മാലിന്യം ചൊരിയുന്നവർ [ലേഖനം]

മാലിന്യം ചൊരിയുന്നവർ

[ലേഖനം]

ഇത്തവണ, മുഖവുരയില്ലാതെ തന്നെ നമുക്ക് കാര്യത്തിലേയ്ക്ക് കടക്കാം. എന്താ?

നമ്മൾ, നമ്മുടെ അടുക്കള മാലിന്യങ്ങൾ കൊണ്ടുപോയിക്കളയുന്ന ആ പ്രവൃത്തി വെറുതെ ഒന്നങ്ങ് ഓർമ്മിച്ചെടുത്തെ. 

തൊടിയിലെ വാഴച്ചുവട്ടിലോ, കപ്പച്ചുവട്ടിലോ, ചീനിച്ചുവട്ടിലോ ഒക്കെയല്ലേ? അതുമല്ലെങ്കിൽ, മുറ്റത്തിനരികിൽ നട്ടുവളർത്തുന്ന ആ റോസാച്ചെടിയുടെ ചുവട്ടിൽ. 

എവിടെ എന്നതല്ല കേട്ടോ, ഇവിടെ നമ്മുടെ വിഷയം. അതിപ്പോൾ എവിടെ  ആയാലും ശരി, ആ സമയത്തെ നമ്മുടെ ആ മുഖഭാവവും, പിന്നെ ഉള്ളിലെ ആ വികാരവുമാണ് നമ്മുടെ പ്രതിപാദ്യവിഷയം. ദുർഗന്ധം വമിച്ചു തുടങ്ങുന്ന ആ മാലിന്യം എങ്ങിനെയെങ്കിലും, എവിടെയെങ്കിലും ഒന്ന് ഒഴിവാക്കണം എന്ന ചിന്തയോടെ, ഒരു മാതിരി കാഞ്ഞിരക്കുരു കടിച്ച മുഖഭാവത്തോടെയാകും നമ്മൾ മേൽപ്പറഞ്ഞ ആ പ്രവൃത്തി ചെയ്യുക. ചിലപ്പോഴൊക്കെ മൂക്ക് പൊത്തിപ്പിടിച്ചു കൊണ്ടും.

ശരിയല്ലേ? 

എന്നിട്ടോ? തിരികെയെത്തി, കയ്യൊക്കെ വൃത്തിയായി കഴുകി വെടിപ്പാക്കി, മൂക്കിനടുത്തേയ്ക്ക് അടുപ്പിച്ച്, ഒന്ന് മണത്ത് നോക്കി, "ഉം ... വെടിപ്പായി" എന്നങ്ങ് ഉറപ്പു വരുത്തിക്കഴിയുമ്പോൾ, നമുക്ക് തോന്നുന്ന ആ ഒരു ആശ്വാസമോ? അപ്പോഴത്തെ നമ്മുടെ ആ മുഖഭാവമോ?

എന്തൊക്കെയോ അഴുക്കുകൾ നമ്മിൽ നിന്നും ദൂരെ എവിടെയോ  എറിഞ്ഞുകളഞ്ഞത് പോലെ, ഒരു വലിയ ആശ്വാസം. അല്ലേ?

[യഥാർത്ഥത്തിൽ ഇവിടെ സംഭവിച്ചതെന്താണ്? ഒരാൾ, അയാളുടെ  അഥവാ അയാൾ ഉൽപാദിപ്പിച്ച മാലിന്യങ്ങൾ, ആ യാഥാർഥ്യം മറന്ന്, ദൂരെ മറ്റൊരു സ്ഥലത്ത് നിക്ഷേപിച്ച്, സ്വയം ശുദ്ധി വരുത്തിയിരിയ്ക്കുകയാണ്].

ഇനി, ആ ചെടിയുടെ കാര്യം എടുക്കുക. നമ്മൾ എത്രതന്നെ ദുർഗന്ധം വമിയ്ക്കുന്ന മാലിന്യങ്ങൾ അതിന്റെ ചുവട്ടിൽ തട്ടിയാലും ശരി, ഒരു മുറുമുറുപ്പുമില്ലാതെ, മുഖം ചുളിയ്ക്കാതെ, അതങ്ങിനെ നിസ്സംഗനായി അഥവാ നിസ്സംഗയായി നിൽക്കും. എന്നിട്ടോ? ആ മാലിന്യത്തിൽ നിന്നും അതിനാവശ്യമുള്ള പോഷകങ്ങൾ മുഴുവൻ വലിച്ചെടുത്ത്, നന്നായി അങ്ങ് വളരും. അതും നല്ല പുഷ്ടിയോടെ തന്നെ. ശേഷം അത് പുഷ്പിയ്ക്കുകയും, പിന്നെ കായ്ക്കുകയും ഒക്കെ ചെയ്യും. 

ആ പുഷ്പങ്ങളോ അഥവാ കായ്കളോ ഒക്കെ മൂപ്പെത്തുമ്പോഴോ ? 

കാഞ്ഞിരം കടിച്ച മുഖഭാവത്തോടെ മുൻപ് മാലിന്യം തള്ളിയ അതേ  ആളുകൾ തന്നെ, നിറപുഞ്ചിരിയോടെ ചെടിയ്ക്കരികിൽ എത്തും. ആ പൂവിന്റെ സൗന്ദര്യം ആസ്വദിയ്ക്കാൻ. അതുമല്ലെങ്കിൽ ആ വിളവെടുക്കാൻ.

ഇനി, ഇത്രയും പറഞ്ഞത് എന്തിനാണ് എന്നറിയാമോ?

ചെടികളുടെ ചുവട്ടിൽ മേല്പറഞ്ഞ മാലിന്യം തള്ളുന്നത് പോലെയാണ്, നമ്മുടെ മുകളിൽ ചിലർ മാലിന്യങ്ങൾ വർഷിയ്ക്കുക. 

അല്ലേ? 

അതാകട്ടെ, ചിലപ്പോൾ ദുർഗ്ഗന്ധം വമിയ്ക്കുന്ന അവരുടെ ആ വാക്കുകൾ കൊണ്ടും, മറ്റുചിലപ്പോൾ അവരുടെ ചില കുത്സിതപ്രവൃത്തികൾ കൊണ്ടും.

നമ്മളോ? അതിൽ ആകെ ഖിന്നരായി, നിരാശരായി, ചിലപ്പോഴെങ്കിലും കുറച്ചു  ദിവസത്തേയ്ക്ക് ഒരുതരം വളർച്ച മുരടിച്ചവരായി മാറുകയും ചെയ്യും. അതാകട്ടെ, നമുക്ക് മേൽ കൂടുതൽ, കൂടുതൽ മാലിന്യങ്ങൾ വർഷിയ്ക്കാൻ അത് ചെയ്തവർക്ക് പ്രചോദനമാകുകയും ചെയ്യും.

ഇവിടെയാണ്, നമ്മൾ മേൽപ്പറഞ്ഞ ആ ചെടികളെ മാതൃകയാക്കേണ്ടത്.

ആര്, എന്ത് മാലിന്യവും നിങ്ങളുടെ തലയിലോ, ചുവട്ടിലോ, ചുറ്റുമോ കൊണ്ടുവന്ന് തള്ളിക്കൊള്ളട്ടെ, നിങ്ങൾക്ക് ആവശ്യമുള്ളതെന്തെങ്കിലും (എന്തെങ്കിലും പാഠങ്ങൾ / സൂചനകൾ അഥവാ നിങ്ങൾ ഇനി മുതൽ എടുക്കേണ്ട മുൻകരുതലുകൾ) അതിലുണ്ടെങ്കിൽ, അതിനെ മാത്രം  സ്വാംശീകരിയ്ക്കുക. എന്നിട്ടോ? അതിനനുസരിച്ച്, നിങ്ങളുടെ ജീവിതത്തിൽ  എന്തെങ്കിലും തിരുത്തലുകൾ ആവശ്യമെങ്കിൽ അത് വരുത്തുകയും ചെയ്യുക. 

ശേഷം, പൂർവ്വാധികം ശക്തിയായി, കരുത്തോടെ അങ്ങ് വളരുക. അതും, മുഖത്തൊരു നിറഞ്ഞ ചിരിയോടെ. നമ്മൾ മുകളിൽ പറഞ്ഞ ആ പനിനീർപുഷ്പം അങ്ങ് വിടർന്നതു പോലെ.

നൂറു ശതമാനം, ഉറപ്പ്. 

നിങ്ങൾക്കുമേൽ മാലിന്യം ചൊരിഞ്ഞവർ, അവർ ആരുതന്നെയും ആകട്ടെ; നിങ്ങൾക്ക് മുന്നിൽ എത്തിയിരിയ്ക്കും. പക്ഷേ, കാഞ്ഞിരക്കുരു കടിച്ച ആ പഴയ മുഖഭാവത്തോടെയല്ല, പകരം ഒരൽപം ജാള്യത നിറഞ്ഞതെങ്കിലും ആ മുഖത്തൊരു ചെറിയ ചിരിയോടെ.

ഇനി അതു ചെയ്യാൻ പോലുമുള്ള ധൈര്യം ഇല്ലാത്തവരാണ് അവരെങ്കിലോ? എങ്കിൽ അവർ, ഒരല്പം ദൂരെ മാറിനിന്ന്, നിങ്ങളെ അസൂയയോടെ ഒന്ന് ഒളിഞ്ഞു നോക്കുന്നെങ്കിലുമുണ്ടാകും. നൂറ്റൊന്നു ശതമാനം തീർച്ച.

അതുകൊണ്ട്.....?

നിങ്ങൾ, നിങ്ങളുടെ ജീവിതത്തിലെ നേട്ടങ്ങളെ കുറിച്ച് ചിന്തിയ്ക്കുക. അത് വലുതോ, ചെറുതോ ആകട്ടെ, അതിൽ അഭിമാനിയ്ക്കുക. (നിങ്ങളുടെ നേട്ടങ്ങൾ, മറ്റുള്ളവർക്ക് ചെറുതെങ്കിലും, നിങ്ങൾക്ക് അവ വലുതായിരിയ്ക്കുമല്ലോ? പ്രിയപ്പെട്ടവയും). നഷ്ടങ്ങളെ പാടെ വിസ്മരിയ്ക്കുക. 

ഏതു സമയത്തും, എവിടെ നിന്നും, നിങ്ങളുടെ തലയിൽ പതിയ്ക്കാവുന്ന ആ മാലിന്യങ്ങളെ കരുതിയിരിയ്ക്കുക. അതിനെ വളമാക്കി മാറ്റി, കരുത്തോടെ, നിറപുഞ്ചിരിയോടെ വളരുക. പിന്നെ പുഷ്പിയ്ക്കുക, കായ്ക്കുക. അതു വഴി, നിങ്ങളുടെ ഈ ജന്മം തന്നെ സഫലമാക്കീടുക.

******

- ബിനു മോനിപ്പള്ളി

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

******

പിൻകുറിപ്പ്: പ്രിയ സുഹൃത്ത് ശ്രീ. ലിജി തരകൻ, കുറച്ച് മാസങ്ങൾക്ക് മുൻപ് അയച്ചു തന്ന, ഏതാനും സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഒരു ടിക്‌ടോക് വീഡിയോ ആണ് ഈ ചെറുലേഖനത്തിന്റെ അടിസ്ഥാനം.




Comments

  1. Precious thought ബിനു

    ReplyDelete
  2. Nannayittundu valare valare

    ReplyDelete
  3. ബിന്ദു സജീവ്15 March 2022 at 20:55

    100 % ശരിയാണ്. വളരെ മെച്ചപ്പെട്ട ആശയം.

    ReplyDelete
  4. കൊള്ളാം ഈ രീതിയിൽ എടുത്താൽ പിന്നെ കാര്യം നിസാരം... പ്രശ്നം ഗുരുതരം ആക്കില്ല 🥰🥰🥰

    ReplyDelete
    Replies
    1. athe ..athu thanne ... take it positively ....

      Delete
  5. As usual, a very thoughtful article from Binu !!!

    ReplyDelete

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]