അകലുന്ന സൗഹൃദങ്ങൾ [ലേഖനം]
അകലുന്ന സൗഹൃദങ്ങൾ
[ലേഖനം]
കുറച്ചേറെ ദിവസങ്ങൾ കൂടിയാണ് ആ സുഹൃത്തിന്റെ ഫോൺ വന്നത്. പക്ഷേ, അവന്റെ ശബ്ദത്തിൽ പതിവില്ലാത്ത ഒരു ഉത്സാഹക്കുറവ്.
സാധാരണ വളരെ 'ജോളി' ആയി സംസാരിയ്ക്കുന്ന, ഒരുപാട് തമാശകൾ പറയുന്ന ആളാണ്. ഇത്തവണ പക്ഷേ, എന്തോ ....
കാരണം ചോദിച്ചിട്ടാണെങ്കിൽ, ഒന്നും പറയുന്നുമില്ല.
പിന്നെയും കുറെ കഴിഞ്ഞപ്പോൾ, ഞാൻ അങ്ങോട്ടൊന്നു വിളിച്ചു. അപ്പോഴാണ് മടിച്ച് മടിച്ച് അവൻ കാര്യം പറയുന്നത്. അവന്റെ മറ്റൊരു സുഹൃത്ത് (വെറും സുഹൃത്തെന്നു പറഞ്ഞാൽ പോരാ, 'ആത്മാർത്ഥ'സുഹൃത്തെന്നു പറയാവുന്ന ഒരാൾ) ഇപ്പോൾ കുറച്ചായി അവനോട് വലിയ അടുപ്പം കാണിയ്ക്കുന്നില്ലത്രേ.
മുൻപ്, എന്തിനും ഏതിനും ഇവനെ വിളിച്ചിരുന്ന ആളാണ്. അതും, വിദേശത്താണ് ജോലിയെങ്കിൽ പോലും. നട്ടപ്പാതിരായ്ക്ക് വിളിച്ചു പോലും, സ്വന്തം സങ്കടങ്ങളുടെ കെട്ടഴിച്ചുകൊണ്ടിരുന്ന ആൾ. ഒരു കാരണവുമില്ലാതെ ഇപ്പോൾ ആ വിളികളുടെ എണ്ണം തീരെ കുറച്ചുവത്രേ.
ആ സമയം മനസ്സിൽ തോന്നിയ കുറച്ചു സാന്ത്വനവാക്കുകൾ പറഞ്ഞ്, അവനെ ഒന്ന് ആശ്വസിപ്പിച്ചുവെങ്കിലും, അവൻ പറഞ്ഞ ആ കാര്യം കനലടങ്ങാതെ അങ്ങിനെ മനസ്സിൽ കിടന്നു.
അതാണിപ്പോൾ നമ്മുടെ ഈ ലേഖനത്തിനും ആധാരം.
കാരണം, ഇത് നമ്മളിൽ പലരും അല്ലെങ്കിൽ നമുക്ക് അറിയാവുന്നവരിൽ പലരും, പലപ്പോഴും അഭിമുഖീകരിച്ചിട്ടുള്ള ഒരു പ്രശ്നം ആണ് എന്നത് തന്നെ.
ശരിയല്ലേ?
വലുതും ചെറുതുമായ എല്ലാ കാര്യങ്ങളും, പിന്നെ കൊച്ചു കൊച്ചു സന്തോഷങ്ങളും, അതിലേറെ സങ്കടങ്ങളും ഒക്കെ ഒന്നൊഴിയാതെ നേരിലോ അല്ലെങ്കിൽ ഫോണിലോ അതുമല്ലെങ്കിൽ വാട്സാപ്പിലോ ഒക്കെ നമ്മോട് പങ്കുവച്ചിരുന്ന ചിലർ, പ്രത്യേക കാരണങ്ങൾ (നമ്മുടെ അറിവിൽ ) ഒന്നും തന്നെയില്ലാതെ, അതിൽ നിന്നൊക്കെ പിൻവലിയുമ്പോൾ, നമ്മൾ വല്ലാതെ അസ്വസ്ഥരാകും. അല്ലേ?
കാരണം?
വേറൊന്നുമല്ല. അവരെ നമ്മൾ ഏറെ ഇഷ്ടപ്പെട്ടിരുന്നു, എന്നത് തന്നെ.
പക്ഷേ, അങ്ങിനെയെങ്കിൽ, അത്തരമൊരു അവസ്ഥയിൽ നമ്മൾ എന്ത് ചെയ്യണം?
ഞാൻ പറയും "സന്തോഷിയ്ക്കണം".
അതൊരു 'വല്ലാത്ത' പറച്ചിലായിപ്പോയി എന്നാകും ഇപ്പോൾ നിങ്ങളിൽ പലരും കരുതുന്നത്. എനിയ്ക്കറിയാം.
അടുപ്പമുള്ളവർ സംസാരിയ്ക്കാതാകുമ്പോൾ സന്തോഷിയ്ക്കണമത്രേ.
ഒരു നിമിഷം. ഞാൻ ഒന്ന് വിശദമാക്കട്ടെ.
അങ്ങിനെ ഒരു 'അകൽച്ച' ഒരു സുഹൃത്ത് നിങ്ങളോടു കാണിയ്ക്കുന്നു എങ്കിൽ, അതിനു കാരണങ്ങൾ താഴെപ്പറയുന്നവയിൽ ഏതെങ്കിലും ഒന്നാകാം. തീർച്ച.
1. അയാളുടെ/അവളുടെ ജോലിത്തിരക്ക്.
2. ഒന്നോർത്തു നോക്കൂ. കൂടുതലും സങ്കടങ്ങൾ അല്ലെങ്കിൽ വിഷമങ്ങൾ അല്ലേ ആ സുഹൃത്ത് നിങ്ങളോട് പങ്കു വച്ചിരുന്നത്. എങ്കിൽ, ആ സങ്കടങ്ങളിൽ നിന്നും വിഷമങ്ങളിൽ നിന്നുമൊക്കെ അയാൾ/അവൾ മുക്തരായിട്ടുണ്ടാകും. ഇപ്പോൾ, നിങ്ങളുമായി പങ്കുവയ്ക്കാൻ അവർക്ക് അത്രയധികം ദുഃഖങ്ങൾ ഇല്ലായിരിയ്ക്കും.
3. ഒരു പക്ഷേ, മുൻപ് അവരുടെ ദുഃഖങ്ങൾ നിങ്ങളോടു പറയുമ്പോൾ നിങ്ങളിൽ നിന്നും കിട്ടിയിരുന്ന ആ ആശ്വാസ വാക്കുകളേക്കാൾ നല്ല സാന്ത്വനവാക്കുകൾ നല്കാൻ കഴിയുന്ന, കുറച്ചു കൂടി നല്ല മറ്റൊരു സുഹൃത്തിനെ അവർക്കു കിട്ടിയിട്ടുണ്ടാകാം.
ഇതിൽ ആദ്യത്തേതാണ് കാരണമെങ്കിൽ നിങ്ങൾ സങ്കടപ്പെടേണ്ടതുണ്ടോ? ഇല്ലല്ലോ?
തിരക്കുകൾ ഒഴിയുമ്പോൾ, ആ സുഹൃത്ത് നിങ്ങളെ തേടിയെത്തും.
ഇനി രണ്ടാമത്തേതോ മൂന്നാമത്തേതോ ആണ് കാരണങ്ങൾ, എങ്കിൽ?
ആ ആൾ നിങ്ങളുടെ നല്ല ഒരു സുഹൃത്ത് ആയിരുന്നുവെങ്കിൽ, ഇപ്പോഴും (നിങ്ങൾക്ക്) അങ്ങിനെ ആണെങ്കിൽ, അവരുടെ ആ സങ്കടങ്ങൾ നീങ്ങിയതിൽ നിങ്ങൾ ഏറെ സന്തോഷിയ്ക്കുകയല്ലേ വേണ്ടത്? അതുമല്ലെങ്കിൽ, അവർ കൂടുതൽ സന്തോഷവാൻ/സന്തോഷവതി ആയിരിയ്ക്കുന്നതിൽ നിങ്ങൾ സന്തോഷിയ്ക്കുകയല്ലേ വേണ്ടത്?
കാരണം അവൻ/അവൾ നിങ്ങൾക്ക് അത്രയ്ക്കും പ്രിയപ്പെട്ടവൻ/പ്രിയപ്പെട്ടവൾ ആണ്. അല്ലേ?
ഇനിയിപ്പോൾ നിങ്ങൾ പറയൂ. ഇത്തരമൊരു സാഹചര്യത്തിൽ നമ്മൾ സന്തോഷിയ്ക്കണോ? അതോ ദുഃഖിയ്ക്കണോ?
അയ്യോ ... നാലാമതായി ഒരു കാരണം കൂടിയുണ്ടാകാം, കേട്ടോ. അത് മറന്നു.
4. നിങ്ങളോട് പറയാൻ ബുദ്ധിമുട്ടുള്ള (അഥവാ, പറയാൻ മനസ്സില്ലാത്ത) എന്തോ ഒരു കാരണത്താൽ, അവൻ/അവൾ നിങ്ങളുടെ ആ സൗഹൃദം ഇപ്പോൾ തീർത്തും ഇഷ്ടപ്പെടുന്നില്ല.
അപ്പോഴും നിങ്ങൾ സന്തോഷിയ്ക്കണം; അതാണ് അവന്/അവൾക്ക് സന്തോഷം നൽകുന്നതെങ്കിൽ.
കാരണം, ഇപ്പോഴും അവൻ/അവൾ നിങ്ങൾക്ക് പ്രിയപ്പെട്ടവൻ/പ്രിയപ്പെട്ടവൾ ആണ് അല്ലേ?
ഇനി അവസാനമായി നിങ്ങൾ പറയൂ.
ഇത്തരമൊരു സാഹചര്യത്തിൽ നമ്മൾ സന്തോഷിയ്ക്കണോ? അതോ, ദുഃഖിയ്ക്കണോ?
===============
സ്നേഹപൂർവ്വം
- ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
********
Simple and motivational
ReplyDeletethank you
Deleteനല്ല വിഷയം. തികച്ചും കാലികം. അത് വളരെ ഒതുക്കത്തോടെ അവതരിപ്പിച്ചു. ഏറെ ഇഷ്ടമായി ബിനു. സ്നേഹാദരങ്ങളോടെ
ReplyDelete- രേഖ വെള്ളത്തൂവൽ -
സർ .... ഒരുപാട് ഒരുപാട് സന്തോഷം... ഈ വാക്കുകൾ കേൾക്കുമ്പോൾ .....
Delete