കേരളത്തിലെ വാല്‌മീകി ആശ്രമം

കേരളത്തിലെ വാല്‌മീകി ആശ്രമം 

ശ്രീരാമനും, സീതയും, ലക്ഷ്മണനും, വാല്‌മീകിയും, പിന്നെ രാമായണവും ഒക്കെ, നമ്മൾ എല്ലാ മലയാളികൾക്കും ഏറെ സുപരിചിതരാണ് അഥവാ സുപരിചിതമാണ്. അല്ലേ? 

എത്രയോ കഥകളും, ഉപകഥകളും, (പിന്നെയും  കുറേകഴിഞ്ഞപ്പോൾ ടിവി സീരിയലുകളും) ഒക്കെ ആയി, ആ രാമായണ കഥാപാത്രങ്ങളൊക്കെ  നമ്മുടെ മനസ്സിൽ, നന്നേ ചെറുപ്പം മുതൽ തന്നെ കുടിയേറിയവരും ആണ്. 

പിന്നെപ്പോഴോ, രാമക്ഷേത്രവും, അയോധ്യയും, അതിന്റെ വാർത്താവിശേഷങ്ങളും, ഒക്കെ മുന്നിലേയ്ക്ക് വന്നപ്പോൾ, നമ്മൾ കരുതി ഈ രാമനും, സീതയും, രാമായണവുമൊക്കെ അങ്ങ് വടക്ക്, ഉത്തരേന്ത്യയിൽ എവിടെയോ ഒക്കെ നടന്ന കാര്യങ്ങളോ, പുരാണങ്ങളോ, ഒക്കെയാണെന്ന്. 

നമ്മുടെ ഈ കേരളത്തിന്, അതിലൊന്നും വലിയ പ്രാധാന്യവും ഇല്ല എന്ന്.

എന്താ ശരിയല്ലേ?

എന്നാൽ, നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഒരു വാല്മീകി ആശ്രമം തന്നെ ഉള്ളതായും, അതിപ്പോഴും ആ പഴമയോടെ തന്നെ നിലനിൽക്കുന്നതായും അഥവാ പരിപാലിയ്ക്കപ്പെടുന്നതായും, നിങ്ങളിൽ എത്ര പേർക്ക് അറിയാം?

അതെ. നമ്മുടെ ഈ കേരനാട്ടിലെ ഒരു ചെറിയ നാട്ടുഗ്രാമത്തിലുള്ള, ആ വാല്മീകി ആശ്രമത്തിന്റെയും, അതിനോട് ചേർന്ന മുനിപ്പാറയുടെയും, പിന്നെ അനേകം വാമൊഴികളിലൂടെ, ഇന്നും ആ നാട്ടിൻപുറത്തെ സന്ധ്യാമാരുതനിൽ അലസമായ് അലയടിയ്ക്കുന്ന ലവ-കുശ കുസൃതികളുടെയും ഒക്കെ, ചില അറിയാക്കാര്യങ്ങളാണ്, ഇന്ന് നമ്മൾ കാണാൻ പോകുന്നത്.

വയനാട് ജില്ലയിൽ, പുൽപ്പള്ളി-ബത്തേരി റോഡിലെ ഒരു ചെറിയ കവലയാണ് "ഷെഡ് ജങ്ഷൻ". [പ്രാദേശികമായി ഇത് 'ഷെഡ്‌ഡിങ്കൽ' എന്നും  അറിയപ്പെടുന്നു]. ആ കവലയിൽ നിന്നും തിരിയുന്ന ഉപവഴിയിൽ, ഒരു 200 മീറ്റർ മുൻപോട്ട് ചെന്ന്, ശേഷം വലത്തേക്ക് തിരിഞ്ഞ്, ഏകദേശം ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ, നമ്മൾ മുകളിൽ സൂചിപ്പിച്ച ആ വാല്മീകി ആശ്രമത്തിൽ എത്തും. 


ഈ ദിശാസൂചികയിൽ കാണുന്നത് പോലെ, പ്രധാനമായും രണ്ടു കാഴ്ചകളാണ്, വാല്മീകി ആശ്രമത്തിൽ നമുക്ക് കാണുവാൻ കഴിയുക.

ഇടതുവശത്ത് സീതാശ്രമം; വലതു വശത്ത് മുനിപ്പാറ.

കാട്ടിൽ ഉപേക്ഷിയ്ക്കപ്പെട്ട സീതാദേവി, ലവ-കുശന്മാർക്കു ജന്മം നൽകിയതും, പിന്നീട് അവർ കളിച്ചു വളർന്നതും ഈ ആശ്രമത്തിൽ ആയിരുന്നുവത്രെ.  

കുഞ്ഞു ലവ-കുശന്മാർ ഓടിക്കളിയ്ക്കുന്നതും മറ്റും, ഒരു രക്ഷാകർത്താവിന്റെ ഉത്തരവാദിത്വത്തോടെ, വാല്മീകി മഹർഷി നോക്കിക്കണ്ടിരുന്നത്, എതിർവശത്തുള്ള ആ മുനിപ്പാറയിൽ നിന്നായിരുന്നു, എന്നാണ് ഐതിഹ്യം.

പിന്നീട്, വാല്മീകി മഹർഷി രാമായണ രചന നടത്തിയതും ഈ ആശ്രമത്തിൽ വച്ചായിരുന്നുവത്രെ.

ഇവിടം സന്ദർശിയ്ക്കുന്നവർ, ആദ്യം മുനിപ്പാറ കാണണം എന്നതാണ് കീഴ്വഴക്കം. ആചാരങ്ങൾ തെറ്റിയ്ക്കാതെ, ഞങ്ങൾ മുനിപ്പാറ കാണാൻ ഇറങ്ങി. റോഡിൽ നിന്നും വളരെ താഴെയായിട്ടാണ് മുനിപ്പാറ. വളരെ ശ്രദ്ധാപൂർവം, കുത്തനെയുള്ള ആ ഇറക്കമിറങ്ങിയെത്തുമ്പോൾ നമ്മൾ കാണുന്നത്, ഭീമാകാരമായ ഒരു വലിയ പാറയാണ്. 

പേരറിയാത്ത കുറെയേറെ വന്മരങ്ങൾ ചുറ്റിനും കാവൽ നിൽക്കുന്ന, ഒരു വലിയ പാറ. അരിഞ്ഞെടുത്തത് പോലെ തോന്നുന്ന, അതിന്റെ മുൻവശത്ത്, നിലത്തായി ഒരു നിലവിളക്കും, പിന്നെ ചില പൂജാസാധനങ്ങളും. 

മുനിപ്പാറയുടെ ആ വന്യസൗന്ദര്യം നുകരവേ, പെട്ടെന്നു മനസിലേയ്ക്ക് എവിടെ നിന്നോ ഒരു കള്ളനെപ്പോലെ ഓടിക്കയറിയത് രത്‌നാകരനാണ്. പുറകെ സപ്തർഷികളും. 

തിന്മയുടെ വല്മീകം തകർത്ത്, തന്റെ ശേഷ ജീവിതത്തിൽ നന്മയുടെ പ്രതീകമായി മാറിയ, ലോകത്തിന്  "രാമായണം" എന്ന, പകരം വയ്ക്കാനില്ലാത്ത ഒരു മഹദ് രചന സമ്മാനിച്ച വാല്മീകി മഹർഷിയെ മനസാ വന്ദിച്ചു.

നിറയെ പടർന്നു നിൽക്കുന്ന ഏതൊക്കെയോ കാട്ടുചെടികളെ വകഞ്ഞുമാറ്റി, ഞാൻ മുനിപ്പാറയെ ഒന്ന് വലംവച്ചു. പതിവില്ലാത്ത കാൽപ്പെരുമാറ്റം കേട്ടാകണം, മൂടിക്കിടക്കുന്ന വള്ളികൾക്കും ഇലകൾക്കുമിടയിൽ ഏതൊക്കെയോ ജീവികൾ ഓടിയൊളിയ്ക്കുന്ന ശബ്ദങ്ങൾ.

വന്മരങ്ങളുടെ വേരുകൾ പാറയിൽ അങ്ങിനെ പടർന്നു കയറിയിരിയ്ക്കുന്നു. ഒറ്റനോട്ടത്തിൽ, പുളഞ്ഞുകിടക്കുന്ന സർപ്പങ്ങളെ അനുസ്മരിപ്പിയ്ക്കുന്നു.

ഇടയ്ക്ക് ആൾപ്പൊക്കത്തിൽ തലയുയർത്തി നിൽക്കുന്ന ചില വല്മീകങ്ങൾ.

മുൻഭാഗത്ത്, വലതു വശത്തായി നിൽക്കുന്ന ആ വന്മരത്തിന്റെ തടിയിൽ, ഉള്ളിലായി ഒരാൾക്ക് ചമ്രം പടിഞ്ഞിരിയ്ക്കാൻ പറ്റുന്ന ഒരു വലിയ ദ്വാരവും, പിന്നെ ഇരിയ്ക്കുന്ന ആളിന് പുറത്തെ കാഴ്ചകൾ കാണുവാൻ സാധിയ്ക്കുന്ന  തരത്തിൽ, മറ്റൊരു ചെറുദ്വാരവും.

വളരെ വിജനമാണ് മുനിപ്പാറയും പരിസരങ്ങളും. കുറച്ചു ദൂരെ മാറി ചില വീടുകൾ കാണാം, എങ്കിൽ പോലും, അവിടെ ആ അന്തരീക്ഷത്തിൽ നമുക്ക് അനുഭവപ്പെടുന്നത്, നിഗൂഢമായ ഏതോ ഒരു നിശബ്ദത തന്നെ.

മടക്കയാത്രയിൽ, ഞങ്ങൾ ആ കയറ്റം ഒരല്പം ആയാസപ്പെട്ട് തന്നെ കയറി, റോഡിലെത്തി.

റോഡിന് എതിർ വശത്ത്, അല്പം ഉയരത്തിൽ ആയിട്ടാണ് പുല്ലുമേഞ്ഞ ആ കൊച്ച് സീതാശ്രമം. കോൺക്രീറ്റ് നിർമ്മിതിയുടെ ആഡംബരങ്ങൾ ഒന്നുമില്ലാതെ, എന്തിന്? ചുറ്റുമതിലോ, പൂർണ്ണമായ മറഭിത്തികളോ  പോലുമില്ലാതെ, ആറു മരത്തൂണുകളിൽ ഉയർന്നു നിൽക്കുന്ന, പച്ചമണ്ണ് മെഴുകിയ ഒരു കുഞ്ഞ്  ആശ്രമം. എണ്ണമെഴുക്കു പുരണ്ട അരഭിത്തികളിൽ, നിരത്തിയിരിയ്ക്കുന്ന കുറച്ചു നിലവിളക്കുകൾ. നടയ്ക്കൽ മറ്റൊരു നിലവിളക്കും, പിന്നെ ഒരു പ്രസാദ പാത്രവും അതിൽ ചിതറിക്കിടക്കുന്ന കുറച്ചു നോട്ടുകളും. നേരിൽ കാണുന്നത് അത്രമാത്രം.

മുനിപ്പാറ പോലെ തന്നെ, പൊതുവെ വിജനവും, നിശബ്ദവുമാണ് ആശ്രമവും പരിസരങ്ങളും. ഒരു പക്ഷേ, പണ്ട് ഈ സ്ഥലമൊക്കെ നിബിഡ വനം തന്നെ ആയിരുന്നിരിയ്ക്കണം. ആനയും, പുലിയും, കടുവയുമൊക്കെ അനുസരണയുള്ള മാൻകുട്ടികളെപ്പോലെ, ഈ ആശ്രമ മുറ്റത്ത് വിശ്രമിച്ചിരിയ്ക്കണം. ഇടയ്ക്ക്, ലവ-കുശന്മാരോടൊപ്പം ഓടിക്കളിച്ചിരിയ്ക്കണം. 

ആ ആശ്രമ മുറ്റത്തു നിൽക്കുമ്പോൾ, നമ്മുടെ ശ്രദ്ധയെ പെട്ടെന്ന് ആകർഷിയ്ക്കുന്നതാണ്, അവിടെ വലതു വശത്തായി, പരസ്പരം തൊട്ടുരുമ്മി വളർന്നു നിൽക്കുന്ന രണ്ടു വന്മരങ്ങൾ. ചുറ്റിനും കൽത്തറ കെട്ടി സംരക്ഷിച്ചിരിയ്ക്കുന്നു അവയെ. സാധാരണയായി നമ്മൾ ആശ്രമ/അമ്പല മുറ്റങ്ങളിൽ കാണാറുള്ളത് ആൽ മരങ്ങൾ ആണല്ലോ. പേരാലോ, അരയാലോ ഒക്കെ.

ഇത് എന്തായാലും ആൽ മരങ്ങൾ അല്ല. പിന്നെന്തു മരങ്ങൾ? എന്ന ആകാംക്ഷയോടെ അടുത്തു ചെന്ന് നോക്കിയപ്പോളാണ് ഞെട്ടിയത്. രണ്ടു മന്ദാര ചെടികൾ ആണവ. നമ്മുടെ തറവാട്ടുമുറ്റങ്ങളുടെ മൂലകളിൽ പണ്ട് സർവ്വസാധാരണമായിരുന്ന, അതേ മന്ദാരച്ചെടികൾ. 

ഒരുപക്ഷേ, നൂറുകണക്കിന് വർഷങ്ങളുടെ വളർച്ചകൊണ്ടാകും ആ രണ്ടു ചെടികളും ഇങ്ങിനെ വന്മരങ്ങൾ ആയത്. പക്ഷേ, അപ്പോഴും ഒരു സംശയം ബാക്കിയാവുന്നു. എത്ര വർഷങ്ങൾ വളർന്നാലും ഒരു മന്ദാരം ഇത്ര വലുതാകുമോ?

രസകരമായ ഒരു കാര്യം കൂടി ഈ മന്ദാരങ്ങളുമായി ചേർത്ത് പറഞ്ഞു കേൾക്കുന്നു. വർഷത്തിൽ മുഴുവൻ ദിവസങ്ങളിലും ഇതിൽ പൂക്കൾ ഉണ്ടാകും. മാത്രവുമല്ല, എല്ലായ്‌പ്പോഴും അതിൻറെയെണ്ണം കുറഞ്ഞത്  രണ്ടെങ്കിലും ആയിരിക്കുകയും ചെയ്യും. അല്ലെങ്കിൽ, മഹാകൃസൃതികളായ ലവ-കുശന്മാർ അതിന്റെ പേരിൽ ശണ്ഠകൂടിയാലോ എന്ന ഭീതിയത്രെ, ഇതിന്റെ കാരണം.

ആശ്രമവുമായി ബന്ധപ്പെട്ടു കേൾക്കുന്ന മറ്റൊരു ഐതിഹ്യം കൂടിയുണ്ട്. ഈ ഗ്രാമത്തിന്റെ പരിസരപ്രദേശങ്ങളിലെല്ലാം ധാരാളമായി കാണപ്പെടുന്ന അട്ടകൾ (കുളയട്ടകൾ) ഒരെണ്ണം പോലും ആശ്രമത്തിലോ, സമീപപ്രദേശങ്ങളിലോ തീരെ ഇല്ല. പണ്ട് ലവ-കുശന്മാർ ഉണ്ണികളായിരിയ്ക്കുമ്പോൾ, കാലിൽ കുളയട്ട കടിയ്ക്കുകയും, നിലവിളി കേട്ട് ഓടിയെത്തിയ സീതാദേവി, ലവ-കുശന്മാരെ കയ്യിലെടുത്ത് ആശ്വസിപ്പിയ്ക്കുകയും, ശേഷം, തൻറെ ഉണ്ണികൾ വേദനിച്ചു കരയുന്നതു കാണാനിടവരുന്ന ഒരമ്മയുടെ സ്വതഃസിദ്ധമായ ദേഷ്യത്തോടെ, 'കുളയട്ടകൾ ഇനി മുതൽ ഈ പ്രദേശങ്ങളിൽ തീർത്തും ഇല്ലാതെ പോകട്ടെ' എന്ന് ശപിയ്ക്കുകയും ചെയ്തു, എന്നാണ് ആ ഐതിഹ്യം. അതിലെ സത്യം എന്തുതന്നെ ആയാലും ശരി, ഗ്രാമവാസികൾ ഏക സ്വരത്തിൽ പറയുന്ന ഒരു കാര്യമുണ്ട്. സമീപപ്രദേശങ്ങളിലെല്ലാം ഭീതി വിതയ്ക്കുന്ന ആ അട്ടകളിൽ  ഒരെണ്ണം പോലും, തങ്ങളുടെ ഈ പ്രദേശത്തു മാത്രം കാണാറില്ല എന്ന്. 

ഇനി നമുക്ക്, ഇവിടുത്തെ ഉത്സവ വിശേഷങ്ങൾ അറിഞ്ഞാലോ?

വർഷത്തിൽ ഒരിയ്ക്കൽ, ഒരു ദിവസം മാത്രം, ആശ്രമത്തിൽ ഉത്സവം നടത്താറുണ്ട്. എല്ലാ വർഷവും മേടമാസത്തിലെ, വിഷു കഴിഞ്ഞ് ഏഴാം ദിവസമാണ് ആ ഉത്സവം. അതിനാൽ തന്നെ, പ്രാദേശികമായി ആ ഉത്സവം "ഏഴാം വിഷു" എന്ന പേരിലാണ് അറിയപ്പെടുന്നതും.

ആശ്രമത്തിനു മാത്രമല്ല, ആ നാടിനു തന്നെ ഉത്സവമാണ് അന്ന്. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെയും, മുത്തുക്കുടകളുടെയും, താളമേളങ്ങളുടെയും  ഒക്കെ അകമ്പടിയോടെ, ആർഭാടത്തോടെ, നാടൊന്നാകെ ആഘോഷിയ്ക്കുന്ന ദിവസം. 

പ്രശസ്തമായ പുൽപ്പള്ളി സീതാദേവി ക്ഷേത്രത്തിലെ, പതിവ് പൂജകൾക്ക് ശേഷം, അവിടുത്തെ പൂജാരിമാർ ആണ് ഉച്ചയോടെ ആശ്രമത്തിലേക്കെത്തുക.

ഉത്സവത്തിലെ ഒരു പ്രധാന വഴിപാടാണ് "തേങ്ങാ മുട്ടൽ". വിശ്വാസികൾ അവരുടെ വീടുകളിൽ നിന്നും കൊണ്ടുവരുന്ന നാളികേരങ്ങൾ, ആശ്രമ നടയിൽ പൂജാരി മുട്ടിയുടയ്ക്കുന്നു. ശേഷം, വിശ്വാസികൾക്ക് തന്നെ തിരികെ നൽകുന്നു. പലരും, അതിൽ ഒരു മുറിത്തേങ്ങ ആനയ്ക്ക് നൽകുകയും, രണ്ടാമത്തെ മുറി, തിരികെ വീട്ടിൽ കൊണ്ടുപോകുകയുമാണ് ചെയ്യുക. തേങ്ങാ മുട്ടുന്നതോടെ, പോയ വർഷത്തിൽ അറിഞ്ഞോ, അറിയാതെയോ, ആ വിശ്വാസിയും കുടുംബവും ചെയ്തുപോയ എല്ലാ പാപങ്ങളും നീങ്ങി എന്നാണ് വിശ്വാസം.

അതേപോലെ, ഉത്സവത്തിന്റെ തലേന്ന് നടക്കുന്ന മറ്റൊരു പ്രധാന ചടങ്ങാണ്. ആശ്രമം മേയൽ. പരമ്പരാഗതമായി, അതിനുവേണ്ടി അധികാരപ്പെട്ട കുടുംബത്തിൽ നിന്നുള്ളവരാണ് ആശ്രമത്തിന്റെ മേൽക്കൂര മേയുന്നത്. ആചാരപ്രകാരം, ദർഭപ്പുല്ലുകൾ മാത്രം ഉപയോഗിച്ച് ചെയ്യുന്ന ആ മേച്ചിൽ പിന്നീട് മാറ്റുന്നത്, അടുത്ത വർഷത്തെ ഉത്സവത്തലേന്നു മാത്രം.

ഉത്സവദിവസം ആശ്രമ മുറ്റത്തെ ആ മന്ദാരമരങ്ങളിൽ, ചുരുങ്ങിയത് രണ്ടു പൂക്കളെങ്കിലും ഉണ്ടാകുമത്രേ.

ഈ വാല്മീകി ആശ്രമ വിശേഷങ്ങൾ നിങ്ങൾക്കിഷ്ടമായി, എന്ന് കരുതട്ടെ.

എന്തായാലും, ഒരു കാര്യം പറയാം. തീർത്തും ആളനക്കമില്ലാത്ത, നിശബ്ദത തളംകെട്ടി നിൽക്കുന്ന, ഒരുതരത്തിലുമുള്ള ആധുനിക നിർമ്മിതികളും കടന്നു വരാത്ത, ഈ ആശ്രമവും, മുനിപ്പാറയും, നമുക്കുള്ളിൽ അവാച്യമായ ഒരു ശാന്തതയാണ് നിറയ്ക്കുക. 

ആളോളം ഉയരത്തിൽ ആർത്തലയ്ക്കുന്ന അലകടൽ, ഒരു നിമിഷം കൊണ്ട് ശാന്തമായാൽ എങ്ങിനെയോ? ഏതാണ്ട് അതുപോലെ. 

അതുകൊണ്ടു തന്നെ, നിങ്ങളിൽ ആരെങ്കിലും ഇനിയൊരിയ്ക്കൽ വയനാട് സന്ദർശിയ്ക്കുകയാണെങ്കിൽ, അപൂർവ്വമായ ഈ ആശ്രമവും, മുനിപ്പാറയും കൂടി സന്ദർശിയ്ക്കുവാൻ മറക്കരുത് കേട്ടോ.

മടങ്ങുമ്പോൾ, അറിയാതെ ഒരു ചോദ്യം മനസ്സിൽ ഉയർന്നു വന്നു. ചരിത്രപരമായും, ഐതിഹ്യപരമായും ഒക്കെ ഇത്രയേറെ പ്രധാനപ്പെട്ട ഒരു സ്ഥലമായിട്ടും, എന്തേ കേരളത്തിൽ പോലും ആരും തന്നെ ഇതിനെ കുറിച്ച് അറിയാതെ പോകുന്നത്? ഇനി, നമ്മളും രത്‌നാകരനെ പോലെ വല്മീകങ്ങൾക്കുള്ളിൽ ആയതിനാലാവുമോ? അങ്ങിനെയെങ്കിൽ, എന്നാകും അത് തകർത്ത് നമ്മൾ ഒന്നു പുറത്തു വരിക?

സ്നേഹപൂർവ്വം 

ബിനു മോനിപ്പള്ളി

പിൻകുറിപ്പ്: ശ്രീ പുൽപ്പള്ളി മുരിയ്ക്കന്മാർ ദേവസ്വത്തിന്റെ പൂർവ്വസ്ഥാനവും ആചാര്യസ്ഥാനവും ആണ് ഈ വാല്മീകി ആശ്രമം. അതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയണം എന്ന് വിചാരിച്ചിരുന്നുവെങ്കിലും, ആ കുടുംബത്തിൽപ്പെട്ട ആരെയും ആ സമയത്ത് അവിടെ കാണാൻ സാധിച്ചില്ല. അത് മറ്റൊരിയ്ക്കൽ ആവാം.

**************

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally


To view the VIDEO version: https://youtu.be/AnwPlgLgUyk

















Comments

  1. പുതിയ അറിവ്

    ReplyDelete
  2. ബിന്ദു സജീവ്19 September 2021 at 03:30

    ബിനുവിൻ്റെ റ ഓണവിശേഷങ്ങളിലൂടെയാണ് ഈ ആശ്രമത്തെക്കുറിച്ച് ആദ്യമായി അറിഞ്ഞത്. കൂടുതൽ കാര്യങ്ങൾ ഫോട്ടോ സഹിതം വ്യക്തമാക്കിയതിന് നന്ദി. ആ പ്രകൃതി രമണീയമായ ഐതിഹ്യ സമ്പുഷ്ടമായ സ്ഥലത്തിൻ്റെ വീഡിയോ പ്രതീക്ഷിക്കുന്നു.

    ReplyDelete
    Replies
    1. ഏറെ നന്ദി .... തീർച്ചയായും ഇതിന്റെ വീഡിയോ അടുത്ത ആഴ്ചയിൽ തന്നെ നമുക്ക് റിലീസ് ചെയ്യാം ....

      Delete

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]