പരദൂഷണം - ചില ദുഷിയ്ക്കാത്ത ചിന്തകൾ [ലേഖനം]


പരദൂഷണം - ചില ദുഷിയ്ക്കാത്ത ചിന്തകൾ 

[ലേഖനം]

കാരണഭൂതരായവർക്ക് ചിലപ്പോൾ ഒരു 'വല്ലാത്ത തരം' മനഃസുഖം നൽകിയേക്കാമെങ്കിലും,  പാത്രീഭൂതരായവർക്ക് ഏറെ മനഃപ്രയാസം ഉണ്ടാക്കുന്ന ഒരു 'വല്ലാത്ത സാധനം' തന്നെയാണെ ഈ 'പരദൂഷണം'. 

എന്താ, ശരിയല്ലേ?

ഒരിയ്ക്കലെങ്കിലും ഇതിന് ഇരയാകാത്തവർ ആരെങ്കിലും കാണുമോ? സംശയമാണ്.

എന്നാൽ ഇരകളായവർ, അങ്ങിനെ ഓർത്തോർത്ത് മനഃപ്രയാസപ്പെടേണ്ട ഒന്നാണോ, ഈ ഒരു സാധനം? നമുക്കൊന്ന് നോക്കിയാലോ?

1. എന്താണ് ശരിക്കും പരദൂഷണം?

വളരെ ലളിതം. ഒരാൾ മറ്റൊരാളെ പറ്റി, അയാളെ ഒന്ന് പരിഹാസ്യനാക്കണം അല്ലെങ്കിൽ അപമാനിതനാക്കണം, ഏറ്റവും കുറഞ്ഞത് അസ്വസ്ഥനെങ്കിലും ആക്കണം, എന്നൊക്കയുള്ള ദുരുദ്ദേശങ്ങളോടെ നടത്തുന്ന 'ദുഷ് പ്രചരണം'.

ഇനി, കുറച്ചൊന്ന് കനം കൂട്ടിപ്പറഞ്ഞാലോ.

തന്നെക്കാൾ മിടുക്കനാവാൻ താൻ ആരെയും സമ്മതിയ്ക്കില്ല എന്നും, അഥവാ അങ്ങിനെ ആരെങ്കിലും ശ്രമിച്ചാൽ, നേരിട്ട് അവരെ എതിർക്കാൻ ധൈര്യമില്ലാത്ത താൻ, ഏതു വിധേനയും മാനസികമായി അവരെ തകർക്കുമെന്നുമുള്ള, ഒരു വ്യക്തിയുടെ അപക്വമായ മനസ്സിന്റെ, ഏറ്റവും വികലമായ ഒരു ബഹിർസ്ഫുരണമാണ് ഈ പരദൂഷണം.

2.  എന്താവാം പരദൂഷണത്തിനു പിന്നിലെ മനഃശാസ്ത്രം?

പലതാവാം. 

- തനിയ്ക്ക് കയ്യെത്തിപ്പിടിയ്ക്കാൻ കഴിയാത്ത നേട്ടങ്ങളെ, മറ്റൊരാൾ കരസ്ഥമാക്കുന്നതു കാണുമ്പോഴുള്ള അസൂയ.

- തന്നേക്കാൾ മിടുക്കരാവാൻ താൻ ആരെയും അനുവദിയ്ക്കില്ല, എന്ന ദുർവാശി.

- താൻ മറ്റെല്ലാവരേക്കാളും ഏറെ മോശപ്പെട്ട ആളാണ്, എന്ന ആ 'ഇൻഫീരിയോരിറ്റി കോംപ്ലക്സ്'.

- മറ്റുള്ളവർ മാനസികമായി വേദനിയ്ക്കുന്നതു കാണുമ്പോൾ, സ്വയം  സന്തോഷിയ്ക്കുവാൻ കഴിയുന്ന ഒരുതരം 'സാഡിസ്റ്റിക് മനോഭാവം'.

- നല്ലതെന്തിനെയും, പുച്ഛത്തോടെ മാത്രം കാണുന്ന, ജന്മസിദ്ധമായ ആ 'വികല സ്വഭാവം'.

- 'വെടക്കാക്കി തനിയ്ക്കാക്കുക' എന്ന വില കുറഞ്ഞ സ്വാർത്ഥ ചിന്ത.

- വെറുതെ ഒരു രസം.

ഇങ്ങനെ, പലതുമാകാം ഇതിന്റെ പിന്നിലുള്ള കാരണങ്ങൾ.

3. പരദൂഷണത്തെ എങ്ങിനെ നേരിടണം?

ഇതാണ് നമ്മൾ ഇവിടെ ഇത്തിരി വിശദമായി കാണാൻ പോകുന്നത്. 

നിങ്ങളെക്കുറിച്ച് ഒരാൾ പരദൂഷണം പറഞ്ഞു എന്ന് നിങ്ങൾ അറിഞ്ഞാൽ, എന്തു ചെയ്യും? 

ചിലർ, അതിൽ വിഷമിച്ചിരിയ്ക്കും; മറ്റു ചിലർ ആ പറഞ്ഞ ആളെ അറിയാമെങ്കിൽ, അയാളോട് ഇതേക്കുറിച്ച് ചോദിയ്ക്കാൻ പോകും (അങ്ങിനെയെങ്കിൽ, ഒരു പക്ഷേ, അവർ തമ്മിൽ വഴക്കുമായേക്കും); ഇനിയും ചിലർ, ആ പറഞ്ഞ ആളിനെക്കുറിച്ച്, അയാൾ പറഞ്ഞതിലും വലിയ ചില 'പരദൂഷണങ്ങൾ' പറഞ്ഞുപരത്തിക്കളയും. 

ശരിയല്ലേ?

എന്നാൽ ഇതൊന്നുമല്ല വേണ്ടത്.

പിന്നെ? 

ഒന്നും മിണ്ടാതെ വെറുതെ അതും കേട്ടോണ്ടിരിയ്ക്കണം എന്നാണോ?

ഏയ് .... അതുമല്ല .... പറയാം.

ആദ്യം ചെയ്യേണ്ടത്, ആ പരദൂഷണം പറഞ്ഞ ആളിനെക്കുറിച്ച് ഒന്ന് വിശദമായി അന്വേഷിയ്ക്കുകയാണ്. മുൻപ് ഇതേ ആളിനെക്കുറിച്ച്,  മറ്റേതെങ്കിലും പരദൂഷണവുമായി ബന്ധപ്പെട്ട് നിങ്ങൾ ഒരു അന്വേഷണം നടത്തിയിട്ടുണ്ടെങ്കിൽ, അത് വീണ്ടും നടത്തേണ്ടതില്ല കേട്ടോ. കാരണം, ഈ കാര്യത്തിൽ മാത്രം നമുക്ക് ഉറപ്പിച്ചു പറയാം, അയാളുടെ അന്നത്തെ ആ 'നല്ല' സ്വഭാവത്തിന്, കാര്യമായ ഒരു മാറ്റവും വന്നിട്ടുണ്ടാകില്ല. 

അന്വേഷണത്തിൽ, നിങ്ങൾക്ക് കിട്ടുന്ന ആ  അറിവുകൾ പ്രകാരം, അയാൾ താഴെ പറയുന്നവയിൽ ഏതു ഗണത്തിൽ വരുന്ന ആൾ ആണ്, എന്ന് നോക്കുക.

ഗണം-1: ചിലരുണ്ട്, ജീവിതത്തിൽ എല്ലാവരോടും, എല്ലാത്തിനോടും, ഒരുതരം  പുച്ഛം മാത്രമുള്ളവർ. വീട്ടുകാരോടും, നാട്ടുകാരോടും, കൂട്ടുകാരോടും, സഹപ്രവർത്തകരോടും, എന്തിനേറെ ആഹാരസാധനങ്ങളോടും, വാഹനങ്ങളോടും, കാലാവസ്ഥയോടും, വസ്ത്രധാരണരീതികളോടും ....  എന്നുവേണ്ട, സകലതിനോടും ഇവർക്ക് പുച്ഛം മാത്രം. ആരെങ്കിലും എന്തിനെക്കുറിച്ചെങ്കിലും ഇവരോട്, അറിയാതെയെങ്ങാൻ ഒന്ന് ചോദിച്ചു പോയാലോ? "ഓഹ് ... കൊള്ളത്തില്ലന്നെ..... വെറും വേസ്റ്റ് ...!" എന്ന ഒരു സ്ഥിരം അഴകൊഴമ്പൻ ശൈലി ... 

[താരതമ്യേന, എണ്ണത്തിൽ ഏറെയുള്ള ഇക്കൂട്ടരെ പെട്ടെന്ന് മനസിലാക്കാൻ ചില ഉദാഹരണങ്ങൾ പറയാം. ഇത്തരത്തിലുള്ള ഒരാൾ തനിച്ചോ,  കുടുംബസമേതമോ ഒക്കെ, ഒരേ ഹോട്ടലിൽ നിന്നും പല തവണ ആഹാരം കഴിയ്ക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ട് എന്ന് കരുതുക. ഇനി, നിങ്ങളെങ്ങാൻ അയാളോട് ആ ഹോട്ടലിനെ കുറിച്ച് ചോദിച്ചാലോ? "അയ്യേ .... വായിൽ വയ്ക്കാൻ കൊള്ളത്തില്ലന്നെ.." എന്നാകും ഉത്തരം. ഏതെങ്കിലും വിവാഹത്തിന് പോയി, മൂക്കുമുട്ടെ തിന്നതിനു ശേഷം കൈകഴുകുമ്പോൾ, "മണവാട്ടി കൊള്ളാം ..സുന്ദരിയായിരിയ്ക്കുന്നു ..അല്ലേ?" എന്നെങ്ങാൻ ചോദിച്ചാലോ? "ശ്ശേ .. ആ പെണ്ണിന്റെ മൂക്ക് കണ്ടില്ലേ? പിന്നെ ... എന്നാ ...ചായമൊക്കെയാന്നേ... അവൾ ആ വാരിപ്പൂശിയേക്കുന്നെ ?..." എന്നാവും പ്രതികരണം. ഇനി സ്വന്തം പങ്കാളിയെ കുറിച്ചെങ്ങാൻ ചോദിച്ചാലോ? "ആ... എനിക്കെങ്ങും അറിയാമ്മേല.... " എന്നൊക്കെയാകും ഉത്തരം]

ഗണം-2. ഇനി, മറ്റു ചിലരുണ്ട്. ഇവർ നല്ലതിനെ നല്ലത് എന്നും, മോശമായതിനെ മോശമായത്, എന്നും പറയുന്ന ആളുകളാണ്. താരതമ്യേന 'നല്ല ആളുകൾ' എന്ന് വേണമെങ്കിൽ പറയാം. പക്ഷേ, ഇവർ എണ്ണത്തിൽ തീരെ കുറവായിരിയ്ക്കും കേട്ടോ.

നിങ്ങളെക്കുറിച്ച് പരദൂഷണം പറഞ്ഞ ആ ആൾ, ആദ്യ ഗണത്തിൽ പെടുന്നുവെങ്കിൽ? 

അവർ നിങ്ങളെ പറ്റി 'ഇല്ലാത്തത്' പറഞ്ഞാൽ നിങ്ങൾ എന്തിനു വിഷമിയ്ക്കണം? ലോകത്തിൽ, സകലരെയും കുറിച്ച് പുച്ഛം മാത്രം ഉള്ളവർ, സ്വന്തം മാതാപിതാക്കളെക്കുറിച്ച് പോലും തെല്ലും മതിപ്പില്ലാത്തവർ, ആ അവർ, നിങ്ങളെക്കുറിച്ച് മാത്രം നല്ലതു പറയണം എന്ന് നിങ്ങൾ   പ്രതീക്ഷിയ്ക്കുന്നുവെങ്കിൽ, ഒരു സംശയവും വേണ്ട, നിങ്ങളാകും ഈ  ലോകത്തിലെ ഏറ്റവും വലിയ മണ്ടൻമാരിൽ ഒരാൾ. എന്താ ശരിയല്ലേ? 

ഇനി, നിങ്ങളെ കുറിച്ച് പരദൂഷണം പറഞ്ഞ ആ ആൾ, രണ്ടാം ഗണത്തിൽ പെടുന്ന ആളാണെങ്കിലോ? 

അത്തരമൊരാൾ നിങ്ങളെ പറ്റി 'മോശം' പറഞ്ഞുവെന്നു നിങ്ങൾ അറിഞ്ഞാൽ, അതങ്ങിനെ വെറുതെ  തള്ളിക്കളയരുത്.  ആ സന്ദർഭത്തിൽ, നിങ്ങൾ ഒരു സ്വയം വിശകലനത്തിന് തയ്യാറാകുക. കുറ്റങ്ങളോ കുറവുകളോ ഉണ്ടെങ്കിൽ തീർച്ചയായും,  വേണ്ട തിരുത്തലുകൾ വരുത്തുകയും ചെയ്യുക. മറ്റേ ആളിന് ഇനിയൊരു മോശം പറയാൻ (ശരിയ്ക്കും അത് 'മോശം' അല്ലല്ലോ, കുറച്ചെങ്കിലും കാമ്പുള്ള ഒരു വിമർശനം ആയിരുന്നല്ലോ) ഒരവസരവും നൽകാതിരിയ്ക്കുക.

ചുരുക്കത്തിൽ, ആരുതന്നെ നിങ്ങളെ പറ്റി, എന്ത് പരദൂഷണം പറഞ്ഞാലും, അതിൽ മനസ്സ് വിഷമിച്ചിരിയ്ക്കുകയല്ല വേണ്ടത്. 

മറിച്ച്, മുകളിൽ പറഞ്ഞ ആ രണ്ടു മാർഗങ്ങളിൽ ഏതാണോ അനുയോജ്യമായത്, അത് തിരഞ്ഞെടുക്കുകയും, അതിനനുസരിച്ചു പ്രവർത്തിയ്ക്കുകയും ചെയ്യുകയാണ്. മറ്റെല്ലാ പരദൂഷണങ്ങളെയും അവ അർഹിയ്ക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക. അതിനൊന്നും ചെവി കൊടുക്കാതിരിയ്ക്കുക.

ആരെങ്കിലും സമയം കൊല്ലാൻ പറയുന്ന അത്തരം കഥയില്ലാ ദോഷങ്ങളെ  ഓർത്ത്, വെറുതെ  വിഷമിയ്ക്കാനുള്ളതല്ല, നിങ്ങളുടെയും എന്റെയും ഒന്നും മനസ്‌സുകൾ.  അവയിൽ ആവുന്നത്ര സന്തോഷം നിറച്ച്, ഈ ജീവിതം എന്നത് കഴിയുന്നത്ര നന്നായിത്തന്നെ അങ്ങ് ജീവിയ്ക്കാനുള്ളതാണ്. 

ആ ഓർമ്മകൾ, എപ്പോഴും ഉണ്ടായിരിയ്ക്കണം. ഒരു പിന്തുണയ്ക്കായി,  വേണമെങ്കിൽ ആ പഴയ പാട്ടു കൂടി നിങ്ങൾ ഒന്ന് മൂളിക്കോളൂ; ഇനിയിപ്പോൾ  അതിത്തിരി ഉറക്കെ ഒന്നങ്ങു പാടിയാലും കുഴപ്പമില്ല. പാട്ട് ഏതാണെന്നോ? 

".... പോനാൽ പോകട്ടും പോടാ ...".

വിഷയം 'പരദൂഷണ'മായിരുന്നെങ്കിലും, നമ്മുടെ ഈ ലേഖനം ഒരിയ്ക്കലും ഒരു 'പരദൂഷണ'മായില്ല എന്ന ഉത്തമവിശ്വാസത്തോടെ ....

സ്നേഹപൂർവ്വം 

ബിനു മോനിപ്പള്ളി 

പിൻകുറിപ്പ്: ഒരു കാര്യം കൂടി. തങ്ങൾ പറയുന്ന പരദൂഷണങ്ങളിൽ ഒരാൾ തീരെയും  വിഷമിയ്ക്കുന്നില്ല എന്ന് കണ്ടാൽ പിന്നെ, നമ്മുടെ പരദൂഷണക്കാർ അവിടെ നിൽക്കില്ല, കേട്ടോ. വിഷമിയ്ക്കുന്ന മറ്റൊരാളെ, അല്ലെങ്കിൽ ഇരയെ തേടി, അവർ അങ്ങ് പൊയ്ക്കോളും.  അവർക്കിപ്പോ, നിങ്ങളെ തന്നെ കിട്ടണം എന്നൊന്നുമില്ല. ഏതെങ്കിലും ഒരാളെ കിട്ടിയാൽ മതി.

*ചിത്രത്തിന് കടപ്പാട്: ഗൂഗിൾ ഇമേജസ് 

********************

- ബിനു മോനിപ്പള്ളി

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********

Comments

  1. വായിച്ചു വായിച്ച് ഊറി ചിരിക്കുവാനും , ഏറെ ചിന്തിക്കുവാനും കഴിയുന്ന എഴുത്തും ശൈലിയും. പതിവു പോലെ ബിനു വളരെ നന്നായി പ്രസന്റുെ ചെയ്തു. ഒത്തിരി സന്തോഷം തോന്നി. അതിലേറെ സംതൃപ്തിയും, ആദരവും.
    സ്നേഹപൂർവ്വം
    രേഖ വെള്ളത്തൂവൽ

    ReplyDelete
    Replies
    1. ഏറെ സന്തോഷം സാർ.... കാര്യം നിസാരമെങ്കിലും ചിലപ്പോഴൊക്കെ അത് ഗൗരവതരമാകാറുമുണ്ട് ... ചിലർക്കെങ്കിലും .... അതുകൊണ്ടു കൂടിയാണ് ഇത്തവണ ഈ വിഷയം എടുത്തത് .... ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം .......

      Delete
  2. ബിന്ദു സജീവ്27 April 2022 at 07:18

    കൊള്ളാം ബിനു നന്നായിരിക്കുന്നു

    ReplyDelete
    Replies
    1. ഏറെ സന്തോഷം ബിന്ദു ..... പരദൂഷണം പലപ്പോഴും ഇരകൾക്കു ഏറെ മനോവിഷമം ഉണ്ടാക്കുന്നതാണ് .... അല്ലെ ? അതുകൊണ്ട് തന്നെ അതിനെ കുറിച്ചാകാം ഇത്തവണ എന്ന് കരുതി ....

      Delete

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]