അസ്തമയത്തിന്റെ ആ അനഘ ചാരുത [ വയനാടൻ യാത്രാ വിവരണം-2024-I ]

 

അസ്തമയത്തിന്റെ ആ അനഘ ചാരുത 

[ വയനാടൻ യാത്രാ വിവരണം-2024-I ] 

ഇത്തവണത്തെ വിഷു, മാതാപിതാക്കളോടൊപ്പം വയനാട്ടിൽ ആകാം എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. അവധിക്കാലത്തേയ്ക്കു കടന്ന കുട്ടികളും, പിന്നെ ഏറിവന്ന ചില ഔദ്യോഗിക തിരക്കുകളും ആ  തീരുമാനത്തിന് ആക്കം കൂട്ടി എന്നും പറയാം. 

പതിവുപോലെ അനന്തപുരിയിൽ നിന്നും അതിരാവിലെ യാത്ര തുടങ്ങി. ഏറ്റുമാനൂരപ്പനെ വണങ്ങി, മോനിപ്പള്ളിയിലെ തറവാട്ടിൽ ഉച്ചഭക്ഷണത്തിനും അല്പം വിശ്രമത്തിനും ശേഷം, വൈകുന്നേരത്തോടെ എറണാകുളത്തെ ബന്ധുവീട്ടിൽ. 

ശരിയ്ക്കും എരിതീ പോലെ എരിയുന്ന ഈ വേനലിൽ ഒരുപോള കണ്ണടയ്ക്കാനാവാത്ത രാത്രി. കേരളത്തിൽ എല്ലായിടത്തും ചൂട് ആണെങ്കിലും "എറണാകുളത്തെ ചൂടാണ് ചൂട്" എന്ന് തോന്നിപ്പോയി. പക്ഷെ അതുകൊണ്ട് ഒരു ഗുണമുണ്ടായി. അതിരാവിലെ 5:30 ന് യാത്ര പ്ലാൻ ചെയ്ത ഞങ്ങൾ, അതിനും ഒരു മണിക്കൂർ മുൻപേ യാത്ര തുടങ്ങി.

മിനി പമ്പയിൽ (കുറ്റിപ്പുറം), കടുത്ത വേനലിൽ കണ്ണീർചാലുപോലൊഴുകുന്ന ആ നിളാ നദിയും കടന്ന്, ഞങ്ങൾ താമരശ്ശേരിച്ചുരത്തിന്റെ അടിവാരത്തെത്തി. അവിടെ, അനിയനും മോനും കാത്തുനിന്നിരുന്നു. 'ലഞ്ചിയോണിൽ' നിന്നും ലഘുഭക്ഷണത്തിന്‌ ശേഷം, ഞങ്ങൾ ചുരം കയറിത്തുടങ്ങി. മുൻപൊരിയ്ക്കൽ ഞങ്ങളെ 8 മണിക്കൂർ തന്റെ ആ വിഖ്യാത 'ബ്ലോക്കിൽ' പെടുത്തിയത് കൊണ്ടാകാം, ഇത്തവണ സുഗമമായി പോകാൻ അനുവദിച്ചു. ചുരത്തിനു മുകളിലെ ആ ചങ്ങല മരത്തോടും കരിന്തണ്ടനോടും മനസ്സാ നന്ദി പറഞ്ഞ്, ഞങ്ങൾ യാത്ര തുടർന്നു. 

സാധാരണ ഈ സ്ഥലങ്ങൾ പിന്നിടുമ്പോൾ മനസ്സിൽ ആകെയും സന്തോഷം നിറയും. ചുരം യാത്രയുടെ ആ സുഖവും, വീട്ടിലേക്കടുക്കുന്നതിന്റെ ആ സന്തോഷവും, ഇരുവശത്തുമുള്ള മനം നിറയ്ക്കുന്ന ആ വയനാടൻ കാഴ്ചകളുമൊക്കെ ആകാം കാരണങ്ങൾ. എന്നാൽ, ഇത്തവണ മനസ്സിൽ ഉറവ് പൊട്ടിയത് സങ്കടമാണ്. കാരണം, ഇടതു വശത്തായി അതാ കാണുന്നു 'പൂക്കോട് വെറ്ററിനറി കോളേജ്'. 'മൃഗതൃഷ്ണ' മനസ്സിൽ നിറച്ച ചിലരെങ്കിലും അധിവസിച്ചിരുന്ന സ്ഥലം. സിദ്ധാർത്ഥന്റെ ആ ഓർമ്മകൾ വണ്ടിയിൽ കുറെ നേരം മൗനം നിറച്ചു.

വീട്ടിൽ അച്ഛനുമമ്മയും കാത്ത് നിന്നിരുന്നു. ഇഷ്ടവിഭവമായ ആ 'ചക്കക്കുരു മാങ്ങ' കറിയും, പിന്നെ വറുത്ത 'ഉണക്ക മുള്ളൻ' മീനും, കൂടെ ഇത്തിരി 'വയനാടൻ കുരുമുളക് ചേർത്ത ആ പോർക്ക് വറുത്തതും' ചേർന്ന ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. പിന്നത്തെ കഥ പറയേണ്ടല്ലോ?

ശേഷം, വിഷു തിരക്കുകളിലേയ്ക്ക്. കുടുംബങ്ങളെല്ലാം ഒത്തു ചേർന്ന വിഷു ഏറെക്കാലത്തിനു ശേഷമായതിനാൽ, അല്പം ഗംഭീരമാക്കാം എന്നുതന്നെ കരുതി. 

വിഷു ദിവസം, കണ്ണനെ കണ്ടുണർന്നു. പിന്നെ കുട്ടികൾക്കെല്ലാം 'വിഷു കൈനീട്ടം'. പിന്നെ,സദ്യയൊരുക്കുന്ന തിരക്കുകളിലേയ്ക്ക്. 

വിശേഷ ദിവസങ്ങളിലെ പായസങ്ങളിൽ ഒന്നാമൻ ഞങ്ങളുടെ ആ തനത്  'കോട്ടയം സ്റ്റൈൽ ശർക്കരപ്പായസം' ആണ് കേട്ടോ. ചെറുപയർ പരിപ്പും ഉണക്കലരിയും പ്രത്യേക അനുപാതത്തിൽ ചേർത്ത്, മൂന്ന് തരം തേങ്ങാപ്പാലുകൾ ചേർത്തിളക്കി, തയ്യാറാക്കുന്ന ഇവൻ ആളൊരു 'സംഭവം' തന്നെയാണ് കേട്ടോ. അത്ര രുചികരം. പക്ഷേ, പാചകം ചെയ്യാൻ ആ കത്തുന്ന വിറകടുപ്പിനരികിൽ നമ്മൾ കുറെയേറെ മണിക്കൂറുകൾ ചിലവിടണം എന്ന് മാത്രം.

ഏതാണ്ട് 28 വിഭവങ്ങളോടെയുള്ള വിഷുസദ്യ ഉണ്ണാൻ വയനാട്ടുകാരനായ പ്രിയസുഹൃത്തും കുടുംബവും കൂടി എത്തിയതോടെ, ഏറെ സന്തോഷകരവും കുട്ടികളുടെ തിമിർപ്പൻ ആഘോഷവുമായി മാറി ഇത്തവണത്തെ വിഷു. 

പിറ്റേന്ന് മുതൽ, പതിവ് പോലെ ജോലിത്തിരക്കിലേയ്ക്ക്. 

ഏപ്രിൽ 16 ന് വൈകുന്നേരത്തോടെ ജോലിയൊതുക്കി,  ആ സായാഹ്നത്തിൽ കാണാൻ പോകാൻ പറ്റിയ ഒരു സ്ഥലം ഏതെന്ന് തിരഞ്ഞപ്പോഴാണ്, നമ്മുടെ സ്വന്തം ഗൂഗിൾ സഹായത്തിനെത്തിയത്. വീട്ടിൽ നിന്നും ഏതാണ്ട് 27 കിലോമീറ്റർ മാത്രം അകലെയുള്ള 'നെല്ലാറച്ചാൽ'.

ഉഗ്രൻ സ്ഥലമത്രെ. ഗൂഗിളല്ലേ? കണ്ണുമടച്ചു വിശ്വസിയ്ക്കാമോ? എന്നൊക്കെയുള്ള ചോദ്യങ്ങൾ ചില കോണുകളിൽ നിന്നുമുയർന്നെങ്കിലും, ഞങ്ങൾ പോകാൻ തന്നെ തീരുമാനിച്ചു. 

സമയം വൈകുന്നേരം 5 മണി. ഇപ്പോഴെങ്കിലും പുറപ്പെട്ടാൽ മാത്രമേ 6 മണിയോടെ സ്ഥലത്തെത്തൂ. ഏവരും തിരക്ക് കൂട്ടി. മീനങ്ങാടി-അമ്പലവയൽ-മഞ്ഞപ്പാറ വഴി ഞങ്ങളുടെ യാത്ര തുടർന്നു. സാധാരണയായ ആ വയനാടൻ കാഴ്ചകളല്ലാതെ  റോഡിനിരുവശവും പ്രത്യേകതകൾ ഒന്നും തന്നെയില്ല. കൂടെയുള്ളവർ ഇടയ്ക്കിടെ എന്നെ നോക്കാൻ തുടങ്ങി. കാരണം, ഞാൻ ആണല്ലോ ഈ സ്ഥലം തിരഞ്ഞു കണ്ടെത്തിയത്. ഞാൻ, ഇല്ലാത്ത തിരക്കഭിനയിച്ച്  മൊബൈലിലേക്ക് ശ്രദ്ധയൂന്നി.

നെല്ലാറച്ചാൽ എന്ന ആ ഗ്രാമക്കവലയിലെ ഒരു ചെറുചായക്കടയിൽ വഴി ചോദിച്ചു. 

"നേരെ പൊക്കോ .... ഒരു 200- 250 മീറ്റർ ... അവിടെ ബോർഡ് കാണാം .."

പറഞ്ഞു തീർന്നത്തിനു ശേഷം അയാൾ ചിരിച്ച ആ നിറഞ്ഞ ചിരിയിൽ, ഒരു കളിയാക്കലുണ്ടോ?. "ദേ ....ഒരു വണ്ടി നിറയെ മണ്ടന്മാർ ... അസ്തമയം കാണാൻ" എന്നൊരു ധ്വനിയുണ്ടോ?

ആ ...നനഞ്ഞിറങ്ങിയില്ലേ? ഇനി കുളിച്ചു കയറാം ... അല്ല പിന്നെ ...

കുറച്ചു കൂടി മുൻപോട്ടു പോയി, വലതു സത്തേയ്ക്കു തിരിഞ്ഞ്, ഞങ്ങൾ സ്ഥലത്തെത്തി. ഇപ്പോൾ സമയം 5:45pm.

'വെൽഡൺ ..മൈ ബോയ് .."  എന്ന് സാരഥിയായ അനിയനോട് പറഞ്ഞു. കടിച്ചുപിടിയ്ക്കാൻ 'പൈപ്പ്' ഇല്ലാതിരുന്നത് കൊണ്ട്, അത് അത്രയ്ക്കങ്ങു ശരിയായില്ല.

നമ്മൾ ഇപ്പോൾ എത്തി നിൽക്കുന്നത് ഒരു ചെറു കുന്നിൻ മുകളിലെ, ആ  അതിവിശാലമായ പാർക്കിംഗ് സ്ഥലത്താണ്. 

നേരെ മുൻപിൽ, അങ്ങ് ദൂരെ ഉയർന്ന മലനിരകൾ. അതിനുമപ്പുറത്തു നിന്നും "ആ ... നിങ്ങൾ എത്തിയല്ലോ ..അല്ലേ?" എന്ന ഭാവത്തിൽ സൂര്യൻ. ഞങ്ങൾ കൈകളുയർത്തി "യേസ്" പറഞ്ഞു.



ഇപ്പോൾ നിൽക്കുന്ന ആ കുന്നിൻ മുകളിൽ നിന്നും, മറുവശത്തേയ്ക്ക് നമുക്ക് നടന്നിറങ്ങാം. അവിടെ അതിവിശാലമായ ജലാശയം. അതങ്ങിനെ, ചെറുതായി ഇളകി, ആ അരുണകിരണങ്ങളെ സ്വർണ്ണവർണ്ണത്തിൽ പ്രതിഫലിപ്പിയ്ക്കുന്നു. 


ജലാശയത്തിന്റെ നടുവിലായി ഒരു വശത്ത് ഒരു മൽസ്യവളർത്തൽ സജ്ജീകരണം. അവിടെ നിന്നും പിടിയ്ക്കുന്ന ആ മീനുകളെ, നമുക്ക് നല്കാൻ കുട്ട വഞ്ചിയിൽ, കരയിലേയ്ക്ക് തുഴഞ്ഞെത്തുന്ന ജീവനക്കാരൻ. 

ഇനി, നമ്മൾ നിൽക്കുന്ന കരയോട് ചേർന്ന വെള്ളത്തിലാണെങ്കിലോ? അതിൽ നിറയെ പൂത്തു നിൽക്കുന്ന അസംഖ്യം ആമ്പലുകൾ. അതും കരയിൽ നിന്നും കയ്യെത്തിപ്പറിയ്ക്കാവുന്ന ആ ദൂരത്തിൽ. 



ഇത്രയൊക്കെ ഞാൻ പറയുമ്പോൾ, ചിലർക്കെങ്കിലും അത്‌ അതിശയോക്തി ആയി തോന്നാം. അല്ലേ? അത് മാറ്റാൻ, നമ്മൾ ഇവിടെ കൂടെ ചേർത്തിരിയ്ക്കുന്ന ആ ഫോട്ടോകൾ ഒന്നു നോക്കുക. ഒരു ഫിൽറ്ററും ഇല്ലാതെ, 100% 'ഒറിജിനൽ' ആയി എടുത്തവയാണവ.

കൂടെയുള്ളവർ ആമ്പൽ പറിയ്ക്കുന്ന (ഇവിടെ അത് അനുവദനീയമാണ്) തിരക്കിലായപ്പോൾ, ഞാൻ അസ്തമയ സൂര്യന്റെ ആ അനഘ ഭംഗി ആസ്വദിയ്ക്കുന്ന തിരക്കിലായിരുന്നു. കൂടെ കഴിയുന്നത്ര ഭംഗിയോടെ അതൊന്നു പകർത്താനുള്ള ശ്രമത്തിലും.

ശരിയ്ക്കും... അനുപമം.... ഈ നെല്ലാറച്ചാൽ. 

മൊട്ടക്കുന്നും, അതിറങ്ങിയെത്തുന്ന സ്വച്ഛസുന്ദര-വിശാല-ജലാശയവും (കാരാപ്പുഴ അണക്കെട്ടിന്റെ ഭാഗം), അതിലെ ആ നീലാമ്പലുകളും... പിന്നെ ... അങ്ങകലെ കറുത്തപച്ചപ്പാർന്ന മലനിരകൾക്കുമപ്പുറത്ത്, കടുംകുങ്കുമത്താൽ അഭിഷിക്തനായി, തെല്ലു സങ്കടത്തോടെയെങ്കിലും നമ്മോടു താല്ക്കാലികമായി യാത്ര ചൊല്ലുന്ന ആ സൂര്യദേവനും .... അനുപമം... അപാരം ..പ്രകൃതീശ്വരീ നിന്റെ ഈ സുന്ദര-ഭാവ-ദൃശ്യങ്ങൾ!



അങ്ങിനെ, പതിയെ ആ സൂര്യൻ മറഞ്ഞപ്പോൾ, ഞങ്ങൾ തിരികെ കുന്നിൻ മുകളിലേക്കെത്തി. അവിടുത്തെ ആ ഐസ് ക്രീം വണ്ടികളൊന്നിൽ നിന്നും വാങ്ങിയ ഐസ്ക്രീമുകളാൽ ഉള്ളൊന്നു തണുപ്പിച്ചു.

പിന്നെ മടക്കയാത്ര. ഇങ്ങോട്ടുള്ളവഴിയിൽ, വഴി ചോദിച്ച ആ ചായക്കടയ്ക്കരികിൽ കാർ നിർത്തി. 

നല്ല ഓരോ ചായയും, പിന്നെ കൂടെ ... പഴംപൊരി, ഉള്ളിവട, പത്തിരി, ബോണ്ട ... തുടങ്ങിയ ചില്ലറ ചില്ലറ നാടൻ ഐറ്റംസും  .... കൂടെ ഹൃദയം നിറഞ്ഞ ഞങ്ങളുടെ ആ നന്ദിയും അറിയിച്ചു ....

ശേഷം, അതിസുന്ദരമായ ആ  "നെല്ലാറച്ചാൽ" ദൃശ്യ ചർച്ചകളുമായി ഞങ്ങൾ വീട്ടിലേയ്ക്ക് .... പെട്ടെന്നെത്തണം, കാരണം അവിടെ 'ഇടന ഇല'യിൽ പുഴുങ്ങിയ ആ ചക്കയപ്പങ്ങൾ (ഞങ്ങളുടെ നാട്ടുഭാഷയിൽ "പൂച്ചയപ്പം") ഞങ്ങളെയും കാത്തിരിയ്ക്കുണ്ടാകും .... അപ്പം വേവിച്ച  ആ പാത്രത്തിന്റെ മൂടി തുറക്കുമ്പോൾ നമ്മുടെ മൂക്കിലേയ്ക്കടിച്ചു കയറുന്ന 'ഇടന'യിലയുടെ ആ മാദക ഗന്ധമുണ്ടല്ലോ .... എൻെറ പൊന്നു സാറേ ....!

നെല്ലാറച്ചാൽ വിശേഷങ്ങൾ ഇഷ്ടമായി എന്ന് കരുതട്ടെ ... ബാക്കി വയനാടൻ യാത്രാവിശേഷങ്ങൾ അടുത്ത ഭാഗത്തിൽ .... 

===========

സ്നേഹപൂർവ്വം 

- ബിനു മോനിപ്പള്ളി

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********

* നെല്ലാറച്ചാലിന്റെ വീഡിയോ ആസ്വദിയ്ക്കുവാൻ സന്ദർശിയ്ക്കുക: https://youtu.be/mXRpSwjOkZw

** ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി, കൂടുതൽ നെല്ലാറച്ചാൽ ചിത്രങ്ങൾ താഴെ ചേർക്കുന്നു

 











 

 


 

 

Comments

  1. Too good to read...keep writing sir

    ReplyDelete
  2. ആ യാത്രയിലെ അനുഭവം വായനക്കാരുടെ ഹൃദയങ്ങളിലേക്കും പകരുന്നു, നല്ല അവതരണം 🌹🌹

    ReplyDelete
    Replies
    1. ഏറെ നന്ദി ... വായനയ്ക്കും, പിന്നെ ഈ അഭിപ്രായത്തിനും ...

      Delete
  3. ബിനു..... സൂപ്പർ ആയിരിക്കുന്നു.... വായിച്ചു തീരും വരെയും ഇത് ബിനു ആണെന്ന് അറിയില്ലാർന്നു.... അടിപൊളി കേട്ടോ... 👌👌❤️

    ReplyDelete
    Replies
    1. ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ....

      വീട്ടിൽ എല്ലാവരെയും എന്റെ സ്നേഹാന്വേഷണം അറിയിയ്ക്കുക ....

      Delete

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]