ഓണോർമ്മകൾ [ഓണപ്പാട്ട്]

ഓണോർമ്മകൾ

[ഓണപ്പാട്ട്]


"ഓണം വന്നോണം... വന്നാ"പ്പാട്ട് കേൾക്കുമ്പോൾ 

ഓണക്കുളിരുള്ളിൽ തോന്നിടുന്നു 

ഓണത്തിൻ ഓർമ്മകൾ ഓടിയെത്തീടുന്നു 

ഓണനിലാവ് പരക്കും പോലെ 


ഒന്നാം തുമ്പിയുറങ്ങല്ലേ, നീ 

കൂടെ പോരാനൊരുങ്ങീല്ലേ 

ഓരടിക്കുന്നിന്റെ തുഞ്ചത്ത് നില്ക്കണ  

തുമ്പപ്പൂ നുള്ളാൻ പോരൂല്ലേ 


ഓണത്തലേന്നന്നു വീട്ടുകാരൊന്നിച്ചു 

മേളമോടൊന്നങ്ങു കൂടിയില്ലേ?

പുന്നെല്ലു കുത്തലും ചേനയൊരുക്കലും 

ആ കൂടെയങ്ങു നടന്നില്ലേ?


തൊടിയിലെ മൂലയിലതിർ കാത്തു നിന്നൊരാ 

നേന്ത്രനെ നൊടികൊണ്ട് വീഴ്ത്തിയില്ലേ?

ഇളകിച്ചിരിയ്ക്കുന്നോരെണ്ണയിൽ മുങ്ങുമ്പോൾ 

കിരുകിരെ അവനെന്തോ ചൊല്ലിയില്ലേ?


ഓണപ്പുലരിയിൽ ചെന്തെങ്ങിൻ ചോപ്പുള്ള 

കതിരവൻ ആ കുന്നിലുയരുമ്പോൾ 

ഓടിത്തിമിർത്തുകൊണ്ടാറ്റിലേയ്ക്കന്നു 

നാം മുങ്ങാംകുഴിയിട്ടതും ഓർമ്മയില്ലേ?


ഓണത്തിൻ കോടിയുടുത്തിട്ടു മുറ്റത്തു 

പാറിപ്പറന്നു കളിച്ചതല്ലേ?

ഉച്ചയ്ക്ക് തൂശനിലസ്സദ്യയുണ്ടതും 

ഓണത്തിൻ മങ്ങാത്തോരോർമ്മയല്ലേ?


ഒളിയൽപ്പം മങ്ങിയിട്ടുണ്ടാകാമെങ്കിലും 

ഓണം നമുക്കിന്നും മോദമത്രെ 

ഉള്ളിലെ ദുഃഖങ്ങൾ ഉള്ളിലൊതുക്കിയിട്ടിന്നും 

നമുക്കൊന്നങ്ങൊത്തു ചേരാം ....


ആ പ്രിയ രാജനെ കാട്ടുവാനെങ്കിലും 

ഒരു ചെറുപുഞ്ചിരി ചേർത്തുവയ്ക്കാം 

ഓണത്തിൻ പൂവിളി നെഞ്ചിലോർക്കാം 

ഗതകാല നന്മകൾ ഓർത്തെടുക്കാം

**************************

സ്നേഹത്തോടെ, ഓണാശംസകളോടെ ....

ബിനു മോനിപ്പള്ളി


**************

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

കുമാരി പൂർണിമ അശോക് ആലപിച്ച ഈ ഓണപ്പാട്ട് കേൾക്കുവാനായി താഴെ കൊടുത്തിരിയ്ക്കുന്ന ലിങ്ക് ക്ലിക് ചെയ്യുക.

https://youtu.be/Kkv81mzyrPc








Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]