കൂടെ "സാറ്റ്" എന്നും പറഞ്ഞ്, അയാൾ ഓടിയെത്തുന്നതിനു മുൻപേ സാറ്റുമരത്തിൽ തൊടുകയും വേണം. ഇതിനെയാണ് 'സാറ്റ് പിടിയ്ക്കുക' എന്ന് പറയുന്നത്.
ഇനി അഥവാ, ഒളിച്ചിരുന്ന ആൾ ആണ് ആദ്യം സാറ്റുപിടിയ്ക്കുന്നത് എങ്കിൽ, എണ്ണിയ കളിക്കാരൻ വീണ്ടും 25 എണ്ണണം.
ചിലപ്പോൾ ഒളിച്ചിരിയ്ക്കുന്നവരെ കണ്ടെത്താൻ സാറ്റുമരത്തിന്റെ ചുവട്ടിൽ നിന്നും കളിക്കാരൻ മുന്നോട്ടു പോകുമ്പോഴാകും, എതിർദിശയിൽ ഒളിച്ചിരുന്ന ആളുകളിൽ ആരെങ്കിലും ഓടിയെത്തി, കളിക്കാരന് മുൻപേ സാറ്റുപിടിയ്ക്കുന്നത്. എങ്കിൽ, അങ്ങിനെ തൊടുന്ന ഓരോ ആളുകളുടെയും പേരിൽ, വീണ്ടും 25 വീതം എണ്ണണം.
ഈ എണ്ണൽ, എല്ലാ കളിക്കാരെയും കണ്ടുപിടിച്ചതിനു ശേഷം ആകും കേട്ടോ. അപ്പോൾ വീണ്ടും എല്ലാവരും ഓടിയൊളിയ്ക്കും.
ചിലപ്പോൾ ഈ കളിയ്ക്കിടയിൽ, ഒളിച്ചിരിയ്ക്കുന്നവർ ചില കുസൃതികൾ ഒക്കെ ഒപ്പിയ്ക്കുകയും ചെയ്യും. ചെറിയ കല്ലുകൾ എടുത്ത് അകലേയ്ക്ക് വലിച്ചെറിയും. ഒച്ച കേട്ട് കളിക്കാരൻ അങ്ങോട്ട് നോക്കുമ്പോൾ, പുറകിലൂടെ ഓടിയെത്തി സാറ്റും പിടിയ്ക്കും.
മറ്റു ചിലരാകട്ടെ, മരത്തിനു പുറകിൽ മറഞ്ഞിരുന്ന് ചൂളം വിളിയ്ക്കും. ആളെ തിരിച്ചറിയാനാകാതെ കളിക്കാരൻ ഒരു വശത്തു കൂടെ ആരാണെന്ന് നോക്കാനെത്തുമ്പോൾ, മറുവശത്തു കൂടെ ഓടിച്ചെന്ന് സാറ്റ് പിടിയ്ക്കും....
ഇങ്ങിനെ ... പറഞ്ഞാൽ തീരാത്ത എത്രയെത്ര സൂത്രങ്ങൾ ....!!
ഇപ്പോൾ നിങ്ങളിൽ ചിലരെങ്കിലും ചിന്തിയ്ക്കുന്നുണ്ടാകും. ഈ പറഞ്ഞതൊക്കെ ശരി തന്നെ. പക്ഷെ, നമ്മൾ തുടക്കത്തിൽ കണ്ട ആ ഒരു സാധനം എന്താണെന്ന് പറഞ്ഞില്ലല്ലോ എന്ന്. അല്ലേ? വേറൊന്നുമല്ലന്നെ .. ആ "അംബാലാ .....അംബാലാ....".
പറയാം. അത് സാറ്റുകളിയ്ക്കുമ്പോൾ ചെയ്യുന്ന മറ്റൊരു രസികൻ സൂത്രപ്പണിയായിരുന്നു കേട്ടോ.
ഉദാഹരണത്തിന്, കളിക്കാരൻ എണ്ണാൻ തുടങ്ങുമ്പോൾ, അതുവരെ തന്റെ മഞ്ഞ ഷർട്ടും ഇട്ടു നിന്നിരുന്ന ജോസ് വേഗം ആ ഷർട്ട് ഊരി അവറാന് കൊടുക്കുന്നു. എന്നിട്ട്, ദൂരെ എവിയെയെങ്കിലും പോയി ഒളിയ്ക്കുന്നു. അവറാനാകട്ടെ, മഞ്ഞ ഷർട്ടിന്റെ ഒരല്പം പുറത്തുകാണുന്ന രീതിൽ ഏതേലും ഒരു മരത്തിനു മറവിൽ ഒളിയ്ക്കും. പാവം, എണ്ണിയ ആൾ തിരിയുമ്പോൾ കാണുന്നതോ? ആ മഞ്ഞ ഷർട്ട്. ഒരു സംശയവും കൂടാതെ, ഉറക്കെ വിളിച്ചു പറയും "ദേ ജോസ് ആ മാവിന് പുറകിൽ ..സാറ്റെ ..". ഇത് കേൾക്കേണ്ട താമസം നമ്മുടെ അവറാൻ ഒരൊറ്റ ചാട്ടമാ .... "അംബാലാ .....അംബാലാ...." എന്നും കൂവിക്കൊണ്ട്. ഫലമോ? പാവം എണ്ണിയ ആ ആൾ വീണ്ടും 25 എണ്ണണം. അത്ര തന്നെ.
ഊരിയ ഷർട്ട് മാത്രമല്ല ഈ അംബാല തട്ടിപ്പിൽ ഉണ്ടാവുക. തലയിലെ തോർത്തുമുണ്ട് തമ്മിൽ മാറിക്കെട്ടിയും, ലുങ്കി പരസ്പരം മാറി ഉടുത്തും ഒക്കെ പലരീതിയിൽ ഈ അടവ് പയറ്റിയിരുന്നു.
എന്തിനേറെ .....
കളിയും, ചിരിയും, ഒച്ചയും, ബഹളവും, ഓട്ടവും, ചാട്ടവും, പിന്നെ ... ചില്ലറ തർക്കങ്ങളും, വഴക്കും.... ഒക്കെയായി ഈ സാറ്റ് കളി മണിക്കൂറുകൾ നീളുമായിരുന്നു മിക്കപ്പോഴും. അവധി ദിനങ്ങളിൽ പ്രത്യേകിച്ചും.
ഇനി കളി വീട്ടുമുറ്റത്താണെങ്കിൽ, വീടിന്റെ തൂണുകളിൽ ഏതെങ്കിലും ഒന്നാകും സാറ്റുമരം. തൂണുകൾ ഇല്ലെങ്കിലോ? അപ്പോൾ വരാന്തയുടെ ഒരു മൂലഭിത്തിയോ, ഇനി അഥവാ ഒന്നും കിട്ടിയില്ലെങ്കിൽ വരാന്തയിൽ കിടക്കുന്ന മുത്തച്ഛന്റെ ചാരുകസേരയോ വരെയാകും സാറ്റുമരം. സംഗതി എന്തായാലും ശരി, പേര് 'സാറ്റുമരം' എന്ന് തന്നെ കേട്ടോ.
ഇന്നും, അതൊക്കെ ഓർക്കുമ്പോൾ വല്ലാത്ത ഒരു സുഖം. പിന്നെ ആ നഷ്ടകാലത്തെ ഓർത്ത്, മിഴിക്കോണിൽ എവിടെയോ ഊറിക്കൂടുന്ന ഒരു ചെറു നനവും.
****
ഇനി പതിവ് പോലെ, കളിയ്ക്കിടയിലെ ഒരബദ്ധ പുരാണം, കൂടി ആയാലോ?
ഞങ്ങൾ സാധാരണ സാറ്റ് കളിയ്ക്കുന്ന പറമ്പിൽ, ഒരു പശുത്തൊഴുത്ത് ഉണ്ടായിരുന്നു. അതിന്റെ ചാണകക്കുഴി വളരെ വലുതായിരുന്നതിനാലും, ആ തൊഴുത്തിൽ ആകെ ഒരു പശു മാത്രം ഉണ്ടായിരുന്നതിനാലും, കുഴിയുടെ പടിഞ്ഞാറു വശം ചാണകമൊന്നുമില്ലാതെ, ഉണങ്ങിക്കിടക്കുകയാവും. പലപ്പോഴും, ഞങ്ങൾ കളിക്കാരുടെ ഒരു പ്രധാന ഒളിസ്ഥലവും ആയിരുന്നു അത്.
പതിവ് പോലെ ഒരു ദിവസം കളി തുടങ്ങി. നമ്മുടെ അവറാൻ ചാണകക്കുഴി ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു. ആദ്യം ഒളിയ്ക്കണമല്ലോ? എന്നാൽ, ചാണക കുഴിയിലേക്കെടുത്തു ചാടിയ അവറാന്റെ ഒരു ദീനരോദനമാണ് പിന്നെ ഞങ്ങൾ കേട്ടത്. കളിയൊക്കെ നിർത്തി, എല്ലാവരും ഓടിയെത്തിയപ്പോൾ കണ്ടതോ?
കുഴമ്പ് പരുവത്തിൽ കുഴി നിറഞ്ഞു കിടക്കുന്ന ആ ചാണക രസായനത്തിൽ, ദാ, ആന കളിച്ചു നിൽക്കുന്നു അവറാൻ. അതും നാലുകാലിൽ.
ആ വീട്ടുകാരെന്തോ അത്തവണ പുതുതായി ചേനയും ചേമ്പും ഒക്കെ കൂടുതൽ കൃഷി ചെയ്യുന്നത് പ്രമാണിച്ച്, ആ കുഴിയിൽ മറ്റൊരു വീട്ടിൽ നിന്നും വാങ്ങിയ ചാണകവും, ഗോമൂത്രവും, പിന്നെ മറ്റെന്തൊക്കെയോ ഒക്കെ ചേർത്ത്, ഒരുതരം കുഴമ്പു പരുവത്തിൽ തയ്യാറാക്കി ഇട്ടിരുന്ന ആ കമ്പോസ്റ് കുഴിയിലേക്കാണ് പാവം ഞങ്ങടെ അവറാൻ ചാടിയത്.... അല്ലല്ല ഊളിയിട്ടത്...
കളിയൊക്കെ താൽക്കാലികമായി നിർത്തി, സിനിമയിൽ പറയും പോലെ "ഇനി കിണറ്റിൻ കരയിലേയ്ക്ക് പാം..." എന്ന മട്ടിൽ, എല്ലാരും കൂടെ യാത്രയായി . അവറാൻ ഒഴികെ എല്ലാവരും ഒരു കൈകൊണ്ടു സ്വന്തം മൂക്ക് പൊത്തിയിരുന്നു എന്ന് മാത്രം. അവനു പിന്നെ ആകെ ചാണകത്തിൽ മുങ്ങിയ കൈകൾ കൊണ്ടു മൂക്ക് പൊത്തിയിട്ട് പ്രത്യേകിച്ച് കാര്യം ഇല്ലാലോ..... .പാവം.
എന്തായാലും 'ചാണക രസായനത്തിൽ, ആന കളിച്ചു നിൽക്കുന്ന ആ അവറാൻ' കാലമെത്ര കഴിഞ്ഞിട്ടും ഇന്നും ഞങ്ങളുടെയൊക്കെ ഓർമയിൽ ഉണ്ട്. പലപ്പോഴും ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അത് ഇപ്പോഴും ചിരിയ്ക്കിട നൽകാറുമുണ്ട്. അത് കേൾക്കുമ്പോൾത്തന്നെ, ഞങ്ങടെ അവറാൻ നല്ല കോട്ടയം ഭാഷയിൽ ചില 'പച്ച സാഹിത്യങ്ങൾ' വിളമ്പാറുമുണ്ടേ .....
ഒന്നു പറയാൻ മറന്നു. എന്തായാലും അന്നുമുതൽ ആ ചാണകക്കുഴി ഞങ്ങൾ 'അതീവ അപകട മേഖല" ആയി അങ്ങ് പ്രഖ്യാപിച്ചു. ഞങ്ങളോടാ കളി ...അല്ല പിന്നെ ..!!
പ്രിയപ്പെട്ടവരേ, കളിയോർമകളുടെ ഈ അഞ്ചാം ഭാഗം നിങ്ങൾക്കിഷ്ടമായി എന്ന് കരുതട്ടെ.
എങ്കിൽ നമുക്കൊന്ന് സാറ്റ് കളിച്ചു നോക്കിയാലോ? ചുമ്മാ, ഒരു രസത്തിന്. കുട്ടികളേം, പിന്നെ വീട്ടിലുള്ള മറ്റെല്ലാവരേം കൂടെ കൂട്ടാം. ഈ കൊറോണ കാലത്തിന്റെ ആ മുഷിച്ചിലും മാറിക്കിട്ടും. എന്താ?
എന്താ? കളിസ്ഥലമില്ലന്നോ? ...ഫ്ലാറ്റാണെന്നോ?
ഏയ് ...അത് കുഴപ്പമില്ല..... സ്വീകരണമുറിയുടെ ഒരു മൂല സാറ്റുമരമാക്കാം .... ഒളിയ്ക്കാനാണെങ്കിൽ, കിടപ്പുമുറികളും, പിന്നെ അടുക്കളയുമൊക്കെ ധാരാളം ....
എന്നാ... നിങ്ങളങ്ങ് തുടങ്ങിയ്ക്കോ....
മറ്റൊരു കളിവിശേഷവുമായി നമുക്ക് വീണ്ടും കാണാം...
സ്‌നേഹത്തോടെ
-ബിനു മോനിപ്പള്ളി
*************
Feeling happy to remember that old golden moments. Thanks Binu.
ReplyDeleteThank you Ajish ....
Deleteബിനൂ സൂപ്പർ. ഓർമ്മകൾ ഒരു 30 വർഷം പുറകോട്ടു പോയി. ആ രസകരമായ മദ്ധ്യവേനൽ അവധിക്കാലം. മാമ്പഴവും കശുമാങ്ങയും ആഞ്ഞിലിക്കാവിളയും ഉള്ള തൊടിയിലേക്ക്.
ReplyDeleteere nandhi ..... aa ormakal thanne ethra sundaram ..sukhakaram ...alle ?
Delete