അച്ഛനാണെന്നുമെൻ 'ഹീറോ' [കവിത]
[കവിത]
[മുൻകുറിപ്പ്: സാധാരണയായി, അച്ഛനെക്കുറിച്ച്, അല്ലെങ്കിൽ അമ്മയെ കുറിച്ച് ഒരു കവിത എന്ന് കേൾക്കുമ്പോൾ തന്നെ അറിയാം; ഗതകാല സ്മരണകൾ ഉണർത്തുന്ന, അല്ലെങ്കിൽ ഗൃഹാതുരത്വം തുളുമ്പുന്ന, കണ്ണീരിന്റെ നനവുള്ള ഒന്നാകും അതെന്ന്. എന്നാൽ ഇവിടെ, ഈ കവിതയിൽ നമ്മൾ ശ്രമിയ്ക്കുന്നത് മറ്റൊന്നാണ്. ഒരു കൗമാരക്കാരിയുടെ മനസ്സിലെ, തന്റെ അച്ഛനെക്കുറിച്ചുള്ള വർത്തമാനകാല ചിത്രമാണിത്.
കണ്ണീരിന്റെ നനവിനു പകരം, സന്തോഷത്തിന്റെ നനുത്ത സുഖമുള്ള ഒരു ചെറുകവിത. അതിനാൽ തന്നെ, ഒരു ചെറുപുഞ്ചിരിയോടെ മാത്രം താഴെ നൽകിയിരിയ്ക്കുന്ന ആ യൂട്യൂബ് പതിപ്പ് കേൾക്കുക. പിന്നെ ഇഷ്ടമായാൽ, ഈ കൊച്ചുമിടുക്കിയെ അഭിനന്ദിയ്ക്കുക ...!]
കുട്ടിയുടുപ്പിട്ട് തുള്ളിക്കളിയ്ക്കുന്ന
പ്രായത്തിൽ അച്ഛനെൻ 'ഹീറോ'
ഓടി ഞാൻ വീണിട്ടെൻ കാൽമുട്ടിലിത്തിരി
ചോരപൊടിയുമ്പോൾ 'സീറോ'
'പച്ച' പറിച്ചിട്ടു നീരിറ്റ് വീഴ്ത്തുമ്പോൾ
ആദ്യം പൊടിയുമാ കണ്ണീർ
പിന്നെ ഞാൻ ഒത്തിരി മുത്തം കൊടുക്കുമ്പോൾ
ആകെ ചിരിയ്ക്കുമെൻ അച്ഛൻ
കൗമാര കാലത്തിൽ ഞാനും ചരിയ്ക്കവേ
കൂടെയുണ്ടായിയെൻ അച്ഛൻ
കഥകൾ പറഞ്ഞിട്ട് ഗുണ-ദോഷപാഠങ്ങൾ
ചൊല്ലിയന്നേറെയെൻ അച്ഛൻ
ആരെയും നോക്കിപ്പഠിയ്ക്കില്ലെനിയ്ക്കെന്റെ
അച്ഛനാണിപ്പോഴും ഹീറോ
ആ കൈപിടിച്ചൊട്ടു ദൂരം നടക്കുമ്പോൾ
അറിയാതെ നിറയുന്നു ധൈര്യം
ആയുരാരോഗ്യങ്ങളോടച്ഛനെന്നുമെൻ
കൂടെയുണ്ടാകണേ കണ്ണാ .....
ഹൃദയത്തിലെന്നും നിനക്കൊപ്പമാണെന്റെ
അച്ഛന്നു സ്ഥാനമെൻ കണ്ണാ .....
എന്റെ ഹൃദയത്തിലെന്നും നിനക്കൊപ്പമാണെന്റെ
അച്ഛന്നു സ്ഥാനമെൻ കണ്ണാ .....
- ബിനു മോനിപ്പള്ളി
കുമാരി ശ്രീലയ സത്യൻ ആലപിച്ച ഈ കവിത യൂട്യൂബിൽ കേൾക്കുവാൻ: https://youtu.be/Egw9O8praUY
**************
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
Comments
Post a Comment