ജോസം ? [ലേഖനം]

ജോസം ? 

[ലേഖനം]

നമസ്കാരം സുഹൃത്തുക്കളേ,

ലേഖനത്തിന്റെ ആ തലക്കെട്ട് കണ്ട് നിങ്ങൾ വല്ലാതെ തല പുകയ്ക്കേണ്ട കേട്ടോ. 

'ജോസം' എന്നാൽ "ജോബ് സാറ്റിസ്‌ഫാക്ഷൻ" അഥവാ "ജോലിയിലെ സംതൃപ്‌തി". 

സംഗതി സിമ്പിൾ ആണ് ...എന്നാലോ? പവർഫുള്ളും...!!

അപ്പോൾ .... നമ്മൾ പറഞ്ഞു വന്നത് ജോസത്തെ കുറിച്ചാണ്. അതെന്താണ് സംഗതിയെന്ന് നമുക്കെല്ലാം അറിയാം. കാരണം നാമെല്ലാം അതിനെ കുറിച്ച് വാതോരാതെ പറയാറുള്ളവരാണ്. മറ്റുള്ളവരോട് ഇതിനെക്കുറിച്ചു പറഞ്ഞ് പറഞ്ഞ്, ഇക്കാര്യത്തിലെ നമ്മുടെ ആ പാണ്ഡിത്യം മുഴുവൻ വിളമ്പി, അവരെ ബോറടിയുടെ അങ്ങേത്തലയ്ക്കൽ വരെ എത്തിയ്ക്കുന്നവരാണ്.

അല്ലേ?

എന്നാൽ ലളിതമായ ഒരു ചോദ്യം. 

എന്താണീ 'ജോസം'? എങ്ങിനെയാണത് കിട്ടുക? എവിടെ നിന്നാണത് കിട്ടുക?

ധാരാളം ശമ്പളമുള്ള ജോലി ചെയ്താൽ കിട്ടുമോ?

കാര്യമായി ഒന്നും ചെയ്യാതെ തന്നെ, ഏറെ ശമ്പളം കിട്ടുന്ന ഒരു ജോലിയിൽ നിന്നും കിട്ടുമോ?

'ഓവർ ടൈം ബത്ത' ധാരാളമുള്ള ജോലി ചെയ്താൽ കിട്ടുമോ?

വീട്ടിലിരുന്നു ജോലി ചെയ്താൽ കിട്ടുമോ?

ജോലിയൊന്നും ചെയ്യാതെ ഇരുന്നാൽ കിട്ടുമോ ?

സർക്കാർ ജോലി കിട്ടിയാൽ അല്ലെങ്കിൽ ചെയ്താൽ കിട്ടുമോ?

ധാരാളം കിമ്പളം കിട്ടുന്ന ജോലി ചെയ്താൽ കിട്ടുമോ?

ഓട്ടോറിക്ഷ ഓടിച്ചാൽ കിട്ടുമോ? അതോ, വിമാനം പറത്തിയാൽ കിട്ടുമോ?

ഒരു പാട്ടും മൂളി ജോലി ചെയ്താലോ, ഡാൻസ് കളിച്ച് ജോലി  ചെയ്താലോ,  കിട്ടുമോ?

ലൈക്കും ഷെയറും കൂടിയാൽ കിട്ടുമോ?

പോട്ടെ ... ഒരു 'സെലിബ്രിറ്റി' ആയാൽ കിട്ടുമോ?

ഇതിനൊക്കെയുമുള്ള നിങ്ങളുടെ ഉത്തരം, "ഇല്ല" അല്ലെങ്കിൽ "ഉറപ്പില്ല" എന്നാണെങ്കിൽ, പിന്നെ ആ സാധനം എവിടെ കിട്ടും? എങ്ങിനെ കിട്ടും?

അതിലേയ്ക്ക് പോകുന്നതിനു മുൻപ്, ഞാൻ എന്റെയൊരു അനുഭവം പറയാം.

കുറച്ചു മാസങ്ങൾക്കു മുൻപ്, ഒരു സ്വകാര്യ ആവശ്യവുമായി ബന്ധപ്പെട്ട് അനന്തപുരിയിലെ ആ റീജിയണൽ കാൻസർ സെന്ററിൽ (ആർ. സി. സി.) പോകാനിടയായി.

ഒരുതവണയെങ്കിലും പോയിട്ടുള്ളവർക്കറിയാം. വല്ലാത്ത ഒരുതരം നിശ്ശബ്ദതയാണവിടെങ്ങും. കൈക്കുഞ്ഞുങ്ങൾ മുതൽ വയോവൃദ്ധർ വരെ, പല പ്രായത്തിലുമുള്ള രോഗികൾ; പിന്നെ അവർക്ക് കൂട്ടുവന്നവർ. അങ്ങിനെ ആളുകൾ ഒരുപാടുണ്ടെങ്കിലും, ആർക്കും തമ്മിൽ സംസാരിയ്ക്കാൻ വിഷയങ്ങളില്ല. അല്ലെങ്കിൽ, അതിനുള്ള മാനസിക അവസ്ഥയിൽ അല്ല അവരാരും. കസേരകളിലും, മരത്തണലുകളിലുമായി, തങ്ങളുടെ ഊഴത്തിനായി കാത്തിരിയ്ക്കുന്ന അവരിൽ മിക്കവരും, അനന്തതയിൽ എവിടെയോ കണ്ണ് നട്ടിരിയ്ക്കുന്നു, ഒരുതരം നിസംഗതയോടെ. പ്രതീക്ഷയുടെ ഒരു പൊൻകിരണം, ഒരു പുതുനാമ്പ്, ഏതുസമയത്തും അവർ പ്രതീക്ഷിയ്ക്കുകയാവാം.

മുഖ്യകവാടത്തിനരുകിലെ ആ അരമതിലിൽ, മണിക്കൂറുകൾ അങ്ങിനെ  കാത്തിരിയ്ക്കുമ്പോൾ, അറിയാതെ ഒരാളിൽ കണ്ണുകൾ ഉടക്കി. നന്നേ വെളുത്ത്, അല്പം തടിച്ച്, ഉയരം കുറഞ്ഞൊരാൾ. നീട്ടിവളർത്തിയ മുടി ഭംഗിയായി ചീകിയൊതുക്കി, അതിൽ ഒരു 'റ'യും വച്ചിരിയ്ക്കുന്നു. ഏറിയാൽ ഒരു 30-35 വയസ് പ്രായം തോന്നിയ്ക്കും. ധരിച്ചിരിയ്ക്കുന്നത് നീല യൂണിഫോം.

കുറച്ചു ദൂരെ മാറി ഒരു ചെറിയ കെട്ടിടമുണ്ട്. 'ബയോ-മെഡിക്കൽ മാലിന്യങ്ങൾ' ശേഖരിയ്ക്കുന്നത് അവിടെയാണ്. ആശുപത്രിയുടെ വിവിധ ലാബുകളിൽ നിന്നും, മുറികളിൽ നിന്നുമൊക്കെയുള്ള ആ മാലിന്യങ്ങൾ ശേഖരിച്ച്, ഈ കെട്ടിടത്തിൽ കൊണ്ടുവന്നിടുന്ന ആർ. സി. സി. ജീവനക്കാരനാണ് നമ്മൾ മുൻപ് പറഞ്ഞ ആൾ.

അയാളുടെ ജോലിയല്ല, മറിച്ച് അത് ചെയ്യുന്ന ആ രീതിയാണ് എന്റെ ശ്രദ്ധയെ ആകർഷിച്ചത്. മുഴുവൻ സമയവും ആ മുഖത്തൊരു ചെറിയ ചിരിയുണ്ട്. വളരെ ശ്രദ്ധയോടെ, മാലിന്യങ്ങൾ നിറച്ച തന്റെ ആ മുച്ചക്ര വണ്ടിയും തള്ളി അയാൾ ആ കെട്ടിടത്തിന്റെ അടുത്തെത്തുന്നു. കരുതലോടെ, ഇരുമ്പഴിയിട്ട ആ വാതിൽ തുറക്കുന്നു. അതും ഒരു ചെറിയ ശബ്ദം പോലുമില്ലാതെ. പിന്നെ, വണ്ടിയിൽ നിന്നും കെട്ടുകൾ ഓരോന്നായി എടുത്ത് ശ്രദ്ധയോടെ തന്നെ, അകത്തേയ്ക്കു നിക്ഷേപിയ്ക്കുന്നു. ആ കെട്ടുകൾക്കുള്ളിൽ മുഴുവൻ മാലിന്യങ്ങളായിട്ട് പോലും, അതയാൾ അലക്ഷ്യമായി വലിച്ചെറിയുന്നില്ല. കെട്ടുകൾ തീർന്നാൽ, ആ വാതിൽ വീണ്ടും ശ്രദ്ധയോടെ അടച്ച്, തഴുതിടുന്നു. ശേഷം, തന്റെ ആ ഉന്തുവണ്ടി തിരിച്ച്, പ്രധാന വഴിയുടെ ഒരരികിലൂടെ സാവധാനം നടന്നകലുന്നു. അടുത്ത മാലിന്യശേഖരണത്തിനായി.

ഞാൻ ഏതാണ്ട് 11 മണിക്കൂറുകൾ അവിടെയുണ്ടായിരുന്നു. അതിനിടയിൽ, അയാൾ ഏതാണ്ട് പത്തോ പതിനഞ്ചോ തവണ ഈ കാര്യം ചെയ്തിട്ടുണ്ടാകും. ഒരിയ്ക്കലെങ്കിലും അയാളെ അസ്വസ്ഥനായി കണ്ടില്ല. മുഖത്തെ ആ പുഞ്ചിരി മാഞ്ഞതായി കണ്ടില്ല. അയാളുടെ വണ്ടിയിൽ നിന്നോ, അല്ലെങ്കിൽ നിരവധി തവണ അടച്ചുതുറന്ന ആ വാതിലിൽ നിന്നോ, അരോചകമായി ഒരു ശബ്ദവും കേട്ടില്ല. ഒരു രോഗിയോടോ, അല്ലെങ്കിൽ അവർക്കു കൂട്ടുവന്നവരോടോ, അനാവശ്യമായി ഒന്നും സംസാരിയ്ക്കുന്നതായും കണ്ടില്ല.

താൻ ചെയ്യുന്ന ആ ജോലിയുടെ വലിപ്പച്ചെറുപ്പം നോക്കാതെ, ആ ജോലി  കാണുന്നവരുടെ ആരുടെയെങ്കിലും കണ്ണിൽ വല്ല  അവജ്ഞയും ഉണ്ടാക്കുന്നുണ്ടോ എന്നും നോക്കാതെ, മറ്റുള്ളവർക്കൊരു ശല്യവും ഉണ്ടാക്കാതെ (ശബ്ദശല്യം പോലും), സ്വന്തം ജോലി .... അതങ്ങിനെ ആസ്വദിച്ച് ചെയ്യുന്ന ഈ ആളിന്, വൈകുന്നേരം തന്റെ ജോലി കഴിഞ്ഞിറങ്ങുമ്പോൾ മനസ്സിൽ തോന്നുന്ന ആ ഒരു പ്രത്യേക വികാരമില്ലേ? 

ആ ഒരു വികാരമാണ് ഈ 'ജോസം' എന്നാണ്, എന്റെ വിശ്വാസം. 

നിങ്ങളോ ഞാനോ അനുഭവിയ്ക്കാൻ ശ്രമിയ്ക്കേണ്ടതും, ആ വികാരമാണ്.

നമ്മൾ ചെയ്യുന്ന ജോലി, അതെന്തുമാകട്ടെ; അതിന്റെ ശമ്പളമോ രീതിയോ ഒക്കെ എന്തും ആകട്ടെ; അത് ചെയ്തു തീർത്തു കഴിയുമ്പോൾ 'ഹോ ..ഞാൻ ഇന്നെന്തൊക്കെയോ കാര്യങ്ങൾ കഴിയുന്നത്ര ഭംഗിയായി ചെയ്തല്ലോ ...' എന്ന, മനപ്പൂർവ്വമല്ലാത്ത ഒരു തോന്നൽ നമ്മുടെ മനസ്സിൽ ഉണ്ടാകുന്നുണ്ടോ? എങ്കിൽ നമ്മളും ആ ജോസം അനുഭവിയ്ക്കുന്നവരാണ്. 

ഇനി, അതില്ലെങ്കിലോ? അതിനു വേണ്ടി ശ്രമിയ്ക്കേണ്ട കാലം പണ്ടേ അതിക്രമിച്ചിരിയ്ക്കുന്നു. ആ ജോസം നിങ്ങൾക്ക് ഒരുതരി പോലും  അനുഭവവേദ്യമാകുന്നില്ലെങ്കിൽ, ആ അവസ്ഥ ഒരുപക്ഷേ നിങ്ങളെ എത്തിയ്ക്കുന്നത്, കടുത്ത മാനസിക സംഘർഷങ്ങളിലേയ്ക്കായേക്കാം. അതാകട്ടെ, നിങ്ങളുടെ ജോലിയിലും വ്യക്തി-കുടുംബ-ജീവിതത്തിലും,  ഒരു പക്ഷേ ഏറെ പ്രശ്നങ്ങൾക്കും, പ്രത്യാഘാതങ്ങൾക്കും വഴിവച്ചേക്കാം. 

അതുകൊണ്ട്, എത്രയും വേഗം എങ്ങിനെയും ആ ജോസം സ്വായത്തമാക്കുക. പിന്നെ, ജോലിയോടൊപ്പം സ്വന്തം ജീവിതവും ആസ്വദിയ്ക്കുക. 

ഒരു കാര്യം കൂടി പറഞ്ഞ്, നമുക്കിത് അവസാനിപ്പിയ്ക്കാം കേട്ടോ. "എത്രയും വേഗം എങ്ങിനെയും ആ ജോസം സ്വായത്തമാക്കുക" എന്ന് പറയുമ്പോൾ, നിങ്ങൾ വിചാരിയ്ക്കേണ്ട അതിനെന്തെങ്കിലും സൂത്രവിദ്യകൾ ഉണ്ട്, എന്ന്. ഒന്നുമില്ല. സ്വന്തം ജോലിയെ, സ്വന്തം വീടിനെ, സ്വന്തം വീട്ടുകാരെ, സ്വന്തം കൂട്ടുകാരെ, സ്വന്തം നാടിനെ, സ്വന്തം നാട്ടുകാരെ ഒക്കെ കഴിയുന്നത്ര സ്നേഹിയ്ക്കുക, ഇഷ്ടപ്പെടുക. അവരുടെ സുഖദുഃഖങ്ങളിൽ പങ്കുചേരുക. അങ്ങിനെ സ്വയം നിങ്ങൾ മനസിലാക്കുക, ഈ സമൂഹത്തിൽ നിങ്ങളും ഒരു പ്രധാന അംഗമാണെന്ന്. ഏറെ ഉത്തരവാദിത്വങ്ങൾ ഉള്ള ഒരംഗം. ചെയ്യുന്ന ജോലി എന്തായാലും ശരി, ഒരു വ്യക്തി എന്ന നിലയിൽ നോക്കുമ്പോൾ നിങ്ങൾ മറ്റൊരാളേക്കാൾ മുകളിലോ, താഴെയോ അല്ല, മറിച്ച്, സമസ്ഥാനീയനാണ് എന്ന് ഉറച്ചു വിശ്വസിയ്ക്കുക. സ്വന്തം ജോലിയിൽ, അത് ചെയ്യുന്ന സമയത്ത് 100% സമർപ്പിയ്ക്കുക. ഈ ഒരു രീതി, നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകുമ്പോൾ, നിങ്ങളറിയാതെ തന്നെ, ആ ജോസം നിങ്ങളിലേയ്‌ക്കെത്തും. തീർച്ച..!!

സ്നേഹത്തോടെ 

- ബിനു മോനിപ്പള്ളി

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

******

പിൻകുറിപ്പ്:

1. ഇത്രയൊക്കെ ഒരാളെക്കുറിച്ചു പറഞ്ഞപ്പോൾ ഒരു കാര്യം കൂടി പറയാം. അദ്ദേഹത്തിന്റെ പേരുപോലും ഞാൻ ചോദിച്ചില്ല. കാരണം; ഒന്ന്: അത്തരം ഒരു പരിചയപ്പെടലിനുള്ള അന്തരീക്ഷമല്ല അവിടെ. രണ്ട്: ഒരു പക്ഷേ, ആ പരിചയപ്പെടൽ പോലും അദ്ദേഹത്തിന്റെ ആ ജോലിയ്ക്ക് ഒരു തടസ്സമായേക്കാം എന്ന ചിന്ത.

2. ഒരുപക്ഷേ, പല സർക്കാർ ആശുപത്രികളിലും, ഏതാണ്ട് സമാനസ്വഭാവമുള്ള ജോലി ചെയ്യുന്ന ചിലരെയെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടാകും. കൈമടക്ക് കൊടുത്താൽ മാത്രം വീൽചെയറും,  സ്‌ട്രെച്ചറും തൊടുന്നവർ. രോഗി അതിലുണ്ട് എന്ന ഒരു വിചാരം പോലുമില്ലാതെ വളരെ അലക്ഷ്യമായി അതു തള്ളുന്നവർ. അവസാനം കാലിയാകുന്ന ആ വണ്ടികൾ, ഏതെങ്കിലും മൂലയിലേക്ക് ശക്തിയായി തള്ളിവിടുന്നവർ. ഭിത്തികളിൽ ഇടിച്ചിടിച്ച്, അവയിൽ പല വീൽചെയറുകളും,  സ്‌ട്രെച്ചറുകളും, പരിക്കുകൾ ഏറെ പറ്റിയവയായിരിയ്ക്കും. സ്വയമോ, സമൂഹത്തോടോ, അതോ സ്വന്തം ജോലിയോടോ, ഒക്കെയുള്ള അവരുടെ ആ കടുത്ത അമർഷമോ, ഇത്തരം ഒരു ജോലി ചെയ്യേണ്ടി വന്നതിലുള്ള മടുപ്പോ ഒക്കെയാകാം അതിനു കാരണം. അതൊക്കെ വച്ച് താരതമ്യം ചെയ്യമ്പോളാണ്, നമ്മൾ മുകളിൽ പറഞ്ഞ ആ ആളുടെ പ്രവൃത്തി ഏറെ  മഹത്തരമാകുന്നത്. [എല്ലാ സർക്കാർ ആശുപത്രികളിലെയും, എല്ലാ ജീവനക്കാരും ആത്മാർത്ഥതയില്ലാതെ ജോലി ചെയ്യുന്നവരാണ്  എന്നല്ല കേട്ടോ, ഇവിടെ പറഞ്ഞത്. മറിച്ച്, കുറെ പേരെങ്കിലും ഇപ്പോഴും അങ്ങിനെയുണ്ട് എന്നു മാത്രമാണ്]. ആശുപത്രികളിൽ മാത്രമല്ല, മറ്റു പല ഓഫീസുകളിലും നിങ്ങൾക്കിത്തരം 'അസംതൃപ്ത ജീവനക്കാരെ' കാണാം കേട്ടോ. സർക്കാർ-സ്വകാര്യ വ്യത്യാസങ്ങളില്ലാതെ. സർക്കാർ മേഖലയിൽ അതല്പം കൂടുതൽ ആണെന്ന് മാത്രം.

3. ഇനി, ഒരു ചോദ്യം ചിലപ്പോൾ നിങ്ങൾക്ക് ബാക്കിയുണ്ടായേക്കാം. "ഞാൻ .... എത്രയൊക്കെ ശ്രമിച്ചിട്ടും എനിയ്ക്ക് ഇപ്പോൾ ചെയ്യുന്ന ജോലിയെ ഇഷ്ടപെടുവാനോ, അതിൽ പൂർണ്ണമായി സമർപ്പിയ്ക്കുവാനോ കഴിയുന്നില്ല. അപ്പോൾ ഞാൻ എന്ത് ചെയ്യണം?". ഒട്ടും സംശയിയ്ക്കേണ്ട. എത്രയും വേഗം നിങ്ങൾക്കിഷ്ടപ്പെട്ട മറ്റൊരു ജോലിയിലേയ്ക്ക് മാറുക. പക്ഷേ, ഇപ്പോൾ നിങ്ങൾ ചെയ്യുന്ന ജോലിയുടെ ആ അവസാന ദിവസം വരെ, അത് നൂറു ശതമാനവും ആത്മാർഥമായി ചെയ്യുക തന്നെ വേണം.







Comments

  1. നല്ല കാഴ്ച്ചപ്പാട്. നിരീക്ഷണം. അവതരണം. അഭിനന്ദനങ്ങൾ. ഒരു പുതിയ വാക്ക് കൂടി പഠിപ്പിച്ചതിന് നന്ദി

    ReplyDelete
    Replies
    1. ഏറെ നന്ദി ....സത്യത്തിൽ ആ ഒരു വാക്ക് തീരെ പ്രതീക്ഷിക്കാതെ മനസിലേയ്ക്ക് വന്നതാണ് കേട്ടോ .... ലേഖനത്തിൽ പലയിടത്തും 'ജോലിയിലെ സംതൃപ്തി' പറയുന്നതിലെ ബുദ്ധിമുട്ട് ഓർത്ത്, എന്ത് ചെയ്യും എന്നാലോചിച്ചപ്പോൾ കിട്ടിയതാ ....

      Delete
  2. വളരെ ചിന്തനീയമായ ലേഖനം. ഏറെ ഇഷ്ടപ്പെട്ടു ബിനു.
    ചെയ്യുന്ന ജോലിയിലുള്ള അർപ്പണം, അത് ഏറെ പ്രധാനമാണ്. ആ ജോലി എന്തു തന്നെയായാലും സന്തോഷത്തോടെ ചെയ്യുക.അതിൽ നിന്നു കിട്ടുന്ന സംതൃപ്തിയാണ് നോട്ടിനേക്കാൾ വലിയ കൂലി.
    ശക്തമായ സന്ദേശമുൾക്കൊണ്ട
    കുറിപ്പിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
    രേഖ വെള്ളത്തൂവൽ

    ReplyDelete
    Replies
    1. ഏറെ നന്ദി .... സർ .... അതെ ജോസം ഇല്ലെങ്കിൽ ജോലി യാന്ത്രികം ആയിപ്പോകും...

      Delete
  3. നീരിക്ഷണം പുതിയ തലങ്ങളിലേക്ക് . 👏👏നന്നായിട്ടുണ്ട് ബിനു..

    ReplyDelete
    Replies
    1. ഏറെ നന്ദി .... അജീഷേ .... എഴുതാനിരുന്നപ്പോൾ പെട്ടെന്നാണ് rcc ലെ ആ കാര്യം ഓർമയിലേക്ക് വന്നത് .

      Delete
  4. ബിന്ദു സജീവ്5 February 2022 at 06:16

    വളരെ നല്ല ആശയം - അർപ്പണ മനോഭാവത്തോടെ ജോലി ചെയ്യുന്നവർക്കു് മാത്രം ലഭിക്കുന്ന ആത്മസംതൃപ്തി. ഇത് ഔദ്യോഗിക ജീവിതത്തിൽ മാത്രമല്ല കുടുംബ ജീവിതത്തിലും 100 % ശരിയാണ്.

    ReplyDelete
    Replies
    1. അതെ ...ശരിയാണ് ബിന്ദു ...എവിടെയും നമ്മൾ ചെയ്യുന്നത് ആത്മാർത്ഥതയോടെ അല്ലെങ്കിൽ, നമുക്കത് ആസ്വദിയ്ക്കാൻ ആവില്ല .....

      Delete

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]