ശബരി കണ്ടൊരാ ശരണപാദങ്ങൾ [രാമായണം: അറിയപ്പെടാത്ത കഥാപാത്രങ്ങൾ - 2024: ഭാഗം 16]
ശബരി കണ്ടൊരാ ശരണപാദങ്ങൾ
[രാമായണം: അറിയപ്പെടാത്ത കഥാപാത്രങ്ങൾ - 2024: ഭാഗം 16]
'ശബരി' എന്ന പേര് കേൾക്കുമ്പോൾ നമ്മൾ മലയാളികൾക്ക് ആദ്യം ഓർമ്മ വരുന്നത് രാമായണമോ, അതിലെ ശബരിയോ ഒന്നുമല്ല, പകരം 'ശബരിമല' ആണ്. അല്ലേ?
കാരണം,
അത്രമേൽ നമ്മോടു ചേർന്ന് നിൽക്കുന്നു ശബരിമലയും, അവിടുത്തെ ശ്രീ
അയ്യപ്പനും. മാത്രവുമല്ല, ആ ശബരിമല കയറുമ്പോൾ അവിടെയും നമുക്ക് കാണാം ഒരു
ശബരിയെ; ആ ശബരിപീഠത്തിങ്കൽ. അല്ലേ?
അങ്ങിനെയെങ്കിൽ, ശബരിമലയും രാമായണത്തിലെ ശബരിയും തമ്മിൽ വല്ല ബന്ധവുമുണ്ടോ എന്ന് കൂടി, നമുക്ക് ഈ വിശകലനത്തിൽ ഒന്ന് നോക്കിയാലോ . എന്താ?
കഥാപാത്ര പരിചയം:
സീതാന്വേഷണത്തിനിടെ, ശ്രീരാമലക്ഷ്മണൻമാരെ കബന്ധനാണ് മതംഗാശ്രമത്തിലെ ആ ശബരീതപസ്വിനിയ്ക്ക് അരികിലേയ്ക്ക് പറഞ്ഞുവിടുന്നത്.
മാമുനിമാരുടെ സഹായിയായി, ആശ്രമവൃത്തികൾ ചെയ്തു വന്ന ആ 'ദളിത്' സ്ത്രീ, ആ മാമുനിമാർ ബ്രഹ്മപദം നേടി പോയപ്പോഴും, ഏകയായി ഏറെ വർഷങ്ങളോളം, അവിടെ ശ്രീരാമന്റെ വരവും കാത്തിരിയ്ക്കുകയായിരുന്നുവത്രെ.
എല്ലാ ദിവസവും തന്റെ ആശ്രമവും, പരിസരങ്ങളും അടിച്ചുവാരി വൃത്തിയാക്കി, കാട്ടിൽ നിന്നും കഴിയുന്നത്ര പഴങ്ങളും ശേഖരിച്ചു വച്ച്, ആ 'കാട്ടാളത്തി' തന്റെ ദൈവത്തെയും കാത്തിരിയ്ക്കും. വൈകുന്നേരമാകുമ്പോൾ ഒട്ടു നിരാശയോടെ അടുത്ത ദിവസത്തിനു കാക്കും.
അങ്ങിനെയുള്ള ആ ശബരിയുടെ ആശ്രമത്തിലേയ്ക്ക്, ശ്രീരാമൻ വരുമ്പോൾ അവരിലുണ്ടാകുന്ന ആ സന്തോഷം നോക്കുക.
സംഭ്രമത്തോടും പ്രത്യുത്ഥായ താപസി ഭക്ത്യാ
സമ്പതിച്ചിതു പാദാംഭോരുഹയുഗത്തിങ്കൽ.
സന്തോഷപൂർണാശ്രുനേത്രങ്ങളോടവളുമാ-
നന്ദമുൾക്കൊണ്ടു പാദ്യാർഘ്യാസനാദികളാലേ
പൂജിച്ചു തൽപാദതീർഥാഭിഷേകവും ചെയ്തു
ഭോജനത്തിനു ഫലമൂലങ്ങൾ നൽകീടിനാൾ.
അദ്ധ്യാത്മരാമായണത്തിൽ കൃത്യമായി പറയുന്നില്ലെങ്കിൽ പോലും, ഈ ആതിഥ്യമര്യാദയുമായി ബന്ധപ്പെട്ട്, പറയുന്നൊരു കഥയുണ്ട്.
താൻ ശേഖരിച്ചു വച്ച ആ പഴങ്ങളിൽ നിന്നും, ഏറ്റവും മധുരമുള്ളതു വേണമല്ലോ ശ്രീരാമന് കൊടുക്കാൻ. അതിന്, ആ പാവം ശബരി കണ്ടെത്തിയ മാർഗം എന്തായിരുന്നുവെന്നോ? ഓരോ പഴവും എടുത്ത്, ആദ്യം കടിച്ചു നോക്കും. എന്നിട്ട്, ഏതാണോ ഏറ്റവും നല്ലത്, അത് ശ്രീരാമന് നല്കുമത്രേ. രാമനാകട്ടെ, ഒരു മടിയും കൂടാതെ, അത് സ്വീകരിയ്ക്കുകയും ചെയ്തിരുന്നു.
കഥാപാത്ര വിശകലനം:
എത്രയൊക്കെ ഭക്തി മനസ്സിൽ ഉള്ളപ്പോഴും, താനൊരു കാട്ടാളത്തിയാണ് അഥവാ ഹീന ജാതിയാണ്, എന്നൊരു 'വേണ്ടാത്ത' ചിന്ത ശബരിയുടെ മനസ്സിൽ ഉണ്ടായിരുന്നു.
ജ്ഞാനമില്ലാതെ ഹീനജാതിയിലുള്ള മൂഢ
ഞാനിതിനൊട്ടുമധികാരിണിയല്ലയല്ലോ.
വാങ്മനോ വിഷയമല്ലാതൊരു ഭവദ്രൂപം
കാണ്മാനുമവകാശം വന്നത് മഹാഭാഗ്യം
തൃക്കഴലിണ കൂപ്പിസ്തുതിച്ചുകൊൾവാനുമി
ങ്ങുളക്കമലത്തിലറിയപ്പോകാ ദയാനിധേ!'
ഹീനജാതിയിലുള്ള വെറുമൊരു മൂഢയായ തനിയ്ക്ക്, എവ്വിധമാണ് ഭഗവാനെ കൈകൂപ്പി തൊഴേണ്ടത് എന്നത് പോലും അറിയില്ലല്ലോ, എന്നാണ് ഇവിടെ ആ സാധു സ്ത്രീയുടെ ആശങ്ക.
നിർമലമായ ഭക്തിയുടെ ഈ വാക്കുകൾ ശബരിയിൽ നിന്നും കേട്ടപ്പോൾ, മറുപടിയായി ശ്രീരാമൻ പറയുന്നത് നോക്കുക.
രാഘവനതുകേട്ടു ശബരിയോടു ചൊന്നാ-
'നാകുലം കൂടാതെ ഞാൻ പറയുന്നതു കേൾ നീ.
പുരുഷസ്ത്രീജാതീനാമാശ്രമാദികളല്ല
കാരണം മമ ഭജനത്തിനു ജഗത് ത്രയേ.
ഭക്തിയൊന്നൊഴിഞ്ഞു മറ്റില്ല കാരണമേതും
മുക്തിവന്നീടുവാനുമില്ല മറ്റേതുമൊന്നും
തീർത്ഥസ്നാനാദി തപോദാനവേദാധ്യയന-
ക്ഷേത്രോപവാസയാഗാദ്യഖില കർമങ്ങളാൽ
ഒന്നിനാലൊരുത്തനും കണ്ടുകിട്ടുകയില്ല-
യെന്നെ മൽഭക്തിയൊഴിഞ്ഞൊന്നുകൊണ്ടൊരുനാളും.
പുരുഷനോ, സ്ത്രീയോ ആകട്ടെ, തീർത്ഥസ്നാനം, തപസ്സ്, ദാനം, വേദാധ്യയനം, ക്ഷേത്രോപവാസം, യാഗം മുതലായ പൂജാമാർഗങ്ങൾ ഏതുമാകട്ടെ, ഈശ്വരദർശനത്തിന് ഇവയെക്കാളൊക്കെ ഒരുവനെ സഹായിയ്ക്കുന്നത്, കളങ്കസ്പർശമില്ലാത്ത ഭക്തി, അതൊന്നു മാത്രമാണ്.
ഒൻപതുവിധം മുക്തിസാധനമാണ് ശ്രീരാമൻ ഇവിടെ ഉപദേശിയ്ക്കുന്നത്.
1. സജ്ജനസംഗം
2. ശ്രീരാമകഥാലാപം
3. മൽഗുണേരണം (എന്റെ ഗുണഗണങ്ങളെ പ്രകീർത്തിയ്ക്കൽ)
4. എന്റെ വാക്കുകളെ വ്യാഖ്യാനിയ്ക്കൽ
5. എന്റെ അംശം കൊണ്ടു ജനിച്ച ആചാര്യന്മാരെ ഉപാസിയ്ക്കൽ
6. പുണ്യശീലത്വവും പൂജിയ്ക്കലും
7. മന്ത്രോപാസകത്വം
8. ലൗകിക വിഷയങ്ങളിൽ വിരക്തി
9. എന്റെ തത്ത്വം ധ്യാനിയ്ക്കൽ
യഥാർത്ഥ ഭക്തി എന്താണ് എന്ന്, ശബരിയെ ലളിതമായി പറഞ്ഞു മനസ്സിലാക്കുന്നതിനൊപ്പം, ശ്രീരാമൻ തന്റെ ആ ഭക്തയോട് ചോദിയ്ക്കുന്നു "സീത ആരാലാണ് കൊണ്ടുപോകപ്പെട്ടത്?" എന്ന്.
ഇവിടെ നമ്മൾ ഓർക്കേണ്ട ഒരു കാര്യമുണ്ട്.
എല്ലാം അറിയുന്ന ശ്രീരാമൻ വീണ്ടും എന്തിനാണ് ശബരിയോട് ഈ ഒരു ചോദ്യം
ചോദിയ്ക്കുന്നത്? മറ്റൊന്നിനുമാവില്ല. ഉത്തമഭക്തയായ ശബരി തനിയ്ക്ക് എത്രയോ
വേണ്ടപ്പെട്ടവളാണ് അഥവാ ആ വാക്കുകൾ തനിയ്ക്ക് എത്ര വിലപ്പെട്ടതാണ് എന്ന്,
അവരെ നന്നായി ബോധ്യപ്പെടുത്തുക എന്ന ആ ഒരൊറ്റ ഉദ്ദേശത്തിൽ തന്നെയാകണം.
ശ്രീരാമന്റെ ആ ചോദ്യത്തോട് ശബരിയുടെ പ്രതികരണം നോക്കുക.
'സർവവുമറിഞ്ഞിരിയ്ക്കുന്ന നിന്തിരുവടി
സർവജ്ഞനെന്നാകിലും ലോകാനുസരണാർത്ഥം
ചോദിച്ചമൂലം പറഞ്ഞീടുവാൻ സീതാദേവി
ഖേദിച്ചു ലങ്കാപുരിതന്നിൽ വാഴുന്നു നൂനം
കൊണ്ടുപോയത് ദശകണ്ഠനെന്നറിഞ്ഞാലും
കണ്ടിതു ദിവ്യദൃശ്യാ തണ്ടലർമകളെ ഞാൻ. '
തുടർന്ന്, ശബരി സീതയുള്ള സ്ഥലത്തെപ്പറ്റി കൃത്യമായ ദിശാസൂചികകൾ നൽകുന്നു. ഋശ്യമൂകാചലത്തിലെത്തി സുഗ്രീവനുമായി സഖ്യത്തിൽ ഏർപ്പെടേണ്ടതിന്റെ ആവശ്യകത എടുത്തു പറയുന്നു.
സീതയെ കണ്ടെത്തി മോചിപ്പിയ്ക്കാനുള്ള ആ വഴി പറഞ്ഞു കൊടുത്തതിനു ശേഷം, ശബരി അധികമായ സന്തോഷത്തോടെ ദേഹത്യാഗം ചെയ്ത് മുക്തി നേടുകയാണ്.
നമ്മൾ മനസ്സിലാക്കേണ്ടത്:
1. ഉത്തമ ഭക്തിയ്ക്ക് വേണ്ടത്, ജാതിയോ, മതമോ, ലിംഗവ്യതാസമോ, നിയതമായ പൂജാവിധികളോ, സങ്കീർണ്ണങ്ങളായ മന്ത്രങ്ങളോ, വിശിഷ്ടമായ പൂജാവസ്തുക്കളോ, കനകവിഗ്രഹങ്ങളോ ഒന്നുമല്ല; മറിച്ച്, കളങ്കരഹിതമായ മനസ്സും, അകം നിറഞ്ഞ അചഞ്ചലവിശ്വാസവും മാത്രമാണ്.
2. മാനവ ജീവിതത്തിൽ (അതിനി, മനുഷ്യാവതാരമെടുത്ത ദൈവമാണെങ്കിൽ കൂടി) ഒരുവൻ, എത്ര ശക്തിമാനും ബുദ്ധിമാനും ആണെങ്കിൽ കൂടി, ആ ജീവിതയാത്രയിൽ മുൻപോട്ടു പോകാൻ, ചിലപ്പോഴെങ്കിലും തന്നെക്കാൾ വളരെ നിസ്സാരരെന്ന് കരുതുന്ന ആളുകളുടെ സഹായം കൂടിയേ കഴിയൂ.
3.
ഒരുപക്ഷേ വർഷങ്ങൾ നീളുന്ന തപസ്സിനേക്കാൾ, ഒരുവന്
മോക്ഷപ്രാപ്തിയ്ക്കുതകുന്നത്, അകം നിറഞ്ഞ നന്മയും, പരോപകാര ചിന്തയുള്ള ഒരു
മനസ്സുമാണ്. അങ്ങിനെയെങ്കിൽ അത് കാണാതിരിയ്ക്കാൻ, ഒരു ദൈവത്തിനുമാകില്ല
തന്നെ.
*** ********** ***
അനുബന്ധകഥ:
രാമായണത്തിൽ വ്യക്തമായി പറയുന്നില്ലങ്കിൽ പോലും, ശബരിയുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യം കൂടി (കൂടുതലും വാമൊഴിയായി) പ്രചാരത്തിലുണ്ട്.
ശബരിയുടെ
ആതിഥ്യമര്യാദയിൽ അതീവ പ്രസന്നനായ ശ്രീരാമൻ, ശബരിയോട് പറഞ്ഞുവത്രേ;
ത്രേതായുഗത്തിലെ ഈ അവതാരത്തിനു ശേഷം കലിയുഗത്തിൽ താൻ വീണ്ടും ഭൂമിയിൽ
പുനർജ്ജനിയ്ക്കുമെന്നും, അന്ന് ഇതേ പർവ്വതനിരകളിൽ കുടിയിരിയ്ക്കുമെന്നും.
അന്ന് തന്നെ കാണാൻ വരുന്ന തന്റെ ഭക്തർ, ഈ ശബര്യാശ്രമത്തിൽ വന്നതിന്
ശേഷമാകും, തന്റെയടുക്കൽ എത്തുകയെന്നും.
മാത്രവുമല്ല, ആ മലനിരകൾ അന്ന് ശബരിയുടെ പേരിൽ അറിയപ്പെടുമെന്നു കൂടി
കൂട്ടിച്ചേർത്തു. ആ മലനിരകളത്രെ,
ഇന്നത്തെ പുണ്യ'ശബരിമല'. അന്നത്തെ ആ ശബര്യാശ്രമമത്രെ, ശരണപാതയിലെ ആ
ശബരിപീഠം.
ശ്രീരാമൻ പറഞ്ഞ ആ പുനർജന്മമാണ് ശ്രീ അയ്യപ്പനെന്നാണ്
വിശ്വാസം. അതായത്, ഒരേസമയം ശ്രീധർമശാസ്താവിന്റെ 'അവതാര'വും, ശ്രീരാമന്റെ
'പുനർജന്മ'വും, ശ്രീ അയ്യപ്പനിൽ സമ്മേളിയ്ക്കുന്നു എന്നർത്ഥം.
വെറുമൊരു 'ദളിത്' സ്ത്രീയായ, കാനനവാസിയായ ആ ശബരിയുടെ, അചഞ്ചലമായ ഭക്തിയും, കളങ്കരഹിതമായ ആ ആതിഥ്യമര്യാദയും ശ്രീരാമനെ അത്രമേൽ ആകർഷിച്ചു എന്നതാണ് സത്യം. ഭക്തി എന്നതിൽ, ജാതി, മത, വർഗ, വർണ്ണഭേദങ്ങൾ ഒന്നുമില്ല എന്ന ആ വലിയ സത്യമാണ്, ശബരിയിലൂടെ വെളിപ്പെട്ടത്.
ഒരുപക്ഷേ, അത് മൂലമാകാം ശബരിമലയിൽ, ഈ ഭേദങ്ങളൊന്നും കൂടാതെ, ഏതൊരാൾക്കും ദർശനം നടത്താൻ ആവുന്നതും. 'കറുപ്പ്' എന്ന ആ ഒരൊറ്റ വേഷത്തിൽ, എല്ലാവരും 'സമൻമാർ' ആകുന്നതും; 'തത്വമസി' എന്ന ആ വലിയ സത്യം അവിടെ അന്വർത്ഥമാകുന്നതും.
*** ********** ***
"രാമായണം: അറിയപ്പെടാത്ത കഥാപാത്രങ്ങൾ" എന്ന പരമ്പരയിലെ ഭാഗം-16 "ശബരി കണ്ടൊരാ ശരണപാദങ്ങൾ" ഇവിടെ പൂർണ്ണമാകുന്നു.
നിങ്ങൾക്കിഷ്ടമായി എന്ന് കരുതുന്നു. അഭിപ്രായങ്ങളും, വിമർശനങ്ങളും അറിയിയ്ക്കുക.
അടുത്ത ഭാഗം, ഇനി അടുത്ത രാമായണമാസ കാലത്ത്...!
===========
സ്നേഹപൂർവ്വം
- ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
********
Comments
Post a Comment