അച്ഛന്റെ പാട്ട് [കവിത]
അച്ഛന്റെ പാട്ട്
[കവിത]
നാട്ടിൻപുറത്തിന്റെ നന്മ
നാരായണക്കിളി കൂട്
കൂട്ടിന്നകത്തുണ്ടൊരമ്മ
കുഞ്ഞു-താരാട്ട് പാടുന്നൊരമ്മ
അന്തിവിളക്കു കൊളുത്തി
ഹരിനാമം പാടുന്നൊരമ്മ
നാമജപത്തിനുമൊപ്പം
കനലൂതുമാ അത്താഴടുപ്പിൽ
ഇരുൾ വന്നു ചേരുമാ നേരം
ഇറയത്തു ചുമയൊച്ച കേൾക്കാം
വേർപ്പിന്റെ മണവുമായ് അണയും
സ്നേഹമാം അച്ഛനെൻ വീട്ടിൽ
അലിവോടെ ചേർത്തെന്നെ നിർത്തി
കയ്യിൽ, പൊതിയഴിച്ചേകിടും അപ്പം
ഇറയത്തിരുന്നൊട്ടു നേരം, തൻ
തനുവിലെ വിയർപ്പാറ്റും അച്ഛൻ
അച്ഛന്റെ മടിയിലിരുന്നാ-
അത്താഴമുണ്ണുന്ന നേരം
നിറയെ വിളമ്പുമാ അമ്മ
എന്തിനോ കണ്ണീർ മറയ്ക്കും
അറിയാതെയച്ഛന്റെ മടിയിൽ
ഞാൻ, ചെറുതായ് മയങ്ങുന്ന നേരം
അമ്മ തൻ കണ്ണീരു മായ്ക്കാൻ
അച്ഛനീണത്തിലൊരുപാട്ട് പാടും
കരളിൽ നിന്നുറയുന്ന പാട്ട്
നാട്ടുമാവിന്റെ മണമൂറും പാട്ട്
കദനങ്ങളൂറുന്ന പാട്ട്
ഹൃദയത്തിൽ അച്ഛനാണിന്നുമാ പാട്ട്
-ബിനു മോനിപ്പള്ളി
*************
പിൻകുറിപ്പ്: എന്റെ സുഹൃത്ത് ശ്രീ തങ്കൻ മൂവ്വാറ്റുപുഴ കഴിഞ്ഞ ലോക പിതൃദിനത്തിൽ, അദ്ദേഹത്തിന്റെ പിതാവിനെ കുറിച്ചുള്ള ഒരു ഫേസ്ബുക് കുറിപ്പ് പങ്കുവച്ചിരുന്നു. ഹൃദയത്തിൽ തൊട്ട ആ കുറിപ്പിനെ അധികരിച്ചാണീ ചെറുകവിത - അച്ഛന്റെ പാട്ട്.
ഒരുപക്ഷേ, ഈ കവിത മുഴുവനായും കേട്ടുകഴിഞ്ഞപ്പോൾ നിങ്ങളിൽ ചിലരുടെയെങ്കിലും മനസ്സിൽ ഒരു സംശയം ഉടലെടുത്തുകാണും. ലോക പിതൃ ദിനത്തോടനുബന്ധിച്ചു രചിച്ച, "അച്ഛന്റെ പാട്ട്" എന്നു പേരിട്ട ഈ കവിതയിൽ, പക്ഷേ ഏതാണ്ട് പകുതിയോളവും അമ്മയെക്കുറിച്ചാണല്ലോ എന്ന്. അല്ലേ?
ശരിയാണ്. ഒരൊറ്റ കാരണമേയുള്ളു അതിന്. "അമ്മ എന്ന പകുതി ഇല്ലെങ്കിൽ അച്ഛൻ എന്ന പകുതി പൂർണ്ണമാകില്ല".
എന്ന് ഞങ്ങൾ വിശ്വസിയ്ക്കുന്നു. നിങ്ങളോ?
ഈ കവിത യൂട്യൂബിൽ കേൾക്കുവാൻ സന്ദർശിയ്ക്കുക:
എനിക്ക് ഒരു പാട് ഇഷ്ടമായി. ഈ കവിത വായിക്കുമ്പോൾ ഞാൻ പോലുമറിയാതെ അതി മനോഹരമായ നിഷ്ക്കളങ്കമായ ബാല്യത്തിലേക്ക് ഞാൻ മടങ്ങി.സുന്ദരമായ കവിത. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു!! Congrats
ReplyDeleteere nandhi .....
ReplyDelete