ഒരു വയനാടൻ ഓണോർമ്മ (2021)
2020 ലെ ഓണം കൊറോണ കൊണ്ടുപോയത് കൊണ്ടുതന്നെ, ഈ വർഷത്തെ ഓണം നാട്ടിൽ തന്നെ ആകണം എന്ന് ഞങ്ങൾ നേരത്തെ തീരുമാനിച്ചിരുന്നു.
അതിരുകളിൽ വന്യമലനിരകളെ കാവൽ നിർത്തിയ, മേനിയാകെ പച്ചപ്പട്ടു പുതച്ച, ഇനിയും അന്യം നിൽക്കാതെ നെൽവയലുകളെ ചേർത്തുപിടിയ്ക്കുന്ന സ്വന്തം നാട്ടിലേയ്ക്ക്, നൂലുപോൽ പൊഴിയുന്ന ആ മഴക്കാഴ്ചകളുടെ കുളിരിലേയ്ക്ക് എത്രയും വേഗം ഒന്ന് എത്തിപ്പെടാനുള്ള വെമ്പലിലായിരുന്നു, ചിങ്ങം പിറന്നതോടെ ഞങ്ങൾ എല്ലാവരും. അതേ, വയനാട്ടിലെ സ്വന്തം വീട്ടിലേയ്ക്കുള്ള, ഏതാണ്ട് 3 വർഷത്തിന് ശേഷമുള്ള ആ യാത്രയുടെ ഉത്സാഹത്തിൽ.
നമ്മുടെ ദീർഘയാത്രകളെല്ലാം തുടങ്ങുന്നത് വെളുപ്പിന് 5:30 ആണ് എന്നറിയാമല്ലോ. ഓണത്തിന് മുൻപുള്ള ശനിയാഴ്ച, അതായത് ഓഗസ്റ്റ് 14 ന് തലസ്ഥാനനഗരിയിൽ നിന്നും യാത്ര തുടങ്ങി. ഏറ്റുമാനൂർ ശിവക്ഷേത്രം, മോനിപ്പള്ളി ദേവിക്ഷേത്രം എന്നിവിടങ്ങളിലെ പതിവ് സന്ദർശനങ്ങൾ, ഇത്തവണ കോവിഡ് നിയന്ത്രണചട്ടങ്ങൾ കാരണം, കൊടിമരച്ചുവട്ടിലെ പ്രാർത്ഥനകളിൽ ഒതുക്കി.
മോനിപ്പള്ളിയിൽ, തറവാട് വീട്ടിലെ പ്രഭാത ഭക്ഷണത്തിനു ശേഷം, ഹൃസ്വമായ ചില സുഹൃദ്‌സന്ദർശനങ്ങൾ. അതും കുട്ടികളെ ഒഴിവാക്കി, കോവിഡ് നിയന്ത്രണചട്ടങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ട്.
നവമാധ്യമരംഗത്തെ പ്രശസ്ത എഴുത്തുകാരനും, യുആർഎഫ് പുരസ്‌കാര ജേതാവും, ഒപ്പം സിനിമ സംവിധായകൻ മമാസിന്റെ പിതാവുമായ, ശ്രീ രേഖ വെള്ളത്തൂവൽ ഞങ്ങളുടെ നാട്ടിൽ പുതുതായി പണികഴിപ്പിച്ച ലളിതസുന്ദരമായ ആ പച്ചവീട്ടിൽ അവരോടൊപ്പം അൽപനേരം.
പിന്നെ, പ്രീഡിഗ്രി ക്‌ളാസിൽ എന്റെ സഹപാഠികളായിരുന്ന രണ്ടു സുഹൃത്തുക്കളുടെ വീടുകളിൽ ഹൃസ്വസന്ദർശനങ്ങൾ. അതും, നീണ്ട 25 വർഷങ്ങൾക്കു ശേഷം. സമയക്കുറവിനാൽ, ഏറെ വിശേഷങ്ങൾ പറയാൻ ബാക്കിവച്ച് മടക്കം.
ഞായർ:
പിറ്റേന്ന് ഓഗസ്റ്റ് 15. സ്വാതന്ത്ര്യദിനം. ഭാരതാംബയെ മനസ്സിൽ സ്മരിച്ച് പുലർച്ചെ 5:30 നു തന്നെ കോഴിക്കോട് ലക്ഷ്യമാക്കി യാത്ര തുടങ്ങി. അവിടെ ഇളയ സഹോദരന്റെ വീട്ടിൽ പ്രഭാത ഭക്ഷണം. ശേഷം അല്പം വിശ്രമം. കൂടെ ഇളനീരും. ഉച്ചയ്ക്ക് രുചികരമായ നല്ല കോഴിക്കോടൻ ബിരിയാണി. അകമ്പടിയായി മാന്തൾ (ഒരു മീൻ) വറുത്തതും. അങ്ങിനെ, രാവിലത്തെ ആ യാത്രാക്ഷീണമകറ്റി, വൈകുന്നേരം 3 മണിയോടെ വയനാട്ടിലേക്കുള്ള യാത്ര തുടർന്നു.
മുൻപ് പലപ്പോഴും വിചാരിച്ചിരുന്നു, ഒരുതവണ നമ്മുടെ ആ താമരശ്ശേരി ചുരം മുഴുവനായും ഒന്നു വീഡിയോയിൽ പകർത്തി, നിങ്ങൾക്കു മുന്നിൽ അവതരിപ്പിയ്ക്കണം എന്ന്. അതിനു മുന്നോടിയായി ഇത്തവണ അടിവാരത്ത്, വണ്ടി നിർത്തി ഏതാനും മനോഹര ചിത്രങ്ങൾ പകർത്തുകയും ചെയ്തു. എന്നാൽ, നിർഭാഗ്യമെന്നു പറയട്ടെ, ചുരം കയറി തുടങ്ങിയതും, സാമാന്യം ശക്തമായ മഴ തുടങ്ങി. അതോടെ ആ പ്ലാൻ ഉപേക്ഷിച്ചു.
ഏതാണ്ട് 6 മണിയോടെ ഞങ്ങൾ വീട്ടിൽ എത്തി. ചൂടുവെള്ളത്തിലെ ഒരു കുളിയും, ശേഷം ഓരോ ചൂട് ചായയും കൂടിയായപ്പോൾ യാത്രാക്ഷീണം അങ്ങ് പമ്പ കടന്നു. നാട്ടുവിശേഷങ്ങളും, കൂടെ കുട്ടികളുടെ ബഹളങ്ങളും ഒക്കെയായി സമയം കടന്നു പോയി.
അത്താഴത്തിന്, പതിവ് പോലെ എനിയ്ക്കേറെ ഇഷ്ടപ്പെട്ട ചക്കക്കുരുമാങ്ങ കറിയും, നല്ല നാടൻ മത്തി വറുത്തതും. പിന്നെ, പ്രത്യേകിച്ച് പറയണോ?
വയറു നിറഞ്ഞപ്പോൾ, എവിടെ നിന്നോ തിരിച്ചെത്തിയ യാത്രാക്ഷീണവും, കൂടെ പ്രസിദ്ധമായ ആ വയനാടൻ കുളിരും കൂടി, നിദ്രാദേവിയെ ഒട്ടു നേരത്തെ വിളിച്ചു തുടങ്ങി. രാവിലെ ജോലി തുടങ്ങേണ്ടതിനാൽ (ആ ... അത് പറയാൻ മറന്നു. ഞാനേ ലീവല്ല കേട്ടോ; എല്ലാ ദിവസവും 'വർക്കിംഗ് ഫ്രം ഹോം' ആണ്) അതനുസരിച്ചു മൊബൈലിൽ അലാറവും വച്ച്, സുഖമായ ഉറക്കം. രാവിലെ അലാറം അടിയ്ക്കുന്നതിനുമുന്പേ തന്നെ, മുറിയുടെ ജനാലയിൽ മൃദുവായ മുട്ട് കേട്ടാണ് കണ്ണ് തുറന്നത്. എന്തായാലൂം വീട്ടുകാർ അത്ര വെളുപ്പിനെ വിളിയ്ക്കാൻ ഒരു സാധ്യതയും ഇല്ല. ഇനി അഥവാ വിളിയ്ക്കണം എങ്കിൽ തന്നെ വാതിലിൽ അല്ലെ മുട്ടുകയുള്ളൂ.
ശ്ശെടാ... ഇത് പിന്നെ ആര്? എന്ന സംശയത്തോടെ ജനാല കർട്ടൻ അല്പം മാറ്റി നോക്കി. വളരെ ചെറിയ ഒരു മഞ്ഞക്കുരുവിയാണ് ഈ പണി ചെയ്യുന്നത്. ആശാൻ ജനാലയിൽ തന്റെ കുഞ്ഞുചുണ്ടുകൾ കൊണ്ട് കൊത്തുകയാണ്. ആദ്യം കരുതിയത് വല്ല ഉറുമ്പുകളെയും കൊത്തിത്തിന്നുന്നതാവും എന്നാണ്. പിന്നീട് അച്ഛൻ പറഞ്ഞപ്പോഴാണ് മനസിലായത്, ഇത് എല്ലാ ദിവസവും ഇതേ സമയത്ത് പുള്ളിക്കാരന്റെ ഒരു പതിവാണത്രേ. ഒരു പക്ഷെ, ജനാല ചില്ലിൽ സ്വന്തം പ്രതിബിംബം കാണുന്നതുകൊണ്ടാവാം. എന്തായാലും ഒരു കാര്യം പറയാം. പിന്നീടുള്ള എല്ലാ ദിവസങ്ങളിലും, എന്നെ വിളിച്ചുണർത്തിയത് ആശാൻ ആണ് കേട്ടോ. രണ്ടാം ദിവസം അതിന്റെ വീഡിയോ പകർത്തണം എന്നു കരുതിയതാണ്. പിന്നെ വേണ്ടെന്നു വച്ചു. കാരണം അതാ പാവത്തിനെ ശല്യപ്പെടുത്തിയാലോ? അതുകൊണ്ടെങ്ങാൻ, പിന്നീട് വരാതിരുന്നാലോ?
തിങ്കൾ:
6 മണി മുതൽ തുടങ്ങുന്ന ജോലി ഒതുക്കി ദിവസവും വൈകുന്നേരം 3 മണിയോടെ ആണ് ഒന്നു ഫ്രീ ആകുന്നത്. അതുകൊണ്ടു തന്നെ, വീട്ടുകാരോടൊത്തുള്ള കൂടലുകളും, അത്യാവശ്യം യാത്രകളും ഒക്കെ അതിനനുസരിച്ചു പ്ലാൻ ചെയ്തിരുന്നു.
ഏതാണ്ട് 9 മണിയോടെ, പതിവുള്ള തനിനാടൻ പ്രഭാത ഭക്ഷണം. വീണ്ടും ജോലിയുടെ തിരക്കിലേയ്ക്ക്. ബാക്കിയുള്ളവരും കുട്ടികളും വർത്തമാനങ്ങളിലേയ്ക്കും, കളികളിലേയ്ക്കും.
ഉച്ചയ്ക്കു ശേഷം, തൊട്ടടുത്ത ടൌൺ ആയ കേണിച്ചിറയിലേയ്ക്ക് അച്ഛനുമൊത്തൊരു യാത്ര. അവിടെ നല്ല നാടൻ പന്നിയിറച്ചി കിട്ടും. പിന്നെ നല്ല പച്ചമീനും. താമസം വിനാ തിരികെയെത്തി. മൂടുകട്ടിയുള്ള വലിയ ഉരുളിയിൽ, വിറകടുപ്പിൽ, വീട്ടിൽ തയ്യാറാക്കിയ മസാലക്കൂട്ടിൽ പൊതിഞ്ഞ ഇറച്ചിക്കഷ്ണങ്ങൾ അങ്ങിനെ ഗുമുഗുമാ വെന്തു തുടങ്ങി. ഇടയ്ക്ക്, അതിലേയ്ക്ക് കുറച്ചു തേങ്ങാ കൂടി ചെറുതായി കൊത്തിയിട്ടു. ഇറച്ചിയിലെ നെയ്യിൽ നന്നായി വെന്ത, ഉപ്പും മസാലയും പിടിച്ച തേങ്ങാക്കഷണങ്ങൾ കഴിയ്ക്കാൻ എന്തൊരു രുചിയാണെന്നോ?
നിറഞ്ഞു കത്തുന്ന അടുപ്പിൽ, കഷണങ്ങൾ അങ്ങിനെ വെന്തു തിളയ്ക്കുമ്പോൾ ഉയരുന്ന ആ മണമുണ്ടല്ലോ...... എന്റെ പൊന്നു സാറേ.... അത് ഇപ്പോൾ ഓർക്കുമ്പോൾ പോലും, ആർക്കായാലും ദേ നാവിൽ ഇങ്ങിനെ വെള്ളംമൂറും. പാകത്തിന് ചാറോടെ അവനെ തയ്യാറാക്കി ഇറക്കിയതും, നേരെ വച്ച് പിടിച്ചു റോഡിനെതിർവശത്തെ നമ്മുടെ പറമ്പിലേക്ക്. എന്തിനാണെന്നോ? മറ്റൊന്നിനുമല്ല ഇവന്റെ കൂടെ കഴിയ്ക്കാനുള്ള കപ്പ പറിയ്ക്കാൻ.
വിറകടുപ്പിൽ വേവിച്ച നാടൻ കപ്പപ്പുഴുക്കും, കൂടെ അതേ വിറകടുപ്പിൽ തയ്യാറാക്കിയ തനിനാടൻ പന്നിയിറച്ചി കറിയും. അപാര 'കോമ്പിനേഷൻ' തന്നെ. പുതിയ ആ യൂട്യൂബ് ഭാഷയിൽ പറഞ്ഞാൽ 'പൊളി സാനം...അണ്ണാ ...പൊളി സാനം'.
നാട്ടുവിഷയങ്ങളും, വീട്ടുവിശേഷങ്ങളും ഒക്കെയായി സമയം പോയതറിഞ്ഞില്ല. ഏറെ നാൾ കൂടി അടുത്തു കിട്ടിയ പേരക്കിടാങ്ങളോടൊത്ത് അച്ഛനും അമ്മയും കുഞ്ഞുവർത്തമാനങ്ങളിൽ മുഴുകി.
രാത്രി, മോരുകറിയും, താൾതോരനും (ചേമ്പിന്റെ തണ്ട്), മീൻ വറുത്തതും പിന്നെ നമ്മുടെ ഉച്ചയ്ക്കത്തെ ആ സ്വയമ്പൻ സാധനം ഫ്രൈ ആക്കിയതും കൂട്ടി അത്താഴം.
ചൊവ്വ:
അതിരാവിലെ ആശാൻ പതിവ് തെറ്റിയ്ക്കാതെ, ജനാലയിൽ കൊത്തി വിളിച്ചുണർത്തി. ജോലിയുടെ ആദ്യപാദത്തിനു ശേഷം പ്രഭാതഭക്ഷണം.
ചൂട് പറക്കുന്ന ചമ്പാവരി പുട്ടും, ഞാലിപ്പൂവൻ പഴവും. രണ്ടും നമ്മുടെ സ്വന്തം വിളകൾ. ഇനി, പഴം വേണ്ടാത്തവർക്കായി പുട്ടും പോർക്കും തയ്യാർ.
ഉച്ചയ്ക്ക് ജോലി തീർത്ത്, ഒന്നു പുറത്തേയ്ക്കിറങ്ങി. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച്, കുട്ടികളെ ഒഴിവാക്കി ഒരു ചെറുയാത്ര. വേറെ ഒന്നിനുമല്ല ഏറ്റവും അടുത്ത നാല് സുഹൃത്തുക്കളെ ഒന്നു കാണണം. അതിൽ തന്നെ രണ്ടു പേർ എന്റെ കൂടെ പ്രീഡിഗ്രിയ്ക്ക് കുറവിലങ്ങാട് ദേവമാതയിൽ ഉണ്ടായിരുന്നവർ. തമ്മിൽ വീണ്ടും കാണുന്നത് നേരത്തെ പറഞ്ഞതുപോലെ ഏതാണ്ട് 25 വർഷങ്ങൾക്കു ശേഷം.
പറഞ്ഞറിയിയ്ക്കാനാവാത്ത സന്തോഷം പകർന്ന, ആ സുഹൃദ് സന്ദർശനങ്ങൾക്കു ശേഷം, വീട്ടിൽ മടങ്ങിയെത്തിയപ്പോൾ നേരവും ചെറുതായി ഇരുട്ടി തുടങ്ങിയിരുന്നു. ചൂടുവെള്ളത്തിലെ കുളിയിൽ ക്ഷീണമകറ്റി. കുട്ടികൾ എല്ലാവരും അപ്പോഴേയ്ക്കും കാരംസ് ബോർഡിന് മുന്നിലായി.
[ഓ ..... ഒരു കാര്യം പറയാൻ മറന്നു. ഞങ്ങൾക്ക് വേണ്ടി സ്നേഹത്തോടെ ഞങ്ങളുടെ അയൽക്കാരൻ രണ്ടു ചക്കകൾ, പ്ലാവിൽ നിന്നും പറിയ്ക്കാതെ കരുതിയിരുന്നു കേട്ടോ. ഉച്ചയ്ക്ക് ശേഷമുള്ള ഞങ്ങളുടെ യാത്രയ്ക്ക് മുൻപ് അനിയൻ അവ രണ്ടും ഇട്ടു. ഭാഗ്യം. ഒന്ന് നന്നായി പഴുത്തിരുന്നു. മറ്റേത് പച്ചയും.]
കുളി കഴിഞ്ഞു വന്ന അനിയൻ, നീളത്തിൽ അരിഞ്ഞു വച്ചിരുന്ന ചക്ക വറുക്കാനുള്ള തിരക്കിലായി. വിറകടുപ്പിൽ എന്ന് പ്രത്യേകം പറയുന്നില്ല. അനിയത്തിയും അച്ഛനും കൂടി ചക്കപ്പഴം കൊണ്ട് ഇലയപ്പം ഉണ്ടാക്കാനുള്ള പണിയിലും. ഞങ്ങൾ ഈ ഇലയപ്പത്തിന് 'പൂച്ചയപ്പം' എന്നോ 'ചക്ക-അട' എന്നോ 'എടനയപ്പം' എന്നോ ഒക്കെ പറയും കേട്ടോ. ചില സ്ഥലങ്ങളിൽ 'വഴനയപ്പം' എന്നും പറയാറുണ്ട്.
ചെറുതായി അരിഞ്ഞ വരിയ്ക്ക ചക്കപ്പഴം, അരിമാവോട് ചേർത്ത് പാകത്തിന് വെള്ളവും ആവശ്യത്തിന് ശർക്കരയും ചേർത്ത് നന്നായി കുഴച്ചെടുത്ത്, ത്രികോണാകൃതിയിൽ മടക്കിയെടുത്ത എടനയിലയിൽ നിറച്ച്, ആവിയിൽ പുഴുങ്ങിയെടുക്കുന്ന ഈ അപ്പത്തിന്റെ രുചി ഒന്ന് വേറെ തന്നെ ആണ് കേട്ടോ. വേവുമ്പോൾ ഉയരുന്ന ആ എടനയിലയുടെ മണമില്ലേ? അതാണ് നമ്മളിൽ വല്ലാത്ത ഒരു വിശപ്പുണ്ടാക്കുന്നത്. ഒരു ആക്രാന്തവും.
രാത്രി ഇതുണ്ടാക്കുന്നത്, സാധാരണയായി പിറ്റേന്നത്തേയ്ക്കു കഴിയ്ക്കാനാണ് കേട്ടോ. ചൂടാറി തണുത്തു കഴിയുമ്പോളാണ് ഇതിന്റെ യഥാർത്ഥ രുചി അറിയാൻ പറ്റുന്നത്. പക്ഷെ, ഞാൻ നേരത്തെ പറഞ്ഞില്ലേ? എടനയിലയുടെ ആ മണം മൂക്കിലക്കടിയ്ക്കുമ്പോൾ, ആരായാലും ശരി, ചൂടോടെ ഒരെണ്ണമെങ്കിലും അകത്താക്കിപ്പോകും. തീർച്ച.
ഇതിനിടയിൽ, ചൂടാറാൻ വേണ്ടി മേശപ്പുറത്തെ പേപ്പറിൽ നിരത്തിയിരുന്ന ചക്ക വറുത്തത്, ഉപ്പു നോക്കി, ഉപ്പു നോക്കി നമ്മുടെ കുട്ടിപ്പട്ടാളം ഏതാണ്ട് ഫിനിഷ് ചെയ്തിരുന്നു. കാരംസ് ഒക്കെ പിന്നെ വേണമെങ്കിലും കളിയ്ക്കാം, പക്ഷെ ഇതെപ്പോഴും കിട്ടിയെന്നു വരില്ല. അല്ല പിന്നെ.
പിന്നെ ഏല്ലാവരും ഒരുമിച്ച് അത്താഴം; ശേഷം ഉറക്കം.
ബുധൻ:
പ്രഭാത ഭക്ഷണത്തിനു ശേഷം, ജോലിയുടെ ഇടവേളയിൽ, വയലിലേക്കൊരു യാത്ര. കണ്ണെത്താദൂരത്ത് അങ്ങിനെ പരന്നു കിടക്കുന്ന പാടശേഖരം. അതിനിടയിൽ, പറിയ്ക്കാൻ പാകത്തിന് ഞാറ് നിറഞ്ഞ നമ്മുടെ പാടവും. പാടശേഖരത്തിനു നടുവിൽ, കൊയ്ത്തുകാലത്തു മാത്രം പൂജ നടക്കുന്ന ഒരു കോവിൽ. പിന്നെ പാടശേഖരത്തിനെ രണ്ടായി പകുക്കുന്ന പുഴ. പുഴ രണ്ടായി പകുത്ത പാടശേഖരത്തെ നാലായി പകുത്ത്, അതും പോരാതെ പുഴയ്ക്കു മുകളിൽ പാലവും പണിതു കടന്നു പോകുന്ന നെടുനീളൻ പഞ്ചായത്ത് റോഡ്. നിങ്ങൾ ഒന്ന് മനസ്സിൽ സങ്കൽപ്പിച്ചു നോക്കൂ അത്. എന്നിട്ട് ഈ ചിത്രം ഒന്ന് കാണൂ. നിങ്ങളുടെ സങ്കൽപ്പമാണോ ഈ യഥാർത്ഥ ചിത്രമാണോ കൂടുതൽ ഭംഗിയാർന്നത്?
കനത്ത മഴക്കാലത്ത് പുഴനിറയുമ്പോൾ, ഈ പാടശേഖരവും പിന്നെ ഈ റോഡുമൊക്കെ ദിവസങ്ങളോളം വെള്ളത്തിനടിയിൽ ആയിരിയ്ക്കും കേട്ടോ. പാവം കർഷകന് ദുരിതം സമ്മാനിയ്ക്കുന്നതെങ്കിലും, ആ കാഴ്ചയും കാണാൻ ഏറെ ആളുകളെത്താറുണ്ട് ഇവിടെ.
അധികം വൈകാതെ, തിരികെയെത്തി വീണ്ടും ജോലിത്തിരക്കിൽ.
ഉച്ചയ്ക്ക് ശേഷം, പതിവ് തെറ്റിയ്ക്കാതെ ആ മുത്തങ്ങ യാത്ര. എല്ലാ തവണയും ഞങ്ങളുടെ വയനാടൻ യാത്രയിൽ മുടക്കം വരാത്തതാണ് മുത്തങ്ങ വഴിയുള്ള ആ വനയാത്ര. ഇരുവശങ്ങളും നിറഞ്ഞുനിൽക്കുന്ന വനത്തിലൂടെയുള്ള ആ യാത്രയുടെ സുഖം ഒന്നു വേറെ തന്നെ. സാധാരണ, അത് സംസ്ഥാന അതിർത്തിയും കടന്ന് കർണാടകയിലെ ഗുണ്ടൽപേട്ട് വരെ നീളാറുണ്ട്. പക്ഷെ ഇത്തവണ കോവിഡ് നിയന്ത്രണചട്ടങ്ങളാൽ, അതിർത്തിയിൽ യാത്ര അവസാനിപ്പിച്ചു.
മുൻവർഷങ്ങളിലെ യാത്രകളിലെല്ലാം, ഒറ്റയ്ക്കും കൂട്ടായും മേയുന്ന കൊമ്പന്മാരെ കണ്ടിരുന്നു. ഒളിപ്പിച്ച രൗദ്രതയോടെ അലസഭാവത്തിൽ മേയുന്ന കാട്ടുപോത്തുകളെ കണ്ടിരുന്നു. അതിസുന്ദരന്മാരായ മരയണ്ണാൻമാരെയും നിരന്നു മേയുന്ന അനേകം മാനുകളെയും കണ്ടിരുന്നു.
പക്ഷെ അതൊക്കെ വേനൽകാലത്തായിരുന്നു. ആഹാരം അന്വേഷിച്ച് ഇവയെല്ലാം അലയുന്ന സമയത്ത്. ഇത്തവണ മഴയിൽ തളിർത്ത കാടിന്റെ ഉള്ളറകളിൽ എവിടെയോ ഒക്കെ അവ സ്വസ്ഥതയോടെ കഴിയുകയാവാം. അതോ 'ഹോം ക്വാറന്റൈനിലോ'? അറിയില്ല. എന്തായാലും ഞങ്ങളെ കാണാൻ മാനുകൾ എത്തിയിരുന്നു.
മടക്ക യാത്രയിൽ, മറ്റൊരു പതിവ് സങ്കേതമായ ഹോട്ടൽ വിൽട്ടണിൽ
(സുൽത്താൻ ബത്തേരി) നിന്നും ഇഷ്ടവിഭവങ്ങൾ പാർസൽ ആക്കി. നാട്ടിലേക്കുള്ള എല്ലാ വരവിലും, കുറഞ്ഞത് രണ്ടോ മൂന്നോ തവണ ഞങ്ങൾ സന്ദർശിയ്ക്കുന്ന ഹോട്ടൽ ആണ്. അത്ര സ്വാദിഷ്ടമാണ് അവരുടെ ഭക്ഷണങ്ങൾ. ഒപ്പം, അതിനേക്കാൾ മികച്ച ആതിഥ്യ മര്യാദയും.
യാത്ര മീനങ്ങാടി ടൌൺ എത്താറായപ്പോഴാണ് തിരക്കേറിയ ഒരു മീൻകട കണ്ടത്. നോക്കിയപ്പോൾ, നല്ല നാടൻ മത്തി, ചൊകചൊകന്ന പുതിയാപ്ലക്കോര, പിന്നെ വെളുവെളുത്ത വേളൂരി .... എല്ലാം അങ്ങിനെ നിരത്തി വച്ചിരിയ്ക്കുന്നു. നമ്മുടെ ശ്രീനിവാസൻ ഒരു സിനിമയിൽ പറഞ്ഞ പോലെ ഓടിച്ചെന്ന് മീൻകാരനോട് പറഞ്ഞു "ചേട്ടാ .... എല്ലാം ഓരോ കിലോ പോരട്ടെ". വില പോലും അന്വേഷിയ്ക്കാതെ ഓർഡർ നല്കിയതുകൊണ്ടാകാം, സംശയത്തോടെ മുഖമുയർത്തി ഒന്ന് നോക്കിയ മീൻകടക്കാരൻ, ഞങ്ങളുടെ മുഖത്തെ ആ കൊതി കണ്ടപ്പോൾ, സന്തോഷത്തോടെ എല്ലാം ഓരോ കിലോ തൂക്കി. പിന്നെ പടാപടാന്നു വൃത്തിയാക്കി പൊതിഞ്ഞെടുത്തു തന്നു. ഇത്തിപ്പോരം വലുപ്പമുള്ള ആ വേളൂരികളെ പോലും നന്നായി വൃത്തിയാക്കി തന്നു. നമ്മടെ പുതിയാപ്ലക്കോരേനെ നിങ്ങക്ക് പുടികിട്ടിയോ? കോട്ടയംകാരുടെ കിളിമീൻ, തിരോന്തരത്തെ നവര. അവൻ തന്നെ ഈ സാധനം. ഇവിടെ അവൻ വേറെ റേഞ്ച് ആണേ. ശരിയ്ക്കും ഒരു നാഷണൽ റോമിംഗ്.
വീട്ടിലെത്തി, കുളി കഴിഞ്ഞെത്തിയപ്പോഴേയ്ക്കും നമ്മുടെ മീനുകൾ ഫ്രൈ ആയി മേശപ്പുറത്ത്. അതും നല്ല കുരുമുളകൊക്കെ ഇട്ടു നന്നായി മൊരിച്ചെടുത്തത്. ബിരിയാണിക്കൊതിയന്മാർ പാഴ്സൽ അഴിച്ചപ്പോൾ, ഞാനും അനിയനും, ചോറും മീൻഫ്രൈയും പിന്നെ അൽപ്പം മോരുകറിയുമായി പതുക്കെ സൗഹൃദം സ്ഥാപിച്ചു. ബിരിയാണി വേഗം തീർത്ത ചില തസ്കരവീരന്മാർ ഞങ്ങളുടെ ചില മീനുകളെ അടിച്ചു മാറ്റിയെങ്കിലും, പ്ലേറ്റിൽ ധാരാളം ബാക്കി ഉണ്ടായിരുന്നതിനാൽ ഞങ്ങൾ അതങ്ങ് അവഗണിച്ചു. വിശാലമനസ്കരായ ഞങ്ങൾ എല്ലാവരോടും ക്ഷമിച്ചു.
പിന്നെ, പതിവ് വർത്തമാനങ്ങളും, ശേഷം ഉറക്കവും.
വ്യാഴം:
ആശാന്റെ ജനൽ മുട്ടലിൽ, മനസില്ലാമനസ്സോടെ ഉറക്കമുണർന്നു. പ്രാഥമിക കൃത്യങ്ങൾക്കു ശേഷം, ചായയും കയ്യിലെടുത്ത്, ജോലിത്തിരക്കിലേയ്ക്ക്.
യാത്രകളൊന്നും വേണ്ട എന്ന് നേരത്തെ തീരുമാനിച്ച ദിവസം. അതിനാലാകാം ദിവസം മുഴുവൻ ചെറിയ ചാറ്റൽ മഴയുമായി പ്രകൃതിയും ഞങ്ങളോടൊപ്പം നിന്നു.
നാടൻ കപ്പ പുഴുങ്ങിയതും, മീൻകറിയും, മീൻ വറുത്തതും ചേർന്ന തനിനാടൻ പ്രഭാത ഭക്ഷണം. കൂടെ ചുവന്നുള്ളി ചതച്ചിട്ട അല്പം പഴങ്കഞ്ഞിയും. സംഗതി കുശാൽ.
ഉച്ചയ്ക്ക് ശേഷം മഴമാറിയപ്പോൾ, ചെറിയ ഒരു ട്രെക്കിങ്ങ്. മറ്റെങ്ങോട്ടുമല്ല കേട്ടോ; നമ്മുടെ തന്നെ ചെറിയ ഒരു തോട്ടമുണ്ട്, കുറച്ചു മുകളിൽ ആയിട്ട്. കുട്ടികളെ കൂട്ടി ആഘോഷമായി അങ്ങ് കയറി. നിറയെ കായ്ച്ചു കിടന്ന കുടംപുളിയിൽ നിന്നും കുറെ പുളികൾ അടർത്തി.
കോട്ടയംകാർക്കൊക്കെ ഈ പുളി നല്ല പരിചയം കാണും, അല്ലെ? കാരണം നമ്മൾ മീൻകറിയിൽ ഇടുന്നത് ഈ പുളിയാണല്ലോ. (ഇങ്ങു തിരുവനന്തപുരത്തൊക്കെ മീൻകറിയിൽ, നമ്മുടെ വാളംപുളിയാണ് കേട്ടോ ചേർക്കുന്നത്). നന്നായി പഴുത്ത കുടംപുളി പൊട്ടിച്ചാൽ, നമ്മുടെ മാങ്കോസ്റ്റിൻ പൊട്ടിയ്ക്കുന്ന അതേ പോലിരിയ്ക്കും. രുചിയും ഏതാണ്ട് അതുപോലെ തന്നെ. ഒറ്റ കാര്യമേ ഉള്ളൂ. ഒരിയ്ക്കലും രുചിയോടെ അത് നുണയുന്ന കൂട്ടത്തിൽ, ആ കായ് കടിച്ചു പൊട്ടിയ്ക്കരുത്. പുറമെയുള്ള സ്വാദിഷ്ടമായ ആ ആവരണം നുണഞ്ഞിറക്കിയതിനു ശേഷം അതങ്ങു തുപ്പിക്കളഞ്ഞേക്കണം. അഥവാ, കടിച്ചാൽ നിങ്ങളുടെ പല്ലിലാകെ ഒരുതരം മഞ്ഞക്കറയാകുമെന്ന് ഓർക്കുക.
മടങ്ങുന്ന വഴിയിൽ, വീടിനു സമീപത്തുതന്നെ നമ്മുടെ മറ്റൊരു ചെറിയ ഒരു കൃഷിസ്ഥലമുണ്ട്. കഴിഞ്ഞ ദിവസം നമ്മൾ കപ്പ പറിയ്ക്കാൻ പോയില്ലേ? അത് തന്നെ. (നേരത്തെ അതെല്ലാം വിതയ്ക്കുന്ന വയലുകൾ ആയിരുന്നു കേട്ടോ. പിന്നീട് അയൽ വയലുകളെല്ലാം കമുക് തോട്ടങ്ങളായി രൂപാന്തരം പ്രാപിച്ചപ്പോൾ, നമ്മളും ആ വയലിലെ നെൽകൃഷി നിർത്തി. മറ്റു വിളകൾ കൃഷി ചെയ്തു തുടങ്ങി). അതിന് അതിരിടുന്ന ചെറിയ ഒരു കൈത്തോടുണ്ട്. അവിടേയ്ക്കായിരുന്നു ഞങ്ങളുടെ യാത്ര.
ചെറിയ കുട്ടികളായിരിയ്ക്കുമ്പോൾ, ഞങ്ങളുടെ കുളിയും, നനയും ഒക്കെ ഈ തോട്ടിൽ ആയിരുന്നു. ഉടുത്തിരുന്ന തോർത്തുമുണ്ടഴിച്ച്, ഞങ്ങൾ 'നെറ്റിപ്പൊന്നൻ' മീനുകളെ പിടിച്ചിരുന്ന തോടാണ്. പാവം, ഇന്ന് ആകെ മെലിഞ്ഞിരിക്കുന്നു. പ്രതാപകാലത്ത് ആ വയലുകൾക്കെല്ലാം ജീവജലം നല്കിയിരുന്നവളാണ്. എങ്കിലും, സാരമില്ല ഇപ്പോഴും ഒഴുകാൻ ആവുന്നുണ്ടല്ലോ. തെളിഞ്ഞ വെള്ളവും, അടിയിലെ പഞ്ചാരമണലും, പിന്നെ ആ കുഞ്ഞലകളും കണ്ട കുട്ടികൾ അതിലേയ്‌ക്കെടുത്തു ചാടി. പിന്നെ ചേമ്പിലകളും മറ്റും പറിച്ചിട്ട് ഒഴുക്കി, കുറെ ഏറെ നേരം ആ കുളിർമ്മ ആസ്വദിച്ചു. ചായയ്ക്ക് സമയമായപ്പോൾ നേരെ വീട്ടിലേയ്ക്ക് മടങ്ങി.
വൈകുന്നേരം, ഒരൽപം സ്പെഷ്യൽ ആകാം എന്ന് കരുതി. മറ്റൊന്നുമല്ല. നമ്മൾ കോട്ടയംകാരുടെ സ്വന്തമായ 'പിടിയും കോഴിക്കറിയും'. സ്വതവേ നാടനായ അതിനെ, ഒന്നുകൂടി തനിനാടൻ ആക്കാൻ ഞങ്ങൾ തീരുമാനിച്ചു. നല്ല പുന്നെല്ലിന്റെ പിടിയും, പിന്നെ നന്നായി വറുത്തരച്ച നല്ല നാടൻ കോഴിക്കറിയുമാക്കി. അതും വിറകടുപ്പിൽ വേവിച്ചത്.
തേങ്ങ ചിരവിയത് ധാരാളം ചേർത്ത്, കൂടെ ഇത്തിരി മല്ലിപൊടി, ഒരല്പം ചതച്ച വെളുത്തുള്ളി, കൂടെ കുറച്ച് ഉള്ളി ചതച്ചത്, പിന്നെ കുറച്ച് ഞെരടിയ ജീരകം. എല്ലാം ചേർത്ത് പാകത്തിന് കുഴച്ചെടുത്ത്, പിന്നെ ചെറിയ നെല്ലിയ്ക്ക വലുപ്പമുള്ള ഉരുളകളാക്കി, അതിനെ തിളച്ച വെള്ളത്തിലേക്കിട്ട്, അതങ്ങിനെ വെന്തു വരുമ്പോൾ, നമ്മുടെ മൂക്കിലേക്ക് അടിച്ചു കയറുന്ന ആ മാദകഗന്ധമുണ്ടല്ലോ? അതാണ് ഈ പലഹാരത്തിന്റെ ആ ഹൈലൈറ്റ്.
നേരത്തെ പറഞ്ഞത് പോലെ നമ്മുടെ കോഴിക്കറിയും ഇത്തവണ വിറകടുപ്പിൽ ആക്കി കേട്ടോ. കുട്ടികൾക്കു കൂടി കഴിയ്‌ക്കേണ്ടതിനാൽ തേങ്ങയും മസാലക്കൂട്ടുകളും വറുത്തരച്ചു. അപ്പോൾ എരിവ് അല്പം കുറഞ്ഞിരിയ്ക്കും, രുചിയാണെകിൽ വ്യത്യസ്തവും.
ഇനി, പിടിയും കോഴിക്കറിയും വിളമ്പുന്നതിനും ഉണ്ട് ഒരു പ്രത്യേകരീതി. അത് നിങ്ങൾക്കറിയുമോ? ഇല്ലെങ്കിൽ പെട്ടെന്ന് പറയാം. ഒരു സ്റ്റീൽ പ്ലേറ്റിലേയ്ക്ക് ചൂടോടെ നമ്മുടെ പിടി കോരിയൊഴിയ്ക്കുക. പാത്രത്തിൽ മുഴുവനായും അവനങ്ങനെ ഒഴുകിപ്പരന്നു കഴിയുമ്പോൾ, തവി കൊണ്ടുതന്നെ ഒത്ത നടുവിലായി ഒരു കുഴി കുഴിയ്ക്കുക. അല്പം വിസ്താരത്തിൽ തന്നെ ആയിക്കോട്ടെ. എന്നിട്ട്, ആ കുഴിയിലേക്ക് നമ്മുടെ നാടൻ കോഴിക്കറി ചാറോടെ ഒഴിയ്ക്കുക. ശേഷം, കൈകൊണ്ടോ അല്ലെങ്കിൽ സ്പൂണുകൊണ്ടോ, ജെസിബി മണ്ണിടിയ്ക്കുന്നതു പോലെ കുഴിയുടെ അരികുകൾ കോഴിച്ചാറിലേയ്ക്ക് അല്പ്പാല്പമായി ഇടിച്ചിടുക. നന്നായി ഒന്നു കുഴച്ച്, നേരെ ഇതിനകം കൊതി പിടിച്ചിരിയ്ക്കുന്ന സ്വന്തം വായിലേയ്ക്ക് വയ്ക്കുക. ആഹാ ... 'പിടി+കോഴിക്കറി കോമ്പിനേഷൻ' കണ്ടു പിടിച്ച ആ അച്ചായന് അഥവാ അച്ചായത്തിയ്ക്ക്, നമ്മൾ മനസ് കൊണ്ടൊരു മുട്ടൻ നന്ദി പറഞ്ഞു പോകും. തീർച്ച. ഇനി നമ്മൾ ഇത്തിരി 'ഫിറ്റ്' ആണെങ്കിലോ അവർക്കൊരു സല്യൂട്ടും.
രാത്രിയോടെ, കോഴിക്കോട് നിന്നും ഇളയ അനിയനും കുടുംബവും കൂടി എത്തിച്ചേർന്നു. അതോടെ സംഗതി 'ഫുൾ കോറം' ആയി കേട്ടോ.
പിന്നെ, പിടിയും തട്ടി, മൂടിപ്പൊതച്ചൊരു ഉറക്കം.
വെള്ളി:
ഉത്രാടപാച്ചിലിലേയ്ക്കൊരു പ്രഭാതം. അത്തം കറുത്തതു കൊണ്ടാകാം ഇത്തവണ ഉത്രാടവും, തിരുവോണവും നന്നായി വെളുത്തു. മഴയുടെ പൊടിപോലുമില്ലായിരുന്നു ഈ രണ്ടു ദിവസങ്ങളിലും.
പ്രഭാത ഭക്ഷണത്തിന് വിഭവങ്ങൾ ഏറെ. തലേന്നത്തെ പിടിയും കോഴിക്കറിയും. പിന്നെ മുംണ്ടംപുഴുങ്ങിയ (ചെണ്ടൻ പുഴുങ്ങിയ) കപ്പയും കൂടെ ഉണക്കമീൻ കറിയും. ചെറിയ സമചതുരക്കട്ടകളായി മുറിച്ച, ഉപ്പുകളഞ്ഞ ഉണക്കത്തിരണ്ടി(മീൻ), നന്നായി മുളക് ചേർത്ത്, കുഴമ്പു പരുവത്തിൽ ഉണ്ടാക്കുന്ന ഒരു നാടൻ കറിയുണ്ട്. കഴിച്ചിട്ടുള്ളവർക്കറിയാം. അതിന്റെ ഒരു പ്രത്യേക രുചി. പ്രത്യേകിച്ചും, നല്ല ആമ്പക്കാടൻ കപ്പയുടെ കൂടെ.
ഉച്ചയൂണിനു ശേഷം, കുട്ടികളേയും കൂട്ടി തീം പാർക്കിലേയ്ക്കൊരു യാത്ര. ഇപ്പോൾ നിങ്ങൾ വിചാരിയ്ക്കുന്നുണ്ടാകും. ഈ കോവിഡ് കാലത്താണോ കുട്ടികളെയും കൂട്ടി തീം പാർക്കിലേക്ക് യാത്ര നടത്തുന്നത്? എന്ന്. അല്ലെ? ഇതേ, സംഗതി വേറെ ലെവൽ ആണ്.
അടുത്ത ആഴ്ച നടാൻ തയ്യാറാക്കി നിർത്തിയിരിക്കുന്ന നമ്മുടെ വയലുണ്ട്. നേരത്തെ നമ്മൾ പറഞ്ഞ ആ പുഴയുടെ അടുത്ത്. വീട്ടിൽ നിന്നും ഒരു കിലോമീറ്റർ മാത്രം അകലെ. നന്നായി ചെളി ഉടച്ച്, വെള്ളം നിറച്ചിട്ടിരിയ്ക്കുന്ന നല്ല 'ഉഗ്രൻ മഡ് തീം പാർക്ക്'. അതുള്ളപ്പോൾ വേറെ ഒരു പാർക്ക് എന്തിന്?
ആദ്യം ഒന്ന് മടിച്ച ശേഷം, കുട്ടികൾ ആ പാടത്തെ 'ചെളിക്കുളി' നന്നായി അങ്ങ് ആസ്വദിച്ചു. സാധാരണ എല്ലാ തവണയും, ബാണാസുരസാഗറിലും, പൂക്കോട് തടാകത്തിലും, പിന്നെ കാരാപ്പുഴ ഡാമിലും ഒക്കെ ആയിരുന്നല്ലോ അവർ ഇങ്ങിനെ സമയം ചിലവഴിയ്ക്കാറുള്ളത്. ഇത്തവണ അതിനേക്കാളൊക്കെ ആസ്വദിച്ചു അവർ, ഈ പുതിയ പാർക്ക്. വിലക്കുകളില്ലാതെ, മണ്ണിൽ, ചേറിൽ ആവോളം കളിച്ചുതിമിർക്കാൻ കിട്ടിയ ആ അസുലഭ അവസരം.
വൈകുന്നേരത്തോടെ, പിറ്റേന്നത്തേയ്ക്കുള്ള കുറച്ചു വിഭവങ്ങൾ തയ്യാറാക്കുന്ന തിരക്കിലായി എല്ലാവരും. കാളൻ, വിവിധ അച്ചാറുകൾ, പുളിയിഞ്ചി, കിച്ചടി മുതലായ വിഭവങ്ങൾ തയ്യാറാക്കിയതിനു ശേഷം അത്താഴം.
ഇത്തവണ, പൂക്കളം ഇടുന്ന ജോലി കുട്ടികൾ ഏറ്റെടുത്തു. അളവും വരയുമെല്ലാം അവർ തന്നെ ചെയ്തു തീർത്തു. ഏതാണ്ട് രാത്രി പത്തരയോടെ, പൂക്കളം തയ്യാർ. പിന്നെ, തിരുവോണത്തെ വരവേൽക്കാൻ മനസാലെ ഒരുങ്ങി ഉറക്കറകളിലേയ്ക്ക്.
ശനി:
"തിരുവോണപ്പുലരി തൻ തിരുമുൽക്കാഴ്ച കാണാൻ....". പാടിപ്പതിഞ്ഞ ആ ഈരടികൾ മനസ്സിലോർത്ത്, സൂര്യോദയത്തിനു മുൻപേ എല്ലാവരും ഉണർന്നു. പാവം നമ്മുടെ ആശാന്, അന്ന് മാത്രം ഞങ്ങളെ വിളിച്ചുണർത്താൻ ആയില്ല.
തിരുവോണപ്പുലരിയിൽ, പ്രഭാതസൂര്യന്റെ പൊൻകിരണങ്ങൾ മാവേലിനാടിനെ ആലിംഗനം ചെയ്തപ്പോഴേയ്ക്കും, തീൻ മേശയിൽ പൂ പോലെ മൃദുലമായ ഇഡ്ഡലിയും, പിന്നെ ആവി പറക്കുന്ന സാമ്പാറും തയ്യാർ. ആരും കഴിയ്ക്കുന്ന ഇഡ്ഡലിയുടെ എണ്ണമൊന്നും നോക്കാൻ പോയില്ല. നിറയെ കഴിച്ചു.
ഏറെ വർഷങ്ങൾക്കു ശേഷമാണ് ഒരോണത്തിന് വീട്ടിൽ എല്ലാവരും ഇങ്ങിനെ ഒരുമിയ്ക്കുന്നത്. അതുകൊണ്ടു തന്നെ, അല്പം കേമമാക്കാം ഇത്തവണത്തെ ഓണസദ്യ എന്ന് കരുതിയിരുന്നു. മുതിർന്നവർ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ്, വിഭവങ്ങൾ ഒരുക്കുന്ന തിരക്കിലായി. കുട്ടികളാകട്ടെ പുത്തൻ ഓണക്കോടിയുമണിഞ്ഞ്, കളിച്ചു രസിയ്ക്കുന്ന തിരക്കിലും.
അടുക്കളയിലെ വിറകടുപ്പിൽ അവിയൽ തയ്യാറാകുമ്പോൾ, പുറത്തെ വിറകടുപ്പിൽ ശർക്കരപ്പായസം തയ്യാറാകാൻ തുടങ്ങി. പാവം, നമ്മുടെ ഗ്യാസ് അടുപ്പിനു വിഷമമാകാൻ പാടില്ലല്ലോ? അതുകൊണ്ട്, സേമിയ പായസം അവനു കൊടുത്തു.
തേങ്ങാ ചിരവി, അതിൽനിന്നും മൂന്ന് പാല് (വെള്ളം ചേർക്കാതെ ഒന്നാം പാൽ, അല്പം വെള്ളം ചേർത്ത് രണ്ടാം പാൽ, കുറച്ചു വെള്ളം ചേർത്ത് മൂന്നാം പാൽ) പിഴിഞ്ഞെടുത്ത്, വെന്തുവരുന്ന ചെറുപയറ്റിൻപരിപ്പിലേയ്ക്ക് ചേർത്ത്, ഒരോ തവണയും നന്നായി ഇളക്കി വറ്റിച്ചു തയ്യാറാക്കുന്ന പരിപ്പ് പായസം ഒന്നു വേറെ തന്നെ. പക്ഷേ, അതൊന്ന് ഉണ്ടാക്കാൻ ഉള്ള പ്രയാസം ഈ പറഞ്ഞതിൽ നിന്ന് തന്നെ നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ അല്ലേ. ഏതാണ്ട് മൂന്നുമണിക്കൂറോളം സമയമെടുക്കും ഈ ഒരു വിഭവം മാത്രം തയ്യാറാക്കാൻ. അതും, മുഴുവൻ സമയവും അടുപ്പിനടുത്തുനിന്നു മാറാതെ, ഇങ്ങിനെ ഇളക്കിക്കൊണ്ടേയിരിയ്ക്കുകയും വേണം.
പക്ഷെ, ഉണ്ടാക്കാനെടുത്ത ആ വിഷമം മുഴുവൻ മാറും കേട്ടോ, ഇവനെ ചൂടോടെ തൂശനിലയിൽ ഒഴിച്ച്, അതിലേയ്ക്ക് ഒരു പപ്പടവും പിന്നെ ഒരു ഞാലിപ്പൂവൻ പഴവും കൂട്ടിക്കുഴച്ച്, അങ്ങിനെ ആസ്വദിച്ച് കഴിയ്ക്കുമ്പോൾ.
ഉച്ചയ്ക്ക് 12 മണിയ്ക്ക് തന്നെ, ഇരുപത്തിയഞ്ച് വിഭവങ്ങളും തയ്യാർ. ഉപ്പേരിയും ശർക്കരവരട്ടിയും ഒഴികെ, ബാക്കി ഇരുപത്തി മൂന്നു വിഭവങ്ങളും വീട്ടിൽ തയ്യാറാക്കിയവ.
പരമ്പരാഗത രീതിയിൽ, നിലത്ത് തൂശനിലയിട്ട്, കുട്ടികൾക്ക് ആദ്യം വിളമ്പി. പിന്നെ അച്ഛനും അമ്മയ്ക്കും. മൂന്നാമത്തെ പന്തിയിൽ, ഞങ്ങൾ എല്ലാവരും കൂടി ഒരുമിച്ച് ഇരുന്നു. നിലത്തു ചമ്രം പടിഞ്ഞിരിയ്ക്കാനുള്ള പ്രയോഗിക ബുദ്ധിമുട്ടു കണക്കിലെടുത്ത്, പ്രത്യേകാനുമതിയോടെ ഞങ്ങൾ മുതിർന്നവർക്ക് ഡൈനിങ്ങ് ടേബിളിൽ ആണ് ഇത്തവണ സദ്യവിളമ്പിയത് കേട്ടോ.
ഇരുപത്തിയഞ്ചു വിഭവങ്ങൾ, എന്ന് പറഞ്ഞപ്പോൾ, അത് 'വെറും തള്ളല്ലേ?' എന്ന ഭാവത്തിൽ, ചെറുതായി ഒന്നു മുഖം ചുളിച്ച നിങ്ങളിൽ ചിലർക്കായി ആ ലിസ്റ്റ് പെട്ടെന്ന് ഒന്ന് പറയാം.
1. തൂശനില
2. ഉപ്പ്
3 കായ ഉപ്പേരി
4 ശർക്കര വരട്ടി
5 ചെറുനാരങ്ങാ അച്ചാർ
6 വടുകപ്പുളി നാരങ്ങാ അച്ചാർ
7 പുളിയിഞ്ചി
8 പാവയ്ക്ക കിച്ചടി
9 പൈനാപ്പിൾ പച്ചടി
10 കൂട്ടുകറി
11 ഓലൻ
12 കാളൻ
13 അവിയൽ
14 തോരൻ
15 പപ്പടം
16 പഴം
17 കുത്തരിച്ചോറ്
18 പരിപ്പ്
19 നെയ്യ്
20 സാമ്പാർ
21 രസം
22 പച്ചമോര്
23 സേമിയ പായസം
24 ചെറുപയറ്റിൻപരിപ്പ് പായസം
25 വെള്ളം
പുൽപ്പള്ളിയിലെ അനിയത്തിയുടെ വീട്ടിലേയ്ക്കായിരുന്നു ആ യാത്ര. അവിടെയെത്തി, കടുപ്പത്തിൽ ഒരു ചായ കുടിച്ചതോടെ ക്ഷീണമൊക്കെ മാറി. കുട്ടികൾ സുന്ദരിയുമായി കൂട്ടുകൂടി. പിന്നെ, തൊടിയിലെ കുളത്തിൽ ചൂണ്ടയിട്ട് ഭാഗ്യം പരീക്ഷിച്ചു. തിരുവോണത്തിന് ഞങ്ങൾ 'ഫുൾ വെജിറ്റേറിയൻ' ആണെന്ന് അറിയാവുന്നതിനാലാകണം, ഒരെണ്ണം പോലും കൊത്തിയില്ല കേട്ടോ.
ശേഷം, ഇതേവരെ പോകാത്ത ഒരു പുണ്യസ്ഥലത്തേയ്ക്കൊരു കാൽനടയാത്ര. വാല്മീകി ആശ്രമത്തിലേയ്ക്കും, തൊട്ടടുത്ത മുനിപ്പാറയിലേയ്ക്കും. സീതാദേവി ലവകുശന്മാർക്കു ജന്മം നൽകിയതും, വാല്മീകി മഹർഷി രാമായണം എഴുതിയതും, ഒക്കെ ഈ ആശ്രമത്തിൽ വച്ചാണത്രെ. ആ യാത്രാ വിശേഷങ്ങളും, പിന്നെ ഐതിഹ്യങ്ങളും, ഏറെ പറയാനുള്ളത് കൊണ്ടുതന്നെ, അത് മറ്റൊരു അവസരത്തിൽ വിശദമായി പറയാം കേട്ടോ.
വൈകുന്നേരത്തോടെ, ഇരു വശങ്ങളും കാടുമൂടിയ പുൽപ്പള്ളി-ബത്തേരി റോഡിൽ ഒരു വനയാത്ര, കഴിഞ്ഞ രണ്ടു തവണയും, കാട്ടാനകളെ തൊട്ടടുത്തു കണ്ടിരുന്നു ഞങ്ങൾ, ഇതേ പാതയിൽ. പക്ഷെ, ഇത്തവണ നിരാശയായിരുന്നു ഫലം. ഒരു പക്ഷെ, അവരും ഓണം ആഘോഷിച്ച ക്ഷീണത്തിൽ അകത്തെവിടെയോ വിശ്രമിയ്ക്കുകയാകാം.
രാത്രിയോടെ വീട്ടിലേയ്ക്കു മടക്കം.
ഞായർ:
പ്രഭാത ഭക്ഷണത്തിനു ശേഷം, അനിയന്മാർ കുട്ടികളെയും കൂട്ടി അടുത്ത പുഴയിൽ കുളിയ്ക്കാൻ പോയി. തിരുവന്തപുരത്തെയും കോഴിക്കോട്ടെയുമൊക്കെ, ഇത്തിരിവട്ടം കുളിമുറികളിലെ പൈപ്പിൻ വെള്ളത്തിൽ കുളിച്ചു വളരുന്ന അവർക്ക്, പുഴ ഒരു വല്ലാത്ത അനുഭൂതി തന്നെയാകും.
പിന്നെ, സ്വന്തം കൃഷിത്തോട്ടത്തിൽ ഒരു മിന്നൽ റെയ്ഡ്. വാഴക്കുലകൾ, പപ്പായ, കപ്പ, ചേമ്പ്, മുളക് ഒക്കെ മിന്നൽ വേഗത്തിൽ കാറിന്റെ ഡിക്കിയിലൊളിച്ചു. കാരണം, ഉച്ചയ്ക്ക് ശേഷം ഞങ്ങളുടെ മടക്കയാത്ര ആണല്ലോ.
ഒരു ആഴ്ച മുഴുവൻ നീണ്ട, മറ്റൊരു വയനാടൻ സന്ദർശനത്തിന്റെ അവസാന ദിവസം. കടുപ്പത്തിൽ, പാല് കൂട്ടിയെടുത്ത ഓരോ ചായയും കുടിച്ച്, പ്രിയപ്പെട്ടവരോട് മനസ്സില്ലാമനസ്സോടെ യാത്രയും പറഞ്ഞ്, ഏതാണ്ട് നാലരയോടെ ഞങ്ങൾ, രണ്ടു വാഹനങ്ങളിലായി ചുരമിറങ്ങി.
അങ്ങോട്ടുള്ള യാത്രയിൽ, മഴയായിരുന്നു ചുരത്തിലെ ചിത്രീകരണം മുടക്കിയതെങ്കിൽ, ഇത്തവണ മണിക്കൂറുകൾ നീണ്ടുനിന്ന ഗതാഗതക്കുരുക്കായിരുന്നു കാരണം.
എങ്കിലും, സ്വന്തം നാട് നൽകിയ, ഹരിതാഭവും ഊഷ്മളവുമായ അനുഭവങ്ങളും, അതിന്റെ ഒളിമങ്ങാത്ത ഓർമകളും മാത്രം മതിയായിരുന്നു, ആ കുരുക്കിന്റെയും വിരസതയകറ്റാൻ.
പ്രിയപ്പെട്ടവരേ, ഈ വയനാടൻ യാത്രാക്കുറിപ്പ് നിങ്ങൾക്ക് ഇഷ്ടമായി എന്ന് കരുതട്ടെ.
കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ പാലിയ്ക്കേണ്ടതുള്ളതിനാൽ തന്നെ, ഒരു വിനോദസഞ്ചാര കേന്ദ്രങ്ങളിലും സന്ദർശനം നടത്തിയില്ല. പകരം നാട്ടുവിശേഷങ്ങളും, നാടൻ ഭക്ഷണകാര്യങ്ങളുമായി ആഘോഷമാക്കി ഞങ്ങളീ യാത്ര. ആ വിവരണം നിങ്ങൾക്കും ഇഷ്ടമായി എന്ന് കരുതുന്നു.
ഈ ദീർഘയാത്രയുടെ വിവരണം, കുറച്ചു ദീർഘമായിപ്പോയി എന്നറിയാം. എന്നാൽ, ഇനിയും പറയാൻ ഒരുപാട് വിശേഷങ്ങൾ ബാക്കിയാണ് കേട്ടോ. അതിനി മറ്റൊരിയ്ക്കൽ ആകാം.
അടുത്ത വയനാടൻ യാത്രയിൽ, നിങ്ങൾക്കായി നമ്മുടെ ആ 'താമരശേരി ചൊരം' വിശേഷങ്ങൾ വിശദമായി പങ്കുവയ്ക്കാം. ചുരം മാത്രമല്ല, അതിനു മുകളിലെ ആ ചങ്ങലമരത്തിന്റെ ഐതിഹ്യവും, കൂടെ ബ്രിട്ടീഷുകാരുടെ ആ കൊടുംചതിയും... എല്ലാം.
സ്നേഹത്തോടെ
ബിനു മോനിപ്പള്ളി
പിൻകുറിപ്പ്: നിയന്ത്രണങ്ങളെ കാറ്റിൽപറത്തി, തിരക്കിൽ അലയേണ്ടതില്ല നമുക്കീ കോവിഡ് കാലത്ത് ആഘോഷിയ്ക്കുവാൻ വേണ്ടി. ആഘോഷിയ്ക്കുവാനുള്ള ഒരു മനസ്സുണ്ടെങ്കിൽ, അത് നമുക്ക് സ്വന്തം വീട്ടിലും ആകാം. ഏറിയാൽ ചുറ്റുവട്ടത്തും.
ആഘോഷിയ്ക്കുക, കരുതലോടെ...!!
**************
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally































Excellent...loved it
ReplyDeleteBeautiful 😍
ReplyDeletethanks unni ....
DeleteMy dream destination
ReplyDeletethank you ...
Deleteyes still wayanad keep something for you ....
ഒന്നും വിട്ടുപോകാതെ എല്ലാം ഒപ്പിയെടുത്തു, ആ യാത്ര മുഴുവൻ മനോഹരമായി എഴുതിയിരിക്കുന്നു. ഒപ്പം ജീവനുള്ള ചിത്രങ്ങളും. വളരെ മനോഹരമായും എന്നാൽ ലാളിത്യം നിലനിർത്തിയും വിളമ്പിയ ഒരു നല്ല സദ്യ.... 🥰
ReplyDeleteorupatu nandhi .....
DeleteExcellent write up and nice photographs Binu mash...
ReplyDeletethanks a lot ....
DeleteKidu
ReplyDeletethanks mashe ....
Deleteനന്നായിട്ടുണ്ട് ബിനു നീ എല്ലാ കൊല്ലവും ടൂർ പോകണം 👍
ReplyDeleteha ..ha ... aayikkotte ajishe ....
Deleteകിടിലം..കൊതിപ്പിച്ചു ഒരു പരുവമാക്കി 👍👍👍
ReplyDeletedoulu ....
Deletenext time ..kootunno koote ?..... summer vacation nu ...