മൂല്യമേറിയവൻ മാല്യവാൻ [രാമായണം: അറിയപ്പെടാത്ത കഥാപാത്രങ്ങൾ - 11]

 

മൂല്യമേറിയവൻ മാല്യവാൻ 

[രാമായണം: അറിയപ്പെടാത്ത കഥാപാത്രങ്ങൾ - 11]

പ്രിയരേ ..നമസ്കാരം ...

"രാമായണം: അറിയപ്പെടാത്ത കഥാപാത്രങ്ങൾ " എന്ന പരമ്പരയിലെ, ഈ രാമായണ മാസത്തിലെ അവസാന ലേഖനമാണിത്.

മാല്യവാൻ എന്ന കഥാപാത്രത്തെ നിങ്ങളിൽ എത്ര പേർക്ക് അറിയും എന്നെനിയ്ക്കറിയില്ല. കാരണം, ഒട്ടും തന്നെ പ്രാധാന്യമില്ലാത്ത, രാമായണ കഥയിൽ വളരെ ചെറിയ ഒരു സന്ദർഭത്തിൽ മാത്രം വന്നുപോകുന്ന ഒരു രാക്ഷസ കഥാപാത്രമാണത്.

എന്നാൽ, ആ കഥാപാത്രവും നമ്മൾ, നമ്മുടെ ജീവിതത്തിൽ ഓർത്തുവയ്ക്കേണ്ട ചില പ്രധാന കാര്യങ്ങൾ നമുക്ക് മുൻപിൽ പറഞ്ഞുവയ്ക്കുന്നുണ്ട്.

കഥാപാത്ര പരിചയം: 

രാവണന്റെ മാതാവ് കൈകസിയുടെ പിതാവാണ് വയോധികനായ മാല്യവാൻ. യുദ്ധാരംഭത്തിനു തൊട്ടു മുൻപായി, അദ്ദേഹം തന്റെ കൊച്ചുമകനായ രാവണനെ, കൊട്ടാരത്തിൽ എത്തി കാണുകയാണ്. അതും, വലിയൊരു വിപത്തിൽ നിന്നും രാക്ഷസകുലത്തെയാകെ രക്ഷിയ്ക്കണം എന്ന വിനീതമായ അഭ്യർത്ഥനയോടെ.

സന്ദർഭം:

രാവണസവിധത്തിൽ, മാല്യവാൻ തന്റെ സംഭാഷണം തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ്

ചൊല്ലുവൻ ഞാൻ തവ നല്ലതു, പിന്നെ നീ-

യെല്ലാം നിനക്കൊത്തവണ്ണമനുഷ്ഠിയ്ക്ക.

ദുർനിമിത്തങ്ങളീ ജാനകി ലങ്കയിൽ 

വന്നതിൽപ്പിന്നെപ്പലതുണ്ട്  കാണുന്നു.

കണ്ടീലയോ നാശഹേതുക്കളായ് ദശ-

കണ്ഠപ്രഭോ! നീ നിരൂപിയ്ക്ക മാനസേ.

നോക്കൂ, തന്റെ ചെറുമകനെങ്കിലും, സുവർണ്ണ ലങ്കയുടെ രാജാവായ രാവണനെ, ഏറെ ബഹുമാനപൂർവ്വം 'പ്രഭോ' എന്ന് തന്നെയാണ് മാല്യവാൻ സംബോധന ചെയ്യുന്നത്. പിന്നെ വിനയപൂർവം പറയുന്നു. "നിനക്ക് നല്ലതിന് എന്ന് എനിയ്ക്ക് തോന്നുന്ന ചില കാര്യങ്ങളാണ്, ഞാൻ പറയുവാൻ പോകുന്നത്. അതെല്ലാം ശ്രദ്ധയോടെ കേട്ടിട്ട്, നീ നിനക്ക് യുക്തമായ രീതിയിൽ പ്രവർത്തിച്ചു കൊള്ളുക ...".

തുടർന്ന്, ജാനകിയെ ലങ്കയിൽ ബന്ധനസ്ഥയാക്കിയതിനു ശേഷം, നാട്ടിലുണ്ടായ അനർത്ഥങ്ങളെ ഒന്നൊന്നായി മാല്യവാൻ അക്കമിട്ടു നിരത്തുന്നു. ഈ ദുർനിമിത്തങ്ങളെല്ലാം, ഉടൻ വരാനിരിയ്‌ക്കുന്ന ഒരു മഹാദുരന്തത്തിന്റെ മുന്നോടിയാണെന്നും കൃത്യമായ മുന്നറിയിപ്പ് നൽകുകയാണ്, രാവണന് ഇവിടെ അദ്ദേഹം.

രാക്ഷസ വംശത്തിന്റെ തന്നെ സർവ്വനാശത്തിനു കാരണമായേക്കാവുന്ന, ആ മഹാദുരന്തം ഒഴിവാക്കണം എന്ന്, അപേക്ഷാരൂപത്തിലെങ്കിലും, ശക്തമായ ഭാഷയിൽ തന്നെ, തന്റെ ചെറുമകനെ അദ്ദേഹം ഉപദേശിയ്ക്കുകയാണ് ആ രണ്ടാം ഭാഗത്ത്. 

വംശത്തെ രക്ഷിച്ചുകൊള്ളുവാനേതുമേ 

സംശയമെന്നിയേ സീതയെക്കൊണ്ടുപോയ് 

രാമപാദേ വെച്ചു വന്ദിക്ക വൈകാതെ 

രാമനാകുന്നതു വിഷ്ണു നാരായണൻ 

വിദ്വേഷമെല്ലാം ത്യജിച്ചു ഭുജിച്ചുകൊൾ-

കദ്വയനാം പരമാത്മാനമവ്യയം 

ശ്രീരാമപാദപോതംകൊണ്ടുസംസാര- 

വാരിധിയെക്കടക്കുന്നിതു യോഗികൾ 

ഇവിടെ നോക്കുക. വയോധികനായ ആ രാക്ഷസൻ കൃത്യമായും രാവണനോട് പറയുന്നു. "നമ്മുടെ വംശത്തെ രക്ഷിയ്ക്കണമെങ്കിൽ നീ താമസമേതും  കൂടാതെ, സീതയെ കൊണ്ടുപോയി രാമപാദത്തിൽ സമർപ്പിച്ചു കൊള്ളുക. കാരണം, രാമനെന്നാൽ സാക്ഷാൽ വിഷ്ണുവാകുന്നു. ഈ ലോകജീവിതമാകുന്ന സാഗരത്തെ മറികടക്കുവാൻ, ജ്ഞാനികളായ ആളുകൾ, ശ്രീരാമപാദമാകുന്ന  തോണിയെയാണ് ആശ്രയമാക്കുന്നതെന്നും നീ ഓർക്കുക."

തന്റെ ഹൃസ്വമായ ഉപദേശം മാല്യവാൻ പറഞ്ഞു നിർത്തുന്നത് ഇങ്ങിനെയാണ്‌.

ഭക്തികൊണ്ടന്തഃകരണവും ശുദ്ധമായ്  

മുക്തിയെ ജ്ഞാനികൾ സിദ്ധിച്ചു കൊള്ളുന്നു 

ദുഷ്ടനാം നീയും വിശുദ്ധനാം ഭക്തി കൊ-

ണ്ടൊട്ടുമേ കാലം കളയാതെ കണ്ടു നീ 

രാക്ഷസവംശത്തെ രക്ഷിച്ചു കൊള്ളുക 

സാക്ഷാൽ മുകുന്ദനെസ്സേവിച്ചു കൊള്ളുക 

സത്യമത്രേ ഞാൻ പറഞ്ഞതു കേവലം 

പഥ്യം നിനക്കിതു ചിന്തിക്ക മാനസേ. 

ഏറെ ആദരപൂർവ്വം, "പ്രഭോ" എന്ന്  അഭിസംബോധന ചെയ്ത് സംസാരിച്ചു തുടങ്ങിയ മാല്യവാൻ, ഈ അവസാന ഭാഗമെത്തുമ്പോൾ, രാവണനെ  "ദുഷ്ടനാം നീ.." എന്ന് നേരിൽ വിളിയ്ക്കുന്നത് നോക്കുക. കാരണം, തന്റെ ആ പേരക്കുട്ടിയുടെ വീണ്ടുവിചാരമില്ലാത്ത ദുഷ്പ്രവൃത്തിയാൽ, സ്വന്തം കുലം തന്നെ മുടിയാൻ പോകുന്നു എന്നത്, ആ മനസ്സിൽ വലിയ ദുഖവും, ഒപ്പം ഏറെ രോഷവുമാണ് ഉണ്ടാക്കുന്നത്. 

വിശകലനം: 

ഇവിടെ നമ്മൾ കാണേണ്ട,  അഥവാ മനസിലാക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയെന്ന്, വളരെ ചരുക്കി പറയാം. എന്താ?

1. ഒരാൾക്ക്, അയാൾ ജന്മം കൊണ്ട് രാക്ഷസനെങ്കിലും, കർമ്മം കൊണ്ട് സാത്വികനോ, ധർമിഷ്ഠനോ ഒക്കെ ആയി മാറാവുന്നതാണ്.

2. ശരിയെന്ന് ഉത്തമ ബോധ്യമുണ്ടെങ്കിൽ, പറയാനുള്ള കാര്യങ്ങൾ ആരോടും നേരിൽ പറയാവുന്നതാണ്. എന്നാൽ, അതിന് ഉപയോഗിയ്ക്കുന്ന ഭാഷ ബഹുമാനവും ആദരവും കലർന്നതാകണം എന്നുമാത്രം; ഒപ്പം ശക്തവും. ഇതിന്, ബന്ധുത്വമോ, പദവിയോ ഒന്നും ഒരു തടസ്സമല്ല തന്നെ.

3. ഒരു രാജൻ അഥവാ ഭരണാധികാരി, ഇനി എത്രതന്നെ പ്രബലനാണെങ്കിലും, വീണ്ടുവിചാരമില്ലാത്ത അദ്ദേഹത്തിന്റെ പ്രവൃത്തി അഥവാ പ്രവൃത്തികൾ, ആ കുലത്തിന്റെ, അല്ലെങ്കിൽ ഒരുവേള, ആ രാജ്യത്തിൻറെ തന്നെ ഉന്മൂലനാശത്തിന് വഴിവച്ചേക്കാം.

4. ഒരുവൻ, അവൻ ആരുതന്നെയാകിലും, തന്നെക്കാൾ ജീവിതപരിചയമുള്ള, ലോകപരിചയമുള്ള കാരണവ-സ്ഥാനീയരുടെ ഉപദേശങ്ങൾക്കു ചെവി കൊടുക്കാതിരിയ്ക്കുകിൽ, അത് അവനു തന്നെയോ, അല്ലെങ്കിൽ കുലത്തിന് ആകെത്തന്നെയോ, നാശത്തിനു കാരണമായേക്കാം.

പ്രിയരേ,

അങ്ങിനെ, ഉള്ളിൽ ഭക്തിയുടെ പൊൻകിരണങ്ങൾ നിറച്ച, മറ്റൊരു രാമായണ മാസം കൂടി സമാപിയ്ക്കുകയാണ്. ഈ രാമായണമാസത്തിൽ, നമ്മുടെ ഈ കൊച്ചു പരമ്പര വഴി നിങ്ങൾക്ക്, അനേകം കഥാപാത്രങ്ങൾ നിറഞ്ഞ രാമായണത്തിലെ, ഇതേവരെ ശ്രദ്ധിയ്ക്കപ്പെടാതെ കിടന്ന കുറച്ചെങ്കിലും കഥാപാത്രങ്ങളെ അഥവാ കഥാസന്ദർഭങ്ങളെ പരിചയപ്പെടാൻ സാധിച്ചു എന്ന് കരുതട്ടെ. ഒപ്പം, അത് നിങ്ങളുടെ ജീവിതവീക്ഷണത്തെ ചെറുതായി എങ്കിലും ഒന്ന് സ്വാധീനിച്ചു എന്നും. 

ഈ പരമ്പരയിലെ തുടർലേഖനങ്ങളുമായി, വീണ്ടും അടുത്ത രാമായണ മാസത്തിൽ കാണാം, എന്ന പ്രതീക്ഷയോടെ..

സ്നേഹപൂർവ്വം... സ്വന്തം

- ബിനു മോനിപ്പള്ളി

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

* ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ് 

Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]