പന്ത്രണ്ടാൽ മയങ്ങും സകലപേരും ശാപാർത്ഥകേരനാടും [ലേഖനം]
പന്ത്രണ്ടാൽ മയങ്ങും സകലപേരും ശാപാർത്ഥകേരനാടും.. !!
[ലേഖനം]
"പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം"
പണ്ട്, മലയാളം മാഷിന്റെ കയ്യിലെ ആ നീളൻ ചൂരലിന്റെ ചൂടറിഞ്ഞ്, ഒരു വിധത്തിൽ കാണാപ്പാഠം പഠിച്ച ആ 'ലക്ഷണം', ഇന്ന് തിരുത്തി ഇങ്ങനെയെങ്ങാൻ പറയേണ്ടി വരുമോ? എന്നാണെന്റെ ബലമായ സംശയം.
അതെന്താ അങ്ങിനെ ഒരു ചിന്ത? അഥവാ ഒരു 'അവലക്ഷണം' എന്നാണോ?
പറയാം...
കുറച്ച് മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ കേരളമാകെ വേദനിച്ച ആ 'ആശുപത്രിയിലെ ആക്രമണവും കൊലപാതകവും' നടന്നിട്ട്. ഇപ്പോൾ പതിവ് പോലെ, നമ്മൾ അത് മറന്നു.
നമ്മുടെ 'ജീവശ്വാസ'മായ ആ അന്തിചർച്ചകൾക്ക്, നമുക്ക് മറ്റു ധാരാളം വിഷയങ്ങൾ കിട്ടി. സർക്കാരിനും മറ്റ് ഉത്തരവാദപ്പെട്ടവർക്കും 'കെയർ' ചെയ്യാൻ മറ്റനേകം കാര്യങ്ങളുമായി. ആ നഷ്ടം, ആ വീട്ടുകാരുടേതു മാത്രമായി ചുരുങ്ങി.
എന്നാൽ, അങ്ങിനെ ഒരു 'ഒറ്റപ്പെട്ട സംഭവം' ആയി മാത്രം കരുതി വിസ്മരിയ്ക്കേണ്ടതാണോ ഇതൊക്കെ?
ഏറുന്ന അക്രമങ്ങൾ.
ഒരു കാരണവുമില്ലാതെ ക്ഷോഭിയ്ക്കുന്ന, അക്രമകാരികളാകുന്ന ആളുകൾ.
'ബ്ലാക് മാജിക്കിൽ' ആകൃഷ്ടരാകുന്ന അഭ്യസ്തവിദ്യർ.
ശിഥിലമാകുന്ന കുടുംബ ബന്ധങ്ങൾ.
കൂടുന്ന അപഥ സഞ്ചാരങ്ങൾ.
മോഹിപ്പിയ്ക്കും നവ മാധ്യമ കൂട്ടുകാർ.
അതിർത്തികളില്ലാത്ത ആസ്വാദന മോഹങ്ങൾ.
വരമ്പുകളില്ലാത്ത സൈബർ ലോകം.
ഒരു 'ലൈക്' കിട്ടാൻ ഏതറ്റം വരെയും പോകുന്ന, ഏതു പ്രായത്തിലും പെട്ടവർ.
ശബ്ദ-നിറ-വിന്യാസങ്ങൾ മൂടുപടമിട്ട 'റേവ്'പാർട്ടികൾ.
ഇരുൾ വീണ നിരത്തുകളെ ആവേശം കൊള്ളിയ്ക്കാൻ, നിറമുള്ള 'നൈറ്റ് ലൈഫ്'.
ഒരു കൂസലുമില്ലാതെ, അലറി വിളിയ്ക്കുന്ന ആ കടലിലേയ്ക്ക് സാകൂതം നടന്നിറങ്ങി, മരണത്തെ പുൽകുന്ന കൗമാരങ്ങൾ.
എങ്ങോട്ടാണ് നമ്മുടെ ഈ കൊച്ചു കേരളത്തിന്റെ പോക്ക്?
ദിനപത്രങ്ങളിൽ.....
ആത്മഹത്യാവാർത്തകൾ (ഒറ്റ/ഇരട്ട/കുടുംബ) നിറയാത്ത ഒരു ദിവസമെങ്കിലും?
'എം ഡി എം എ പിടിച്ചു' എന്ന വാർത്ത ഇല്ലാത്ത ഒരു ദിനമെങ്കിലും?
'പീഢനം' വാർത്തയാകാത്ത ഒരു ദിനം? അതും, ഗാർഹികം/വിവാഹ-വാഗ്ദാന-ബന്ധിതം/നവമാധ്യമ-സൗഹൃദ-ബന്ധിതം... അങ്ങിനെ തരാതരം പോലെ ...!
ഗർഭിണിയായ ഭാര്യയെ കാണാൻ, ഭാര്യവീട്ടിലെത്തിയ യുവാവിനെ വെറുമൊരു നിസ്സാര വാക്കുതർക്കത്തിന്റെ പേരിൽ കോടാലിയ്ക്കു വെട്ടിക്കൊലപ്പെടുത്തിയ മധ്യവയസ്കൻ.
ഉച്ചവരെ ഒരുമിച്ചു മദ്യപിച്ച കൂട്ടുകാരൻ, പിന്നീട് വിളിച്ചപ്പോൾ ഫോൺ എടുത്തില്ല എന്ന ഒറ്റ കാരണത്താൽ, അയാളെ വീട്ടിൽ കയറി കൊലപ്പെടുത്തിയ ആത്മാർത്ഥ സുഹൃത്ത്.
വാഹനപരിശോധനയ്ക്കായി കൈകാണിച്ച എസ്ഐ യുടെ മേൽ, തികഞ്ഞ നിസ്സംഗതയോടെ കാർ ഓടിച്ചു കയറ്റിയ 19കാരൻ.
വായിച്ചു ഞെട്ടേണ്ട .. ഇതെല്ലാം നമ്മുടെ ഈ കൊച്ചു കേരളത്തിലെ മാത്രം ദൈനംദിന വാർത്തകൾ. അതും, ഇക്കഴിഞ്ഞ ഒരൊറ്റ ആഴ്ച്ചയിലെ വാർത്താവിശേഷങ്ങൾ മാത്രം.
ഇനി, ഇതിലൊക്കെ പൊതുവായി ഉള്ള ഒരു കാര്യമുണ്ട്. അതാണ് പരമപ്രധാനം.
മറ്റൊന്നുമല്ല..... ആ "ലഹരി". അതിന്റെ ഉന്മാദം.
ലഹരിയെന്നാൽ, അത് മദ്യമാകാം, മയക്കുമരുന്നാവാം, സമാനമായ മറ്റു പലതുമാകാം.
മിക്കവാറും 'രാസ ലഹരികൾ'. അതാണല്ലോ ഇപ്പോൾ 'ഫാഷൻ'.
കൈകാര്യം ചെയ്യപ്പെടുന്നതിലും എത്രയോ കുറഞ്ഞ ശതമാനമാകും, പലപ്പോഴും പിടിയ്ക്കപ്പെടുന്നത്. അപ്പോൾ, യഥാർത്ഥത്തിൽ എത്രയധികം ലഹരിവസ്തുക്കളാകും, നിർബാധം ഇവിടെ ഒഴുകുന്നത്?
ലഹരിയുമായി പിടിയിലാകുന്ന ആ ആളുകളുടെ 'പ്രായം' ശ്രദ്ധിച്ചിട്ടുണ്ടോ?
ശരിയ്ക്കും, രാസലഹരിയിൽ രമിയ്ക്കുകയാണോ കേരളം? അതോ അതിൽ മുങ്ങിക്കുളിയ്ക്കുകയാണോ?
ഇനി, അർഹിയ്ക്കുന്ന ജാഗ്രതയോടെ അല്ലെങ്കിൽ അവധാനതയോടെ ആണോ ബന്ധപ്പെട്ട അധികാരികൾ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്?
മദ്യവും, മയക്കുമരുന്നും, സ്വർണ്ണവും, കള്ളനോട്ടുമൊക്കെ പിടിയ്ക്കുന്ന കേസുകളിൽ, പിടിയിലാകുന്ന ആ വെറും 'കരിയർ'മാർക്കുമപ്പുറത്തേയ്ക്ക് ഒരു കേസ് പോലും പോകാത്തത് എന്ത് കൊണ്ടാണ്? ആരൊക്കെയാണ് ഒളിഞ്ഞിരിയ്ക്കുന്ന ആ 'മുതലാളിമാർ'? എവിടെയാണ് ശരിയ്ക്കും ഇതിന്റെയൊക്കെ ആ 'ഉറവിടം'?
ഇതൊക്കെ അന്വേഷിയ്ക്കാൻ, കണ്ടെത്താൻ ആർക്ക് സമയം? ആർക്ക് താല്പര്യം?
സാധാരണ പൗരന് മടുത്ത് തുടങ്ങിയ, ആ സ്ഥിരം 'രാഷ്ട്രീയ ഗിമ്മിക്കുകൾ'ക്കും അപ്പുറം, ഈ നാട്ടിൽ എന്ത് നടക്കാൻ?
എന്നാലും... !
എന്താകാം ഇന്നത്തെ ഈ അവസ്ഥയ്ക്കു കാരണം?
കാര്യകാരണങ്ങൾ നീട്ടിപ്പറയുന്ന ഒരു നെടുനീളൻ ലേഖനത്തിനു പകരം, നമുക്ക് ആ കാരണങ്ങളിൽ പ്രധാനപ്പെട്ടവ മാത്രം ഒന്ന് അക്കമിട്ടു നിരത്താം. എന്താ?
1. വിഷുക്കാലത്തെ ആ കണിക്കൊന്നകൾ പോലെ, നാടുമുഴുവൻ നിരന്ന ആ മദ്യ വില്പന/വിതരണ ശാലകൾ. (ആരാധനാലയങ്ങൾക്കും, പള്ളിക്കൂടങ്ങൾക്കും ഒക്കെ ബാധകമായിരുന്ന ആ ദൂരം, 500 ഇൽ നിന്നും 50 മീറ്റർ ആക്കി കുറച്ച ആ 'ഉദാരത' ഓർക്കുക).
2. മദ്യ-മയക്കുമരുന്ന് വിപത്തിനെതിരെയുള്ള, ശക്തമായ ബോധവത്ക്കരണ പരിപാടികളുടെ അഭാവം. നാടുമുഴുവൻ 'സാധനം' ലഭ്യമാക്കിയിട്ട്, പോസ്റ്ററുകളിലും, കലണ്ടറുകളിലും മാത്രം "say NO to drugs" എന്ന് വെണ്ടയ്ക്കാ വലുപ്പത്തിൽ എഴുതിവച്ചിട്ട് എന്ത് കാര്യം? (എല്ലാം പ്രസ്താവനകളിൽ മാത്രമായി ഒതുങ്ങുന്ന നമ്മുടെ നാടിന്റെ അവസ്ഥ ഓർക്കുക. പക്ഷേ, മദ്യവിമുക്തമായ ഒരു 'കിനാശ്ശേരി' സ്വപ്നം കാണുന്ന നമ്മുടെ അധികാരികളെ തെറ്റിദ്ധരിയ്ക്കല്ലേ.. പ്ലീസ്).
3. മദ്യ-മയക്കുമരുന്ന് വിപത്തിനെതിരെയുള്ള, കാര്യക്ഷമമായ പരിശോധനകളുടെ അഭാവം. (പൂർണ്ണസജ്ജമായ ഒരു എക്സൈസ് വകുപ്പ് നമുക്കുണ്ടായിട്ടും, ഈ കേരളത്തിൽ വലിയൊരു 'റെയിഡ്' നടന്ന ആ അവസാന തീയതി ഒന്നോർത്തു നോക്കുക... വലിയ ചന്ദനാദി എണ്ണ വേണ്ടി വന്നേക്കുമോ?...).
4. സിനിമകളിൽ ഇപ്പോൾ വളരെ സാധാരണമായ (അഥവാ ഏറെ ഗ്ലാമറൈസ് ചെയ്യപ്പെട്ട) മദ്യ-മയക്കുമരുന്ന് ഉപയോഗങ്ങൾ. അതാണ് "വീരം" എന്ന അബദ്ധധാരണ ആളുകളിൽ ജനിപ്പിച്ചേക്കാം, പ്രത്യേകിച്ചും കൗമാരമനസ്സുകളിൽ. നിങ്ങൾ അവസാനം കണ്ട മൂന്ന് സിനിമകൾ ഓർക്കുക.
5. ജീവിതം 'ആസ്വദിയ്ക്കാൻ ഉള്ളതാണ്' എന്നും, ആ ആസ്വാദനം എന്നത് ഈ മദ്യ-മയക്കുമരുന്നുകൾ വഴി മാത്രമേ കഴിയൂ എന്നുമുള്ള തെറ്റായ ധാരണ. (അത് 'ന്യു ജെൻ ആണ് ബ്രോ' എന്ന് കരുതുന്നവർ ക്ഷമിയ്ക്കുക).
6. പ്രതീക്ഷയ്ക്കുമപ്പുറം കൈയിൽ വന്നു ചേരുന്ന ആ അധിക പണം. (ഇന്ന് ഇഷ്ടം പോലെ ലഭ്യമായ 'പാർട്ട് ടൈം' ജോലികളും, അതിൽ നിന്നും ഉണ്ടാക്കാവുന്ന മോശമല്ലാത്ത വരുമാനവും, പിന്നെ ആ 'ഫ്രീ ടൈം'ഉം... [അതോ 'ഫ്രീക്കൻ ടൈമോ'?]).
7. ആരോടും 'സെന്റിമെന്റ്സ്' ഇല്ലാത്ത പുതുതലമുറ; കടപ്പാടുകളും. (പഴയ തലമുറ മുഴുവൻ നല്ലവരായതു കൊണ്ടല്ല, മറിച്ച്, അവർക്ക് മറ്റുള്ളവരേയും സമൂഹത്തെയും, സാമാന്യം നല്ല ഉൾഭയമുണ്ടായിരുന്നതു കൊണ്ട് കൂടിയാണ്, അവരിൽ പലരും ഇത്തരം കാര്യങ്ങളിൽ നിന്നും അന്നൊക്കെ വിട്ടുനിന്നിരുന്നത്, എന്നോർക്കുക).
8. ചെറുതോ വലുതോ ആകട്ടെ, എല്ലാവർക്കും സ്വന്തമായ വരുമാനമാർഗങ്ങൾ. (ആ മാർഗം നല്ലതോ ചീത്തയോ ആകാം). തന്മൂലം ഉള്ളിൽ ഉറയുന്ന, ആ 'ഏറിയ സ്വതന്ത്രചിന്തകൾ'. ഒരു തരം "പോനാൽ പോകട്ടും പോടാ .." മട്ട്.
9. ശിഥിലമാകുന്ന കുടുംബ ബന്ധങ്ങൾ, ഏറുന്ന 'അവിഹിതങ്ങൾ'. നാൾതോറും കുറയുന്ന, കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പം ഓർക്കുക. (ദിനംപ്രതി ഏറിവരുന്ന ആ വിവാഹമോചനങ്ങളുടെ എണ്ണം നോക്കുക).
10. ഏറിവരുന്ന അസഹിഷ്ണുതയും, ഒപ്പം മാനസിക സംഘർഷങ്ങളും. (ഇക്കഴിഞ്ഞ ദിവസത്തെ ഒരു വാർത്ത നോക്കുക. വാഹനം കഴുകിയ വെള്ളം
വഴിയിലേക്കൊഴുക്കിയതുമായി ബന്ധപ്പെട്ട ഒരു ചെറിയ സംഘർഷം കവർന്നത് രണ്ടു ജീവനുകൾ;
അകത്തായത് നാലുപേർ; തകർന്നത് രണ്ടു കുടുംബങ്ങൾ). ഏറിവരുന്ന മാനസിക/ജോലി സംഘർഷങ്ങൾ, 2024 ജൂൺ മാസത്തിലെ വെറും ഒരാഴ്ചയിൽ കവർന്നെടുത്തത്, നമ്മുടെ ആ 'കരുത്തുറ്റ' പോലീസ് സേനയിലെ അഞ്ച് പേരുടെ ജീവനുകൾ.
11. അനാരോഗ്യകരമായ താരതമ്യങ്ങളും, ഒപ്പം അനാവശ്യ പൊങ്ങച്ചങ്ങളും. മറ്റുള്ള ആളുകളോടുള്ള അനാവശ്യ താരതമ്യങ്ങൾ (അതാകട്ടെ, ചിലപ്പോൾ പങ്കാളിയുടെ കാര്യത്തിൽ പോലും). ഒപ്പം അയൽക്കാരുടെ അഥവാ പരിചയക്കാരുടെ ഒപ്പമെത്തുന്ന വീടും, വാഹനവും, വസ്ത്രങ്ങളും, ജീവിതനിലവാരവും ഒക്കെ, തനിയ്ക്കും കൂടിയേ തീരൂ എന്ന ആ പിടിവാശി. അത് കൊണ്ടെത്തിയ്ക്കുന്നതോ? കടക്കെണിയുടെ നിലയില്ലാക്കയത്തിൽ. അവസാനം ഒരു കൂട്ടആത്മഹത്യയിലേക്കും. ഇതെഴുതുന്ന ഇന്നും ഉണ്ട്, ദിനപത്രത്തിൽ അത്തരമൊരു കൂട്ടആത്മഹത്യയുടെ ആ ദുഃഖവാർത്ത.
12. ഏറ്റവുമൊടുവിൽ, നിസ്സാരമെന്നു തോന്നിയ്ക്കുന്ന, എന്നാൽ ഏറ്റവും പ്രധാനപ്പെട്ട ആ കാരണം. ഇന്ന്, എല്ലാവർക്കും പറയാൻ ഏറെയുണ്ട്.. സങ്കടങ്ങളും, സന്തോഷങ്ങളും, വിശേഷങ്ങളും ഒക്കെയായി; പക്ഷേ, അതൊന്ന് കേൾക്കാൻ ആരുണ്ട്? ആരുമില്ല; അഥവാ, ആർക്കും സമയമില്ല എന്ന ആ ഭീതിദ അവസ്ഥ. അപ്പോൾ, അവരിൽ ചിലരെങ്കിലും മദ്യത്തിലും, മയക്കുമരുന്നിലും അഭയം കണ്ടെത്താൻ ശ്രമിയ്ക്കും, ഒരു അവസാന ആശ്രയം എന്ന നിലയിൽ. (നിങ്ങൾ പറയുന്നത്, ക്ഷമയോടെ, ശ്രദ്ധയോടെ കേൾക്കാൻ, ശേഷം ഒരു വാക്കിലെങ്കിലും ഒരു മറുപടി പറയാൻ, നിങ്ങൾക്കൊരാളുണ്ടോ? ഇല്ലെങ്കിൽ, ഉടനെ കണ്ടെത്തുക).
ഇനി, എന്താണ് ഇതിനൊരു പരിഹാരം?
എന്തെങ്കിലും ഉടനെ ചെയ്തില്ലെങ്കിൽ നമ്മൾ തോൽക്കും.... നന്നായി തോൽക്കും. തിരഞ്ഞെടുപ്പിൽ അല്ല, മറിച്ച് നമ്മുടെ ജീവിതത്തിൽ..!!
മറ്റുള്ളവരോ, സർക്കാരോ, നിങ്ങൾക്കായി അത്തരമൊരു പ്രതിവിധി എന്തായാലും കണ്ടെത്താൻ പോകുന്നില്ല; ശേഷം അതൊരു തങ്കത്തളികയിൽ, നിങ്ങൾക്ക് നൽകാനും പോകുന്നില്ല.
ചിന്തിച്ചു തല പുകയ്ക്കേണ്ടതില്ല. ഒറ്റ പ്രതിവിധിയേ ഉള്ളൂ.
ഒരു വ്യക്തി എന്ന നിലയിൽ നിങ്ങൾ 'ആ ഉറച്ച തീരുമാനം' എടുക്കുക. ഏറ്റവും കുറഞ്ഞത്, മുകളിൽ പറഞ്ഞ ആ 12 കാര്യങ്ങളിൽ എങ്കിലും. അതിൽ നിന്നും അണുവിട മാറാതിരിയ്ക്കുക.
നിങ്ങൾ നിങ്ങളായി ജീവിയ്ക്കുക....
നിങ്ങളുടെ കൊച്ചു നേട്ടങ്ങളും, വലിയ നഷ്ടങ്ങളുമായി... സന്തോഷത്തോടെ ..
നിങ്ങളുടെ സ്വന്തം കഷ്ടപ്പാടുകളുടെ, ആ സുഖലോലുപതയുമായി...
നിങ്ങളുടെ സ്വന്തം നീലവാനിൽ, ഏഴുനിറങ്ങളുടെ ആ മഴവില്ലുമായി.....
ഒരുതരം ലഹരികളും ഉപയോഗിയ്ക്കാതെ .... ജീവിതം തന്നെ ഒരു ലഹരിയാക്കി ...
അതേ... നിങ്ങളുടെ ആ പോസിറ്റീവ് ചിന്തകളുമായി ...!!
നിങ്ങൾ ഓർമ്മ വയ്ക്കേണ്ട ആ 'ലക്ഷണം', അത് ഒന്നേയുള്ളൂ.... (അല്ലാതെ അത് വെറുതെ തിരുത്തേണ്ടതില്ല ...!!)
"പന്ത്രണ്ടാൽ മസജം സതംതഗുരുവും ........."
**********
===========
സ്നേഹപൂർവ്വം
- ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
********
Excellent article....
ReplyDeletethank you ....
Delete👌👌👌👍
ReplyDeletethank you
Delete👍👍👍
ReplyDeletethank you ...
DeleteNice
ReplyDeletethank you ..
ReplyDelete👍👍🙏🙏
ReplyDelete