ഇല്ലകൾ ... ഇല്ലകൾ ... ഇല്ലായ്മകൾ [ലേഖനം]

ഇല്ലകൾ ... ഇല്ലകൾ ... ഇല്ലായ്മകൾ 

[ലേഖനം]

എനിയ്ക്കു നിറമില്ല, എനിയ്ക്ക് സൗന്ദര്യമില്ല, എനിയ്ക്ക് പൊക്കമില്ല, എനിയ്ക്ക് 'ക്ലാരേടെ' അത്രേം മുടിയില്ല, എന്റെ കണ്ണുകൾക്ക് അഴകില്ല....!

എനിയ്ക്ക് വേഗതയില്ല, എനിയ്ക്കു മീശയില്ല, എനിയ്ക്ക് ഗാംഭീര്യമുള്ള ശബ്ദമില്ല, എനിയ്ക്ക് എഴുതാൻ കഴിവില്ല, എനിയ്ക്ക് പാടാൻ കഴിവില്ല, എനിയ്ക്ക് ക്രിക്കറ്റോ ഫുട്ബോളോ കളിയ്ക്കാൻ കഴിവില്ല .... !!

എനിയ്ക്കു ബുദ്ധിയില്ല; എനിയ്ക്ക് തീരെ ഓർമ്മശക്തിയില്ല ....!!!

എനിയ്ക്കേ... ആ നയൻതാരയുടെ ആകാരവടിവില്ല ....!

എനിയ്ക്കു ഷാരൂഖാന്റെ ആ സിക്സ് പായ്ക്കും, പിന്നെ മുഖത്തെ ആ കള്ളച്ചിരിയും, തീരെ ഇല്ല ...!!

ഇത്തരം 'ഇല്ല'കളുടെ ഒരു കൂമ്പാരമാണ് ഞാനും, നിങ്ങളും, പിന്നെ നമുക്ക് ചുറ്റുമുള്ളവരും. 

അല്ലേ?

ഏതെങ്കിലും ഒരു 'ഇല്ല' പരാതി പറയാത്ത, ഒരാളെയെങ്കിലും നിങ്ങൾ ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടുണ്ടോ? പരിചയപ്പെട്ടിട്ടുണ്ടോ?

ഉണ്ടാവാൻ, യാതൊരു തരവുമില്ല.

അതുകൊണ്ട് തന്നെ, ഇത്തവണ നമ്മുടെ ചർച്ചാവിഷയവും, ആ 'ഇല്ല'കൾ അഥവാ 'ഇല്ലായ്മകൾ' ആണ്.

'എനിയ്ക്കു നിറമില്ല' എന്ന തോന്നൽ, ഉള്ളിലെങ്കിലുമുള്ള ഒരാളാണ് നിങ്ങൾ എങ്കിൽ, ഒന്ന് ചിന്തിച്ചു നോക്കൂ. ഈ ലോകത്തിലെ എല്ലാ മനുഷ്യർക്കും ഒരേ നിറമാണെങ്കിലോ? അത് കറുപ്പോ, വെളുപ്പോ, ഇരുണ്ടതോ ഏതുമാകട്ടെ, ഒരേ നിറം ആണെങ്കിൽ?

അയ്യയ്യേ ... എത്ര 'ബോർ' ആയിരിയ്ക്കും.... അല്ലേ?

ഇനി ഈ ലോകത്തിലെ എല്ലാ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും, ഒരേ രൂപവും, ഒരേ നിറവും, ഒരേ സൗന്ദര്യവും, ആണെങ്കിലോ? 

പുറത്തേക്കിറങ്ങുമ്പോൾ നിങ്ങൾ ആരെ നോക്കും? ആരെ കൺനിറയെ കണ്ട് ആസ്വദിയ്ക്കും? കാരണം, അവരെല്ലാം കാഴ്‌ചയിൽ, കണ്ണാടിയിലെ അതേ നിങ്ങൾ തന്നെ ആണല്ലോ?

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും, അവിടെല്ലാം ആളുകൾ ഒന്നുപോലെ ...എന്നൊക്കെ പാടേണ്ട സ്ഥിതി വന്നാൽ ?

ഛേ ... എങ്കിൽ പിന്നെ പുറത്തേക്കിറങ്ങുന്നതുതന്നെ എന്തിന്? ആരെ കാണാൻ?

ഇനി പുറത്തെ ആ മനം മടുപ്പിയ്ക്കുന്ന ഒരേതരം ആളുകളെ കണ്ട ബോറടി മാറ്റാൻ ഒരു സിനിമയ്ക്ക് കേറിയാലോ? അതാ സ്‌ക്രീനിൽ നായകനും വില്ലനും സഹനടന്മാരും എല്ലാം ഒരേ പോലെ. നായികയും തോഴിമാരും വില്ലത്തിയും ഒരേപോലെ. 

വെറുതെ സമയവും കളഞ്ഞ് ഈ സിനിമാപരിപാടി വേണ്ടായിരുന്നു, എന്ന് തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

[ഇതിനിടയിൽ, "അയ്യോ ..അപ്പോൾ .. ഭാര്യ ഭർത്താവിനെ എങ്ങിനെ തിരിച്ചറിയും, ഭർത്താവ് ഭാര്യയെ എങ്ങിനെ തിരിച്ചറിയും ... അല്ലെങ്കിൽ, കാമുകൻ കാമുകിയെ എങ്ങിനെ തിരിച്ചറിയും .... എന്നൊന്നും കാടുകയറി ചിന്തിച്ചേക്കല്ലേ....ആ കാര്യം പിന്നെ ....]

അല്ല .... അപ്പോൾ പിന്നെ ഇവിടെയുള്ള അസംഖ്യം സൗന്ദര്യവർധക സാമഗ്രി നിർമ്മാണ സ്ഥാപനങ്ങളും, പിന്നെ അനേക കോടികളുടെ ആ സൗന്ദര്യവർധക-സാമഗ്രി വ്യവസായവും?

അപ്പോൾ ... നമ്മുടെ ആ ഇൻസ്റ്റാഗ്രാം 'മസാല' റീൽസ് ? എല്ലാം, എല്ലാരും, എല്ലാർക്കും, ഒന്ന് പോലെങ്കിൽ ?

അയ്യേ .... അല്ല ... അയ്യോ ....!

വേണ്ട, കൂടുതൽ ആലോചിയ്ക്കേണ്ട. 

തല്ക്കാലം, അതവിടെ നിൽക്കട്ടെ.

നമുക്ക്, ബുദ്ധിയുടെ കാര്യത്തിലേയ്ക്ക് വന്നാലോ? ഇവിടെയുള്ള എല്ലാവർക്കും ഒരേ ബുദ്ധി ആയിരുന്നെങ്കിലോ? എങ്കിൽപ്പിന്നെ, മത്സരപരീക്ഷകൾ വേണ്ടി വരില്ലല്ലോ. കാരണം എല്ലാവർക്കും, എല്ലാ പരീക്ഷകൾക്കും ഒരേ മാർക്ക് തന്നെ ആയിരിയ്ക്കുമല്ലോ? അപ്പോൾ പിന്നെ ആരെങ്കിലും കഷ്ടപ്പെട്ട് പഠിയ്ക്കുമോ? 

മത്സരപരീക്ഷകൾ ഇല്ലെങ്കിൽ, അനേകായിരം വരുന്ന ആ ഉദ്യോഗാർത്ഥികളിൽ ആർക്കൊക്കെ ജോലി നൽകും?

ഹോ ... അപ്പോൾ ആ പിഎസ്‌സിക്കാർ ഇനി എന്ത് ചെയ്യും, ആവോ?

അല്ല .. അങ്ങിനെങ്ങാൻ സംഭവിച്ചാൽ? ഇവിടെയുള്ള ആ എണ്ണമറ്റ 'എൻട്രൻസ്'  മത്സരപരീക്ഷാ-പരിശീലന  സ്ഥാപനങ്ങളും, വർഷാവർഷം അവിടെ അടവച്ചു വിരിയിയ്ക്കുന്ന ആ അസംഖ്യം 'റെഡി മെയ്ഡ്  മത്സരാർത്ഥികളും'.... ? 

അതും പോട്ടെ.

കലാ അഭിരുചിയുടെ കാര്യത്തിലേയ്ക്ക് വന്നാൽ? പാവം യേശുദാസും, ചിത്രയും, ശ്രേയ ഘോഷാലും ഒക്കെ ഇനി എന്ത് ചെയ്യും? കാരണം നമ്മളും അവരെപ്പോലെ തന്നെ നന്നായി പാടുന്നവരാണല്ലോ. പിന്നെന്തിന്, നമ്മൾ അവരുടെ പാട്ടു കേൾക്കണം?

കലാമത്സരങ്ങൾ? ങേഹേ ... ഇല്ലേയില്ല ... കാരണം ഒരേ കഴിവുള്ളവർ തമ്മിൽ  മത്സരിച്ചാൽ ആര് ജയിയ്ക്കാൻ? അപ്പോൾ പിന്നെ, വെറുതെ സമയം കളയേണ്ടല്ലോ!

ഇനി നമുക്കൊന്നു കായിക വിനോദങ്ങളിലേയ്ക്ക് പോയാലോ?

ഇവിടെ ഒളിമ്പിക്‌സും, ലോകകപ്പ് ക്രിക്കറ്റും, ഫുട്ബോളും ഒന്നും ഉണ്ടാകില്ല. 

കാരണം?

ഉണ്ടായാലും കാര്യമില്ലല്ലോ. മത്സരാർത്ഥികൾ എല്ലാവരും ഒരേ വേഗതയിൽ ഓടുന്നവരും, ചാടുന്നവരും, എറിയുന്നവരും, ഒക്കെ ആകുമ്പോൾ ആര് ജയിയ്ക്കാൻ? ആര് തോൽക്കാൻ?

ബാറ്റു ചെയ്യാൻ വരുന്ന എല്ലാ ബാറ്സ്മാന്മാരും ഒരേ റൺ എടുക്കുന്നവർ. ബൗൾ ചെയ്യാൻ വരുന്ന എല്ലാ ബൗളേഴ്‌സും ഒരേ എണ്ണം വിക്കറ്റ് എടുക്കുന്നവർ, അതും ഒരേ റൺറേറ്റിൽ ... അപ്പോൾ ആര് ജയിയ്ക്കാൻ? ആര് കളി കാണാൻ? എന്ത് ക്ളൈമാക്സ്?

ഫുട്ബാളിൽ ആണെങ്കിൽ? നമ്മുടെ ആ ലൊടുക്ക്  ലോക്കൽ ടീമിന് വേണമെങ്കിലും ബ്രസീലുമായി മത്സരിയ്ക്കാം. കാരണം, എല്ലാ കളിക്കാരും ഒരേ എണ്ണം ഗോൾ ആകുമല്ലോ അടിയ്ക്കുന്നത്; വഴങ്ങുന്നതും. 

എല്ലാവരും മെസ്സിമാരും, നെയ്മർമാരും.

ഹോ ... ചുരുക്കത്തിൽ, എത്ര സമത്വസുന്ദര ലോകം....!

ആഹാ ...ആലോചിയ്ക്കുമ്പോൾ തന്നെ, ദേ ആകെ മൊത്തം ഒരു 'രോമാഞ്ചം' വരുന്നു.

ആലോചിച്ചാൽ ഒരു അന്തവുമില്ല ..ആലോചിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ല എന്ന അവസ്ഥയായല്ലോ എന്റെ ദൈവമേ .... 

എന്നാൽ പിന്നെ ഒരു കാര്യം ചെയ്യാം. പണ്ട് സരസനായ നമ്മുടെ ആ മഹാകവി "കാലനില്ലാത്ത കാലം" എന്നൊരു കവിത എഴുതിയതുപോലെ, നിങ്ങൾ എല്ലാവരും, 'ഇല്ലകൾ പോയി, ഉള്ളവരായാൽ' സംഭവിയ്ക്കാൻ സാധ്യതയുള്ള ആ കാര്യങ്ങൾ, സ്വന്തമായും വിശദമായും ഒന്നങ്ങു ചിന്തിച്ചു നോക്കുക ... വേണമെങ്കിൽ അതേക്കുറിച്ച് ഒരു കവിതയും അങ്ങ് എഴുതി നോക്കുക. അല്ല പിന്നെ....

********

ആ സമയം കൊണ്ട്, നമുക്ക് ഇനി അല്പം കാര്യത്തിലേക്കു വരാം.

നമ്മൾ പറഞ്ഞു വന്നത് എന്താണെന്നു വച്ചാൽ ... ഈ ലോകത്തിൽ നിറം കുറഞ്ഞ ആളുകളും ഉള്ളത് കൊണ്ടാണ്, ആ നിറമുള്ളവർ, നിറമുള്ളവർ ആകുന്നത്.

സൗന്ദര്യം കുറഞ്ഞവർ ഉള്ളത് കൊണ്ടാണ്, സൗന്ദര്യമുള്ളവർ ഇവിടെ ഉണ്ടായത്. 

പൊക്കം കുറഞ്ഞവർ ഉള്ളത് കൊണ്ടാണ്, പൊക്കമുള്ളവർ അങ്ങിനെ ആയത്.

അനേകം മണ്ടന്മാർ കൂടെ ഇവിടെയുള്ളത് കൊണ്ടാണ്, ബുജികൾ ഉണ്ടാകുന്നതും, അവർക്കു റാങ്കുകൾ കിട്ടുന്നതും, പിന്നെ അവരങ്ങിനെ  ഫ്ലെക്സുകളിൽ തിളങ്ങുന്നതും.

അല്ലേ? 

ശരിയല്ലേ?

അതുകൊണ്ട്.... ?

ഇനി ഏതെങ്കിലും സുന്ദരന്മാർ അഥവാ സുന്ദരിമാർ, നിങ്ങളുടെ സൗന്ദര്യമില്ലായ്മയെ പരിഹസിച്ചാൽ?

ഏതെങ്കിലും പൊക്കക്കാർ, നിങ്ങളുടെ പൊക്കമില്ലായ്മയെ കളിയാക്കിയാൽ?

ഏതെങ്കിലും ബുജികൾ, നിങ്ങളുടെ ബുദ്ധിയില്ലായ്മയെ തോണ്ടിയാൽ?

അവരോട് തലയുയർത്തി നിന്ന്, ധൈര്യമായി അങ്ങ് പറയണം "എടേയ് ... നിറമില്ലാത്ത / പൊക്കമില്ലാത്ത / സൗന്ദര്യമില്ലാത്ത / ബുദ്ധിയില്ലാത്ത .... ഈ ഞാനൊക്കെ, ഇവിടെ ഇങ്ങിനെ ഉള്ളത് കൊണ്ട് തന്നെയാടെ ... അല്ലെങ്കിൽ അതുകൊണ്ടു മാത്രമാടെ ..നീയൊക്കെ വല്യ മിടുക്കൻ/മിടുക്കി ഒക്കെ ആകുന്നത്..? ഞാനും നിന്നെപ്പോലെ മിടുക്കൻ/മിടുക്കി ആയിരുന്നെങ്കിലോ? അതുകൊണ്ട്, ചുമ്മാ കെടന്നിങ്ങനെ ചെലയ്ക്കാതെ, നീ നിന്റെ പാട്ടിനു പോടെ .." എന്ന്.

അത് കേൾക്കുമ്പോൾ, അവൻ / അവൾ, ഒരു ഞെട്ടലോടെ നിങ്ങളെ ഒന്ന് നോക്കും, പിന്നെ ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കും ... കൂടെ, മനസ്സിലെങ്കിലും അവൻ/ അവൾ പറയും ... "ഛെ ... പുല്ല് ... വേണ്ടാർന്നു ...".

*******

ഓർക്കുക.

നിങ്ങളുടെ കുറവുകളെ അഥവാ ഇല്ലായ്മകളെ ഓർത്തു ദുഖിയ്ക്കുന്നതിലല്ല, മറിച്ച്, അതിനെ ധൈര്യപൂർവം നേരിട്ട്, തരണം ചെയ്ത്, ജീവിത വിജയം നേടുന്നതിലാണ് കാര്യം. അല്ലെങ്കിൽ, അങ്ങിനെയാണ്, അവിടെയാണ്, നിങ്ങൾ നിങ്ങളുടെ ആ മിടുക്ക് കാണിയ്ക്കേണ്ടത്.

===============

സ്നേഹപൂർവ്വം 

- ബിനു മോനിപ്പള്ളി

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********

പിൻകുറിപ്പ്: ഏറെ ഗൗരവതരവും സങ്കീർണ്ണവും (അതിനുമപ്പുറം ഒരൽപ്പം മനശാസ്ത്രപരവും) ആയ ഈ വിഷയത്തെ, പരമാവധി ലളിതവല്ക്കരിച്ച്, കൂടെ ഒരിത്തിരി നർമ്മവും കൂടി കലർത്തി, ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിൽ ഒന്ന്  അവതരിപ്പിയ്ക്കുവാനാണ് ഇവിടെ ശ്രമിച്ചത് കേട്ടോ. ഫലിച്ചോ ആവോ? ☺














Comments

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]