സർപ്പക്കാവുകളും, അമ്പലക്കുളങ്ങളും .... പിന്നെ ദേ കെ-റെയിലും [ലേഖനം]
[ലേഖനം]
സർപ്പക്കാവുകളും അമ്പലക്കുളങ്ങളും.... !!
"ഛെ ... ഇതൊക്കെ വെറും അന്ധവിശ്വാസങ്ങൾ ... "
ലേഖനത്തിന്റെ തലക്കെട്ട് കണ്ട്, ഇത്തരം ഒരു ആത്മഗതത്തോടെ നെറ്റിചുളിച്ച, ചിലരെങ്കിലും നമ്മുടെ കൂട്ടത്തിൽ ഉണ്ട്.
ഇല്ലേ?
അവരോടായി പറയാം. ഏതെങ്കിലും ഒരു വിശ്വാസമോ (അല്ലെങ്കിൽ അന്ധവിശ്വാസമോ) ഒന്നും, നിങ്ങളിൽ അടിച്ചേൽപ്പിയ്ക്കാനല്ല ഈ ചെറുലേഖനം.
മേല്പറഞ്ഞ, ആദ്യത്തെ ആ രണ്ടു കാര്യങ്ങൾ, 'മതവിശ്വാസ'ത്തിന്റേതല്ലാത്ത ഒരു വീക്ഷണകോണിൽനിന്നും ഒന്ന് നോക്കിക്കാണുക; അവയുടെ പ്രാധാന്യത്തെ ഒന്ന് വിശകലനം ചെയ്യുക, എന്നതു മാത്രമാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം.
സർപ്പക്കാവുകൾ:
കുറേയെറെ വർഷങ്ങൾ പിന്നോട്ടു പോയാൽ, നമ്മുടെ ഗ്രാമപ്രദേശങ്ങളിലെ ക്ഷേത്രങ്ങളോട് ചേർന്ന് മാത്രമല്ല, അന്നത്തെ പല പുരാതന വീടുകളോടും, തറവാടുകളോടും ഒക്കെ ചേർന്നും കാണപ്പെട്ടിരുന്ന ഒന്നായിരുന്നു സർപ്പക്കാവുകൾ.
ഒരു ഗ്രാമത്തിൽ കുറഞ്ഞത് ഒരെണ്ണമെങ്കിലും ഉറപ്പ്.
വന്മരങ്ങൾ മുതൽ കുറ്റിച്ചെടികൾ വരെയുള്ള, എണ്ണമറ്റ തരം സസ്യങ്ങൾ. (അവയിൽ തന്നെ പലതും അപൂർവ്വവും, ഔഷധഗുണമുള്ളവയും). കണ്ടാൽതന്നെ ഉള്ളിൽ ഭയം ജനിപ്പിയ്ക്കുന്ന കൂറ്റൻ വള്ളിപ്പടർപ്പുകൾ. പാമ്പ്, എലി, ഓന്ത്, അരണ, ഉടുമ്പ്, വെരുക് തുടങ്ങി അനവധിയായ ജന്തുക്കൾ. കാക്ക, ചെമ്പോത്ത്, മൈന, അട്ടമുറിയൻ, ഓലഞ്ഞാലി, നത്ത്, പുള്ള്, പുള്ളിക്കുയിൽ തുടങ്ങി, പേരറിയാൻ പോലും ആവാത്തത്ര ഇനം പക്ഷികൾ. കൂടെ, മറ്റനേകം ക്ഷുദ്രജീവികൾ, ഇഴജന്തുക്കൾ ഒക്കെ നിറഞ്ഞ, അകലെ നിന്ന് കാണുമ്പോൾ പോലും ഉള്ളിൽ ഏറെ ഭയം ജനിപ്പിയ്ക്കുന്ന, താരതമ്യേന ഒറ്റപ്പെട്ട ഭൂപ്രദേശങ്ങളായിരുന്നു സർപ്പക്കാവുകൾ. മിക്കവാറും സർപ്പക്കാവുകളിൽ, കാടുമൂടിയ ഒരു കുളമോ, കിണറോ കൂടി കാണും. മേൽപ്പറഞ്ഞ ആ ജീവികൾക്കൊക്കെ ആവശ്യാനുസരണം വെള്ളം കുടിയ്ക്കാൻ.
എന്നാൽ, ഇനി മറ്റൊരു രീതിയിൽ ചിന്തിയ്ക്കൂ. ശരിയ്ക്കും ഒരു സ്വതന്ത്ര ആവാസ വ്യവസ്ഥ ആയിരുന്നില്ലേ ആ സർപ്പക്കാവുകൾ? നമ്മൾ മുകളിൽ പറഞ്ഞ ഉപദ്രവകാരികളായ ആ ജീവികളെല്ലാം തന്നെ, ചുറ്റുപാടുമുള്ള കൃഷിയിടങ്ങളിലേയ്ക്കോ, അല്ലെങ്കിൽ മനുഷ്യരുടെ ആവാസ സ്ഥലത്തേയ്ക്കോ ഒന്നും, ഒരു ശല്യത്തിനും വരാതെ, മുഴുവൻ സമയവും ആ സർപ്പക്കാവുകൾക്കുള്ളിൽത്തന്നെ പാർത്തിരുന്നില്ലേ?
വളർന്നു തിങ്ങിയ ആ ഹരിത വ്യവസ്ഥ, ആ ഗ്രാമത്തിന്റെ തന്നെ പ്രാണവായുവിനെ ശുദ്ധീകരിയ്ക്കുന്നതിൽ വലിയ ഒരു പങ്ക് വഹിച്ചിരുന്നില്ലേ? കത്തുന്ന സൂര്യനു കീഴിൽ, ഒരു കുട പോലെ നിന്ന്, ഒരു ജനതയെ തന്നെ കാലങ്ങളോളം സംരക്ഷിച്ചു നിർത്തിയതിൽ, ഈ സർപ്പക്കാവുകൾക്കും, അത്ര ചെറുതല്ലാത്ത ഒരു പങ്കില്ലായിരുന്നോ?
എന്നാൽ, ഇന്നോ?
പുറത്തേയ്ക്കൊന്നിറങ്ങാൻ പോയിട്ട്, പുറത്തേക്കൊന്നു നോക്കുവാൻ പോലും മടി തോന്നിപ്പിയ്ക്കുന്ന, ഈ കത്തുന്ന വെയിലിൽ, നമ്മൾ അക്കാര്യമൊന്ന് തലപുകഞ്ഞ് (അതോ തലകരിഞ്ഞോ?) ആലോചിയ്ക്കുക തന്നെ വേണം.
അമ്പലക്കുളങ്ങൾ:
ഒരു പക്ഷേ, ഏതാനും വർഷങ്ങൾക്ക് മുമ്പുവരെ നമ്മുടെ ഗ്രാമങ്ങളെ, നാട്ടിൻപുറങ്ങളെ ഒക്കെ ഏറെ സജീവമാക്കിയിരുന്നത്, ഒട്ടനവധി അമ്പലക്കുളങ്ങളും കൂടി ആയിരുന്നു. അല്ലേ?
വിശാലമായി, അങ്ങിനെ നിറഞ്ഞുതൂവിക്കിടക്കുന്ന ആ നീലജലാശയങ്ങൾ, വൈകുന്നേരമാകുമ്പോൾ ആകെയൊന്നു തുള്ളിത്തുടിയ്ക്കും. കാരണം, ആ ചുറ്റുപാടുമുള്ള സകലരുടെയും സമ്മേളന വേദിയാകും, ആ സമയം ആ കുളവും കുളക്കടവുകളും. പറഞ്ഞാലും പറഞ്ഞാലും തീരാത്ത നാട്ടുവിശേഷങ്ങളുമായി, അവർ അവിടെ അലക്കും, കുളിയും തുടങ്ങും. രാത്രി ഏറെ വൈകിയും, മിക്ക കുളങ്ങളും സജീവമായിരുന്നു.
രാവിലെ, മിക്കവാറും അമ്പലക്കുളത്തിലൊരു കുളിയും കഴിഞ്ഞ്, അടുത്ത ആ അമ്പലത്തിൽ ഒരു പ്രാർത്ഥനയും കൂടി കഴിഞ്ഞാവും, മിക്ക കുട്ടികളും അന്നൊക്കെ സ്‌കൂളിലേക്ക് യാത്രയാവുക.
എന്നാൽ, ഒരു 'പൊതു കുളിസ്ഥലം' എന്നതിനേക്കാളൊക്കെ, ഏറെ പ്രാധാന്യമുള്ളതായിരുന്നില്ലേ, ശരിയ്ക്കും ആ അമ്പലക്കുളങ്ങൾ?
അതെ. ആ നാട്ടിലെ ഏറ്റവും വലിയ ശുദ്ധജലതടാകങ്ങളായിരുന്നു ആ അമ്പലക്കുളങ്ങൾ. മിക്കവാറും, ചുറ്റുമുള്ള മുഴുവൻ കൃഷിയിടങ്ങളിലേയ്ക്കും വേണ്ടിയിരുന്ന വെള്ളം ഒഴുകിയെത്തിയിരുന്നതും ഈ കുളങ്ങളിൽ നിന്നായിരുന്നു. ചുറ്റുമുള്ള വീടുകളിലെ കിണറുകളിൽ ജലനിരപ്പ് താഴാതെ കാത്തതും, അതിലെ ഉറവകൾ കടുത്ത വേനൽക്കാലത്തുപോലും വറ്റാതെ നിലനിർത്തിയതും, ഈ കുളങ്ങളായിരുന്നില്ലേ? ആ പരിസരങ്ങളിലെങ്ങുമുള്ള സസ്യങ്ങൾക്കും, പിന്നെ പക്ഷിമൃഗാദികൾക്കും ഒക്കെ ജീവജലം പ്രദാനം ചെയ്തതും ഈ കുളങ്ങൾ ആയിരുന്നു. മാത്രമോ? ആ ഗ്രാമാന്തരീക്ഷത്തെ ആകെ കുളിർമ്മയുള്ളതാക്കിയതും, ഈ കുളങ്ങളൊക്കെത്തന്നെയായിരുന്നു.
***
ഇപ്പോൾ നിങ്ങളിൽ പലരുടെയും മനസ്സിൽ ഉയരുന്ന ഒരു ചോദ്യമുണ്ടാകും. ഈ പറഞ്ഞ കാര്യങ്ങളൊക്കെ ശരി തന്നെ. പക്ഷെ, എന്തിനായിരുന്നു അന്നത്തെ ആളുകൾ 'ഒരാവശ്യവുമില്ലാതെ' ഈ കുളങ്ങളെയും പിന്നെ ആ സർപ്പക്കാവുകളെയുമൊക്കെ, അമ്പലങ്ങളുമായി, അല്ലെങ്കിൽ വിശ്വാസങ്ങളുമായി ഒക്കെ വെറുതേയങ്ങ് ചേർത്തുകെട്ടിയത്? എന്ന്.
അല്ലേ?
ശരിയാണ്. അന്നത്തെ ആ തലമുറ അങ്ങിനെ ചെയ്തിരുന്നുവെങ്കിൽ, അതിനു തക്കതായ കാരണവുമുണ്ട്.
'വിശ്വാസം' എന്നത് അന്നും ഇന്നും, 'അഭയ'ത്തേക്കാൾ, 'ഭയ'ത്തിൽ അധിഷ്ഠിതമായ ഒരു വികാരമാണ്. 'ദൈവഭയം വേണം' എന്നൊക്ക നമ്മൾ പറയാറില്ലേ?
താൻ, തന്റെ ജീവിതത്തിൽ അഭയകേന്ദ്രമായി കാണുന്ന ആ ദൈവത്തിന്റെ സ്വത്താണ് ഇതൊക്കെ, എന്ന് വരുമ്പോൾ, ഒരുവന് അതിൽ കടന്നു കയറാൻ കുറച്ചെങ്കിലും ഭയമുണ്ടാവും.
അതേ. ആ ഭയത്തിനു മേലായിരുന്നു ആ സർപ്പക്കാവുകളും, പിന്നെ ആ അമ്പലക്കുളങ്ങളും ഒക്കെ, കാര്യമായ പരിക്കുകൾ ഇല്ലാതെ കാലങ്ങളോളം ഇവിടെ നിലനിന്നിരുന്നത്.
നിങ്ങൾ ആലോചിച്ചു നോക്കൂ. ലക്ഷങ്ങളോ അല്ലെങ്കിൽ കോടികളോ ഒക്കെ വില വരുന്ന അന്നത്തെ ആ വന്മരങ്ങൾ, ഒരു 'പൊതു'സ്വത്തായി മാത്രമാണ് എല്ലാവരും കണ്ടിരുന്നതെങ്കിൽ, ആരൊക്കെ രാത്രിയുടെ മറവിൽ ആ മരങ്ങളെ വെട്ടിക്കടത്തുമായിരുന്നില്ല?
പോലീസ് സ്റ്റേഷന്റെയും, ഫോറെസ്റ് സ്റ്റേഷന്റെയും ഒക്കെ മുറ്റങ്ങളിൽ നിൽക്കുന്ന വൻ ചന്ദനമരങ്ങൾ പോലും, രായ്ക്കുരാമാനം മുറിച്ചു കടത്തുന്ന വാർത്തകൾ, ഇന്നൊരു പുതുമയേയല്ലല്ലോ നമുക്ക്.
അതേപോലെ, അമ്പലക്കുളങ്ങൾക്കു പകരം, ആ കുളങ്ങളൊക്കെ വെറും പൊതുകുളങ്ങൾ മാത്രമായിട്ടാണ് കണ്ടിരുന്നതെങ്കിലോ?
നമ്മുടെ കന്നുകാലികളെയും നമ്മൾ അതിൽ കുളിപ്പിയ്ക്കുമായിരുന്നു. തോട്ട പൊട്ടിച്ചോ, നഞ്ചു കലക്കിയോ ഒക്കെ നമ്മൾ മീൻ പിടിയ്ക്കുമായിരുന്നു. പിന്നെ, കഴിയുന്നത്ര മലിന-പാഴ്വസ്തുക്കൾ നമ്മളതിൽ തട്ടുമായിരുന്നു.
നമ്മുടെ പൊതു കനാലുകളുടെയും, പുഴകളുടെയും, കുളങ്ങളുടെയും, എന്തിന്? ശുദ്ധജല കായലുകളുടെ വരെ ഇന്നത്തെ അവസ്ഥ, ഇതിന് ഉത്തമ ഉദാഹരണങ്ങളല്ലേ?
ഇനിയും കുറേക്കൂടി ആഴത്തിൽ ഇക്കാര്യം മനസിലാക്കണം എന്നാണെങ്കിൽ, മറ്റൊരു ഉദാഹരണം കൂടി പറയാം.
ഏതാണ്ട് ഒരേസമയം പണിപൂർത്തിയായി പ്രവർത്തനം തുടങ്ങിയ ഒരു സർക്കാർ ആശുപത്രിയുടെയും, സ്വകാര്യ ആശുപത്രിയുടെയും ഇപ്പോഴത്തെ 'വൃത്തി' ഒന്ന് ഒത്തുനോക്കുക. അതുമല്ലെങ്കിൽ, ഒരേ കാലപ്പഴക്കമുള്ള, ദീർഘദൂരയാത്ര നടത്തുന്ന, ഒരു സർക്കാർ ബസിന്റെയും സ്വകാര്യ ബസിന്റെയും (ഉൾവശത്തെയെങ്കിലും) ആ വൃത്തിയും വെടിപ്പും (അപ്ഹോൾസ്റ്ററിയുടെ ധാരാളിത്തമല്ല) ഒന്ന് താരതമ്യം ചെയ്തുനോക്കുക.
[അതായത്, ഒരു വസ്തു പൊതുവസ്തു ആണ് എന്ന് വരുമ്പോൾ, അത് നോക്കി നടത്തുന്നവരുടെയും, ഒപ്പം അത് ഉപയോഗിയ്ക്കുന്നവരുടെയും ഒക്കെ ആ മനോഭാവം അമ്പേ മാറുന്നു, എന്ന് ചുരുക്കം].
അപ്പോൾ ചുരുക്കിപ്പറഞ്ഞാൽ, സർപ്പക്കാവുകൾ, അമ്പലക്കുളങ്ങൾ മുതലായ ഇത്തരം കാര്യങ്ങളെ, പ്രത്യേകിച്ചും പരിസ്ഥിതി പ്രാധാന്യമുള്ള കാര്യങ്ങളെ, 'വിശ്വാസ'ങ്ങളുമായി പണ്ടുള്ളവർ ബന്ധിപ്പിച്ചിരുന്നുവെങ്കിൽ, അതിനെയൊക്കെ "ഛെ ... വെറും അന്ധവിശ്വാസങ്ങൾ" എന്നും പറഞ്ഞു പാടെയങ്ങ് തള്ളാതെ, അന്നുണ്ടായിരുന്നവരെയൊക്കെ വെറും 'ശുംഭന്മാർ' എന്ന് പറഞ്ഞ് ഗർവ്വോടെ സ്വയമങ്ങ് ഞെളിയാതെ, നമ്മൾ അതിനെയൊക്കെ പല വീക്ഷണകോണുകളിൽ നിന്നും വിശദമായി തന്നെ, ഒന്ന് വിശകലനം ചെയ്തുനോക്കുകയാണ്, ആദ്യം ചെയ്യേണ്ടത്.
ഒരു പക്ഷെ, നമ്മുടെ ആ മുൻതലമുറയിൽപെട്ടവർ, നമ്മളെക്കാൾ ഏറെ ബുദ്ധിമാന്മാർ ആയിരുന്നതു കൊണ്ടാണെങ്കിലോ, അത്തരം ചില കാര്യങ്ങൾ അന്ന് ചെയ്തുവച്ചത്? അല്ലെങ്കിൽ, അവർ നമ്മേക്കാൾ ദീർഘദർശികൾ ആയിരുന്നത് കൊണ്ട്?
ആ ദീർഘദർശിത്വത്തിന്റെ ഭാഗമായി, ഒരുപക്ഷേ അവർ അന്നേ മനസ്സിലാക്കിയിരുന്നിരിയ്ക്കണം, മനുഷ്യനെപ്പോലെ തന്നെ മറ്റു പക്ഷിമൃഗാദികളും, പിന്നെ സസ്യജാലങ്ങളുമൊക്കെ ഈ ഭൂമിയ്ക്ക് കൂട്ടവകാശികൾ ആണെന്ന്.
മറ്റൊരു തരത്തിൽ പറഞ്ഞാൽ, മനുഷ്യകുലത്തിന്റെ സ്വസ്ഥമായ മുന്നോട്ടുപോക്കിന് അഥവാ ജീവസന്ധാരണത്തിന്, ഈ ജീവികളുടെ കൂടി സാന്നിധ്യവും, സഹകരണവും അത്യാവശ്യമാണെന്ന്.
***
അയ്യോ .... ലേഖനത്തിന്റെ തലക്കെട്ടിൽ പറഞ്ഞ ആ മൂന്നാമത്തെ കാര്യം പറയാൻ വിട്ടുപോയല്ലോ.
എന്താണെന്നോ?
"അനുകൂലിയ്ക്കുന്നവർ ശാസ്ത്രീയമെന്നും, പ്രതികൂലിയ്ക്കുന്നവർ അശാസ്‍ത്രീയമെന്നും പറയുന്ന ആ മഹാസംഭവ"ത്തെപ്പറ്റി തന്നെ ....
അതെ.. ഇതിനകം തന്നെ ഒട്ടേറെ ചർച്ചകൾക്ക് കാരണഭൂതമായ, നമ്മുടെ സ്വന്തം കെ-റെയിലിനെ പറ്റി ...
ആരോടും പറയണ്ട .... ആദ്യം കുറച്ചു നാൾ, ഒരു മുട്ടൻ രഹസ്യമായിരുന്ന നമ്മുടെ ആ 'ഡി പി ആറി'ൽ ഉണ്ടത്രേ... കെ-റെയിൽ വരുമ്പോൾ ഉണ്ടാകുന്ന ആ വൻ പരിസ്ഥിതി ആഘാതം കുറയ്ക്കാൻ, കഴിയുന്നത്ര സ്ഥലങ്ങളിൽ പഴയകാല അമ്പലക്കുളങ്ങൾക്ക് സമാനമായ വലിയ കുളങ്ങൾ, ധാരാളമായി പണികഴിപ്പിയ്ക്കണമെന്ന്..... എന്താല്ലേ?
[ഇത് നമ്മൾ പറഞ്ഞു കേട്ട കാര്യമാണ് കേട്ടോ. അതും ചില മാധ്യമങ്ങളിൽക്കൂടി. മൂവായിരത്തിൽ അധികം പേജുകൾ ഉള്ളത് കൊണ്ട് ആ 'ഡി പി ആർ' വിശദമായി ഒന്ന് വായിയ്ക്കാൻ പറ്റിയിട്ടില്ല. നിങ്ങളിൽ ആരെങ്കിലും അത് മുഴുവനായി വായിച്ചു നോക്കുമ്പോൾ, ഇനി അഥവാ ഈ കുളങ്ങളുടെ കാര്യം അതിലൊന്നും കണ്ടില്ലെങ്കിൽ, ഒന്ന് സ്വകാര്യമായി പറഞ്ഞാൽ മതി. അപ്പോൾത്തന്നെ കാര്യം കൂടുതൽ 'കുളമാകാതെ', നമുക്കീ മൂന്നാം ഭാഗം മാത്രം നമ്മുടെ ഈ ലേഖനത്തിൽ നിന്നും നീക്കം ചെയ്യാം കേട്ടോ].
********************
- ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
********
പിൻകുറിപ്പ്:
1. ഒരു പക്ഷേ, വിശ്വാസപരമായി നോക്കുമ്പോൾ ഈ കാവുകൾക്കും, കുളങ്ങൾക്കും, മറ്റേറെ പ്രാധാന്യങ്ങൾ കണ്ടേക്കാം. അതുകൊണ്ട്, വിശ്വാസികളായിട്ടുള്ളവർ അവരുടെ വിശ്വാസത്തെ ആ രീതിയിൽ തന്നെ കാത്തുസൂക്ഷിയ്ക്കുക. പരിസ്ഥിതി പ്രാധാന്യത്തിന്റെ കോണിൽ നിന്നും അവയെ ഒന്ന് നോക്കിക്കാണുക മാത്രമാണ് നമ്മൾ ഇവിടെ ചെയ്തത്.
2. കാവുകളും, കുളങ്ങളും മാത്രമല്ല, സമാന സ്വഭാവമുള്ള ഇത്തരം നിരവധി കാര്യങ്ങൾ, ഇങ്ങിനെ പഴയ കാലത്ത് ഇവിടെ നിലനിന്നിരുന്നു. അവയെ നിങ്ങൾക്കും, ഇത്തരത്തിൽ ഒന്ന് വിശകലനം ചെയ്യാവുന്നതാണ്. എന്നിട്ട്, നിങ്ങൾ സ്വയം അങ്ങ് തീരുമാനിയ്ക്കുക, അവയൊക്കെ നല്ലതായിരുന്നോ, അതോ വെറും അന്ധവിശ്വാസങ്ങൾ മാത്രമായിരുന്നോ എന്ന്.
3. പ്രളയത്തിന്റെ കെടുതികൾ, മറ്റാരേക്കാളും നമുക്ക് നന്നായി മനസിലാകുന്ന ഈ കാലത്ത്, അതൊക്കെ പണ്ടെന്തുകൊണ്ട് ഈ നാട്ടിൽ ഉണ്ടായിരുന്നില്ല എന്നതിന്റെ കാരണങ്ങൾ കൂടി ഒന്ന് അന്വേഷിയ്ക്കാം. എന്താ? ഈ കുളങ്ങൾക്കും, കാടുകൾക്കും, കാവുകൾക്കും, തോടുകൾക്കും , മലകൾക്കും ഒക്കെ ..... അതിൽ (ആ 'പ്രളയമില്ലായ്മയിൽ') ഒരു കുഞ്ഞുപങ്ക് എങ്കിലും ഉണ്ടായിരുന്നോ? എന്ന് കൂടി.
*ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
Whatever you said are correct. We have to think the common people need k-rail Or the nature
ReplyDelete👍❤grateful 🙏
ReplyDeleteനമസ്കാരം ബിനു.
ReplyDeleteഏറെ കാലികപ്രസക്തമായ കാര്യങ്ങളാണ് ലേഖനത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. ഒത്തിരി സന്തോഷവും ആദരവും.
എല്ലാം മാറ്റങ്ങൾക്ക് വിധേയമാകേണ്ടതാണെങ്കിൽ കൂടി
ഇപ്പോഴത്തെ മാറ്റങ്ങൾക്ക് ഇത്രയേറെ വേഗതയുണ്ടാകുമെന്ന്
തീരെ പ്രതീക്ഷിച്ചില്ല.
" എല്ലാം നല്ലതിനെന്ന ചൊല്ല് "
ആശ്വാസമാക്കുകയാണ്.
നിറഞ്ഞ സ്നേഹവും ആദരവും .
രേഖ വെള്ളത്തൂവൽ
ഏറെ സന്തോഷം സർ ... അതെ മാറ്റങ്ങൾ വേണം ...പക്ഷെ എല്ലാ മാറ്റങ്ങളും അത്ര നല്ലതാണോ എന്നും നമ്മൾ പരിശോധിയ്‌ക്കേണ്ടിയിരിയ്ക്കുന്നു .... പ്രത്യേകിച്ചും നമ്മുടെ സംസ്കാരത്തെയും പരിസ്ഥിതിയേയും ഒക്കെ ബാധിയ്ക്കുന്നതാണ് ആ മാറ്റം എങ്കിൽ .....
Delete🙏🙏🙏
ReplyDelete