കാനന മാർഗ്ഗേ ... കനകസിംഹാസന ചാരെ .... [ വയനാടൻ യാത്രാ വിവരണം-2024-III ]

കാനന മാർഗ്ഗേ ... കനകസിംഹാസന ചാരെ ....

 [ വയനാടൻ യാത്രാ വിവരണം-2024-III ] 

ആഹാ ... ഇന്ന് എല്ലാവരും നേരത്തെ തന്നെ തയ്യാറാണല്ലോ? ..എന്നാൽ പിന്നെ, ഞാനും തയ്യാർ.. നമുക്ക് യാത്ര തുടങ്ങാം?

ഇന്നത്തെ നമ്മുടെ യാത്ര, ഈ മുത്തങ്ങ വനത്തിലൂടെ ആടിപ്പാടി, അങ്ങ് ദൂരെ മൈസൂർ വരെയും നീളും കേട്ടോ. 

യാത്ര മൈസൂരേയ്ക്കാണ് എന്ന് പറഞ്ഞപ്പോഴേ അയൽക്കാരിൽ ചിലർ  മുന്നറിയിപ്പ് തന്നു. "അവിടേം ബാംഗ്ലൂരും ഒന്നും വെള്ളമില്ല കേട്ടോ... ശ്രദ്ധിയ്ക്കണേ...".

അതുകൊണ്ട്, കുറച്ചു കൂടുതൽ മുൻകരുതലുകൾ ഒക്കെ എടുത്താണ് ഇന്നത്തെ ഈ യാത്ര. വേറൊന്നുമല്ലന്നേ ... കഴിയ്ക്കാനുള്ള ആ അല്ലറചില്ലറ വഹകൾ ...

പ്രഭാതഭക്ഷണത്തിനുള്ള ഇഡ്ഡലിയും ചമ്മന്തിയും, പിന്നെ ഉച്ചഭക്ഷണത്തിന്  ഇത്തിരി നെയ്ച്ചോറും ചിക്കൻപെരട്ടും. കൂടെ കുടിയ്ക്കാൻ പതിമുഖവും വയനാടൻ രാമച്ചവും ഒക്കെ ഇട്ടു തിളപ്പിച്ച ചൂട്‌ വെള്ളവും. 

ഹും ... മലയാളിയോടാ കളി ... അല്ല പിന്നെ...!

അയ്യോ ... ഈ കൊച്ചുവർത്തമാനങ്ങളും വിശേഷങ്ങളും ഒക്കെ പറഞ്ഞു സമയം പോയതറിഞ്ഞില്ല ... ദേ നമ്മൾ മുത്തങ്ങ വനത്തിലെത്തി ... നമ്മുടെ ആ ഇഷ്ട യാത്രാ മാർഗ്ഗം...

വനത്തിലേക്ക് കയറി ആദ്യ വളവു തിരിഞ്ഞതും, വഴിയരികിൽ ഒരാനക്കൂട്ടം.. അതിരാവിലെ ആയതിനാലാകണം അവര് ഞങ്ങളെ തീർത്തും 'മൈൻഡ്' ചെയ്തതേയില്ല ... എന്നാലും, വിശാലഹൃദയരായ ഞങ്ങൾ അവരോടു ക്ഷമിച്ചു .. പിന്നെ അവരെ സിൽമേലെടുത്തു...പാവങ്ങളല്ലേ?  യൂട്യൂബിൽ നിങ്ങളതൊന്നു കണ്ടു നോക്ക് ....മെയിൻ റോളാ ...

https://www.youtube.com/watch?v=mEquFt2rgFQ

https://www.youtube.com/watch?v=66dpO_Agn6I

https://www.youtube.com/watch?v=udaSOTgkUk0

പിന്നെയും കുറച്ചുകൂടി മുൻപോട്ടു പോയപ്പോൾ, വഴിയരികിൽ ഒരു ഒറ്റയാൻ ..അതും ചില്ലിക്കൊമ്പൻ ഇനത്തിൽ പെടുന്ന, അല്പം പേടിയ്ക്കേണ്ടവൻ.

അതൊരു തുടക്കം മാത്രമായിരുന്നു കേട്ടോ. പിന്നെ അസംഖ്യം, മാനുകൾ, വിവിധയിനം കുരങ്ങുകൾ, മലയണ്ണാൻ, പീലി വിരിച്ചു നിൽക്കുന്ന മയിലുകൾ, കാട്ടുകോഴികൾ, ആനക്കൂട്ടങ്ങൾ.... അങ്ങിനെ ഇഷ്ടം പോലെ കാനനവാസികൾ ഞങ്ങളെയും കാത്ത് ആ വഴിയ്ക്കിരുവശവും നിന്നിരുന്നു.


എന്തിനേറെ? 

ഉറങ്ങാനുള്ള സമയമായിട്ടും, തലേന്ന് രാത്രിയിലെ ആ ജോലിഭാരം സ്വന്തം കണ്ണുകളെ വലിച്ചടപ്പിച്ചിട്ടും, ഒരു കൂട്ടം കുറുക്കന്മാർ വരെ ഇത്തവണ ഞങ്ങളെയും കാത്തെന്നവണ്ണം, ആ കാനനവഴിവക്കിൽ നിന്നിരുന്നു. 

അത്യപൂർവ്വമാണ് കുറുക്കന്മാരെ ആ സമയം കാണാൻ കിട്ടുക.

ഇലക്ഷൻ കാലമല്ലേ? ജയിപ്പിച്ചു വിട്ടാൽ പിന്നെ കണികാണാൻ പോലും കിട്ടാത്ത വല്ല സ്ഥാനാർത്ഥികളും ആണ് ഞങ്ങൾ, എന്ന് ഈ മൃഗങ്ങളൊക്കെ തെറ്റിദ്ധരിച്ചോ ആവോ? അങ്ങിനെയെങ്ങാൻ കരുതി, ഇപ്പൊ ഒരുനോക്ക് കാണാൻ വന്നതാവും. ആർക്കറിയാം.... ആ പോട്ടെ ... പോട്ടെ ...

ഇടയ്ക്ക് പൊൻകുഴി സീതാദേവി ക്ഷേത്രത്തിൽ ഒന്ന് തൊഴുതു കാണിയ്ക്കയിട്ടു. കാനന മദ്ധ്യത്തിലുള്ള ഈ ക്ഷേത്രത്തെയും അവിടുത്തെ ആ കണ്ണീർകുളത്തേയും കുറിച്ച് മുൻപൊരിയ്ക്കൽ നമ്മൾ വിശദമായി എഴുതിയിരുന്നു. ഓർമ്മിയ്ക്കുന്നുവോ?

കാനനവും കടന്ന്, ആ ഗുണ്ടൽപേട്ടും കടന്ന്, ഞങ്ങൾ യാത്ര തുടർന്നു. ഇടയ്ക്ക് പതിവുപോലെ, തണൽ മരച്ചുവട്ടിൽ കാർ നിർത്തി. പിന്നെ, ആ മൃദുലമനോഹര ഇഡ്ഡലികളെ, ദയാശൂന്യം അങ്ങ് അകത്താക്കി. 

ഇനി നേരെ ചാമുണ്ഡി ഹിൽസിലേയ്ക്ക്. ഏറെ വർഷങ്ങൾക്കു മുൻപ് സ്‌കൂൾ കാലഘട്ടത്തിലെ ആ 'സ്റ്റഡി ടൂർ' ആണ് പെട്ടെന്ന് ഓർമ്മയിലേക്ക് വന്നത്. കുറഞ്ഞത് അഞ്ചു ദിവസത്തെ ആ ഊട്ടി-മൈസൂർ-കൊടൈക്കനാൽ യാത്രകളിൽ   (ക്ഷമിയ്ക്കണം "സ്റ്റഡി ടൂറി"ൽ), ഏതാണ്ട് ആദ്യ രണ്ടു ദിവസം കഴിയുമ്പോൾ തന്നെ എല്ലാവരും ക്ഷീണിതരും അവശരും ഒക്കെ ആകും. കൂടെ ദുഃഖിതരും. ആദ്യ ദിവസങ്ങളിൽ ചാടിത്തുള്ളിയവരും, പാടി തകർത്തവരും ഒക്കെ സീറ്റിൽ വാടിക്കിടപ്പുണ്ടാകും. ചാമുണ്ടി ഹിൽസ് ഒക്കെ എത്തുമ്പോഴേയ്ക്കും, എങ്ങിനെയെകിലും ഈ ടൂർ ഒന്ന് തീർന്ന് വീട്ടിൽ എത്തി, ഇത്തിരി കഞ്ഞി കുടിച്ചാൽ മതിയേ എന്ന പരുവത്തിൽ എത്തിയിട്ടുണ്ടാകും, ഏവരും. 

അതൊക്കെ ഒരു കാലം. എങ്കിലും, ഇപ്പോഴും ആ ഓർമ്മകൾക്കെന്തു സുഗന്ധം..!

 

ക്ഷേത്രപരിസരത്ത്, സന്ദർശകർക്കായി വിശാലമായ പാർക്കിംഗ് സൗകര്യങ്ങളും ടോയ് ലറ്റുകളും ഒക്കെ സജ്ജീകരിച്ചിരിയ്ക്കുന്നു. നല്ല തിരക്കായതിനാൽ തന്നെ, മന്ദിരത്തിനുളളിലേയ്ക്ക് കയറിയില്ല. പുറത്തു നിന്ന് തന്നെ തൊഴുത് പ്രാർത്ഥിച്ചു. 

ശേഷം, മൈസൂർ  മൃഗശാലയിലേയ്ക്ക്. കൂടെയുള്ള കുട്ടികളിൽ ചിലർ ആദ്യമായാണ് ഒരു മൃഗശാല കാണുന്നത്. വിശാലമായ ആ വളപ്പിലെ നീണ്ട ആ നടപ്പ്, ശരിയ്ക്കും നമ്മളെ ക്ഷീണിതരാക്കും. ഒപ്പം ആ കടുത്ത വെയിലും.

 


സിംഹവും, പുലിയും, ആനയും, ജിറാഫുമൊക്കെ ഉണ്ടെങ്കിലും, പല കൂടുകളും ഇപ്പോഴും കാലിയായി കിടക്കുന്നു. തുറന്നു പറഞ്ഞാൽ, അത്രയധികം ആസ്വദിയ്ക്കാൻ ആയില്ല മൃഗശാലയും അവിടുത്തെ ആ പതിവ് കാഴ്ച്ചകളും. 

ദസറ മൈതാനത്തായിരുന്നു ഞങ്ങളുടെ പാർക്കിംഗ്. അവിടെ നിന്നും ഓട്ടോയിൽ ആണ് 'സൂ'വിൽ എത്തിയത്. മടക്കയാത്രയും ഓട്ടോയിൽ. 

സമയം ഏതാണ്ട് 2 മണി. കത്തിക്കാളുന്ന ആ വിശപ്പ് വയറിൽ നന്നായി പിടി മുറുക്കി തുടങ്ങിയിരിയ്ക്കുന്നു. 'വിടില്ല ഞാൻ' എന്ന മട്ടിൽ. പിന്നെ ഒന്നും നോക്കിയില്ല, ഒരു പിടിയങ്ങ് പിടിച്ചു. ലേ ... ആ നെയ്ച്ചോറും ചിക്കൻ പെരട്ടും ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ കാലി. 

പിന്നെ കാൽനടയായി മൈസൂർ രാജകൊട്ടാരത്തിലേയ്ക്ക്. പാദരക്ഷകൾ കൗണ്ടറിൽ ഏൽപ്പിച്ച് അകത്തേയ്ക്ക്.

ഒന്നിലേറെ തവണ വന്നിട്ടുണ്ട് ഇവിടെ; എങ്കിൽ പോലും,  ഈ കൊട്ടാരം, അതിന്നും അതിസുന്ദരിയായ ഒരു തരുണീമണിയാണ് കേട്ടോ. ഒരു മോഹിനി. മനസ്സിലായില്ല. അല്ലേ? എത്ര കണ്ടാലും കണ്ടാലും മതിവരാത്ത ഒരു തരുണീമണി. ഓരോ കാഴ്ച്ചയിലും പുതിയ അലൗകിക സൗന്ദര്യഭാവങ്ങൾ ഇതൾ വിരിയുന്ന ഒരു നിത്യയൗവ്വനയുക്ത.

പിന്നെ, ഒരു പ്രധാനകാര്യം. മുൻപ് വന്നപ്പോഴൊക്കെ, കൊട്ടാരത്തിനുള്ളിൽ ക്യാമറയും മൊബൈലും ഒക്കെ പൂർണ്ണമായും നിരോധിച്ചിരുന്നു. അതിനാൽ തന്നെ ആ അതിമനോഹര ദൃശ്യങ്ങൾ മനസ്സിൽ പകർത്താൻ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ഫോട്ടോഗ്രാഫി അനുവദനീയമാണ്.

ഏതാണ്ട് 500 വർഷങ്ങൾക്കു മേൽ മൈസൂർ (മൈസൂരു) വാണിരുന്ന 'വോഡയാർ' രാജവംശത്തിന്റെതായിരുന്നു ഈ കൊട്ടാരം. പ്രശസ്ത ഇംഗ്ലീഷ് വാസ്തുവിദ്യാവിദഗ്ധൻ ഹെൻറി ഇർവിൻ രൂപകല്‌പന ചെയ്ത, 1897-1912 കാലഘട്ടത്തിൽ 'ഇൻഡോ-സാറസെനിക് വാസ്തുവിദ്യ'*യിൽ പണികഴിപ്പിച്ച ഒരു വിസ്മയ നിർമ്മിതി. 



കടുത്ത വെയിലിൽ നിന്നും അകത്തേയ്ക്കു കടക്കുന്ന നമുക്ക് ആദ്യ നിമിഷം അനുഭവപ്പെടുന്നത് വല്ലാത്തൊരു ആശ്വാസമാണ്. നിർമ്മാണത്തിലെ ആ പ്രത്യേകതകൾ കൊണ്ടോ, അല്ലെങ്കിൽ തറയിൽ വിരിച്ചിരിയ്ക്കുന്ന ആ തിളങ്ങും തറയോടുകളുടെ തണുപ്പോ ആകാം കാരണം; 'എയർ കണ്ടിഷൻ' ചെയ്തിരിയ്ക്കുന്നത് പോലുള്ള തണുപ്പ്. ആ തണുപ്പിൽ കൊത്തുപണികളുടെയും, ശില്പചാതുരിയുടെയും, വർണവിതാനങ്ങളുടേയും ഒക്കെ സമ്മേളനമായ ആ കൊട്ടാര ഉൾത്തളങ്ങൾ കണ്ടങ്ങിനെ നടന്നു.

 

രാജവംശ വിശേഷങ്ങൾ, രാജാ രവിവർമ്മയുടെ കരവിരുതിൽ മനോഹര ചിത്രങ്ങളായി ചുവരിൽ തൂക്കിയിരിയ്ക്കുന്നു.

 

മേൽക്കൂരകളിൽ പുരാണവും വിശ്വാസവും ഐതിഹ്യങ്ങളും ഇഴചേർന്നിരിയ്ക്കുന്നു.

നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും നിറമൊട്ടും മങ്ങാതെ ആ നൃത്തമണ്ഡപം, നീണ്ടുനിവർന്നങ്ങിനെ കിടക്കുന്നു. എത്രയോ നാഗവല്ലിമാർ അവിടെ ആടിത്തിമിർത്തിട്ടുണ്ടാകും. അറിയാതെ ഉള്ളിൽ തേങ്ങിയിട്ടുണ്ടാകും.

 

രാജവംശത്തിന്റെ ആ ആഭരണപ്പെട്ടികൾ കണ്ടപ്പോൾ കൂടെയുള്ള സ്ത്രീജനങ്ങൾ ഒരു നിമിഷം നിന്നു. 

ഇനിയുമൊരു മുറിയിൽ ആ കനകസിംഹാസനം. ഒളിയൊട്ടും മങ്ങാതെ.

 

പിന്നെ, ചന്ദനത്തിലും ആനക്കൊമ്പിലും ഒക്കെ ചിത്രപ്പണികൾ ചെയ്ത കൂറ്റൻ വാതിലുകൾ. ആൾവലിപ്പമുള്ള കണ്ണാടികൾ.

ഉള്ളിൽ രഹസ്യങ്ങളൊളിപ്പിച്ച, നമുക്ക് മുന്നിൽ ഇനിയും തുറക്കാത്ത അനേകം വാതിലുകൾ.

വിസ്താരഭയത്താൽ കൂടുതൽ വിശേഷങ്ങളിലേയ്ക്ക് കടക്കുന്നില്ല. പകരം, കൂടുതൽ ചിത്രങ്ങൾ ചേർക്കുന്നു. കാണുക, ആസ്വദിയ്ക്കുക.

ഞായറാഴ്ചകളിലും, വിശേഷദിവസങ്ങളിലും, ദസറയ്ക്കുമൊക്കെ 97,000  ലേറെ വൈദ്യുതവിളക്കുകളാൽ അലംകൃതമാകും ഈ കൊട്ടാരം. 

ഇന്നത്തേത് പോലെ ആ 'ഓട്ടോ കാഡും', 'എഞ്ചിനീറിംഗും', ക്രെയിനുകൾ പോലുള്ള യന്ത്രസാമഗ്രികളും ഒന്നുമില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ, അസംഖ്യം ആളുകളുടെ ആ കരവിരുതിനാൽ മാത്രം പണിതുയർത്തിയ ഈ നിർമ്മാണ വിസ്മയം, കണ്ടാലും കണ്ടാലും മതിവരാത്തതാണ്. 

എന്നാൽ നമുക്ക് ആകട്ടെ, മടങ്ങേണ്ടതും  ഉണ്ട്. 

ആ നിരാശയോടെ, ഞങ്ങൾ കൊട്ടാരത്തിനു പുറത്തേയ്ക്കിറങ്ങി.

അപ്പോഴാണ് ഇതിന്റെ ആ അജ്ഞാതനായ "മൂത്താശാരിയെ'ക്കുറിച്ച് ഓർത്തത്. ഈ 'കോംപ്ലിക്കേറ്റഡ്' കണക്കുകളെല്ലാം മരക്കഷ്ണത്തിലോ, അല്ലെങ്കിൽ  വെറും തറയിലോ ഒക്കെയുള്ള ആ അസംഖ്യം വര-കുറികളിലും, പിന്നെ ആ മുറുക്കിച്ചുവപ്പിച്ച ചുണ്ടിനു പുറകിലൊളിപ്പിച്ച ഒരു കൊച്ചു തലയിലും മാത്രം സൂക്ഷിച്ച്, പറഞ്ഞാലും പറഞ്ഞാലും കേൾക്കാത്ത ആ പണിക്കാരെകൊണ്ട് അതൊക്കെയൊന്ന് പ്രബല്യത്തിൽ വരുത്താൻ, ഓടിച്ചാടിനടക്കുന്ന ആ പാവം മൂത്താശാരി അഥവാ പെരുംതച്ചൻ.

ഒരു അണുവിട തെറ്റിയാൽ, പിന്നെ മറ്റൊന്ന് ആലോചിയ്ക്കാൻ തല കാണില്ല. കാരണം, നടത്തുന്നത് രാജനിർമ്മിതിയല്ലേ ?

മടക്കവഴിയിൽ, ഞങ്ങൾ 'നഗരം' സന്ദർശിച്ചു. ചാമരാജ്നഗർ പോകുന്ന ആ വഴിയിലെ, ഒരു നാട്ടുപ്രദേശമാണ് 'നഗരം' എന്നറിയപ്പെടുന്നത്. നീണ്ടുകിടക്കുന്ന ആ പാതയ്ക്കിരുവശവും വളർന്നുമുറ്റിയ കൂറ്റൻ ആൽമരങ്ങൾ. ആ ആൽമരങ്ങളിൽ നിന്നും താഴേയ്ക്ക് തൂങ്ങുന്ന ആ വേരുകളിൽ, നമുക്ക് യഥേഷ്ടം തൂങ്ങിയാടാം,  ഊഞ്ഞാലാടാം.

ഓരോ വേര്-വള്ളികളിൽ തൂങ്ങുന്ന കുട്ടികളേയും നോക്കി അങ്ങിനെ നിൽക്കുമ്പോൾ ആണ് പെട്ടെന്ന് പിന്നിൽ നിന്നും "ധും" എന്നൊരു ശബ്ദം. ഇതാരപ്പാ ഈ ആലിൽനിന്നും ചക്കയിടുന്നത്? എന്ന സംശയത്തിൽ തിരിഞ്ഞു നോക്കുമ്പോൾ....

എന്റമ്മേ .....!

ആ പൊടിമണലിൽ നിന്നും ദേ ഞങ്ങടെ പാവം കുട്ടപ്പായി മൂടും തട്ടി എഴുന്നേൽക്കുന്നു. നല്ലൊരു വള്ളി കിട്ടിയ സന്തോഷത്തിൽ പുള്ളിക്കാരൻ വലിഞ്ഞു പിടിച്ചങ്ങു കേറി. കുറേ ഉയരത്തിൽ എത്തിയപ്പോൾ മതിയെന്ന് തോന്നി, തിരിച്ചൂർന്നു. കയറ്റത്തിന്റെയും ഇറക്കത്തിന്റെയും ആ 'സ്പീഡ് ഡിഫറെൻസ്' കണക്കു കൂട്ടിയതിൽ വന്ന ചെറിയൊരു 'മിസ്റ്റേക്ക്'. (ഫിസിക്സിൽ ആളത്ര പോര). താഴെയെത്തി എന്ന് കരുതി, പുള്ളിക്കാരൻ കുറച്ചു ഉയരത്തിൽ വച്ചേ കൈയങ്ങു വിട്ടു. ദാ ..കെടക്കണ് ചട്ടീം കലോം. ചട്ടി പൊട്ടാത്തത് കുട്ടപ്പായീടെ ഭാഗ്യം...!

എന്നാ പിന്നെ ഇനി പോയേക്കാം, എന്നും കരുതി വണ്ടിയുടെ അടുത്തേയ്ക്കു നടന്നപ്പോൾ ആണ് പാതയ്ക്കെതിർവശത്തു നിന്നും ആ സുന്ദരി 'ശൂ ..ശൂ 'ന്ന് വിളിയ്ക്കുന്നത്. ദൈവമേ .. അവളിപ്പോൾ പലപ്പോഴും കൂടെയുണ്ടല്ലോ എന്ന് കരുതി വേഗം ഫോട്ടോ എടുത്തു. അതിനാണെ ആള് ഈ 'ശൂ ..ശൂ' വയ്ക്കുന്നെ; അല്ലാതെ ആളൊരു കുഴപ്പക്കാരിയൊന്നുമല്ല. എന്തായാലും ആ അസ്തമയ സുന്ദരിയെ കഴിയുന്നത്ര ചാരുതയോടെ പകർത്തി. ആളെ കാണിച്ചു...ആള് ഹാപ്പി.... കൂടെ ഞങ്ങളും.

പിന്നെ എന്നത്തേയും പോലെ, കണ്ട കാഴ്ചകളെ കുറിച്ചുള്ള കലപില സംസാരങ്ങളുമായി ഞങ്ങളുടെ മടക്കയാത്ര. അങ്ങോട്ടുള്ള യാത്രയിൽ കാഴ്ചവിരുന്നൊരുക്കിയ ആ മുത്തങ്ങ വനം, നിഗൂഢമായ ഒരു മൗനത്തിലൂടെ ഞങ്ങൾക്ക് താൽക്കാലികമായി വിട നൽകി.

ഇനിയും കാണാൻ ബാക്കിയായ ആ വയനാടൻ വിശേഷങ്ങൾ, ക്രിസ്തുമസ് നക്ഷത്രങ്ങളോടൊപ്പം.... വയനാടൻ കുളിരിൽ....പിന്നീട്..!!

 

 ===========

സ്നേഹപൂർവ്വം 

- ബിനു മോനിപ്പള്ളി

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********

*ഇൻഡോ-സാറസെനിക് വാസ്തുവിദ്യ: 19-ആം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ഇന്ത്യയിലെ ബ്രിട്ടീഷ് വാസ്തുശില്പികൾ കൂടുതലും ഉപയോഗിച്ചിരുന്ന ഒരു നവോത്ഥാന വാസ്തുവിദ്യാ ശൈലിയാണ് ഇൻഡോ-സാറസെനിക് വാസ്തുവിദ്യ (ഇന്തോ-ഗോതിക് , മുഗൾ-ഗോതിക് , നിയോ-മുഗൾ എന്നും അറിയപ്പെടുന്നു).

**  അന്ന്, 1912ൽ പണി തീരുമ്പോൾ ഈ കൊട്ടാരത്തിന് ചിലവായത് 41,47,913/- രൂപയത്രെ.


 

Comments

  1. ഇതെപ്പോ?? പറഞ്ഞില്ലല്ലോ! ബാംഗ്ലൂർ കൂടി പോയി സിമ്മൻ രയാവിനെ (ദൗലത്ത്) കൂടി കണായിരുന്നില്ലേ?

    ReplyDelete
    Replies
    1. രായാവിന്റെ നാട്ടിൽ വെള്ളമില്ലല്ലോ .... അടുത്ത തവണ രായാവിനെ മുഖം കാണിയ്ക്കണം ...:))

      Delete
  2. 10 മിനിറ്റിൽ ഞാൻ എല്ലാം മറന്ന് ഒന്നും മൈസൂർ പോയി വന്നു ബിനു. ആ കാട്ടിലൂടെയുള്ള യാത്രയും മൃഗങ്ങളും ഒക്കെ എന്റെ കണ്മുന്നിലുണ്ട്.. ഒട്ടും ബോറടിപ്പിക്കാത്ത വിവരണവും. Great ❤️

    ReplyDelete
    Replies
    1. ഏറെ സന്തോഷം കേട്ടോ ..... ഇഷ്ടമായി എന്നറിഞ്ഞതിൽ ....യാത്രകളുടെ ബാക്കിപത്രം ആ ഓർമ്മകളാണല്ലോ .... സന്തോഷവും

      Delete

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]