ഭ്രൂണ-ഗർഭാവസ്ഥകൾ രാമായണത്തിൽ [രാമായണം : അറിയപ്പെടാത്ത കഥാപാത്രങ്ങൾ - ഭാഗം-10]
[രാമായണം : അറിയപ്പെടാത്ത കഥാപാത്രങ്ങൾ - ഭാഗം-10]
പ്രിയപ്പെട്ടവരെ നമസ്കാരം.
"രാമായണം : അറിയപ്പെടാത്ത കഥാപാത്രങ്ങൾ" എന്ന നമ്മുടെ പരമ്പരയിലെ ഈ പത്താം ഭാഗത്തിലേയ്ക്ക് സ്വാഗതം.
ഒരുപക്ഷേ, ഈ ഭാഗത്തിന്റെ തലക്കെട്ട് നിങ്ങളിൽ ചിലരെയെങ്കിലും ഒന്ന് അലോസരപ്പെടുത്തിയിട്ടുണ്ടാകും. അല്ലെ? മറ്റുചിലരുടെ നെറ്റി ചെറുതായെങ്കിലും ഒന്ന് ചുളിഞ്ഞിട്ടുമുണ്ടാകും.
ഇയാൾ എന്താണ് ഇത്തവണ എഴുതാൻ പോകുന്നത്? രാമായണത്തെപ്പറ്റി തന്നെയല്ലേ? അതോ, തിരക്കിനിടയിൽ "വിഷയം" അറിയാതെയെങ്ങാൻ മാറിപ്പോയതാണോ? എന്നും സംശയിയ്ക്കുന്നവരുണ്ടാകും.
ഇല്ല. ഒട്ടും മാറിയിട്ടില്ല.
ആധുനിക വൈദ്യശാസ്ത്രത്തിൽ, സ്കാനിംഗ് മുതലായ സാങ്കേതികവിദ്യകളുടെ സഹായത്തോടെ നമ്മൾ മനസിലാക്കുന്ന, ആ 'ഭ്രൂണ-ഗർഭാവസ്ഥകളെ", വളരെ വിശദമായിത്തന്നെ രാമായണത്തിൽ പ്രതിപാദിയ്ക്കുന്നുണ്ട്.
പത്തുമാസങ്ങൾ നീളുന്ന ആ വളർച്ചാപുരാണമാണ്, നമ്മുടെ പരമ്പരയുടെ ഈ പത്താം ഭാഗത്തിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നത്
അറിയപ്പെടാത്ത കഥാപാത്രം:
നിശാകരതാപസൻ. ഇദ്ദേഹമാണ് രാമായണത്തിലെ ആ അറിയപ്പെടാത്ത ഭിഷഗ്വരൻ. നമ്മൾ കാണാൻ പോകുന്ന ഭ്രൂണ-ഗർഭാവസ്ഥകളെ, ഒരു സ്കാനിംഗ് വിദ്യയുടെയും സഹായമില്ലാതെ തന്നെ വളരെ വിശദമായി പ്രതിപാദിച്ച ആ മുനിവര്യൻ.
സന്ദർഭം:
സീതാന്വേഷണത്തിനിടയിൽ വിജയം കാണാനാവാതെ, നിരാശയോടെ പരിക്ഷീണരായി കിടക്കുന്ന വാനരക്കൂട്ടത്തിനടുത്തേയ്‌ക്ക് സമ്പാതിയെത്തുന്നു. ശേഷം അവരോട് തന്റെ കഥ ചുരുക്കിപ്പറയുന്നു.
ഏറെ കാലങ്ങൾക്കു മുൻപ്, സ്വന്തം ശക്തിയിൽ അഹങ്കരിച്ച്, സൂര്യനെ നോക്കിപ്പറന്ന തനിയ്ക്കും തന്റെ സഹോദരനായ ജടായുവിനും സംഭവിച്ച അപകടത്തെ കുറിച്ച് വിശദീകരിയ്ക്കുന്നു.
അന്ന് ചിറകുകൾ കരിഞ്ഞ്, വിന്ധ്യപർവ്വതത്തിന്റെ ശിരസ്സിൽ പതിച്ച സമ്പാതി, ബോധം തെളിഞ്ഞപ്പോൾ എത്തിച്ചേർന്നത് നിശാകരതാപസന്റെ പുണ്യാശ്രമത്തിലായിരുന്നു.
തനിയ്ക്ക് സംഭവിച്ച ദുരന്തത്തെക്കുറിച്ച്, താപസനെ ധരിപ്പിച്ച സമ്പാതി, ഇനി തന്റെ ജീവിതം എങ്ങിനെ മുന്നോട്ടു കൊണ്ടുപോകണം എന്ന് അദ്ദേഹത്തോട് സങ്കടത്തോടെ ചോദിയ്ക്കുന്നു.
സമ്പാതിയുടെ ഈ ചോദ്യത്തിന്, നിശാകരതാപസൻ മറുപടി നൽകുന്നത് വളരെ വിശദമായാണ്. ദേഹവും, ദേഹിയും, കർമവും, സുഖ-ദുഃഖങ്ങളും, പുണ്യവും, പാപവും ഒക്കെ ആ വിശദീകരണത്തിൽ ഉൾപ്പെട്ടിരുന്നു.
ഇവിടെയാണ്, ഭ്രൂണത്തിന്റെ വളർച്ചയും വികാസവും ഒക്കെ മുനി വിശദമായി പ്രതിപാദിയ്ക്കുന്നതും.
യോനിരക്തത്തോടു സംയുക്തമായി വന്നു
താനേ ജരായുപരിവേഷ്ടിതവുമാം.
ഏകദിനേന കലർന്നു കലലമാ-
മേകീഭവിച്ചാലതും പിന്നെ മെല്ലവേ
പഞ്ചരാത്രം കൊണ്ടു ബുദ്ബുദാകാരമാം
പഞ്ചദിനം കൊണ്ടു പിന്നെ യഥാക്രമം
മാംസപേശിത്വം ഭവിക്കുമതിന്നതു
മാസാർദ്ധ കാലേന പിന്നെയും മെല്ലവേ
പേശിരുധിര പരിപ്ലുതമായ് വരു-
മാശു തസ്യാമങ്കുരോല്പത്തിയും വരും
പിന്നെയൊരു പഞ്ചവിംശതി രാത്രിയാൽ;
പിന്നെയൊരു മൂന്നു മാസേന സന്ധിക-
ളംഗങ്ങൾ തോറും ക്രമേണ ഭവിച്ചീടു-
മംഗുലി ജാലവും നാലുമാസത്തിനാൽ.
അണ്ഡവുമായി ചേരുന്ന ബീജം, ഒരു ദിവസം കൊണ്ട് ഗർഭപിണ്ഡമായി ഏകീഭവിയ്ക്കുന്നു. പിന്നെ, അഞ്ചുരാത്രികൊണ്ട് കുമിളയുടെ രൂപം കൈവരിച്ച്, ശേഷം അഞ്ചുദിനം കൊണ്ട് മാംസപേശിത്വം ലഭിയ്ക്കുന്നു. പിന്നീട്, പകുതി മാസം കൊണ്ട് രക്തചംക്രമണം നടക്കുകയും, വീണ്ടും ഇരുപത്തിയഞ്ചു രാത്രി കഴിയുന്നതോടെ, അതിൽ അവയവങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. മൂന്നുമാസം കൊണ്ട്, സന്ധികൾ ഭവിയ്ക്കുകയും, നാലുമാസം കൊണ്ട് വിരലുകൾ രൂപം പ്രാപിയ്ക്കുകയും ചെയ്യുന്നു.
ദന്തങ്ങളും നഖപംക്തിയും ഗുഹ്യവും
സന്ധിക്കും നാസികാകർണനേത്രങ്ങളും
പഞ്ചമാസം കൊണ്ടു, ഷഷ്ഠമാസേ പുനഃ
കിഞ്ചനപോലും പിഴയാതെ ദേഹിനാം
കർണയോഛിദ്രം ഭവിക്കുമതിസ്ഫുടം
പിന്നെ മേഡ്രോപസ്‌ഥാഭിപായുക്കളും
സപ്തമേ മാസി ഭവിക്കും, പുനരുടൻ
ഗുപ്‌തമായൊരു ശിരകേശരോമങ്ങൾ
അഷ്ടമേ മാസി ഭവിക്കും, പുനരപി
പുഷ്ടമായീടും ജഠര സ്ഥലാന്തരേ.
ഇവിടെ നമ്മൾ കാണുന്നത്, അവയവങ്ങൾ ഓരോന്നായി പ്രത്യക്ഷപ്പെട്ടു വരുന്നതിന്റെ വിവരണമാണ്. അഞ്ചുമാസം കൊണ്ട് ദന്തങ്ങൾ, നഖങ്ങൾ, ഗുഹ്യം ഇവ സന്ധിയ്ക്കുന്നു. കൂടെ മൂക്ക്, ചെവി, കണ്ണ് എന്നിവയും. ആറാം മാസത്തിൽ കർണസുഷിരം സ്ഫുടമാകുന്നു. ഏഴാം മാസത്തിൽ ലിംഗം, യോനി, മലദ്വാരം, പൊക്കിൾ എന്നിവ (മേഡ്രോപസ്‌ഥാഭിപായുക്കൾ) ഭവിയ്ക്കും. എട്ടാം മാസത്തിൽ തലമുടിയും, രോമങ്ങളും പ്രത്യക്ഷമാകുന്നു.
ഒൻപതാം മാസേ വളരും ദിനംപ്രതി
കമ്പം കരചരണാദികൾക്കും വരും
പഞ്ചമേമാസി ചൈതന്യവാനായ് വരു-
മഞ്ജസാ ജീവൻ ക്രമേണ ദിനേ ദിനേ
നാഭിസൂത്രാല്പരന്ധ്രേണ മാതാവിനാൽ
സാപേക്ഷമായ ഭുക്താന്നരസത്തിനാൽ
വർധതേ ഗർഭഗമായ പിണ്ഡം മുഹൂർ-
മൃത്യുവരാ നിജകർമ ബലത്തിനാൽ.
ഒൻപതാം മാസത്തിൽ കരാചരണാദികൾക്ക് ഇളക്കം സംഭവിയ്ക്കുന്നു. അഞ്ചാം മാസം മുതൽ തന്നെ ജീവൻ ദിവസം തോറും ചൈതന്യവാനായി തീരുന്നു അഥവാ ബോധം നേടി തുടങ്ങുന്നു എന്നാണ് ഇവിടെ മുനി പറയുന്നത്.
ശേഷം, എന്നായിരിയ്ക്കുമോ എനിയ്ക്കിനി ബാഹ്യസ്ഥലത്തേയ്ക്ക് അഥവാ ബാഹ്യലോകത്തേയ്ക്ക് ഒരു മോചനമുണ്ടാകുക (പുറമേയ്ക്ക് വരാൻ കഴിയുക) എന്ന് ചിന്തിച്ചു തുടങ്ങുന്നു.
അങ്ങിനെ, പത്തുമാസം തികയുന്നതോടെ, മനോവേദനയോട് കൂടി കരഞ്ഞു കൊണ്ട് ആ പുതുജീവൻ ഭൂമിയിൽ പിറന്നു വീഴുന്നു.
തുടർന്ന്, ഇഹലോക ജീവിതത്തിലെ മോഹം, മായ, ദുഃഖം, സ്ഥൂല-സൂക്ഷ്മ ദേഹങ്ങൾ, ആത്മാവ് എന്നിവയെക്കുറിച്ചൊക്കെ, വളരെ വിശദമായി നിശാകരതാപസൻ സമ്പാതിയെ പറഞ്ഞു മനസിലാക്കുകയാണ് രാമായണത്തിൽ.
വിശകലനം:
സമ്പാതിയ്ക്കുള്ള തന്റെ ഉപദേശത്തിൽ നിശാകരതാപസൻ വളരെ വിശദമായി തന്നെ ഗർഭ-ഭ്രൂണാവസ്ഥകളെ വിവരിയ്ക്കുന്നതു നോക്കുക. ഇന്നത്തെ ഒരു ഗൈനക്കോളജിസ്റ്റ്, തന്റെ മുൻപിൽ ഇരിയ്ക്കുന്ന ഒരു ഗർഭിണിയ്ക്ക് അവളുടെ ഗർഭത്തെ വിവരിച്ചു കൊടുക്കുന്ന അതേ സൂക്ഷ്മതയോടെ, കൃത്യതയോടെ. അല്ലേ ?
എങ്ങിനെ ആകും, സ്കാനിംഗ് പോലുള്ള സാങ്കേതിക വിദ്യകളുടെയൊന്നും സഹായമില്ലാതെ, ആ കാലത്ത് ഒരു താപസന് ഇത്ര വ്യക്തതയോടെ, ഇത് സാധിച്ചിരിയ്ക്കുക. ഒരു പക്ഷെ സ്കാനിംഗ് പോലെയോ, അതല്ലെങ്കിൽ അതിനേക്കാൾ കൃത്യമായതോ ആയ മാർഗങ്ങൾ അന്ന് ഉണ്ടായിരുന്നില്ല എന്ന് എന്താണ് ഉറപ്പ്?
ഉപസംഹാരം:
ഒരു കാര്യം തീർച്ച. രാമായണം എന്നത് രാമന്റെയോ സീതയുടെയോ മാത്രം കഥയല്ല. അത് ഈ പ്രപഞ്ചത്തിന്റെ തന്നെ കഥയാണ്. സൃഷ്ടി-സ്ഥിതി-സംഹാര അവസ്ഥകൾ സൂക്ഷ്മമായി തന്നെ അതിൽ വിശദീകരിയ്ക്കുന്നു. ഒരു കാര്യം മാത്രം; ഒരു വായനക്കാരൻ അതിനെ അതിലും സൂക്ഷ്മമായി വിശകലനം നടത്തേണ്ടിയിരിയ്ക്കുന്നു, അതിന്റെ അർത്ഥതലങ്ങൾ മുഴുവൻ കണ്ടെത്തണമെങ്കിൽ.
"രാമായണം : അറിയപ്പെടാത്ത കഥാപാത്രങ്ങൾ" എന്ന പരമ്പരയുടെ പത്താം ഭാഗം ഇവിടെ പൂർത്തിയാകുന്നു. നിങ്ങൾക്കിഷ്ടമായി എന്ന് കരുതുന്നു.
അടുത്ത ഭാഗവുമായി, അടുത്ത ആഴ്ച വീണ്ടും കാണാം.
സ്നേഹത്തോടെ
ബിനു മോനിപ്പള്ളി
പിൻകുറിപ്പ്: ഈ വിഷയം എഴുതാനെടുത്തപ്പോൾ, ആദ്യം കരുതിയത് രാമായണത്തിലെ ഈ ഭ്രൂണ-ഗർഭാവസ്ഥാ-വിവരണത്തെ, ആധുനിക വൈദ്യ ശാസ്ത്രത്തിലെ ഭ്രൂണ-ഗർഭാവസ്ഥാ-വിവരണവുമായി താരതമ്യം ചെയ്ത് എഴുതാം എന്നാണ്. എന്നാൽ വിസ്താരഭയത്താൽ പിന്നീട് അത് വേണ്ടെന്നു വച്ചു. വായനക്കാർക്ക് അത് ചെയ്യാവുന്നതാണ്. അത്തരമൊരു താരതമ്യ പഠനം, രാമായണത്തിലെ ഈ വിവരണം, എത്രത്തോളം കൃത്യമാണ് എന്നതിന്റെ ഒരു അളവുകോലാവുകയും ചെയ്യും.
* ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
ഈ ലേഖനത്തിന്റെ ദൃശ്യരൂപാന്തരത്തിന് സന്ദർശിയ്ക്കുക:
Comments
Post a Comment