സ്ത്രീധനം [കവിത]

 

സ്ത്രീധനം

[കവിത]

സ്ത്രീയാണ് ധനമെന്നു പറയും, പിന്നെ

സ്ത്രീധനം വിലപേശി വാങ്ങും 

പുറമേയ്ക്ക് മാന്യരായ് ചമയും

ഉള്ളിൽ കാടത്തമൂട്ടി നിറയ്ക്കും 


പേവെള്ളം ഇത്തിരി ചെന്നാൽ  

നാവിൽ വിളയാടിയാടിടും തെറികൾ 

പിന്നെ ഉറഞ്ഞങ്ങു തുള്ളി, പാവം 

പാതിയെ തല്ലിച്ചതയ്ക്കും 


പച്ചയ്ക്കു കത്തിച്ചു തീർക്കാം 

പാമ്പിനെ കൊത്തിച്ചുമാകാം 

വീട്ടുകാർ പോലുമീ കാടർക്കൊ-

പ്പമാണെന്നതാണിന്നു  കഷ്ടം 


എന്തൊക്കെയാകിലും നമ്മൾ 

ഇനിയുമാ മേനി നടിയ്ക്കും 

"ദൈവത്തിൻ സ്വന്തമീ നാട്, 

സംസ്ക്കാര സമ്പന്ന ജനത ..!"

                            * * *

ഇവ്വിധം പൊലിയേണ്ടതാണോ 

ധന്യ, പെൺജന്മമീ കേരനാട്ടിൽ?

എവ്വിധം കൈപിടിച്ചേകും, 

അരുമയായ് കാത്തോരു മകളെ?


ഇല്ലെനിയ്ക്കേകുവാൻ മകളേ 

കേവല, വാക്കിന്റെ മൂർച്ചയല്ലാതെ 

"നീ നിന്റെ കാലിലുറയ്ക്ക, പിന്നെ 

മംഗല്യവതിയായി വാഴ്ക"

സമർപ്പണം: സ്ത്രീധനത്തിന്റെ പേരിൽ സ്വജീവൻ ബലിയർപ്പിയ്ക്കേണ്ടി വന്ന, ഹതഭാഗ്യരായ മുഴുവൻ പെൺകുട്ടികൾക്കുമുള്ള, കണ്ണീർ പ്രണാമമാകട്ടെ ഈ ചെറുകവിത ..! 

- ബിനു മോനിപ്പള്ളി

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

* ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ് 


[ഡിസംബർ-2021 ലക്കം "ഇമ ഡിജിറ്റൽ മാസിക"യിൽ പ്രസിദ്ധീകരിച്ച കവിത]

മാസിക വായിയ്ക്കുന്നതിന്: https://online.fliphtml5.com/oqcso/lyhe/#p=1


Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]