ഓണം - 2021
ഓണമാണെത്തുന്നതല്ലേ, പക്ഷേ
കാലം കെട്ടതാണല്ലോ
കാലന്നു പോലുമീ കാലം, മോന്ത-
ക്കെട്ടിനാൽ മൂടിയതല്ലോ
'ലോക്കിനാൽ ഡൗണായ' നാട്ടിൽ
സ്വയം ഹത്യകൾ കൂടുന്ന നാട്ടിൽ
മേനി നടിച്ചവയെല്ലാം, ആകെ
നാണക്കേടാകുമീ നാട്ടിൽ
അന്നക്കടയെല്ലാം പൂട്ടി, പിന്നെ
'വെള്ളക്കട'കൾ തുറന്നും
കോടി തൻ വിറ്റുവരവിൽ
കുംഭ ആകെ കുലുക്കിച്ചിരിച്ചും
'കാട്ടിലെ തടി'യെന്നതമ്പേ, മാറ്റി
'മുട്ടിലെ തടി'യെന്നതാക്കി
'കിറ്റൊ'ന്നു കാട്ടി കറക്കി, പ്രജകളെ
ഒന്നാകെ 'ഒന്നു' പോലാക്കി
എന്തും പഠിയ്ക്കുവാൻ വയ്ക്കും
നമ്മളൊൻപതു 'സമിതികൾ' നൂനം
എന്നിട്ടു കാണിച്ചു കൂട്ടും
അമ്പതു മണ്ടത്തരങ്ങൾ
വയ്ക്കണം നമ്മളൊരു 'സമിതി'
അവർ വയ്ക്കട്ടെ വമ്പനൊരു 'റിപ്പോർട്ട്'
'ഓണം' എന്നുള്ളത് വേണോ?
നാട്ടിൽ 'ബാർ' മുടങ്ങീടുകയില്ലേ?
'മാബലി' കയ്യിലും വേണ്ടേ 'ആർടി-
പിസിആർ' പുത്തനൊരെണ്ണം?
പാതാള ദേശത്തെ വാക്സിൻ, നമ്മൾ
അംഗീകരിയ്ക്കേണ്ടതുണ്ടോ?
രാജനാണെങ്കിലും വേണ്ടേ, ഇവിടെ
'ഏകാന്ത വാസമൊരാഴ്ച'?
സമിതി തൻ റിപ്പോർട്ട് കിട്ടി, പിന്നെ
സഭ കൂടി തീർപ്പാക്കും നമ്മൾ
'മാബലി നാട്ടിലിനി ഓണം
ആഘോഷമാക്കേണ്ടതുണ്ടോ?'
- ബിനു മോനിപ്പള്ളി
**************
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
👍
ReplyDeletethank you ...
Delete👍😄👌
ReplyDeletethanks you ....
ReplyDelete