ചിതയൊരുക്കുന്നവർ [ലേഖനം]

 

ചിതയൊരുക്കുന്നവർ 
[ലേഖനം]

അതിദാരുണമായ ഒരു ദുരന്തത്തിലൂടെയാണല്ലോ നമ്മുടെ ഈ നാട്, ഇപ്പോൾ കടന്ന് പോയിക്കൊണ്ടിരിയ്ക്കുന്നത്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വയനാട് എന്ന ആ സുന്ദരദേശം, ഇന്ന് അതേ പ്രകൃതിയുടെ പ്രതികാരവാഞ്ഛയിൽ ആകെയും വിറങ്ങലിച്ചു നിൽക്കുന്നു. കാര്യകാരണങ്ങൾ തിരയേണ്ട സമയമല്ലാത്തതിനാൽ, അതവിടെ നിൽക്കട്ടെ.

ഹൃദയം തകർക്കുന്ന, മനസ്സ് വിറങ്ങലിയ്ക്കുന്ന ആ വാർത്തകൾക്കിടയിൽ, നമ്മളിൽ പലരും കാണാതെ പോയ മറ്റൊരു ദുഃഖവാർത്തയെക്കുറിച്ചാണ്  ഇവിടെ പറയുന്നത്. 

ആ അതിദാരുണ സംഭവവും നടന്നത് നമ്മുടെ ഈ കൊച്ചുകേരളത്തിൽ തന്നെ.

സ്വയം ചിതയൊരുക്കി, ഏതാണ്ട് അൻപത് വയസ്സ് മാത്രം പ്രായമുള്ള ഒരമ്മ ആത്മഹത്യ ചെയ്തുവത്രേ. അതിനു മുൻപ്, ആ അമ്മയുടെ തയ്യാറെടുപ്പുകൾ ഒന്ന് നോക്കുക.

അകലെയൊരിടത്ത് പഠിയ്ക്കുന്ന ഏകമകളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക്, ദിവസങ്ങൾക്കുമുമ്പേ തന്റെ സമ്പാദ്യം മുഴുവൻ മാറ്റി. "എല്ലാം മകൾക്ക്" എന്ന ഒരു ഒറ്റവരി ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കി വച്ചു. തന്റെ വീടും പരിസരവും മുഴുവൻ വൃത്തിയാക്കി. പിന്നെ, പുരയിടത്തിന്റെ ഒരു മൂലയിൽ പ്ലാസ്റ്റിക് ഷീറ്റുമേഞ്ഞ്  അകം നനയാത്ത ഒരു ഷെഡ് ഉണ്ടാക്കി. അതിൽ നന്നായി ഉണങ്ങിയ വിറകുകൾ കൊണ്ടൊരു ചിത സ്വയം തയ്യാറാക്കി. വീട് പൂട്ടി, താക്കോൽ ഭദ്രമാക്കി വച്ചു. അങ്ങോട്ടുള്ള സൂചകങ്ങളും കൊടുത്തു.

പിന്നെ, അയൽക്കാരുടെയൊന്നും ശ്രദ്ധയിൽ പെടാതെ, സ്വയം തയ്യാറാക്കിയ ആ ചിതയിൽ കയറിക്കിടന്നു. തീ കൊളുത്തി, സ്വയം എരിഞ്ഞടങ്ങിയത്രേ. 

പതിവില്ലാതെ പുക കണ്ട അയൽക്കാർ വിചാരിച്ചത്, മകൾ വരുന്നത് പ്രമാണിച്ച് ആ അമ്മ പരിസരങ്ങൾ അടിച്ചു കൂട്ടിയ കരിയിലകൾക്ക് തീ ഇടുന്നതാണെന്നാണ്. അവരെ കുറ്റം പറയാനാവില്ല. കാരണം ആ വൃത്തിയാക്കൽ രാവിലെ മുതൽ അവർ കണ്ടിരുന്നല്ലോ.

വീട്ടിലെത്തിയ മകൾ അമ്മയെ കാണാതെ, അയൽക്കാരുമൊത്ത് നടത്തിയ തിരച്ചിലിൽ ആണ് ഈ ദാരുണസംഭവം കണ്ടെത്തിയത്.

ഒന്നോർത്തുനോക്കൂ, എത്ര വലിയ മാനസിക സംഘർഷങ്ങളാകും ഇത്തരമൊരു മരണം തിരഞ്ഞെടുക്കാൻ ആ അമ്മയെ പ്രേരിപ്പിച്ചത്? അല്ലെങ്കിൽ, ഏകമകളെ ഈ വലിയ ലോകത്തിൽ തീർത്തും തനിച്ചാക്കി ആ പാവം ഇങ്ങനെയൊരു കടുംകൈ ചെയില്ലല്ലോ. 

ഇനി എന്ത് കാരണങ്ങൾ കൊണ്ടുമാകട്ടെ, കത്തിത്തുടങ്ങിയ ആ ചിതയിൽനിന്നും ചൂടേറ്റുതുടങ്ങുമ്പോൾ, ഏതൊരാളും കരഞ്ഞുകൊണ്ട് എണീറ്റോടേണ്ടതല്ലേ? എത്ര വലിയ കടുപ്പമുള്ള തീരുമാനവും മാറ്റേണ്ടതല്ലേ?

നോക്കുക, എത്രയൊക്കെ മുന്നൊരുക്കങ്ങളാണ് ആ അമ്മ ഇതിനുവേണ്ടി നടത്തിയത്? തീർച്ചയായും കുറെയേറെ ദിവസങ്ങൾ എടുത്തിട്ടുമുണ്ടാകും, ആ തീരുമാനം നടപ്പിൽ വരുത്താൻ. പാവം മകൾക്ക് തന്റെ ശവസംസ്‌കാരം പോലും ഒരു ബാധ്യതയാവണ്ട എന്ന് കരുതിയാകും, ഒരുപക്ഷേ ആ അമ്മ ഈ അതികഠിന മരണമാർഗം തിരഞ്ഞെടുത്തതും.

ഇത്രയൊക്കെ ആലോചിച്ചു തയ്യാറെടുക്കുന്നതിനിടയിൽ, ഒരു തവണയെങ്കിലും ആ മാനസിക സംഘർഷങ്ങൾ, അവർ ഒരാളോടെങ്കിലും ഒന്നു പങ്കുവച്ചിരുന്നെങ്കിൽ? എന്തും തുറന്നു പറയാൻ പറ്റുന്ന ഒരു ബന്ധു, അല്ലെങ്കിൽ ഒരു സുഹൃത്ത്, അല്ലെങ്കിൽ ആരെങ്കിലും ഒരാൾ,  അവർക്കുണ്ടായിരുന്നുവെങ്കിൽ?

ആ ആളോട് അവർ ഇക്കാര്യത്തെക്കുറിച്ച് ഒരു ചെറിയ സൂചനയെങ്കിലും നൽകിയിരുന്നുവെങ്കിൽ?

ഉറപ്പാണ്... അവർ ആ തീരുമാനം മാറ്റിയേനെ. ഏറ്റവും കുറഞ്ഞത് നീട്ടിവയ്ക്കുകയെങ്കിലും ചെയ്തേനെ. ആ പാവം മകൾക്കുവേണ്ടിയെങ്കിലും.

ഇനി അതൊന്നുമല്ലെങ്കിൽ, കുറച്ചുകൂടി വേദന കുറഞ്ഞ ഒരു രീതി എങ്കിലും, തന്റെ മരണത്തിനായി അവർ തിരഞ്ഞെടുത്തേനേ.

ശരിയല്ലേ?

ആ മരണത്തെ കുറിച്ചെഴുതി നിങ്ങളെ ആരെയും കൂടുതൽ വേദനിപ്പിയ്ക്കാനല്ല ഈ കുറിപ്പ്. ഇത് എഴുതണ്ട എന്ന് പലകുറി ചിന്തിച്ചതുമാണ്. ആ വാർത്ത മറക്കാൻ, കഴിഞ്ഞ കുറെ ദിവസങ്ങളായി ശ്രമിയ്ക്കുന്നതുമാണ്. കാരണം, ഒരുപാട് ദുഃഖങ്ങൾ സ്വന്തമായുള്ള നിങ്ങളെയൊന്നും, ഒരു ദുഃഖകാര്യങ്ങളും എഴുതി വിഷമിപ്പിയ്ക്കരുത് എന്ന് കരുതിയാണ് അത്തരം ഒരു രചനകളും  നടത്താത്തതും.

പക്ഷേ, മുൻപ് പലപ്പോഴും നമ്മൾ പറഞ്ഞിട്ടുള്ള ആ കാര്യം, നമ്മോട് ഒന്ന് കൂടി അടിവരയിട്ടു പറയുകയാണ് ഈ സംഭവം. ഒരുപക്ഷേ, ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നവും അത് തന്നെയാണ്, എന്ന് വേണമെങ്കിലും പറയാം. 

അതൊന്നുകൂടി ഓർമ്മിപ്പിയ്ക്കുവാൻ മാത്രമാണ് ഈ കുറിപ്പ്.

ഈ ഭൂമിയിൽ ജീവിയ്ക്കുന്ന ഓരോ ആളുകൾക്കും, പറയാൻ, പങ്കുവയ്ക്കാൻ... ദുഃഖങ്ങളും, സന്തോഷങ്ങളും, അമർഷങ്ങളും, ആഹ്ലാദങ്ങളും, ആശകളും, നിരാശകളും ഒക്കെ  ഒരുപാടുണ്ടാകും. ഒരുപാട്, ഒരുപാട് ....

ഉണ്ടാകും എന്നല്ല, ഉണ്ട്. 

പക്ഷേ, അതൊന്നു പ്രകടിപ്പിയ്ക്കാൻ, പ്രകടിപ്പിച്ചാൽ അതൊന്നു മനസ്സിലാക്കാൻ, പറഞ്ഞാൽ അതൊന്ന് ക്ഷമയോടെ മുഴുവനായും കേൾക്കാൻ, അതിന്റെ രഹസ്യസ്വഭാവം സൂക്ഷിയ്ക്കാൻ, പ്രതിവിധികളൊന്നും പറഞ്ഞുതരാൻ ആയില്ലെങ്കിൽ കൂടി "നീ വിഷമിയ്ക്കണ്ട ..ഞാനുണ്ട് കൂടെ .. നമുക്കൊരു വഴി കണ്ടെത്താം.." എന്നൊന്ന് ആശ്വസിപ്പിയ്ക്കാൻ, ഒന്ന് കൂടെ നിർത്താൻ ... 

അത്തരം ഒരാളെങ്കിലും ഉള്ളവർ, നമ്മളിൽ എത്രപേരുണ്ട്?

അങ്ങനെ ശരിയ്ക്കും വിശ്വസ്തനായൊരാൾ, (അയാൾ ആരുമാകട്ടെ..... സുഹൃത്തോ, പങ്കാളിയോ, ബന്ധുവോ, സഹപാഠിയോ, സഹപ്രവർത്തകനോ, സഹപ്രവർത്തകയോ, മറ്റാരെങ്കിലുമോ....) നിങ്ങൾക്കുണ്ട് എങ്കിൽ, നിങ്ങളൊരു ഭാഗ്യവാനാണ് അഥവാ ഭാഗ്യവതിയാണ്.

അഥവാ, അങ്ങനെയൊരാൾ നിങ്ങൾക്കില്ലെങ്കിൽ, എത്രയും വേഗം കണ്ടെത്താൻ ശ്രമിയ്ക്കുക. വിജയിയ്ക്കാനായില്ലെങ്കിൽ, ശ്രമം തുടരുക. അതത്ര എളുപ്പമല്ല എന്നോർക്കുക. പക്ഷേ, അതോർത്ത് ശ്രമിയ്ക്കാതിരിയ്ക്കരുത്. 

ആ ശ്രമം വിജയിയ്ക്കുന്നതുവരെ, നിങ്ങളുടെ ജീവിതത്തിലെ നിർണ്ണായക തീരുമാനങ്ങൾ, പലവട്ടം ആലോചിച്ചതിനു ശേഷം മാത്രം എടുക്കുക. വരുംവരായ്കകൾ ഓർക്കാതെ, എടുത്തുചാടി ഒരു തീരുമാനവും എടുക്കാതിരിയ്ക്കുക; നടപ്പിൽ വരുത്താതിരിയ്ക്കുക.

ജീവിതം ചിലപ്പോൾ ഒരു ശത്രുവിനെപ്പോലെ നമ്മളെ വേട്ടയാടാൻ ശ്രമിയ്ക്കും, പിന്നെ ശ്വാസം മുട്ടിയ്ക്കും. എന്നാൽ, മറ്റു ചിലപ്പോൾ ഉറ്റമിത്രമായി നമ്മെ സാന്ത്വനിപ്പിയ്ക്കും, പിന്നെ തഴുകി തലോടും.

നന്നായി ചിരിയ്ക്കാൻ പഠിയ്ക്കുക. എന്നിട്ട്, നന്നായി ചിരിയ്ക്കുക.  ഉള്ളിലുറഞ്ഞ ദുഃഖങ്ങൾ, വിഷമങ്ങൾ... അതൊക്കെ ആ ചിരിയിൽ നമ്മൾ പോലും അറിയാതെ അലിഞ്ഞങ്ങു പോകും. പോകണം. 

കാരണം, ഇത് ജീവിതമാണ്, അത് ജീവിച്ചു തന്നെ തീർക്കണം.

===========

സ്നേഹപൂർവ്വം 

- ബിനു മോനിപ്പള്ളി

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********

പിൻകുറിപ്പ്:

1.  മരിച്ച ആളുടെയും കടുംബത്തിന്റെയും സ്വകാര്യതയെ മാനിയ്ക്കുന്നതിനാൽ ആ വാർത്തയും, ചിത്രങ്ങളും പൂർണ്ണമായും നമ്മൾ ഒഴിവാക്കുന്നു.

2.  "ഇന്ന്" എന്ന നമ്മുടെ ആ കവിതയിൽ, ഏറെ നാൾ മുൻപ് നമ്മൾ പറഞ്ഞതും ഏതാണ്ട് ഈ കാര്യങ്ങൾ തന്നെയായിരുന്നു. പക്ഷേ, മറ്റൊരു രീതിയിൽ ആയിരുന്നു എന്ന് മാത്രം. ഓർക്കുന്നുവോ നിങ്ങൾ?

https://youtu.be/3XWogsD5z0Q?si=NZ5POqMQkTJwwXku

Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]