പഞ്ചാരക്കൊല്ലിയിലെ 'പ്രിയ' ??


പഞ്ചാരക്കൊല്ലിയിലെ 'പ്രിയ' ?? 

അത്ര പരിചിതമല്ലാത്ത ആ നമ്പറിൽ നിന്നും ഒരു 'കാൾ' വന്നപ്പോൾ, ആദ്യം എടുക്കാൻ മടിച്ചു. വീണ്ടും ഒന്ന് കൂടി വന്നപ്പോൾ എടുത്തു. 

മറുതലയ്ക്കൽ മനോഹരമായ ഒരു ശബ്ദം.

"ഞാൻ പ്രിയ ... സാർ ..ഞാൻ പഞ്ചാരക്കൊല്ലിയിൽ നിന്നും വിളിയ്ക്കുന്നു ..."

"പഞ്ചാരക്കൊല്ലിയോ ...? അതേതു സ്ഥലം ..?"

തിരിച്ചുള്ള ചോദ്യത്തിനൊപ്പം ഞാൻ ഉറപ്പിച്ചു ... ഇത് വെറും ഒരു പഞ്ചാര കാൾ തന്നെ ..അല്ലെങ്കിൽ തേൻകെണി ....

പണിയാവുമോ ...?

"സാർ ... നമ്മുടെ ഈ കേരളത്തിൽ അങ്ങിനെയും ഒരു സ്ഥലമുണ്ട് സാർ ... ഈ ക്രിസ്തുമസ് അവിടെ ആഘോഷിയ്ക്കാൻ സാറിനെ ക്ഷണിയ്ക്കാനാണ് ഞാൻ വിളിയ്ക്കുന്നത് ...."

"അതിന് ... ഇയാൾക്ക് എന്നെ എങ്ങിനെ അറിയാം ?"

"അതൊക്കെ അറിയാം ... സാർ വരണം ... കുടുംബത്തോടൊപ്പം ... "

"അത് .... പിന്നെ ...."

"ഒന്നുമില്ല സാർ ... സാർ ഒരിയ്ക്കലും മറക്കാത്ത ഒരു ക്രിസ്തുമസ് ഇത്തവണ നമുക്കിവിടെ ആഘോഷിയ്ക്കാം ...."

മനസ്സിൽ ഒരു ലഡ്ഡു പൊട്ടി ....അല്ല ഒന്നല്ല രണ്ട് ...

അവൾ തുടർന്നു ...

"കൂട്ടുകാർക്കും വീട്ടുകാർക്കുമൊപ്പം ....കേട്ടോ സാർ ...വരണം ... അപ്പോൾ എല്ലാം ഞങ്ങൾ ഇവിടെ അറേൻജ് ചെയ്യുകയാണ് ..."

മറിച്ചെന്തെങ്കിലും പറയുന്നതിന് മുൻപേ ഫോൺ കട്ടായി ....

അധികം വൈകാതെ വാട്സാപ്പിൽ ലൊക്കേഷൻ മാപ്പും അയച്ചു കിട്ടി.

എന്തായാലും, ഞങ്ങൾ പോകാൻ തീരുമാനിച്ചു ...കൂടെ അടുത്ത ചില സുഹൃത്തുക്കളെയും, കുടുംബാംഗങ്ങളെയും കൂട്ടി. അവരിൽ ചിലരാകട്ടെ നേരിട്ട് സ്ഥലത്തെത്താം എന്നും ഏറ്റു. 

അപരിചിതമായ ഒരു സ്ഥലത്തേയ്ക്കുള്ള യാത്രയല്ലേ ...അല്പം കരുതൽ നല്ലതാണല്ലോ. 

ആദ്യം പ്രിയയെ കാണുക. പിന്നെ അവൾ ഞങ്ങൾക്ക് വേണ്ടി ഒരുക്കിയിരിയ്ക്കുന്ന ആ പ്രത്യേക വിഭവങ്ങളും കാഴ്ചകളും എന്തൊക്കെയെന്ന് അറിയണം. അവളോടൊപ്പം അവിടെയൊക്കെ ഒന്നു ചുറ്റിക്കറങ്ങണം. കൊഞ്ചലിന്റെ ഈണത്തിൽ അവൾ പങ്കു വയ്ക്കുന്ന ആ വിശേഷങ്ങൾ കേൾക്കണം ...അവളോടൊപ്പം ആ തേയിലക്കാടുകളിൽ വെറുതെ നടക്കണം ... അസ്തമയം കാണണം ... പിന്നെ വിറയ്ക്കുന്ന ആ തണുപ്പിൽ കമ്പിളിയുടെ ചൂടിൽ .... അങ്ങിനെ ..അങ്ങിനെ ...

യാത്രയ്ക്കിടെ, മനസ്സിൽ  പ്ലാനുകൾ മാറിയും മറിഞ്ഞും വന്നു കൊണ്ടിരുന്നു. 

പക്ഷേ, തീർത്തും അപ്രതീക്ഷിതമായി വയനാടൻ ചുരത്തിൽ കിട്ടിയ ആ 'ട്രാഫിക്ബ്ലോക്ക്' പ്ലാനുകളെ ആകെ തകിടം മറിച്ചു. എത്രയും നേരത്തേ പ്രിയയ്ക്കരികിൽ എത്താം എന്ന മോഹം, ഇനി നടക്കുമെന്ന് തോന്നുന്നില്ല.

ബ്ലോക്കിൽ അങ്ങിനെ നിരങ്ങി നീങ്ങുമ്പോൾ, ദാ വരുന്നു മറ്റൊരു കാൾ. ഞങ്ങളുടെ കൂട്ടുകാരിൽ രണ്ടു പേർ അവിടെ അവൾക്കൊപ്പം ചേർന്നുവത്രെ. 

"എടാ എങ്ങിനെയുണ്ട് അവിടെ? ..... സുന്ദരിയാണോ പ്രിയ?..."

"ആണോന്നോ ...? പിന്നല്ലാതെ..."

"എന്നാ .... പറ ..പറ ..." 

"എന്ത് പറയാൻ ? നീ പതുക്കെ വാ ... ഞങ്ങൾ ഇവിടെ കുറച്ചു തിരക്കിലാ .... പിന്നെ വിളിയ്ക്കാം ..."

"എടാ ....വയ്ക്കല്ലേ ...ഒന്ന് ചോദിയ്ക്കട്ടേന്ന് .. അവൾ ഫോണിൽ പറഞ്ഞത് പോലെ സുന്ദരമാണോടാ അവിടെയൊക്കെ ..?"

ആര് കേൾക്കാൻ ..? അവന്മാർ ഫോണും വച്ച് പോയി.

അവന്മാർ രണ്ടും ആദ്യം പ്രിയയ്‌ക്കൊപ്പം കൂടിയതിന്റെ നിരാശയും കിലോമീറ്ററുകൾ  നീണ്ട ട്രാഫിക് ബ്ലോക്കിൽ പെട്ടതിനെ കലിപ്പും, എല്ലാം കൂടി യാത്രയുടെ രസം കെടുത്തി. 

പക്ഷെ, പെട്ടെന്നാണ് ഇടതു വശത്തെ ആ സുന്ദര കാഴ്ച കണ്ണിൽ പെട്ടത്.

അങ്ങകലെ ചക്രവാളത്തിന്റെ ആ പടിഞ്ഞാറേ ചരുവിൽ നിന്നും, ചുരത്തിൽ കുടുങ്ങിയ ഞങ്ങളെ സാന്ത്വനിപ്പിയ്ക്കുന്നു ആ അസ്തമയ സൂര്യൻ. തന്റെ  സ്വർണ്ണവർണ്ണ കിരണങ്ങളാൽ ഞങ്ങളെ മെല്ലെ മെല്ലെ തഴുകി ആശ്വസിപ്പിച്ചു ആ അരുണൻ. "സാരമില്ലടാ മക്കളെ ...നിങ്ങൾ വിഷമിയ്ക്കാതിരി ...." എന്ന മട്ടിൽ.

എന്നാലും, ഉദ്ദേശിച്ച നേരത്ത് പ്രിയയ്ക്കരികിൽ എത്താൻ പറ്റാത്തതിന്റെ ആ നിരാശ ഉള്ളിൽ ബാക്കിയായി. കാരണം, ഈ അസ്തമയ സൂര്യനെ കാണാൻ ഞാൻ പ്ലാൻ ഇട്ടിട്ടിരുന്നത് അവൾക്കൊപ്പമായിരുന്നല്ലോ. അതും ആ തേയിലക്കുന്നുകൾക്കു മുകളിൽ നിന്നും. 

ഇടയ്ക്കൊന്ന് അവന്മാരെ വിളിച്ചു നോക്കി. എടുക്കുന്നില്ല. .

എങ്ങിനെ എടുക്കും? അസ്തമയം ആസ്വദിയ്ക്കുകയാവും അവൾക്കൊപ്പം. ഉറപ്പ്. ദുഷ്ടന്മാർ.

എന്തായാലും, ഏറെ നേരത്തെ ബ്ലോക്കിൽ നിന്നും രക്ഷപെട്ട്, ഞങ്ങൾ ആ  വയനാടൻ മണ്ണിലേയ്ക്ക് കടന്നു. കല്പറ്റ കഴിഞ്ഞപ്പോൾ, പ്രിയ അയച്ചു തന്ന ഗൂഗിൾ മാപ്പിന്റെ സഹായം തേടി. 

ഇതിനിടയിൽ, വാട്സപ്പിൽ അവന്മാരുടെ മെസേജുകൾ 'കുണു കുണാ' വന്നുകൊണ്ടിരുന്നു. പ്രിയയ്‌ക്കൊപ്പമുള്ള അസ്തമയചിത്രങ്ങളാകും. 

നോക്കാൻ പോയില്ല. അവിടെ കിടക്കട്ടെ.

രാത്രി, ഏതാണ്ട് 8:30 യോടെ ഞങ്ങൾ സ്ഥലത്തെത്തി. അതിന്  ഗൂഗിൾ ചേച്ചിയ്ക്ക് ഒരു പ്രത്യേക നന്ദി. 

കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന തേയിലക്കാടുകൾക്കു നടുവിലെ ഒരു ബംഗ്ലാവ്. 

മനോഹരമായി ഒരുക്കിയിരിയ്ക്കുന്ന മുറികളും അകത്തളങ്ങളും. മുറ്റത്ത് എരിയുന്ന ഒരു തീക്കുണ്ഡം.  


ആഹാ ... സുന്ദരം ..അതിസുന്ദരം ....



പക്ഷെ കണ്ണുകൾ തേടിയത് അതായിരുന്നില്ല .... പ്രിയയെ ആയിരുന്നു.

പരിഭവം ചാലിച്ചു ചേർത്ത മുഖവുമായി പ്രിയ ഉണ്ടായിരുന്നു അവിടെ. സുന്ദരിയായ നാടൻ (അല്ല വയനാടൻ) പെൺകൊടി. അൽപ്പം ഇരുണ്ട ഹരിത നിറത്തിലെ ആ ദാവണിയിൽ അവൾ അതിമനോഹരിയായിരുന്നു. ഇളം പച്ച നിറത്തിലെ അലുക്കുകൾ, അതിന് കൂടുതൽ വശ്യത നൽകി.

താമസിച്ചതിനു കാരണം നിരത്തിയിട്ടും, ആ മുഖം തെല്ലും തെളിഞ്ഞില്ല. 

മങ്ങിയ ആ വെളിച്ചത്തിൽ ഞങ്ങൾ കണ്ട, തെളിയാത്ത ആ മുഖം പോലും ഇത്ര സുന്ദരമാണെങ്കിൽ, അസ്തമയ സൂര്യന്റെ ചെങ്കിരണങ്ങൾ ചെമ്മേ പതിഞ്ഞപ്പോൾ, തൊട്ടടുത്തു നിൽക്കുമായിരുന്ന അവളുടെ ആ മുഖം എത്ര സുന്ദരമായിരുന്നിരിയ്ക്കും എന്ന് അറിയാതെ ഒന്ന് ഓർത്തു പോയി. 

അല്ല, ഇനിയിപ്പോൾ അതൊക്കെ ഓർത്തിട്ടെന്തു കാര്യം.

എന്തായാലും യാത്രാക്ഷീണം അകറ്റാൻ വേഷം മാറി; കി ടുകിടുക്കുന്ന ആ തണുത്ത വെള്ളത്തിൽ ഒരു കുളിയും കൂടി കഴിഞ്ഞപ്പോൾ, ഞങ്ങൾ വീണ്ടും ഉഷാറായി. 

തിരികെയെത്തിയപ്പോഴേക്കും പരിഭവങ്ങൾ ഉള്ളിൽ എവിടെയോ ഒളിപ്പിച്ച് 'പ്രിയ'പ്പെട്ടവൾ ഞങ്ങൾക്ക് വേണ്ടി, 'ക്യാമ്പ് ഫയറും', 'ഗ്രിൽഡ് ചിക്കനും' ഒക്കെ ഒരുക്കുന്ന തിരക്കിൽ ആയിരുന്നു. 

ഇടവേളകളിൽ അവൾ വാ തോരാതെ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. 320 ഏക്കർ ആണത്രേ പരന്നു കിടക്കുന്ന ആ എസ്റ്റേറ്റ്. അതും, അവളുടെ സ്വന്തം പേരിൽ. ഒട്ടനവധി ആദിവാസി കുടുംബങ്ങളുടെ പട്ടിണിയകറ്റാൻ, അവിടുത്തെ ആ ജോലികൾ മുഴുവൻ അവർക്കായി മാത്രം മാറ്റി വച്ചിരിയ്ക്കുന്നവത്രേ. 

എന്താല്ലേ?

ഞങ്ങൾക്ക്‌ വേണ്ടി ഒരുക്കിയിരിയ്ക്കുന്ന ഈ ബംഗ്ലാവും പിന്നെ കുറച്ചു മാറിയുള്ള ആ രണ്ടു കോട്ടേജുകളും മാത്രം, സന്ദർശകർക്കും, അടുത്ത  സുഹൃത്തുകൾക്കും, അവർ വരുമ്പോൾ താമസിയ്ക്കാൻ വേണ്ടി മാറ്റിവച്ചിരിയ്ക്കുന്നു.

എന്തായാലും പ്രിയയോട് മനസ്സിൽ ഒരുപാട് നന്ദി പറഞ്ഞു. (നേരിൽ പറഞ്ഞാൽ, ഇനി അത് വീണ്ടും ഒരു പരിഭവമായാലോ?)

ഇതിനിടെ, കൂട്ടുകാർ അവർ പകർത്തിയ ആ അസ്തമയ ചിത്രങ്ങൾ ഞങ്ങളെ  കാണിച്ചു. 


ശരിയ്ക്കും സങ്കടവും ദേഷ്യവും ഒക്കെ തോന്നി. അത്ര മനോഹരമായ ആ ദൃശ്യങ്ങൾ ഞങ്ങൾക്ക് നഷ്ടമായല്ലോ എന്ന് ഓർത്തപ്പോൾ. 

അത് കണ്ട പ്രിയ വീണ്ടും ഞങ്ങളെ ആശ്വസിപ്പിച്ചു.

"നിരാശപ്പെടേണ്ടന്നേ ... ഇതിനും നല്ല കാഴ്ചകൾ നാളെ പ്രഭാതത്തിൽ നിങ്ങൾക്ക് കാണാം ...." 

"എന്നാലും ...?"

"ഒരെന്നാലുമില്ല സാർ .... അതുമല്ലെങ്കിൽ നാളെ നമുക്കൊരുമിച്ച് അസ്തമയം കാണാം... എന്താ?"

മനസ്സില്ലാമനസോടെ ആ ആശ്വാസ വചനങ്ങളിൽ സമാധാനിച്ച്, ഞങ്ങൾ മറ്റു കാര്യങ്ങളിലേയ്ക്ക് കടന്നു.

വിറയ്ക്കുന്ന ആ തണുപ്പിനെ അകറ്റാൻ, എല്ലാവരും എരിയുന്ന ആ അഗ്നികുണ്ഡത്തിനടുത്തേയ്ക്കു മാറിയിരുന്നു. കനലിൽ പഴുത്ത ഗ്രില്ലിൽ 'മാരിനേറ്റ്' ചെയ്ത ചിക്കൻ അങ്ങിനെ കൊതിപ്പിയ്ക്കുന്ന ഗന്ധത്തോടെ വെന്തുകൊണ്ടിരിയ്ക്കുന്നു. 

പാട്ടും ബഹളവും വർത്തമാനങ്ങളുമായി രംഗം കൊഴുത്തു. കുട്ടികൾ ഓട്ടവും ചാട്ടവും ബഹളവുമൊക്കെയായി ആകെ തകർക്കുകയാണ്. അവർക്കെന്തു തണുപ്പ്? "കുട്ടിയ്ക്കും മുട്ടിയ്ക്കും തണുപ്പില്ല" എന്നാണല്ലോ പഴഞ്ചൊല്ല്.

എന്നാൽ, ഇനി അന്താക്ഷരി ആകാം എന്നായി ഒരു കൂട്ടർ. എന്നാൽ പിന്നെ ആയിക്കോട്ടെ എന്നായി ഞങ്ങൾ. പഴയതും പുതിയതുമായ മലയാള ഗാനങ്ങളാൽ നിറഞ്ഞൊഴുകി ആ അന്താക്ഷരി.

ഇതിനിടെ, പ്രിയ ഡിന്നർ വിഭവങ്ങൾ എത്തിച്ചു. തീക്കുണ്ഡത്തിനു ചുറ്റുമായി ഇരുന്നു കഴിയ്ക്കാം എന്നായി എല്ലാവരും.

നല്ല നാടൻ കപ്പ പുഴുങ്ങിയതും, കൂടെ കാന്താരിച്ചമ്മന്തിയും. ചപ്പാത്തിയും, കൂടെ വയനാടൻ സ്പെഷ്യൽ കോഴിക്കറിയും. പിന്നെ, മറ്റൊരു പാത്രത്തിൽ കോഴിമുട്ടയും കാടമുട്ടയും (പുഴുങ്ങിയത്) ധാരാളം. 

എല്ലാത്തിനും പുറമേ, നേരത്തെ പറഞ്ഞ ഗ്രില്ലിൽ വെന്ത ആ ചിക്കനും.

എല്ലാം പെർഫെക്റ്റ് ഓക്കേ ആകാൻ ഇത്രേം പോരെ അളിയാ ....?

പുഴുങ്ങിയ ഒരു മുട്ട എടുത്തിട്ട് ഒന്ന് കടിയ്ക്കണം. പിന്നെ അവിടേയ്ക്ക് ആ കാന്താരിച്ചമ്മന്തി കുറച്ചു പകരണം. എന്നിട്ടോ? കണ്ണുമടച്ച് അതങ്ങട് കഴിയ്ക്കണം. 

ആഹാ .... ഇപ്പോൾ പറയുമ്പോൾ പോലും, ദേ വായിൽ വെള്ളമൂറുന്നു.

വയർ നിറയെ കഴിയ്ക്കാൻ, പ്രിയയാകട്ടെ വീണ്ടും വീണ്ടും നിർബന്ധിച്ചു കൊണ്ടേയിരുന്നു. പക്ഷെ എത്ര നിർബന്ധിച്ചാലും കഴിയ്ക്കാൻ പറ്റുന്നതിന് ഒരു പരിധിയില്ലേ? 

അപ്പോഴേയ്ക്കും രാവേറെ ആയിരുന്നു. പാതിരാത്രിയും കഴിഞ്ഞ് ഏതാണ്ട് 1 മണി. യാത്രാക്ഷീണവും, പിന്നെ പതിവിലും നിറഞ്ഞ വയറുകളും, എല്ലാവരെയും എളുപ്പം ശയ്യയിൽ എത്തിച്ചു. 

അതിരാവിലെ വന്ന് വിളിച്ചുണർത്താം എന്ന ഉറപ്പിൽ, പ്രിയയും ശുഭരാത്രി ചൊല്ലി പിരിഞ്ഞു.

സത്യം പറയണമല്ലോ. കൃത്യമായി 6 മണിയ്ക്ക് ആൾ എത്തുകയും ചെയ്തു. പുറത്തെ ആ ഇരുൾ മാറിത്തുടങ്ങുന്നതേയുള്ളൂ. നല്ല തണുപ്പും. എണീൽക്കാൻ തീരെ മനസ് വരുന്നില്ല.

എന്നാൽ, തണുപ്പിനെ ചെറുക്കാൻ ഒരു പച്ചക്കമ്പിളിയും പുതച്ചവൾ വാതിലിൽ വന്നു മുട്ടുമ്പോൾ, എങ്ങിനെ എണീൽക്കാതിരിയ്ക്കും?

എണീറ്റ് വേഗം തയ്യാറായി. മങ്കി ക്യാപ്പും, പിന്നെ കൂടെ കരുതിയിരുന്ന സ്വെറ്ററും ഒക്കെ ഇട്ട് കൂടെയിറങ്ങി. പിന്നെ വിശേഷങ്ങളും പറഞ്ഞ് ആ ഹരിതഭംഗിയാർന്ന തേയിലക്കാടുകൾക്കിടയിലൂടെ ഞങ്ങൾ ഏറെ നടന്നു.

അതിനിടെ, അവൾ കൂറ്റൻ മരത്തിനു മുകളിൽ ചെയ്തു വച്ച ആ ട്രീ ഹൗസും, പിന്നെ, താഴെ നിരത്തിനോട് ചേർന്ന നീന്തൽ കുളവുമൊക്കെ കാണിച്ചു തന്നു.

നനുത്ത മഞ്ഞിന്റെ കണങ്ങൾ ആലിംഗനം ചെയ്തു നിൽക്കുന്ന ആ തേയിലത്തുമ്പുകൾ ഞങ്ങളെ നോക്കി കുലുങ്ങിച്ചിരിച്ചു. 

അത് കൊണ്ടെന്താ? 

അവയെ ഇറുകെ പൊതിഞ്ഞു പിടിച്ചിരുന്ന ആ മഞ്ഞുതുള്ളികളെ അവയ്ക്കു നഷ്ടമാവുകയും ചെയ്തു.

ഇടയ്ക്കൊക്കെ പ്രിയയുടെ കണ്ണുകൾ മറ്റാരെയോ തിരയുന്നതായി എനിയ്ക്കു തോന്നി. ഒന്ന് രണ്ടു തവണ ഞാൻ ചോദിയ്ക്കുകയും ചെയ്തു. ഒരു ഗൂഢസ്മിതം അല്ലാതെ, ഒരു മറുപടിയും അവളിൽ നിന്നുണ്ടായില്ല. 

അൽപ്പനേരം കഴിഞ്ഞപ്പോൾ, അവൾ പെട്ടെന്ന് നടപ്പ് നിർത്തി. അകലേക്ക്‌ കൈ ചൂണ്ടി പറഞ്ഞു.

"നോക്ക് .... സുന്ദരമല്ലേ...?'

ശരിയാണ്. അങ്ങകലെ ആ കടുംപച്ച കുന്നുകൾക്കും മുകളിലായി, കതിരവൻ അങ്ങിനെ ഉയരുന്നു. പക്ഷേ, ഇന്നലെ ഞാൻ ആ അസ്തമയം നഷ്ടപെടുത്തിയതിന്റെ ഈർഷ്യ വല്ലതും ആണോ എന്തോ? അരുണിമ ഒരല്പം കുറവല്ലേ എന്നൊരു സംശയം, എനിയ്ക്കു തോന്നാതിരുന്നില്ല. 

എന്നാൽ ഞാനത് പറയാൻ പോയില്ല. ഒരു പക്ഷേ, അതവളെ വേദനിപ്പിച്ചാലോ? നമുക്ക് പ്രിയപ്പെട്ടവരെ വെറുതെ വേദനിപ്പിയ്ക്കാതിരിയ്ക്കുന്നതല്ലേ നമ്മുടെ സന്തോഷം. 

കൂട്ടുകാരിൽ ആരും ഇതുവരെ ഉറക്കമുണർന്നിട്ടില്ല, എന്ന് തോന്നുന്നു. ഞാനൊട്ടു വിളിയ്ക്കാൻ പോയതുമില്ല. അവന്മാർ പ്രിയയ്‌ക്കൊപ്പം ഇന്നലെ കുറെ സമയം ചിലവിട്ടതല്ലേ? ഇന്നവിടെ കിടക്കട്ടെ. (നമ്മൾ മലയാളിയുടെ ആ സ്വന്തം അസൂയയേ...!).

ഒരു കറക്കമൊക്കെ കറങ്ങി, ഞങ്ങൾ തിരിച്ചെത്തിയപ്പോളാണ് എല്ലാവരും ഉണർന്നു തുടങ്ങുന്നത്. 

പിന്നെ, താമസമില്ലാതെ പ്രഭാത ഭക്ഷണം വിളമ്പി അവൾ. അപ്പവും ഗ്രീൻപീസ് കറിയും; പിന്നെ ഇഡ്ഡലിയും കൂടെ നല്ല തേങ്ങാച്ചമ്മന്തിയും.

ഭക്ഷണം കഴിഞ്ഞതും, പ്രിയ തന്നെ പറഞ്ഞു. 

"നമുക്കെല്ലാം കൂടി കുറുവ ദ്വീപിൽ പോയാലോ? .. നല്ല രസമായിരിയ്ക്കും.."

പ്രിയ പറഞ്ഞാൽ പിന്നെ അപ്പീലില്ല. എല്ലാവരും നേരെ കുറുവ ദ്വീപിലേക്ക്‌.

അൽപനേരം ക്യൂ നിന്ന് ഞങ്ങൾ മുളംചങ്ങാടത്തിലേറി, അക്കരെ കടക്കാൻ.

കൂട്ടത്തിൽ പേടി തോന്നിയ ചിലരെ പ്രിയ ആശ്വസിപ്പിച്ചു. ചങ്ങാടം ഏതാണ്ട് ഒത്ത നടുക്ക് എത്തിയപ്പോൾ ആണ് തുഴച്ചിൽക്കാരൻ ആ രഹസ്യം പറയുന്നത്. അവിടെ വെള്ളത്തിൽ വലിയൊരു മുതലയുണ്ടത്രേ. ഇന്നലെക്കൂടി അവർ അതിനെ കാണുകയും ചെയ്തുവെന്ന്.

"പടച്ചോനെ..... നിങ്ങള് കാത്തോളീ....." എന്നായി എല്ലാരും, ഉള്ളാലെ.

എന്തായാലും, സുരക്ഷിതരായി ഞങ്ങൾ ദ്വീപിലെത്തി. 


ഏതാണ്ട് 950 ഏക്കറുകളിലായി ഏറെ വിശാലമായി അങ്ങിനെ പരന്നു കിടക്കുന്നു ഈ ദ്വീപസമൂഹം. 

മൂന്ന് വലിയ ദ്വീപുകളും, ഒട്ടേറെ ഉപ-ദ്വീപുകളും അടങ്ങുന്നതാണ് കബനി നദിക്കരയിലെ ഈ പ്രമുഖ വിനോദസഞ്ചാരകേന്ദ്രം.



പൂർണ്ണമായും പ്ലാസ്റ്റിക്ക് നിരോധിത മേഖലയായ ഇവിടം, ഹരിതഭംഗിയാലും, അപൂർവ വൃക്ഷക്കൂട്ടങ്ങളാലും, പിന്നെ പരിപൂർണ്ണ നിശബ്ദതയാലും, നമ്മെ വല്ലാതെയങ്ങ് ആകർഷിയ്ക്കും.


ദ്വീപിൽ ഒരിടത്ത്, ആളുകൾക്ക് കുളിയ്ക്കാനുള്ള സൗകര്യം ഉണ്ട്. ഞങ്ങൾക്ക് മുൻപേ കുട്ടികൾ വെള്ളത്തിൽ ഇറങ്ങിയിരുന്നു. ഐസിനേക്കാൾ തണുപ്പുള്ള ആ വെള്ളത്തിൽ, കാലുകൾ തൊട്ടപ്പോൾ തന്നെ, വല്ലാത്തൊരു അനുഭൂതി. ശരീരത്തിനൊപ്പം മനസ്സും, ആകെ തണുത്തു ശുദ്ധമാകുന്നത് പോലെ. 


കറുത്ത് തെളിഞ്ഞ കല്ലുകൾ നിറഞ്ഞതാണ് ഈ കടവുകൾ. പക്ഷെ, അവയുടെ എല്ലാ വശങ്ങളും, വെണ്ണ പോലെ മിനുസമാർന്നിരിക്കുന്നു. അതിനാൽ തന്നെ, വളരെ ശ്രദ്ധാപൂർവ്വം വേണം ഇവിടെ ഇറങ്ങുവാനും.

അങ്ങിനെ വളരെ ശ്രദ്ധാപൂർവ്വം ഓരോരുത്തരായി മടങ്ങാൻ ഒരുങ്ങുമ്പോഴാണ് പിന്നിൽ ഒരു ശബ്ദം കേട്ടത്. മറ്റൊന്നുമല്ല. കൂട്ടത്തിൽ ഒരാൾ ഒന്ന് വീണതാ. 'എന്തെങ്കിലും പറ്റിയോ?' എന്ന് ചോദിയ്ക്കുന്നതിനു മുൻപേ, മുഖഭാവത്താൽ ആൾ പറഞ്ഞു "വീണതല്ല ..സാഷ്ടാംഗം പ്രണമിച്ചതാ ...". 

ഏറെ നേരം കഴിഞ്ഞിട്ടും കരയ്ക്കു കയറാൻ തയ്യാറാവാതിരുന്ന കുട്ടികളെ, ഒരു വിധത്തിൽ വലിച്ചു കയറ്റി, തിരികെ മടങ്ങുമ്പോഴേയ്ക്കും, വിശപ്പ് അതിന്റെ പാരമ്യത്തിൽ എത്തിയിരുന്നു.

വഴിയരികിൽ കണ്ട 'കുറുവ മെസ്സി'നരുകിൽ വണ്ടി നിർത്തി. ഒന്നാം തരം നാടൻ ഊണ്. അതും തൂശനിലയിൽ. കൂടെ അയില വറുത്തതും, ഇറച്ചിക്കറിയും, പിന്നെ ഓംലറ്റും. 

ആഹാ... ആഹാ ....

തിരികെ വണ്ടിയിൽ കയറി യാത്ര തുടർന്നപ്പോളാണ് ശ്രദ്ധിച്ചത്. അതുവരെ വളരെ പ്രസന്നവതിയായിരുന്ന പ്രിയയുടെ മുഖം വല്ലാതെ വാടിയിരിയ്ക്കുന്നു. ചോദിച്ചിട്ടാണെങ്കിൽ ഒന്നും പറയുന്നുമില്ല.

എന്തായാലും, വൈകാതെ ഞങ്ങൾ ബംഗ്ലാവിൽ എത്തി. മടങ്ങാൻ സമയമാകുന്നു. സാധനങ്ങൾ പാക്ക് ചെയ്യുന്ന തിരക്കിലായി എല്ലാവരും. ആകാശത്തും ചെറിയ രീതിയിൽ കരിമേഘങ്ങൾ കണ്ടു തുടങ്ങി. ഇനി താമസിയ്ക്കേണ്ട എന്നായി എല്ലാവരും.

യാത്രപറയാൻ നേരം പ്രിയയെ അന്വേഷിച്ചു. മാനത്തെ ആ കാർമേഘങ്ങളുടെ പ്രതിഫലനമെന്നോണം, കനത്ത മുഖവുമായി അവൾ വാതിൽപ്പടിയിൽ നിന്നു. അപ്പോൾ അതാണ് കാര്യം. ഞങ്ങൾ മടങ്ങുന്നത്.

ഞങ്ങൾക്കും ഏറെ വിഷമമുണ്ട്. പക്ഷെ മടങ്ങിയല്ലേ പറ്റൂ? 

എന്ത് പറഞ്ഞ് അവളെ ആശ്വസിപ്പിയ്ക്കണം? എന്നായി ആലോചന.

ഇനിയുമിവിടേയ്‌ക്കൊരു മടക്കമുണ്ടാകുമോ എന്ന് തീർച്ചയില്ലെങ്കിലും പറഞ്ഞു....

"പ്രിയേ ...ഞങ്ങൾ എല്ലാവരും വീണ്ടും വരും. അടുത്ത സ്‌കൂൾ അവധിയ്ക്ക് ... അന്ന് ഏറെ ദിവസങ്ങൾ ഞങ്ങൾ ഇവിടെ നിൽക്കുകയും ചെയ്യും ... നമുക്കൊരുമിച്ച് അസ്തമയവും ..പിന്നെ ആ ഉദയവും കാണണം ... ഒരു പാട് കാര്യങ്ങൾ പറയണം ...എന്താ..?"

[പാലിയ്ക്കാൻ ആവുമെന്ന് അത്ര ഉറപ്പില്ലെങ്കിലും, ചിലപ്പോൾ നമുക്ക് ഇങ്ങനെയും പറയേണ്ടിവരും അല്ലേ? അതും പ്രിയപ്പെട്ടവരുടെ ആ വേദന കുറയ്ക്കാൻ].

പ്രിയയ്ക്കും അതിലെ ആ കഥയില്ലായ്‌മ മനസ്സിലായി എന്ന് തോന്നുന്നു. ചെറുതായി ഒന്ന് തലയാട്ടിയതല്ലാതെ, അവൾ ഒന്നും ഉരിയാടിയില്ല.

അങ്ങിനെ ഏറെ നാൾ ഉള്ളിന്റെയുള്ളിൽ നിറം ചോരാതെ, ഒളി മങ്ങാതെ, തങ്ങി നിൽക്കുന്ന ഒരു ക്രിസ്തുമസ് രാവിന്റെ ഓർമ്മകളുമായി ഞങ്ങൾ മടങ്ങുകയായി. സന്തോഷവും, സങ്കടവും സമാസമം ഇടകലർന്ന്, കനമേറിയ മനസ്സുകളോടെ.....

================

- ബിനു മോനിപ്പള്ളി

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********

പിൻകുറിപ്പ് -1: തിരികെയെത്തി മൊബൈലിൽ പകർത്തിയ ഫോട്ടോകൾ കണ്ടപ്പോൾ ആണ് ശരിയ്ക്കും ഞെട്ടിയത്. ഞങ്ങൾ എടുത്ത അനേകം ഫോട്ടോകളിൽ ഒന്നിൽ പോലും പ്രിയയുടെ മുഖം പതിഞ്ഞിട്ടില്ല. അവൾ മാത്രമായി തേയിലക്കാടിന്റെ പശ്ചാത്തലത്തിൽ എടുത്ത ഫോട്ടോകളിൽ പോലും. അപ്പോൾ പ്രിയ? അങ്ങിനെ ഒരാൾ ആ രണ്ടു ദിവസങ്ങളിലും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നുവല്ലോ? എന്നിട്ടും ഒരൊറ്റ ഫോട്ടോയിൽ പോലും അവൾ ഇല്ലാത്തത്? ഇനി അവൾ ഞങ്ങളുടെ വെറുമൊരു തോന്നൽ മാത്രമായിരുന്നോ? ഏയ് ... അപ്പോൾ അവൾ ഞങ്ങളോട് പറഞ്ഞ ആ വർത്തമാനങ്ങൾ ...?

പിൻകുറിപ്പ് -2: വയനാട് ജില്ലയിലെ മാനന്തവാടിയ്ക്കടുത്ത പഞ്ചാരക്കൊല്ലി 'പ്രിയ'ദർശിനി തേയിലത്തോട്ടത്തിലേക്ക് (ടീ കൗണ്ടി) ഞങ്ങൾ നടത്തിയ ഒരു ക്രിസ്തുമസ് യാത്രയുടെ ചില വിശേഷങ്ങൾ - A Fantasy Blended Travelogue ....

******** ഇനി, ചില അനുബന്ധ ചിത്രങ്ങൾ ********




















 




Comments

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]