ബുദ്ധം ശരണം ഗച്ഛാമി [ വയനാടൻ യാത്രാ വിവരണം-2024-II ]

 

ബുദ്ധം ശരണം ഗച്ഛാമി 

[ വയനാടൻ യാത്രാ വിവരണം-2024-II ]  

നെല്ലാറച്ചാലിലെ ആ അസ്‌തമയം പകർന്നേകിയ ഉണർവ്വാകാം, പിറ്റേന്ന് തന്നെ ഇനിയുമൊയൊരു ദീർഘയാത്രയ്ക്ക് ഞങ്ങളെ പ്രേരിപ്പിച്ചത്. 

വയനാട്ടിലെ പൊള്ളുന്ന പകലേൽപ്പിയ്ക്കുന്ന ആ ക്ഷീണം, വെളുപ്പാൻ കാലമാകുമ്പോൾ വീണുകിട്ടുന്ന നനുത്ത മഞ്ഞിന്റെ കുളിരിൽ, നന്നായി ഒന്ന് മൂടിപ്പുതച്ച് ഉറങ്ങിത്തീർക്കുകയാണ് പതിവ്. 

എന്നാൽ ഇന്നത് പറ്റില്ല. കാരണം, നമ്മൾ ഇന്ന് പോകുന്നത് പ്രശസ്‌തമായ ഒരു ബുദ്ധവിഹാരത്തിലേക്കാണ്. കർണാടകയിലെ പെരിയപ്പട്ടണം എന്ന സ്ഥലത്തെ "നംദ്രോലിങ്" ആശ്രമത്തിലേയ്ക്ക്. "ഗോൾഡൻ ടെംപിൾ" എന്നാണ് ഈ ആശ്രമം പൊതുവെ അറിയപ്പെടുന്നത്.    

ടിബറ്റൻ ബുദ്ധിസത്തിന്റെ 'നയിങ്ങ്മ' (Nyingma) വംശപരമ്പരയിലെ, ലോകത്തിലെ ഏറ്റവും വലിയ പഠനകേന്ദ്രമത്രെ ഈ "നംദ്രോലിങ്". ഏതാണ്ട് 5000-ലേറെ ലാമമാർ ഇവിടെയുണ്ട്.

നമ്മുടെ വീട്ടിൽ നിന്നും, ഏതാണ്ട് 120 കിലോമീറ്ററിൽ കൂടുതൽ ദൂരമുണ്ട് ഇന്നത്തെ ലക്ഷ്യത്തിലേക്ക്. അതിനാൽ തന്നെ, അതിരാവിലെ ഉണർന്നു. 6 മണിയ്ക്ക് തന്നെ, കുട്ടിപ്പട്ടാളം ഉൾപ്പെടെ എല്ലാവരും യാത്രയ്ക്ക് തയ്യാർ. പ്രഭാത ഭക്ഷണത്തിനുള്ള ഇഡ്ഡലിയും ചമ്മന്തിയും വരെ വണ്ടിയിൽ കയറ്റി. കൂടെ കുടിയ്ക്കാനും, കൈകൾ കഴുകാനുമുള്ള വെള്ളവും. 

ഒരു വഴിയ്ക്കിറങ്ങുവല്ലേ? എല്ലാം കരുതിയേക്കാം.

പതിവുപോലെ, 'ജയവിജയ'ന്മാരുടെ അയ്യപ്പഭക്തിഗാനത്തോടെ ഞങ്ങൾ യാത്ര തുടങ്ങി. ദൂരയാത്രകളിൽ കാലങ്ങളായുള്ള പതിവാണത്. പ്രഭാതഭക്ഷണം കഴിയ്ക്കുന്നത് വരെ, മനസ്സിൽ ഭക്തി നിറയ്ക്കുന്ന വിവിധ അയ്യപ്പ-കൃഷ്ണ-ശിവ-ദേവീ ഭക്തിഗാനങ്ങൾ അങ്ങിനെ ഒഴുകിക്കൊണ്ടേയിരിയ്ക്കും. "ഒരുനേരമെങ്കിലും കാണാതെ വയ്യെന്റെ ..." എന്ന ആ പാട്ടും കേട്ട്, കൂടെയൊന്നു മൂളി, പുലർകാലത്തെ ആ മഞ്ഞും കണ്ട് (അല്ല, കൊണ്ട്), കാനനപാതകളിൽ അങ്ങിനെ ഡ്രൈവ് ചെയ്യുന്നതിന്റെ ആ സുഖമുണ്ടല്ലോ ... ആഹാ .. അതൊന്നു വേറെ തന്നെയാണേ.

പനമരം-പയ്യമ്പള്ളി-കാട്ടിക്കുളം വഴി ഞങ്ങൾ പതുക്കെ വനത്തിലേക്ക് പ്രവേശിച്ചു. മുൻപ് പലപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ വനത്തിൽ കൂടിയുള്ള ആ യാത്രകളാണ്, എന്നും വയനാട്ടിലെ എന്റെ ഇഷ്ടകാര്യം. 

തിരുനെല്ലി അമ്പലത്തിലേയ്ക്ക് തിരിയുന്ന സ്ഥലത്ത് ഞങ്ങൾ കാർ ഒതുക്കി. ദേ.. ആ കാണുന്ന കൊച്ചുകടയിലാണ് പ്രശസ്തമായ ആ 'ഉണ്ണിയപ്പം' കിട്ടുക. പേര് ഉണ്ണിയപ്പം എന്നാണെങ്കിലും വലിപ്പം ഏതാണ്ടൊരു 'ഉണ്ടംപൊരി'യുടെ അത്ര വരും കേട്ടോ. അതിരാവിലെ നല്ല ചൂടൻ ഉണ്ണിയപ്പം അല്ലേ കയ്യിൽ? കിട്ടിയപാടെ എല്ലാവരും ഓരോന്ന് അകത്താക്കി. ചെറിയ ഒരു ആശ്വാസം.

ഇപ്പോൾ നമ്മൾ യാത്ര ചെയ്യുന്നത് തോൽപ്പെട്ടി/വയനാട് വന്യമൃഗ സങ്കേതത്തിന്റെ ഭാഗമായ വനത്തിലൂടെയാണ്. നോക്കെത്താദൂരം നീണ്ടുകിടക്കുന്ന വഴി. 

ഇടയ്ക്കിടെ, ഇരുപുറവും പൂത്തു നിൽക്കുന്ന ആ ഗുൽമോഹർ മരങ്ങൾ. ശരിയ്ക്കും മനസ്സിൽ 'പ്രണയം' നിറയ്ക്കുന്ന കാഴ്ചകൾ. 

 

ഇത്രമേൽ നിറമുള്ള ഗുൽമോഹർ പൂവുകൾ-

ക്കെത്ര കിനാക്കളുണ്ടായിരിയ്ക്കും .... ? 

പുലർകാലമഞ്ഞിന്റെ കുളിരു പുതയ്ക്കുമ്പോൾ 

അവയെത്ര അഴകുള്ളതായിരിയ്ക്കും... ?

എനിയ്ക്കേറെ ഇഷ്ടപ്പെട്ട ആ മലയാളഗാനം, ഇങ്ങനെയൊന്ന് മാറ്റിപ്പാടാൻ ഒരു മാത്ര വെറുതെ നിനച്ചുപോയി.

ആഹ്.. ഒരു കാര്യം പറയാൻ മറന്നു. ഞങ്ങളുടെ ഈ യാത്രകളിലെല്ലാം കാറിൽ, പാട്ടുകൾ അങ്ങിനെ കേട്ടുകൊണ്ടേയിരിയ്ക്കും. അതും, കാതിനും മനസ്സിനും ഇമ്പമേറ്റുന്ന മലയാളം, ഹിന്ദി മെലഡികൾ. പക്ഷെ, അത് പിന്നണിയിൽ. 

അപ്പോൾ മുന്നണിയിലോ? അവിടെ ഇടതടവില്ലാത്ത സംഭാഷണങ്ങൾ ആകും. പരസ്പരം കൊണ്ടും കൊടുത്തും, അതങ്ങിനെ അനസ്യുതം നീളും. സത്യത്തിൽ, അതാണ് ഈ യാത്രകളെ കൂടുതൽ ആസ്വാദ്യകരമാക്കുന്നതും, വീണ്ടും വീണ്ടുമുള്ള ആ യാത്രകൾക്ക് ഞങ്ങളെ വല്ലാതെ പ്രേരിപ്പിയ്ക്കുന്നതും. 

നമ്മൾ ഇപ്പോൾ കേരള അതിർത്തിയായ തോൽപ്പെട്ടിയിൽ എത്തി. 

ദേ, ഇപ്പോൾ കർണാടകയിലെ അതിർത്തി ഗ്രാമമായ "കുട്ട"യിലേക്ക് കടന്നു. 

ഇനിയുള്ള പല സ്ഥലപ്പേരുകളും നമുക്ക് പുതുമയായി തോന്നും. ഉദാഹരണത്തിന് 'തിഥിമതി',  'ബൂഡിറ്റിട്ടു' എന്നിങ്ങനെ പോകും അവ. പിന്നെ ദാ... കുറെ 'ഹള്ളി'കളും. 'ഹള്ളി'...'ഹള്ളി'...

ഇടയ്ക്ക് തണൽ നോക്കി വണ്ടി നിറുത്തി. കയ്യിൽ കരുതിയിരുന്ന പതുപതുത്ത ആ ഇഡ്ഡലിയും ചമ്മന്തിയും അകത്താക്കി. പിന്നെയും യാത്ര തുടർന്നു. പറയാൻ മറന്നു. കർണാടകയിൽ കയറിയതും വണ്ടിയിൽ പെട്രോൾ നിറച്ചു കേട്ടോ. കാരണം, നമ്മുടെ കേരളത്തിനേക്കാൾ ലിറ്ററിന് ഏതാണ്ട് 6-7 രൂപയോളം കുറവുണ്ടവിടെ. എന്താല്ലേ? ദൈവത്തിന്റെ സ്വന്തം നാടേ ....!

പെരിയപ്പട്ടണറ്വും കഴിഞ്ഞ്, ബൈലക്കുപ്പ എന്ന സ്ഥലത്താണ് ഗോൾഡൻ ടെംപിൾ. 

'കുട്ട' മുതൽ ഞങ്ങളുടെ വഴികാട്ടിയായ, ഗൂഗിൾ പറഞ്ഞതനുസരിച്ച്, പ്രധാന വീഥിയിൽ നിന്നും ഇടത്തേക്കു തിരിഞ്ഞു. ഇപ്പോൾ നമുക്ക് സുപരിചിതരായ 'യോദ്ധ' സിനിമയിലെ ആ കഥാപാത്രങ്ങൾ വഴിനീളെ നടക്കുന്നത് കാണാം. ലാമമാരും, അമ്മായിമാരും ഒക്കെ അങ്ങിനെ യഥേഷ്ടം സഞ്ചരിയ്ക്കുന്നു. പക്ഷേ, അക്കോസേട്ടനെയും, അപ്പുക്കുട്ടനെയും മാത്രം കാണാനില്ല. 

 

ശരിയ്ക്കും മറ്റൊരു രാജ്യത്തെത്തിയ പ്രതീതി.

ഇതാണ് ടിബറ്റൻ വില്ലേജ്. അങ്ങ് ദൂരെ, ഒരു മന്ദിരത്തിന്റെ സ്വർണ്ണവർണ്ണ മകുടം നമുക്ക് കാണാം. എന്നാലും, ഇടയ്ക്കൊന്നു വഴി ചോദിച്ചു. പാതയുടെ ഇരുവശത്തുമായി, ടിബറ്റൻ സ്കൂളും, ആശുപത്രിയും, കടകളും, മറ്റനേകം വ്യാപാരസ്ഥാപനങ്ങളും. വഴിനീളെ, കടുംതവിട്ടു നിറത്തിലെ ആ നീളൻ കുപ്പായം ധരിച്ച, കാഴ്ച്ചയിൽ ശരിയ്ക്കും ടിബറ്റുകാരായ 'ടിബറ്റൻ സന്യാസിമാർ'. ഓമനത്വമുള്ള കുഞ്ഞു 'റിംപോച്ച'മാർ മുതൽ വയോവൃദ്ധർ വരെ. ഇടയ്ക്കൊക്കെ, കടുംനിറത്തിലെ ലിപ്സ്റ്റിക് പുരട്ടിയ ടിബറ്റൻ സ്ത്രീകളും. 

പക്ഷേ, എല്ലായിടത്തും അസാധാരണമായൊരു നിശബ്‌ദത. ഒരുപക്ഷേ, അവരുടെ ജീവിതരീതിയുടെ ഒരു ഭാഗമാകാം അത്. ശ്രീബുദ്ധനെപ്പോലെ ശാന്തരായ മനുഷ്യർ.

കാർ പാർക്ക് ചെയ്ത ഞങ്ങൾ, മന്ദിരത്തിലേയ്ക്കുള്ള  ആ കവാടം കടന്നു. 

അതിവിശാലമായ ഒരു മുറ്റത്തേയ്ക്കാണ് നമ്മൾ ഇപ്പോൾ പ്രവേശിയ്ക്കുന്നത്. മുറ്റത്തിന്റെ നാല് വശവുമായി നിരന്നുകിടക്കുന്ന മൂന്നുനില മന്ദിരം. കരകൗശല വസ്തുക്കളുടെ കടകളും, ഓഫീസ് മുറികളുമൊക്കെയാണതിൽ. 

ദേ... നേരെ കാണാം അകത്തേയ്ക്കൊരു വലിയ വാതിൽ. അത് കടന്നാൽ വീണ്ടും ഒരു നീളൻ പാത. ഇരുവശവും പച്ചപ്പാർന്ന പുൽത്തകിടികളും, ധാരാളം പൂച്ചെടികളും. നിറഞ്ഞ തണലും, നേർത്ത തണുപ്പും. 

നേരെ മുന്നിൽ തലയെടുപ്പുള്ള ഒരു മന്ദിരം. അതിന്റെ മുറ്റത്ത്, ഇടതുവശത്തായി ഒരു കൂറ്റൻ മണി തൂക്കിയിരിയ്ക്കുന്നു. ഇവിടെയൊക്കെ ഫോട്ടോകൾ അനുവദനീയമാണെങ്കിലും, "വീഡിയോകൾ പാടില്ല" എന്ന് സൂചികകൾ വച്ചിട്ടുണ്ട്.

 

ഇടതുവശത്തായുള്ള പ്രധാന മന്ദിരത്തിലേയ്ക്ക് ഞങ്ങൾ കടന്നു. അപാരമായ ചിത്രപ്പണികൾ നിറഞ്ഞ ഒരു കൂറ്റൻ മന്ദിരം. സ്വർണ്ണം പൂശിയ, 18 മീറ്ററോളം ഉയരമുള്ള ബുദ്ധപ്രതിമ. ഇരുവശത്തുമായി 'പദ്‌മസംഭവ', 'അമിതയുസ്' പ്രതിമകളും. 

മുൻപ് സൂചിപ്പിച്ചതുപോലെ, ആർക്കും ധ്യാനനിമഗ്നരാകാൻ പറ്റുന്ന തരത്തിലുള്ള പരിപൂർണ്ണ നിശബ്ദത. എയർ കണ്ടിഷൻ ചെയ്തത് പോലുള്ള ചെറിയ തണുപ്പും. 

ഇരിയ്ക്കുവാൻ വൃത്താകൃതിയുള്ള കുഷ്യനുകൾ അടുക്കി വച്ചിരിയ്ക്കുന്നു. അത്യാവശ്യം ചില ചിത്രങ്ങൾ എടുത്തതിനു ശേഷം ഞാനും അൽപനേരം കണ്ണുകളടച്ച് ധ്യാനത്തിൽ മുഴുകി. ആകെ അറിയാവുന്ന ആ 'ബുദ്ധം ശരണം ഗച്ഛാമി .. ." എന്ന മന്ത്രവും ഉരുവിട്ട്. വല്ലാത്തൊരു ശാന്തതയാണത് മനസ്സിന് നൽകുന്നത്. സത്യം.






അകത്തെ ആ കാഴ്ചകളെ കുറിച്ചു കൂടുതൽ വർണ്ണിയ്ക്കുന്നില്ല. കാരണം, അത് കൂടെയുള്ള ചിത്രങ്ങളിൽ നിന്നും നിങ്ങൾക്ക് മനസ്സിലാകുന്നതാണ്. 

ഞങ്ങൾ പുറത്തിറങ്ങി രണ്ടാമത്തെ മന്ദിരത്തിലേക്ക് നടന്നു. അവിടെ കുറെയേറെ കുഞ്ഞുസന്യാസിമാർ പ്രാർത്ഥനയിലാണ്. ഒരു പ്രത്യേക താളത്തിൽ, അധികം ശബ്ദമില്ലാതെ, ഏതാണ്ടൊരു 'മെഡിറ്റേഷൻ' ശൈലിയിൽ അവർ മൂന്നു സംഘങ്ങളായി അത് ചൊല്ലുന്നു. കൂടെ, നമുക്കൊട്ടും പരിചിതമല്ലാത്ത ചില വാദ്യോപകരണങ്ങളും. 

ശരിയ്ക്കും, നമ്മുടെ മനസ്സിന്റെ ആഴങ്ങളിൽ തൊടുന്ന  എന്തോ ഒരു മാന്ത്രികത ആ പാട്ടിനുണ്ട്. അതിന്റെ ആ അയഞ്ഞ താളത്തിനും. എന്നാൽ, വീഡിയോഗ്രഫി പാടില്ല എന്ന ആ നിർദ്ദേശത്തെ മാനിച്ച്, അത് ഫോട്ടോയിൽ മാത്രമായി പകർത്തി. പിന്നെ, ഞങ്ങളുടെ കാലടി ശബ്ദം പോലും അവർക്കൊരു ശല്യമാകരുത് എന്ന വിചാരത്തോടെ, പതുക്കെ പുറത്തേയ്ക്കു നടന്നു. 

ഇനിയുള്ളത്, നമ്മൾ പ്രവേശന കവാടത്തിൽ നിന്നും ആദ്യം കണ്ട ആ 'തലയെടുപ്പുള്ള' മന്ദിരമാണ്. അതിന്റെ ഉള്ളിലും തനതു ചിത്രപ്പണികളാൽ അലംകൃതമാക്കിയിരിയ്ക്കുന്നു. ഭിത്തികളും, തൂണുകളും, വാതിലുകളും മേൽക്കൂരകളും എല്ലാം. ഒട്ടനേകം സൂക്തങ്ങളും ആലേഖനം ചെയ്തിരിയ്ക്കുന്നു അവയിലൊക്കെ. 


 

ഈ മൂന്ന് മന്ദിരങ്ങൾ കൂടാതെ, അനേകം കെട്ടിടങ്ങൾ വിശാലമായ കോമ്പൗണ്ടിൽ ഉണ്ട്. അവരുടെ താമസസ്ഥലങ്ങൾ ഉൾപ്പെടെ. പക്ഷേ, അവിടേയ്‌ക്കൊന്നും സന്ദർശകർക്ക് പ്രവേശനം ഇല്ല.

ഈ സമയമൊക്കെ പലവിധമായ പണികൾ ചെയ്തുകൊണ്ട് അനേകം സന്യാസിമാർ അവിടെയെങ്ങുമുണ്ട്. ചിലർ പരിസരങ്ങൾ വൃത്തിയാക്കുന്നു. മറ്റുചിലർ ചെടികൾ നനയ്ക്കുന്നു. ഇനിയും ചിലർ, പരസ്പരം സംസാരിയ്ക്കുന്നു. മറ്റു ചിലർ മന്ദിരങ്ങളെ വലംവയ്ക്കുന്നു. പക്ഷേ, അവരൊക്കെ പരിപൂർണ നിശ്ശബ്ദരാണ്. അല്ലെങ്കിൽ, അവർക്കു തമ്മിൽ കേൾക്കാൻ മാത്രം ഉള്ള ശബ്ദത്തിൽ സംസാരിയ്ക്കുന്നവരാണ്. 

അവരുടെ ആ മുഖത്താകട്ടെ, ചിരിയേക്കാൾ കൂടുതൽ ഒരുതരം നിശബ്ദശാന്തതയും. അത് ഉള്ളിൽ നിറയുന്ന ആ ബുദ്ധസൂക്തങ്ങളുടെ പ്രതിഫലനമാകാം. അതുമല്ലെങ്കിൽ, സ്വരാജ്യം വിട്ടു മറ്റൊരു രാജ്യത്ത് ഇങ്ങനെ അഭയാർഥികളെപ്പോലെ കഴിയേണ്ടി വരുന്നതിന്റെ ആ നിശബ്ദ വേദനയുമാകാം.

ഒരുകാര്യം ഉറപ്പിച്ചു പറയാം. നിങ്ങൾ ടിബറ്റൻ രീതികൾ മനസ്സിലാക്കാൻ ആഗ്രഹിയ്ക്കുന്ന ഒരാളാണെങ്കിൽ, അതുമല്ലെങ്കിൽ ബുദ്ധമത രീതികൾ അടുത്തറിയണം എന്നാഗ്രഹിയ്ക്കുന്ന ഒരാളാണെങ്കിൽ, ജീവിതത്തിൽ ഒരിയ്ക്കലെങ്കിലും ഈ ഗോൾഡൻ ടെംപിൾ ഒന്ന് സന്ദർശിയ്ക്കണം. അവിടെ കഴിയുന്നത്ര സമയം ധ്യാനത്തിൽ മുഴുകണം. അതൊരിയ്ക്കലും ഒരു നഷ്ടമാവില്ല. തീർച്ച. 


ഏതാണ്ട് ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ചതിനു ശേഷം ഞങ്ങൾ അടുത്തുള്ള ആ 'നിസർഗധാമ  ഉദ്യാന'ത്തിലേയ്ക്ക് പോയി. കടുത്തവേനലിൽ മരങ്ങളൊക്കെ കരിഞ്ഞുണങ്ങിയതിനാലാകാം, അവിടം അത്ര ആകർഷണീയമായി തോന്നിയില്ല. 

ഒരുകാര്യം ഒഴികെ. 

എന്താണെന്നോ? കുടകിന്റെ ആ തനത്-പരമ്പരാഗത ജീവിതവും, പിന്നെ അവരുടെ ആ പാരമ്പര്യകലാരൂപങ്ങളും ഒക്കെ പ്രതിഫലിപ്പിയ്ക്കുന്ന, ജീവൻ തുടിയ്ക്കുന്ന ആ പ്രതിമകൾ. 





ചൂട് അതിന്റെ പാരമ്യത്തിലെത്തിയപ്പോൾ, ഞങ്ങൾ മടക്കയാത്ര തുടങ്ങി. 

ഒന്ന് കൂടി ഗൂഗിളിനോട് ചോദിച്ചപ്പോൾ ആ ചേച്ചി ആണ് പറഞ്ഞത് മടക്കവഴിയിലത്രെ "ഇരിപ്പ് വെള്ളച്ചാട്ടം". ഇരിപ്പോ നിൽപ്പോ ആകട്ടെ, അതൊന്നു കണ്ടേക്കാം, പറ്റിയാൽ അതിൽ ഒന്ന് കുളിച്ചേക്കാം എന്നൊക്കെ കരുതി നേരെ അങ്ങോട്ട് വച്ച് പിടിച്ചു. അവിടെയെത്തിയപ്പോൾ, കവാടങ്ങൾ അടച്ചിട്ടിരിയ്ക്കുന്നു. അടുത്ത കടയിലെ ആ മലയാളി ഉടമയാണ് പറഞ്ഞത്, അന്ന് രാവിലെ ഒരു ആനക്കൂട്ടം അവിടെ ഇറങ്ങിയതിനാൽ ഇന്ന് ആർക്കും പ്രവേശനം ഇല്ലത്രെ. 

തെല്ല്  നിരാശയോടെ ഞങ്ങൾ മടങ്ങി.  

കലപില സംസാരിച്ച്, കൂടെ പാട്ടുകളും കേട്ട്, അങ്ങിനെ വരുമ്പോഴാണ് പെട്ടെന്ന് ആ കാനനസുന്ദരിയെ കണ്ടത്. ആരെ? കബനിയെ. വേനലിൽ ആളല്പം മെലിഞ്ഞിട്ടുണ്ട് എങ്കിലും, ഇപ്പോഴും ഒരു തനി സുന്ദരിയാണ്. ഈ കടുത്ത വേനലിലും, നിളയെക്കാൾ തുടിപ്പുള്ളവൾ. വല്ലാത്തൊരു വശ്യതയോടെ അവളങ്ങനെ തുള്ളിത്തുളുമ്പി ഒഴുകി നീങ്ങുന്നു. 

നാട്ടുകാരിൽ ചിലർ അവളോടൊപ്പം കുളിയ്ക്കുന്നുണ്ട്. നീന്തി തുടിയ്ക്കുന്നുമുണ്ട്. അവർ തന്ന ആ ധൈര്യത്തിൽ ഞങ്ങളും ഇറങ്ങി. മലനിരകളുടെ തണുപ്പും പേറിവരുന്ന ആ കുളിർവെള്ളത്തിലെ വിശാലമായ കുളി, അതിരാവിലെ തുടങ്ങിയ ആ യാത്രയുടെ സകല ക്ഷീണവും അകറ്റിക്കളഞ്ഞു കേട്ടോ. 

കുളിയൊക്കെ കഴിഞ്ഞ്, പോകാൻ തുടങ്ങുമ്പോഴാണ് ആ അതിസുന്ദരദൃശ്യം തികച്ചും അവിചാരിതമായി കണ്ണിൽ തടഞ്ഞത്. 

ഇന്നലെ വരെ തന്റെ മാത്രം സ്വന്തമായിരുന്ന ആ കബനിയോടൊപ്പം, ഇന്ന് ഞങ്ങൾ കൂടി കുളിച്ചത് കൊണ്ടാകാം, ആകെ പിണങ്ങിച്ചുവന്ന മുഖത്തോടെ സൂര്യൻ അതാ അകലേക്ക്‌ മറയാൻ തുടങ്ങുന്നു. ഏറെ പ്രിയപ്പെട്ട ആ അസ്തമയ ദൃശ്യങ്ങൾ വേഗം പകർത്തി. ആ മനോഹാരിത, ഈ ചിത്രങ്ങളിലും, പിന്നെ  ഈ വീഡിയോയിലുമായി നിങ്ങളും കാണൂ. 

https://youtu.be/Z_cu2WAE7iE


എന്നിട്ടു പറയൂ... കബനിയ്‌ക്കോ, അതോ കാമുകനോ കൂടുതൽ സൗന്ദര്യം?

ഇതെല്ലം കഴിഞ്ഞ്, ആകെയും നിറഞ്ഞ മനസ്സോടെ ഞങ്ങൾ പതുക്കെ കാറിലേക്ക് കയറാൻ തുടങ്ങുമ്പോൾ ആണ്, പുറകിൽ നിന്നും "മൊയ്‌ലാളീ ...."ന്നൊരു നീട്ടിവിളി. അനിയനെ ആണ്. നോക്കിയപ്പോൾ വയൽപ്പണികളിൽ അനിയനെ സഹായിയ്ക്കാറുള്ള ആളാണ്. പുള്ളിക്കാരന്റെ ഭാര്യവീട് അവിടെയാണത്രെ. വിശേഷങ്ങളൊക്കെ പറഞ്ഞ കൂട്ടത്തിൽ ഞങ്ങൾ കബനിയിൽ കുളിച്ച കാര്യം പറഞ്ഞു. ആൾ അത്ഭുത്തോടെ ചോദിച്ചു 

"ഈടെയോ?"

"അതെ .. ഇവിടെ"

"എന്റെയ്മേ ..ഈടെ മൊയ്‌ലയുള്ളതാ..."

"അയ്യോ ..പക്ഷേ .. ഈ കടവിൽ ദേ ഇപ്പോളും കുറച്ചു നാട്ടുകാർ കുളിയ്ക്കുന്നുണ്ടല്ലോ..?" ഉള്ളിലെ ആ പേടി അടക്കി ഞങ്ങൾ ചോദിച്ചു.

വെറുതെ പേടിപ്പിയ്ക്കണ്ട, എന്ന് കരുതിയാകാം പുള്ളിക്കാരൻ ഉടനെ പറഞ്ഞു "സാരല്ല ... ചെറിയ മൊയ്‌ലകളാ ....".

"ഹും .. മുതലക്കുഞ്ഞുങ്ങളുടെ കൂടെ കുളിയ്ക്കാൻ, ഞങ്ങളെന്താ ജോസ് പ്രകാശാ ?" എന്ന ചോദ്യം മനസ്സിൽ ഉയർന്നെങ്കിലും ചോദിച്ചില്ല. സാരമില്ലത്രേ ...!! 

എന്തായാലും കൂടുതൽ മുതലവിശേഷങ്ങൾ  കേൾക്കാൻ നിൽക്കാതെ ഞങ്ങൾ വേഗം കാറിലേക്ക് കയറി. പോകും വഴി, കടുപ്പത്തിൽ ഒരു ചായ കുടിയ്ക്കണം; പിന്നെ ഒരു നെയ്യപ്പോം.

അങ്ങിനെ, സാർത്ഥകമായ മറ്റൊരു യാത്രാദിവസത്തിന്റെ നനുത്ത ഓർമ്മകളും, ഈ കടുത്ത വേനലിൽ, ആ കബനി നൽകിയ ഇത്തിരിക്കുളിരുമായി, നിലാവെളിച്ചത്തിൽ, വീട്ടിലേയ്ക്കൊരു മടക്കയാത്ര.

ഈ യാത്രാവിശേഷങ്ങൾ നിങ്ങൾക്ക് ഇഷ്ടമായി എന്ന് കരുതട്ടെ. മറ്റൊരു കർണ്ണാടക യാത്രാവിശേഷവുമായി, ഇനി അടുത്ത ഭാഗത്തിൽ.  

===========

സ്നേഹപൂർവ്വം 

- ബിനു മോനിപ്പള്ളി

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********

പിൻകുറിപ്പ്: (ഇത് ചരിത്രാന്വേഷികൾക്കായി മാത്രം).

1963 ൽ Drubwang Pema Norbu Rinpoche ആണ് ഈ "നംദ്രോലിങ്" ആശ്രമത്തിന് തറക്കല്ലിട്ടതും, പണികൾ ആരംഭിച്ചതും. ഈ ആശ്രമത്തിന്റെ ശരിയായ പേര്, Thegchog Namdrol Shedrub Dargyeling എന്നാണ്. അർത്ഥമോ? അതാകട്ടെ, Land of Increasing Practice and Teaching of the Utmost Yana that achieves spontaneous Liberation എന്നും.

വളരെ എളുപ്പമായി നമ്മൾ 'ഗോൾഡൻ ടെംപിൾ' എന്ന് വിളിയ്ക്കുന്ന ആ മന്ദിരം തനി ടിബറ്റൻ വാസ്തുശില്പപ്രകാരം പണിതുയർത്തിയത് 1995-1999 കാലഘട്ടത്തിലാണ്. യഥാർത്ഥ പേരാകട്ടെ Padmasambhava Buddhist Vihara എന്നും.

1979 വരെയുള്ള ആ കഠിനകാലം അതിജീവിച്ച സ്ഥാപനം, ഇന്ന് വളർന്നു പന്തലിച്ചിരിയ്ക്കുന്നു. ഇന്നവിടെ Dratsang (Monastery), Ngagyur Nyingma Institute, Namdroling Junior High School, Drubkhang, Ngagyur Tsogyal Shedrupling Nunnery, Tsepal Topkyed Day Care Medical Center, Paljor Dhergyaling Guest House, Old Parent's Home തുടങ്ങി അനേകം ഉപസ്ഥാപനങ്ങൾ പ്രവർത്തിയ്ക്കുന്നു. ലോകമെങ്ങും നിന്നുള്ള ഒട്ടനവധി വിനോദസഞ്ചാരികളെയും, അന്വേഷണകുതുകികളെയും ആകർഷിയ്ക്കുന്നു. 

ആശ്രമത്തിനുള്ളിൽ നമ്മൾ കാണുന്ന ആ 3 പ്രധാന പ്രതിമകൾ താഴെ പറയുന്നു.

1) Buddha Shakyamuni: നടുവിൽ കാണുന്നത് ചരിത്രപഠനത്തിൽ കൂടി  നമുക്കും സുപരിചതനായ ശ്രീ ബുദ്ധന്റെ പ്രതിമയാണ്.

2) Guru Padmasambhava അഥവാ Guru Rinpoche: ബുദ്ധപ്രതിമയുടെ ഇടതു വശത്തു കാണുന്നു. എട്ടാം നൂറ്റാണ്ടിൽ അന്നത്തെ ടിബറ്റൻ രാജാവിന്റെ ക്ഷണപ്രകാരം ടിബറ്റിലെത്തിയ ഇദ്ദേഹമത്രെ അവിടെ ബുദ്ധമതം പ്രചരിപ്പിച്ചത്.

3) Buddha Amitayus:
ബുദ്ധപ്രതിമയുടെ വലതു വശത്തു കാണുന്നു. Buddha of Long Life എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ നാമം കേൾക്കുന്നതുപോലും ദീർഘായുസ്സിന് ഹേതുവാകും എന്നത്രെ വിശ്വാസം.

തറനിരപ്പിൽ നിന്നും 60 അടിയാണ് ബുദ്ധപ്രതിമയുടെ ഉയരം. ഇരു വശത്തുമുള്ള പ്രതിമകൾക്കാകട്ടെ 58 അടിയും.

സന്ദർശകർ അറിയാൻ:

1) പരിപൂർണ്ണ നിശബ്ദത പാലിയ്ക്കുക. 

2) വലംവയ്ക്കുന്നുവെങ്കിൽ മന്ത്രോച്ചാരണത്തോടെ, ഘടികാരദിശയിൽ.

3) വൃത്തിയായ ഏതു വേഷവും ധരിയ്ക്കാം. എങ്കിലും, വളരെ ഇറുകിയതും, കുറുകിയതുമായ വേഷങ്ങൾ ഒഴിവാക്കുക.

4) ബുദ്ധമത വിശ്വാസപ്രകാരം, ഭൂതകാലത്തിൽ അറിഞ്ഞോ അറിയാതെയോ ഒരാൾ ചെയ്ത എല്ലാ തെറ്റുകളും (അതൊരു ചെറുപ്രാണിയെ കൊന്നതോ, സംസാരത്തിനാൽ അന്യരെ വേദനിപ്പിച്ചതോ, ആണെങ്കിൽ കൂടി) ഇവിടെ ഏറ്റുപറയാവുന്നതാണ്. അവയൊന്നും ഇനി ഭാവിയിൽ ആവർത്തിയ്ക്കില്ല എന്ന് വാക്കുപറയാവുന്നതും.

5) സന്ദർശന സമയം: 7am -7pm 






 


 








Comments

  1. വളരെ നന്നായിരിക്കുന്നു👌👌👌

    ReplyDelete
    Replies
    1. This comment has been removed by a blog administrator.

      Delete
  2. Nice one👍🏻

    ReplyDelete

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]