നഷ്ടം [കവിത]

 

നഷ്ടം

[കവിത]


'നഷ്ടപ്പെടും വരെ നഷ്ടപ്പെടുന്നതിൻ 

നഷ്ടമെന്താണെന്നതോർക്കില്ല നാം'*

പ്രിയ കവീ, നിന്റെയാ വാക്കുകൾ ഞാനന്ന് 

ഹൃദയത്തിനുള്ളിലായ് കാത്തുവച്ചു 


നഷ്ടമായെപ്പോഴോ തുടരുമീ യാത്ര തൻ 

തീരാത്തൊരാ ദൂരപാളങ്ങളിൽ 

നഷ്ടങ്ങൾ തൻ കണക്കെഴുതുമ്പോൾ ഞാനിനി 

ഒന്നാമതായതു ചേർത്തു വയ്ക്കാം 


നഗരത്തിരക്കിലിന്നോടുമ്പോൾ ഞാനെന്റെ 

ഗ്രാമസൗഭാഗ്യങ്ങൾ നഷ്ടമാക്കി 

വിരലിനാൽ കുത്തി ഞാൻ സൗഹൃദം കാക്കവേ 

നെഞ്ചിലെ കൂട്ടുകാർ നഷ്ടമായി 


വെട്ടിപ്പിടിയ്ക്കുവാനുള്ളൊരാ പാച്ചിലിൽ 

പ്രണയത്തെ ഞാനന്നു നഷ്ടമാക്കി 

ഓടിത്തളർന്നപ്പോൾ ഒട്ടൊന്നു ചായുവാൻ 

പ്രണയിനിയില്ലവൾ നഷ്ടമായി 


ഒട്ടൊന്നു മിണ്ടുവാൻ സമയം കിടയ്ക്കാത്ത 

മകനായി ഞാനതു നഷ്ടമാക്കി 

അച്ഛനുമമ്മയും പറയാൻ കരുതിയാ 

കഥകൾ ഒരായിരം നഷ്ടമായി 


നിറയെച്ചിരിയ്ക്കുവാൻ വെമ്പിയോരുൾത്തടം  

എന്തിനോ ഞാനിന്നു നഷ്ടമാക്കി 

ഏറെ ആശങ്കകൾ തിങ്ങിനിറഞ്ഞെന്റെ  

ഹൃദയതാളം പോലും നഷ്ടമായി 

 

ഇത്തിരി കളിവാക്കു ചൊല്ലുവാനെത്തുന്ന 

പൈതലിൻ കൊഞ്ചൽ ഞാൻ നഷ്ടമാക്കി 

കളിചിരികൾ മാറ്റിവച്ചൊരു മൂല പുക്കുന്ന 

പൈതലിൻ ബാല്യവും നഷ്ടമായി 


ഓട്ടമാണോട്ടമാണിന്നത്തെ ജീവിതം 

ഓടി മടുക്കുമ്പോൾ ചാട്ടമാണ് 

ഓടിയും ചാടിയും അവസാനമെത്തുമ്പോൾ 

ഓർക്കണം നിങ്ങളീ കാര്യമൊന്ന് 


നഷ്ടങ്ങൾ എല്ലാം സഹിച്ചു കൊണ്ടെന്താണ് 

നേട്ടങ്ങൾ നേടിയതെത്ര ബാക്കി?

നഷ്ടപ്പെടുത്തിയാ ബന്ധങ്ങൾ തൻ മൂല്യ-

മതിലും കുറേയങ്ങു താഴെയാണോ?


ജീവിതത്തിന്റെയാ ബാക്കിപത്രത്തിൽ നാം 

കൂട്ടിക്കുറച്ചു ഗുണിയ്ക്ക വേണ്ട 

കൂട്ടലും ഗുണനവും ഹരണവും കഴിയുമ്പോൾ 

ബാക്കിയാവുന്നതോ 'പൂജ്യ'മത്രെ 


കൂട്ടലും ഗുണനവും ഹരണവും കഴിയുമ്പോൾ 

ബാക്കിയാവുന്നത്.....  'പൂജ്യ'മത്രെ...!!

===============

- ബിനു മോനിപ്പള്ളി

*ആദ്യ രണ്ടു വരികൾക്ക് കടപ്പാട്: ശ്രീ മുരുകൻ കാട്ടാക്കട 

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********

പിൻകുറിപ്പ്: തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന 'അക്ഷരമലരുകൾ' പബ്ലിക്കേഷൻസ്  പുറത്തിറക്കിയ കവിത/കഥ സമാഹാരത്തിൽ പ്രസിദ്ധീകരിച്ചത്





Comments

  1. ഏവരുടെയും ഉള്ളിൽ ഉള്ള, പറഞ്ഞതും പറയാത്തതുമായ സത്യം.... ആനുകാലിക പ്രസക്തി ഏറെയുള്ള സത്യം...... 👍👋👋

    ReplyDelete
  2. ❤️❤️❤️🙏🙏

    ReplyDelete

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]