ഒരു വയനാടൻ ഓണോർമ്മ (2021)

ഒരു വയനാടൻ ഓണോർമ്മ (2021) 2020 ലെ ഓണം കൊറോണ കൊണ്ടുപോയത് കൊണ്ടുതന്നെ, ഈ വർഷത്തെ ഓണം നാട്ടിൽ തന്നെ ആകണം എന്ന് ഞങ്ങൾ നേരത്തെ തീരുമാനിച്ചിരുന്നു. അതിരുകളിൽ വന്യമലനിരകളെ കാവൽ നിർത്തിയ, മേനിയാകെ പച്ചപ്പട്ടു പുതച്ച, ഇനിയും അന്യം നിൽക്കാതെ നെൽവയലുകളെ ചേർത്തുപിടിയ്ക്കുന്ന സ്വന്തം നാട്ടിലേയ്ക്ക്, നൂലുപോൽ പൊഴിയുന്ന ആ മഴക്കാഴ്ചകളുടെ കുളിരിലേയ്ക്ക് എത്രയും വേഗം ഒന്ന് എത്തിപ്പെടാനുള്ള വെമ്പലിലായിരുന്നു, ചിങ്ങം പിറന്നതോടെ ഞങ്ങൾ എല്ലാവരും. അതേ, വയനാട്ടിലെ സ്വന്തം വീട്ടിലേയ്ക്കുള്ള, ഏതാണ്ട് 3 വർഷത്തിന് ശേഷമുള്ള ആ യാത്രയുടെ ഉത്സാഹത്തിൽ. നമ്മുടെ ദീർഘയാത്രകളെല്ലാം തുടങ്ങുന്നത് വെളുപ്പിന് 5:30 ആണ് എന്നറിയാമല്ലോ. ഓണത്തിന് മുൻപുള്ള ശനിയാഴ്ച, അതായത് ഓഗസ്റ്റ് 14 ന് തലസ്ഥാനനഗരിയിൽ നിന്നും യാത്ര തുടങ്ങി. ഏറ്റുമാനൂർ ശിവക്ഷേത്രം, മോനിപ്പള്ളി ദേവിക്ഷേത്രം എന്നിവിടങ്ങളിലെ പതിവ് സന്ദർശനങ്ങൾ, ഇത്തവണ കോവിഡ് നിയന്ത്രണചട്ടങ്ങൾ കാരണം, കൊടിമരച്ചുവട്ടിലെ പ്രാർത്ഥനകളിൽ ഒതുക്കി. മോനിപ്പള്ളിയിൽ, തറവാട് വീട്ടിലെ പ്രഭാത ഭക്ഷണത്തിനു ശേഷം, ഹൃസ്വമായ ചില സുഹൃദ്...