കുമാരച്ചന്റെ സംശയങ്ങൾ [ആക്ഷേപ ഹാസ്യം]
[ആക്ഷേപ ഹാസ്യം]
കുഞ്ഞുപാക്കരൻ: അല്ല പാക്കരാ ...നീ ഇന്നും താടിക്കു കയ്യും കൊടുത്ത് ഇരിപ്പാണല്ലോഡേ ... എന്നാ പറ്റി?
കുമാരച്ചൻ: ഓ ..എന്നാ പറ്റാൻ?... നീ പത്രം വായിച്ചില്ലേ?
കുഞ്ഞുപാക്കരൻ: പത്രത്തിൽ എന്നാ പ്രശ്നം? കാണട്ടെ ...
കുമാരച്ചൻ: അതല്ലെന്ന് .... ആ ബ്രിട്ടിഷ്കാര് വീണ്ടും നമുക്കിട്ടു പണിതു പാക്കരാ ....
കുഞ്ഞുപാക്കരൻ: ബ്രിട്ടിഷ്കാരോ ? നീ എന്തോന്നാടെ രാവിലെ .....
കുമാരച്ചൻ: ദേ നോക്ക് ..... നമ്മുടെ ആ വാക്‌സിൻ ഇല്ലേ? കോവിഷിൽഡ് ... അത് അവമ്മാര് കണ്ടുപിടിച്ച ആ ആസ്ട്രസെനിക്ക എന്ന സാധനമാ.... ഇവിടെ ഉണ്ടാക്കിയപ്പോൾ പേരൊന്നു പരിഷ്കരിച്ച് ... കോവിഷിൽഡ് എന്നാക്കി ...
കുഞ്ഞുപാക്കരൻ: ശരി ... അതിനിപ്പം?
കുമാരച്ചൻ: ദാ ..കെടക്കണ് ...ഇപ്പം അവന്മാര് പറയണ കണ്ടോ? കോവിഷിൽഡ് വാക്‌സിൻ അല്ലാന്ന് .....
കുഞ്ഞുപാക്കരൻ: അപ്പൊ, ആ ആസ്ട്രസെനിക്കയോ?
കുമാരച്ചൻ: അതിപ്പഴും വാക്‌സിൻ ആണെന്നെ ... അതല്ലേ പ്രശ്നം
കുഞ്ഞുപാക്കരൻ: ആഹ് ....അങ്ങിനെയാണെങ്കിൽ ഇതൊരുമാതിരി മറ്റേ പണിയായി പോയി ....
കുമാരച്ചൻ: അതെ ...അതെ ...
കുഞ്ഞുപാക്കരൻ: അല്ല കുമരച്ചാ ... ഇനി പണ്ടത്തെ ഒരു സിനിമയിൽ നമ്മടെ ശങ്കരാടി പറഞ്ഞിട്ടില്ലേ 'പശൂനെ തൊഴുത്ത് മാറ്റിയാ കറവ കുറയും' എന്ന് .... ഇനി അതുപോലെ രാജ്യം മാറിയപ്പോ ആ വാക്‌സിന് വല്ലോം പറ്റിക്കാണുമോ? പാവം ....
കുമാരച്ചൻ: പശും തൊഴുത്തും.... നീ എന്റെ വായീന്ന് രാവിലെ കേൾക്കും ...
കുഞ്ഞുപാക്കരൻ: ആ ബ്രിട്ടീഷുകാരല്ലേ ... പണ്ട് കച്ചോടത്തിനു വന്ന്... നമ്മളെ അടിമകളാക്കിയ ടീമ്സ് ... അല്ല അതൊന്നും പറഞ്ഞിട്ടും കാര്യമില്ല ..അന്ന് നമ്മള് തമ്മിത്തല്ല് അല്ലായിരുന്നോ ...? ആ അതൊക്കെ പോട്ടെ ...വാ നമുക്ക് ഓരോ ചായ കുടിച്ചേച്ചും വരാം ....
കുമാരച്ചൻ: എടാ പാക്കരാ ..എനിയ്ക്കേ ഒരു സംശയോം കൂടിയുണ്ട് ....
കുഞ്ഞുപാക്കരൻ: ഓഹ് ..ഇനീം സംശയോ? ചോദിയ്ക്ക് ..ചോദിയ്ക്ക്
കുമാരച്ചൻ: ഡാ ..നമ്മടെ ഈ 'സഹകരണ ബാങ്ക്' എന്ന് പറഞ്ഞാൽ എന്നതാ?
കുഞ്ഞുപാക്കരൻ: ഇതെന്നാ ചോദ്യമാ എന്റെ കുമാരച്ചാ? നമ്മുടെ കവലയിൽ നീ കണ്ടിട്ടില്ലേ? അല്ലാ ...അവിടെ നിന്നല്ലേ നീയും ഞാനും ഒക്കെ പശൂനെ വാങ്ങാൻ ലോൺ എടുത്തതും? എന്നിട്ടിപ്പം?
കുമാരച്ചൻ: അതൊക്കെ ശ രി പാക്കരാ .....
കുഞ്ഞുപാക്കരൻ: പിന്നെ ...?
കുമാരച്ചൻ: അല്ലഡാ ...എല്ലാ ദിവസവും വരുന്ന വാർത്തകൾ കാണുമ്പോളേ ഒരു സംശയം.... ഈ 'സഹകരണ' ബാങ്ക് എന്ന് പറഞ്ഞാൽ, നമ്മുടെ നേതാക്കന്മാരും പിന്നെ സില്ബന്ധികളും പരസ്പരം 'സഹകരിച്ച്' ജനങ്ങളെ പറ്റിയ്ക്കുന്ന ബാങ്ക് എന്നെങ്ങാൻ ആണോ ഇനി ശരിയ്ക്കുള്ള അർത്ഥം എന്ന് .....
കുഞ്ഞുപാക്കരൻ: ഹോ ... അതൊരു വല്ലാത്ത സംശയോം അർത്തോം തന്നെ ആയിപ്പോയി എന്റെ കുമരച്ചാ .....നീയാളൊരു ഭയങ്കരൻ തന്നെ .....
കുമാരച്ചൻ: അല്ല ... പിന്നെ .... ഈ വാർത്തകൾ ....
കുഞ്ഞുപാക്കരൻ: നീ വന്നേ ...വാർത്തേം വായിച്ചിരുന്നാ നമ്മടെ പണികൾ നടക്കൂല്ല ... വാ പോയി ഒരു ചായേം കുടിച്ചേച്ച് നമുക്ക് നമ്മടെ പണി തുടങ്ങാം ......
കുമാരച്ചൻ: ആഹ് ... എന്നാ പിന്നെ അങ്ങിനെ .... ആ കാര്യത്തിൽ നമുക്കങ്ങ് സഹകരിയ്ക്കാം .....
ബിനു മോനിപ്പള്ളി
**************
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
കൂടെ ചേർത്തിരിക്കുന്ന ചിത്രത്തിനും, വാർത്തയ്ക്കും കടപ്പാട്: മാതൃഭൂമി ദിനപത്രം
പിൻകുറിപ്പ്: ഇന്നലെയും ഇന്നുമൊക്കെയായി കണ്ട ചില പത്രവാർത്തകളോടുള്ള, ഒരു പക്കാ നാട്ടിൻപുറത്തുകാരന്റെ, വേദനയും, ആത്മരോഷവും പുരണ്ട, നർമ്മത്തിൽ കലർന്ന ഒരു പ്രതികരണം മാത്രമാണിത് കേട്ടോ ...... മാമനോട് വേറൊന്നും തോന്നല്ലേ മക്കളേ ......
Comments
Post a Comment