മഞ്ഞിൽ കുതിർന്ന് മൂന്നാർ.... മനം കുളിർന്ന് ഞങ്ങൾ !

മഞ്ഞിൽ കുതിർന്ന് മൂന്നാർ.... മനം കുളിർന്ന് ഞങ്ങൾ !

[യാത്രാവിവരണം]

ദേ... നിങ്ങള് വീണ്ടും മറന്നു ...

അങ്ങ് ദൂരെ ..ആ സായിപ്പിന്റെ നാട്ടില് 'താങ്ക്സ് ഗിവിങ്' വന്നൂന്ന് .....

അതിനിപ്പം നമുക്കെന്താന്നോ?

കൊള്ളാം .... അത് വരുമ്പോഴല്ലേ നമ്മള് എല്ലാ കൊല്ലോം നവമ്പറിൽ ഒരു ടൂർ പോണത് ...? വന്ന് വന്ന് അതും മറന്നൂല്ലോ ...നിങ്ങള് ... ന്റെ ദൈവേ ... 

ങ്... അത് പോട്ടെ .... അപ്പൊ നിങ്ങള് റെഡിയാണല്ലോ?... ഞങ്ങള് എപ്പളേ റെഡി ... 

എന്നാ വാ... നമുക്ക് ഒരുമിച്ച് പോകാം...!!

ഇത്തവണ നമ്മൾ ആൾബലത്തിൽ കുറച്ച് മുൻപിലാണ് കേട്ടോ ... കുട്ടികൾ ഉൾപ്പെടെ മൊത്തം 23  പേർ.

വെള്ളിയാഴ്ച (നവംബർ-29-2024), പറഞ്ഞിരുന്ന സമയത്തിനും മുൻപേ, 'ചന്ദനക്കുട്ടി'യുമായി നമ്മുടെ ബെൻസ് വിനോദേട്ടൻ തയ്യാർ ... രാത്രി കൃത്യം 10:30ന് ടെക്നോപാർക്കിൽ നിന്നും, നമ്മൾ ഇതാ യാത്ര തുടങ്ങുകയായി.   

ആദ്യം തന്നെ ഡ്രൈവറോട് പറഞ്ഞിരുന്നു, "ഉറക്കം തോന്നുന്നുവെങ്കിൽ വണ്ടി ഒതുക്കി ഉറങ്ങാം... ഇനിയിപ്പം അതുകൊണ്ട് ഒന്നോ രണ്ടോ മണിക്കൂർ താമസിച്ചാലും കുഴപ്പമില്ല" എന്ന്. രാത്രിയിലെ യാത്രയല്ലേ? അതും ദീർഘയാത്ര.

കിളിമാനൂർ നിന്നും, പിന്നെ നിലമേൽ നിന്നുമായി മൂന്നുപേർ കൂടി കയറിയപ്പോൾ, സംഘം തികഞ്ഞു. 

വാഹനത്തിനുള്ളിലെ ആ ആലക്തിക ദീപങ്ങൾ ഒന്നൊന്നായി മിഴി തുറന്നു. 

കിടിലൻ ഡോൾബി എഫക്ടിൽ രതിപുഷ്പവും, ഇല്ല്യൂമിനാറ്റിയും, പാലാ പള്ളിയുമൊക്കെ പതഞ്ഞൊഴുകിയെത്തിയപ്പോൾ, പലരും അടിമുടി ഇളകിയാടി. പിന്നെ വിശ്രമിയ്ക്കാൻ, ഇടയ്ക്ക് ചന്ദനക്കാറ്റിന്റെ കുളിരുമായി ചില മെലഡികളുമെത്തി... അങ്ങിനെ, ആട്ടവും പാട്ടുമായി നമ്മൾ യാത്ര തുടരുകയാണ്.

കരിയ്ക്കം എത്തിയപ്പോൾ, ഉറക്കം അകറ്റാൻ ഓരോ കട്ടൻ കാപ്പി. വീണ്ടും യാത്ര. 

വണ്ടിയിലെ നൃത്തത്തിനോ, സംസാരത്തിനോ ഒരു കുറവുമില്ല. "രതിപുഷ്പം വീണ്ടും വീണ്ടും ഇടണം..." എന്ന 'വിനയ'ത്തോടെയുള്ള അഭ്യർത്ഥന ഇടയ്ക്കിടെ വന്നുകൊണ്ടേയിരുന്നു. അതാത്രെ ഡാൻസ് ചെയ്യാൻ ഒരു വൈബ്..!!

ഇപ്പോൾ സമയം പുലർച്ചെ ഏതാണ്ട് 2 മണി. നമ്മുടെ സ്വന്തം മോനിപ്പള്ളിയിൽ വണ്ടി എത്തിയപ്പോൾ, മനസ്സാലെ മോനിപ്പള്ളി ഭഗവതിയെയും, പിന്നെ തിരുഹൃദയ ദേവാലയത്തെയും പ്രാർത്ഥിച്ചു. ഞാൻ പഠിച്ച ആ സർക്കാർ LP സ്‌കൂൾ കണ്ടപ്പോൾ, കുട്ടിനിക്കറുമിട്ട് ആ പള്ളിക്കൂടമുറ്റത്ത് അത്ഭുതം കൂറുന്ന മിഴികളോടെ, താഴെ MC റോഡിലെ വണ്ടികളെയും നോക്കി നിൽക്കുന്ന ഒരു കൊച്ചുപയ്യനെ മനസ്സിൽ ഓർത്തു പോയി ..... ആഹാ ... ഓർമ്മകൾക്കിന്നും സുഗന്ധം... ഏറെ വശ്യമാം നഷ്ടസുഗന്ധം...!

6 മണിയോടെ അടിമാലി സഫയർ ഹോട്ടലിൽ എത്തി. എല്ലാവരും ഫ്രഷ് ആയി, ഉറക്ക ക്ഷീണമൊക്കെ മാറ്റി, പ്രഭാത ഭക്ഷണം കഴിച്ചു. വീണ്ടും യാത്ര തുടർന്നു. 

'ആനവിരട്ടി' പോലെ രസകരമായ ചില സ്ഥലപ്പേരുകൾ വഴിയരികിലെ കടകളുടെ ബോർഡുകളിൽ അങ്ങിനെ മിന്നിമറഞ്ഞു കൊണ്ടിരുന്നു. 

വളഞ്ഞു പുളഞ്ഞ വഴികളിൽകൂടി 'ചന്ദനക്കുട്ടി' ഞങ്ങളെയും കൂട്ടി, ചുണ്ടിലൊരു പാട്ടും മൂളി, സാകൂതം പോകവേ, വഴിയരികിലെ ആ തേയിലക്കാടുകൾ ഇമവെട്ടാതെ ഞങ്ങളെ നോക്കി നിന്നു. ഹും ..അസൂയ ... അസൂയ. 

ചെറുതായി വീശിയെത്തിയ കോടമഞ്ഞ്, ഞങ്ങൾക്കിടയിൽ തീർത്ത ആ നേർത്ത തിരശീലയ്ക്കുമപ്പുറം, മൂന്നാർ മലനിരകളുടെ ആ വന്യസൗന്ദര്യം വല്ലാത്തൊരു അനുഭൂതി ഉള്ളിൽ നിറച്ചു. ശരിയ്ക്കും, ഓരോ കാഴ്ചകളും കാണുമ്പോൾ, അവിടെ വണ്ടി നിർത്തി ഇറങ്ങാൻ തോന്നും. അത്രയ്ക്ക് സുന്ദരം.... നൂറ് ശതമാനം നൈസർഗികം.

ഭാഗ്യം, അധികം ട്രാഫിക് ബ്ലോക്കിൽ ഒന്നും കുരുങ്ങാതെ, ഏതാണ്ട് 9 മണിയോടെ ഞങ്ങൾ മൂന്നാറിലെത്തി. 

അവിടെ നിന്നും ഞങ്ങൾ നേരെ കുണ്ടള ഡാമിലേക്കാണ് പോയത്. 

സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 1700 മീറ്റർ ഉയരത്തിൽ, മുതിരപ്പുഴയ്ക്കു കുറുകെ 1947ൽ കെട്ടിയുയർത്തിയതാണ് 'സേതുപാർവതിപുരം ഡാം' എന്നു കൂടി അറിയപ്പെടുന്ന ഈ ഡാം. ഏഷ്യയിലെ തന്നെ ആദ്യത്തെ 'ആർച്ച് ഡാം' ഇതത്രെ.

ചരിത്രം എന്തുതന്നെ ആയാലും ശരി, ഏതാണ്ട് 160 ഏക്കറോളം വിസ്താരത്തിൽ തെളിനീലജലമങ്ങിനെ പരന്നു നിറയുന്ന ഈ ഡാമിന്റെ ദൂരക്കാഴ്ച അതീവ സുന്ദരമാണ്. അതും, ആ നീലവാനിന്റെ പശ്ചാത്തലത്തിൽ. 

വിശ്വാസമായില്ലെങ്കിൽ, നിങ്ങളീ ചിത്രങ്ങളൊന്നു നോക്കുക.

കൂടെയുള്ള ചിലർക്കൊക്കെ ഫോട്ടോകൾ എടുത്തിട്ടുമെടുത്തിട്ടും മതിയാവുന്നില്ല. ആദ്യം കുറെ സെൽഫി എടുത്തു. അത് മമ്മൂട്ടിയെ പോലെ ആയില്ല എന്നത് കൊണ്ടാകണം, അവിടെ കണ്ട ഒരു ലോക്കൽ ഫോട്ടോഗ്രാഫറെ കൊണ്ട് വേറെ ഒരെണ്ണം എടുപ്പിച്ചു. ആഹാ സംഗതി സൂപ്പർ .... പക്ഷെ ഒന്ന് തിരിച്ചു പിടിച്ചപ്പോൾ, എം എൻ നമ്പ്യാരുടെ ഒരു ചെറിയ കട്ടുണ്ടോന്നൊരു സംശയം .... ഛെ.. ആ തമിഴൻ പറ്റിച്ച പണിയാ ...വേണ്ടാർന്നു.  പിന്നെ, കൂട്ടത്തിലെ സുഹൃത്ത് കൊണ്ട് വന്ന DSLR ക്യാമറ പരീക്ഷിച്ചു. അതിപ്പം എന്തരോ എന്തോ? എന്തായാലും, പിന്നെ ആ പാവം എന്തൊക്കെയോ പിറുപിറുത്ത് ഫോട്ടോ ശ്രമം ഉപേക്ഷിച്ചു. ഇപ്പോഴത്തെ ക്യാമറയ്ക്കൊന്നും ഒരു ക്വാളിറ്റി ഇല്ലന്നേ. 

 

ഞങ്ങൾ മൂന്നാർ ടോപ് സ്റ്റേഷൻ ലക്ഷ്യമാക്കി യാത്ര തുടർന്നു. 

കുറെ കഴിഞ്ഞപ്പോൾ ഇരുവശത്തു നിന്നുമുള്ള വണ്ടികളെ കൊണ്ട്, വഴി ബ്ലോക്കായി. 'ഇത് കൊണ്ടൊന്നും ചന്തുവിനെ തോൽപ്പിക്കാനാവില്ല മക്കളെ ..'. എന്ന ഭാവത്തിൽ, ഞങ്ങൾ ഇറങ്ങിയങ്ങ് നടന്നു. അല്ല പിന്നെ..!

ഇടയ്ക്ക്, വഴിയോരത്ത് കണ്ട കടകളിൽ നിന്നും, മസാലപ്പൊടിയിട്ട മാങ്ങയും, പേരയ്ക്കയുമൊക്കെ കഴിച്ചു വിശപ്പടക്കി. കൂട്ടത്തിലെ വിശപ്പ് കൂടിയ ചിലരാകട്ടെ, ആ തക്കത്തിന് മാഗ്ഗി നൂഡിൽസ് അകത്താക്കി. സ്ത്രീകളും കുട്ടികളും ഒക്കെ ഇതിനിടയിൽ, വഴിയരികെ കടകളിൽ കയറി 'ഡ്രീം കാച്ചറും'. മാലകളും, ബാഗുകളും ഒക്കെ വാങ്ങിയ്ക്കുന്നുണ്ട്. 

നടന്നു നടന്ന് ഞങ്ങൾ ഏതാണ്ട് മലയുടെ മുകളിൽ എത്താറായി. ഇപ്പോൾ വഴിയുടെ ഇടതു വശത്തായി, നീണ്ടു നിവർന്നു കിടക്കുന്ന ആ ഹരിതാഭ മലനിരകളെ നമുക്ക് കാണാം. ആ കാഴ്ചയെ എങ്ങിനെ അതേ ചാരുതയോടെ വർണ്ണിയ്ക്കണം എന്നാണ്, ഞാൻ ഇപ്പോൾ ചിന്തിയ്ക്കുന്നത്. 

വീണ്ടും കുറച്ചു കൂടി മുന്നോട്ട്‌ നടന്ന് ഞങ്ങൾ വ്യൂ പോയിന്റിലെ ടവറിനു സമീപം എത്തി. പിന്നെ ടിക്കറ്റ് എടുത്ത് ടവറിൽ കയറി. 

മുന്നിൽ, നമ്മെ ആകെ ഭ്രമിപ്പിയ്ക്കുന്ന അതിസുന്ദരൻ കാഴ്ചകളാണ്. 

പച്ച പട്ടുമെത്തമേൽ അലസയായി അങ്ങിനെ നീണ്ടു നിവർന്നു കിടക്കുന്നു ആ വനസുന്ദരി. ആ മയക്കത്തിൽ ഇടയ്ക്കെപ്പോഴോ ഒന്ന് തിരിയവേ, ഊർന്നുവീണ ഹരിതകമ്പളത്തിനും അപ്പുറം, ഉയർന്നു നിൽക്കുന്നു അവളുടെ ആ കുചദ്വയങ്ങൾ. വാച്ച് ടവറിൽ കൊതിയോടെ വിടർന്നു നിൽക്കുന്ന അനേകം കണ്ണുകളിൽ നിന്നും ആ കാഴ്ച്ചയെ മറയ്ക്കാനെന്നോണം, ഒരു മന്ദമാരുതൻ (അവൻ തീർച്ചയായും ആ കാനനസുന്ദരിയുടെ കാമുകനാവണം..!), നേർത്ത മഞ്ഞിന്റെ ഒരു അതിലോല വെള്ളക്കമ്പളത്തിനാൽ അവളുടെ ആ അനാവൃത സൗന്ദര്യത്തെ ആകെയും, ഒരു മാത്ര കൊണ്ട് മറച്ചു കളഞ്ഞു. 

ഞങ്ങൾ വിടുമോ? ആ പുതപ്പും ഇളകി മാറുന്നത് വരെ, ഞങ്ങൾ അവിടെ ഒരേ നിൽപ്പങ്ങ് നിന്നു. അതും നിർന്നിമേഷരായി. നമ്മളോടാ ആ മാരുതന്റെ കളി.... ! നമ്മളെ അത്രയ്ക്കങ്ങു മനസ്സിലായിട്ടില്ല, പുള്ളിക്കാരന്..!!

ശരിയ്ക്കും, ഇതല്ലേ ഭൂമിയിലെ സ്വർഗ്ഗം? ഇതല്ലേ ദൈവത്തിന്റെ ആ സ്വന്തം നാട്? എന്നു തോന്നിപ്പിയ്ക്കും, ആ ദൃശ്യവിരുന്ന്. കൂടെയോ? കുളിരുന്ന തണുപ്പും.

 പിന്നെ,  മനസ്സില്ലാമനസ്സോടെ ഞങ്ങൾ മടങ്ങി. മടക്കയാത്രയിൽ, ശരിയ്ക്കും ഗതാഗതക്കുരുക്കിൽ പെട്ടു. കൂട്ടത്തിലെ രണ്ടുപേർ അതഴിയ്ക്കാനുള്ള തിരക്കിലായി. ശേഷം, ആ ക്ഷീണം തീർക്കാൻ കുറച്ച് ബ്രെഡ്-ഓംലറ്റ് തട്ടുന്ന തിരക്കിലും.

അയ്യോ ... ഈ ദൃശ്യവിരുന്നൊക്കെ ആസ്വദിയ്ക്കുന്ന തിരക്കിൽ, ഞങ്ങൾ ഒരാളെ തീർത്തും മറന്നിരുന്നു. അയാൾ, ദേ ഇപ്പോൾ ഒട്ടു ദേഷ്യത്തോടെ, സാമാന്യം ശക്തിയായി മുട്ടി വിളിയ്ക്കാൻ തുടങ്ങി. ആര് എന്നാണോ? മറ്റാര്? വിശപ്പേ ... നല്ല കത്തുന്ന വിശപ്പ്. 

പിന്നെ, ഓരോ ഓംലെറ്റെങ്കിലും കിട്ടുന്ന കടകൾ നോക്കുന്ന തിരക്കിലായി ഞങ്ങൾ. നോക്കി നോക്കി വരവേ, കൂട്ടത്തിലെ ഒരു കുട്ടിയ്ക്ക് കലശലായ മൂത്രശങ്ക. വണ്ടി നിർത്തിയപ്പോൾ, ഞങ്ങൾ ആ 'മലയാളി ശീലം' ഒന്ന് കൂടി പ്രാവർത്തികമാക്കി. ഒരാൾ 'ശൂ' വയ്ക്കാനിറങ്ങിയാൽ നിരനിരയായി ബാക്കിയുള്ളവരും ശൂ വയ്ക്കുന്ന ആ 'നല്ല ശീലം'. 

ശൂവും കഴിഞ്ഞങ്ങിനെ നോക്കുമ്പോൾ, ദേ കുറച്ചപ്പുറത്തൊരു കട. അതും ഒരു ടെമ്പോ വാനിൽ. ചോദിച്ചപ്പോൾ, ബിരിയാണിയും, ഫ്രൈഡ് റൈസും ഒക്കെ റെഡി. പിന്നെ ഒന്നും നോക്കിയില്ല. എല്ലാവരും വയർ നിറയെ കഴിച്ചു. അപ്പോൾ സമയം വൈകുന്നേരം 3 മണി.

ഞങ്ങൾ യാത്ര തുടർന്നു. കുണ്ടള ഡാം കണ്ടു കഴിഞ്ഞിരുന്നതിനാലും, സമയം ഏറെ വൈകിയതിനാലും, ഞങ്ങൾ മാട്ടുപ്പെട്ടി ഡാം ഒഴിവാക്കി. നേരെ റോസ് ഗാർഡനിലേയ്ക്ക്.

ഏറെ വിസ്തൃതമല്ലെങ്കിലും, കണ്ണിലുടക്കുന്ന കടുംകളറുകൾ വാരി വിതറുന്ന അസംഖ്യം ചെടികളാൽ സമ്പന്നമാണ് ഈ കൊച്ചു ഗാർഡൻ. ശരിയ്ക്കും, ഒരു വർണ്ണോത്സവം. 


ചെടികൾ എന്നും ദൗർബല്യമായ എന്റെ സുഹൃത്ത്, സമയം കളയാതെ കുറെയേറെ ചെടികൾ വാങ്ങി, സഞ്ചിയിലാക്കി. 

പിന്നെ, ഞങ്ങൾ രാജാക്കാട്ടേയ്ക്ക് യാത്ര തിരിച്ചു. കാരണം, അവിടെ 'ലെമൺ ഗ്രാസ്' ഹോട്ടലിൽ ആണ് ഞങ്ങളുടെ ഇന്നത്തെ താമസം. 

വഴികാട്ടിയായ സുഹൃത്ത്, പതിവുപോലെ ഗൂഗിൾ ചേച്ചിയുടെ സഹായം തേടി. ഇടയ്ക്ക്, 'ഏതെങ്കിലും കടയിൽ വഴി ചോദിയ്ക്കാം' എന്ന ഞങ്ങളുടെ നിർദ്ദേശത്തെ "ഏയ് എന്തിന്? എന്റെ ഈ ചേച്ചിയ്ക്കറിയാത്ത ഏതു വഴിയുണ്ട് ഈ ഭൂഗോളത്തിൽ?"എന്ന മട്ടിൽ, ആശാൻ നിഷ്ക്കരുണം അങ്ങ് തള്ളിക്കളഞ്ഞു.

പക്ഷേ, പണ്ട് കോട്ടയം കുഞ്ഞച്ചനെ ആ സംവിധായകൻ ജോഷി ചതിച്ചപോലെ, ഞങ്ങളുടെ ആശാനെ ഗൂഗിൾ ചേച്ചി ചതിച്ചു. വല്ലാത്തൊരു ചതിയായിപ്പോയി എന്റെ പൊന്നു ഗൂഗ്ലിയേ അത്. 

വഴി തെറ്റിയെന്ന് മനസ്സിലായ ഞങ്ങൾ, വണ്ടി ഒന്ന് ഒതുക്കി നിർത്തിയപ്പോഴേക്കും സഹായഹസ്തവുമായി ദേ ഒരു ചേട്ടൻ ഓടി വരുന്നു. പിന്നെ വണ്ടി തിരിയ്ക്കാൻ സഹായിയ്ക്കുന്നു. പോകേണ്ട ശരിയായ വഴി വീണ്ടും വീണ്ടും പറഞ്ഞു തരുന്നു.  "ഹോ..എത്ര നല്ല ചേട്ടൻ.." എന്ന് ഞങ്ങൾ എല്ലാവരും മനസ്സിൽ കരുതിയപ്പോൾ, ദാ വരുന്നു ചേട്ടന്റെ തുറുപ്പു ചീട്ട്. "നാളെ നിങ്ങൾ ഈ വഴി തന്നെ വരണം. എന്നിട്ടു നമുക്ക് ഓഫ് റോഡ് ഡ്രൈവിന് എന്റെ ജീപ്പിൽ പോകാം, ഞാൻ കൊണ്ട് പോകാം.." എന്ന്. മാർക്കറ്റിംഗേ ... മാർക്കറ്റിംഗ് ....

'ലെമൺ ഗ്രാസ്' ഹോട്ടലിൽ വണ്ടിയെത്തിയതും എല്ലാവരും ഒന്ന് ഉഷാറായി. കാരണം അത്ര നല്ല ഹോട്ടൽ, അതിവിശാലമായ മുറികൾ. സേവന സന്നദ്ധരായ ജീവനക്കാർ. 

രാത്രി ഭക്ഷണം രാജാക്കാട് ടൗണിലെ ശ്രീ കൃഷ്ണ ഹോട്ടലിൽ നിന്നാക്കി. നല്ല നാടൻ കള്ളപ്പവും, കൂടെ ചിക്കൻ പെരട്ടും. പിന്നൊരു ചൂട് ചായയും. സംഗതി സൂപ്പർ. കൂടെയുള്ളവർ, 'കരിമ്പിൻ കാട്ടിൽ ആനകയറി' എന്ന് പറയും പോലെ, 'രാജാക്കാട്ട് ഹോട്ടലിൽ മദയാന കയറി' എന്ന രീതിയിലാണ് ഓർഡർ ചെയ്തത്. പൊറോട്ട, അപ്പം, അൽഫാം, വെള്ളയപ്പം, ദോശ .. അങ്ങിനെ കണ്ണിൽ കണ്ടതൊക്കെ നമ്മുടെ കൊമ്പന്മാർ (കൂടെ പിടികളും) പൊളിച്ചടുക്കി.... കുട്ടിക്കൊമ്പന്മാരും ഒട്ടും മോശമാക്കിയില്ല.

ഇതൊന്നും പോരാത്തതിന്, പോരാൻ നേരം, രണ്ടുപടല പഴം പാർസലും. രാത്രി വിശന്നാൽ തിന്നാനാണത്രെ.ചക്കപ്പഴത്തിന്റെ സീസൺ അല്ലാത്തത് എത്ര നന്നായി ..!

പിന്നെ, ക്യാംപ് ഫയർ. 

പക്ഷെ സത്യം പറയട്ടെ. ഞങ്ങൾക്കായി എല്ലാം ഒരുക്കിയിരുന്നെങ്കിലും, തലേന്നത്തെ ഉറക്ക ക്ഷീണവും, കൂടെ ആ ദീർഘ യാത്രയും, പിന്നെ മുൻപ് പറഞ്ഞ ആ 'ലൈറ്റ് ഫുഡും' കൂടെയായപ്പോൾ, ആ പരിപാടി വേഗം തീർത്ത്, ഞങ്ങൾ മുറികളിലേക്ക് മടങ്ങി. 

നോക്കുമ്പോൾ കൂട്ടത്തിലെ ഒരാളെ കാണാനില്ല. നോക്കി നോക്കി ചെല്ലുമ്പോൾ അങ്ങകലെ ഫോണും പിടിച്ച് ദാ ഇരിയ്ക്കുന്നു ആ കല്പടവിൽ. ആൾ എന്തോ അയവിറക്കുന്നു. നമ്മുടെയാ മീശമാധവനെപ്പോലെ. മൂന്നാറിലെ മൂവന്തി ഓർമ്മകളിൽ, വല്ല മുത്തരഞ്ഞാണവും തീർക്കുകയാണോ ആവോ? എന്തേലും ആകട്ടെ, പാവത്തിന്റെ 'കോൺസെൻട്രേഷൻ' കളയണ്ട. ഞങ്ങൾ പിന്തിരിഞ്ഞു.  

പിന്നെ, എല്ലാം മറന്നൊരു ഉറക്കം. മുറിയിലെ എ സി പോലും വേണ്ടെന്നു വച്ച്, രാജാക്കാടിന്റെ ആ സ്വന്തം കുളിർമയിൽ. സ്വപ്നം പോലും ശല്യപ്പെടുത്താത്ത ഒരു ഗാഢനിദ്ര.

ഉറക്കമുണർന്നതോ? കോടമഞ്ഞണിഞ്ഞ ഒരു സുന്ദരൻ പ്രഭാതത്തിലേയ്ക്ക്. 

ആരും കേൾക്കാതെ ഒന്ന് മൂളി നോക്കി. 

കോടമഞ്ഞിൻ .... ഓഹോ ....

താഴ് വരയിൽ ..... ഓഹോ...

ആ മഞ്ഞിൽ, ഞങ്ങൾ ഒരു ചായ കുടിയ്ക്കാനിറങ്ങി. വഴിയരികിലെ ആ കൊച്ചുകടയിൽ, ചില നാട്ടുകാരോടൊപ്പം, അവരുടെ കൊച്ചു വിശേഷങ്ങളും കേട്ട്, ആവി പറക്കുന്ന ആ മൂന്നാർ തേയിലച്ചായ ഊതിയൂതി കുടിയ്ക്കുമ്പോൾ, അതൊരു വല്ലാത്ത സുഖം തന്നെയാണേ....

പിന്നെ വിഭവസമൃദ്ധവും രുചികരവുമായൊരു പ്രഭാത ഭക്ഷണം. 'ലെമൺ ഗ്രാസ്' വക. 

ബ്രെഡും, ഇഡ്ഡലിയും, ദോശയും, പൂരിയും, അതിനൊത്ത കറികളും ഒക്കെ, നമ്മുടെ ഇഷ്ടാനുസരണം എടുത്ത് കഴിയ്ക്കാം. കൂട്ടത്തിലെ ചിലർ ഏഴോ എട്ടോ ഒക്കെ പുഴുങ്ങിയ മുട്ടകളാണത്രെ അവിടിരുന്ന് തന്നെ തട്ടിയത്. മിക്കവാറും അന്ന് തന്നെ 'ലെമൺ ഗ്രാസ്'കാർ ആ വിഭവം പ്രഭാതഭക്ഷണ മെനുവിൽ നിന്നും മാറ്റിക്കാണണം..!

യാത്രയ്ക്ക് തയ്യാറായി  താഴെയ്ത്തിയപ്പോൾ, അവിടെ ഫോട്ടോയെടുപ്പിന്റെ ബഹളം. പഴയ ഒരു മിലിറ്ററി വാൻ അവിടെയുണ്ട് . അതിന്റെ മുൻപിലും, പുറത്തും, അകത്തുമൊക്കെയായി അഭ്യാസങ്ങൾ. 

ചിലർ എടുക്കുന്ന ഫോട്ടോകൾ ഇൻസ്റ്റന്റ് ആയി ഇൻസ്റ്റയിലും, പിന്നെ ഞങ്ങളുടെ ടൂർ ഗ്രൂപ്പിലും ഒക്കെ പോസ്റ്റ് ചെയ്യുന്നുണ്ട്. ചില ഫോട്ടോസിൽ ആളെ കണ്ടാൽ തിരിച്ചറിയാൻ പോലുമാകുന്നില്ല. എന്റെ 'ഫിൽറ്റർ മുത്തപ്പാ' നിന്റെയൊരു കഴിവേ ...!

കണ്ടുകണ്ടങ്ങിരിയ്ക്കും ജനങ്ങൾക്ക്

മഞ്ഞുപോൽ വെളുപ്പേകുന്നതും ഭവാൻ 

ഞാവൽ മേലെയാ  കായ പഴുക്കുമ്പോൾ 

പാൽനിറമതിനേകുന്നതും ഭവാൻ..!!

എല്ലാം കഴിഞ്ഞ്, യാത്ര തുടങ്ങാറായപ്പോഴാണ്, കൂട്ടത്തിലെ ചിലർ "എനിയ്ക്ക് അയ്യപ്പനെ കണ്ടങ്ങു മതിയായില്ല ...വീണ്ടും മല ചവിട്ടണം..." എന്ന് പണ്ട് ശ്രീനിവാസൻ ഒരു സിനിമയിൽ പറഞ്ഞത് പോലെ, "മൂന്നാർ കണ്ടങ്ങു മതിയായില്ല ... ഒന്നൂടെ പോകണം ...കണ്ണ് നിറയെ കാണണം..." എന്ന് പറയുന്നത്. 

ദൈവമേ എന്ത് ചെയ്യണം? എന്ന സംശയത്തിൽ ഞങ്ങൾ അല്പം ശങ്കയോടെ അങ്ങിനെ നിൽക്കുമ്പോൾ, ദേ കൂട്ടത്തിലെ ഒരാൾ അതീവ ഖിന്നനായി ഒരു മൂലയിൽ പോയി ഇരിയ്ക്കുന്നു.

"എന്താ ..എന്ത് പറ്റി..?"

"അല്ല ..അതേ .."

"അത് ..?"

"എല്ലാരും പറഞ്ഞില്ലേ ... മൂന്നാർ ഭയങ്കര സുന്ദരിയാന്ന് .."

"ആണല്ലോ ...   അത് ഇന്നലെ നമ്മളും കണ്ടതല്ലേ ..?"

"ആണ് ... പക്ഷേ എനിയ്ക്കേ... ''"

"ആ ... നിനക്ക് ..?"

"എനിയ്ക്കേ .... ഇന്നലെ അവൾക്കൊരു ഷേക് ഹാൻഡ് കൊടുക്കാനേ പറ്റിയുള്ളൂ .... അത് പോരാ എനിയ്ക്കൊരു ...."..

"ഒന്ന് വേഗം പറ ... ഒരു ..."

"അവളെ ഒന്ന് ..."

"ഒന്ന് ...ടെൻഷൻ കേറ്റാണ്ട് ..പറ നീ ... അവളെ ഒന്ന്...?"

"അവളെ ഒന്ന് .... ഹഗ് ചെയ്യണം ....എന്നിട്ട് ..."

"ആ ..എന്നിട്ട് ..എന്നിട്ട് ...?"

"എന്നിട്ട് ... അവളുടെ കയ്യീന്ന് ..കുറച്ചു തേയിലപ്പൊടി വാങ്ങിയ്ക്കണം ... ദേ എന്റെ ഈ സഞ്ചീലിടാനാ..."

പുള്ളിക്കാരൻ പറഞ്ഞു പറഞ്ഞു വന്നപ്പോൾ (സിനിമയിലെ) മുകേഷിനെപ്പോലെ അതുവരെ ത്രില്ലടിച്ചു നിന്ന ഞങ്ങൾ, ഈ ആഗ്രഹംകേട്ടപ്പോൾ ഒന്നിച്ചു പറഞ്ഞു പോയി ...

"ഛെ ... പുല്ല് ,... നശിപ്പിച്ച് ....നശിപ്പിച്ച് ...."

എന്തായാലും ഇത്രേം പേര് പറഞ്ഞതല്ലേ? ഞങ്ങളുടെ ചന്ദനക്കുട്ടി വീണ്ടും മൂന്നാറിലേയ്ക്ക്... 

എന്നാൽ ഇത്തവണ, നമ്മുടെ അരിക്കൊമ്പൻ തന്റെ ആ മിന്നലാക്രമണങ്ങളിലൂടെ 'പ്രശസ്ത'മാക്കിയ 'ഗ്യാപ് റോഡ്' വഴിയായിരുന്നു ഞങ്ങളുടെ യാത്ര.  

നമ്മൾ യാത്ര ചെയ്യുന്നത് കേരളത്തിലൂടെ തന്നെയാണോ? എന്ന് ശരിയ്ക്കും സംശയിയ്ക്കുമാറ്, അത്ര സുന്ദരവും 'കേരള ട്രേഡ്മാർക്ക് ഗട്ടറുകൾ' ലവലേശം ഇല്ലാത്തതുമായ വഴി. 

മലമടക്കുകളിലൂടെ അതങ്ങിനെ വളഞ്ഞു പുളഞ്ഞു പോകുന്നു. ഒരു രാജവെമ്പാലയെ പോലെ, തികഞ്ഞ തലയെടുപ്പോടെ. 

ഇരുവശത്തും നയന മനോഹരമായ കാഴ്ചകൾ. 

ഒരു വശത്ത് ഹരിതാഭമാർന്ന തേയിലക്കാടുകളെങ്കിൽ, മറുവശത്ത് ഉയർന്നുതാഴ്ന്ന് പോകുന്ന മലമടക്കുകൾ. 

ഇടയ്ക്ക്, വലതു വശത്തായി വലിയൊരു ജലാശയം കണ്ടപ്പോൾ ഞങ്ങൾക്ക് വണ്ടി നിർത്താതിരിയ്കാനായില്ല. ഈ ദൃശ്യങ്ങൾ പറയും, ആ കാഴ്‌ചകളെ കുറിച്ച് കൂടുതൽ. 

എല്ലാവരും തലങ്ങും വിലങ്ങും ഫോട്ടോകൾ പകർത്തുന്ന തിരക്കിലായി.

വലതു വശത്തെ ആ സുന്ദരൻ കാഴ്ചകൾ എല്ലാ സഞ്ചാരികളും ഏറെ നേരം ആസ്വദിയ്ക്കുന്നതിൽ അസൂയ പൂണ്ടോ എന്തോ, ഇടതു വശത്തെ ആ ഏലക്കാടുകൾ, നിരന്ന കുഞ്ഞൻ വയലറ്റ് പൂക്കളാൽ തങ്ങൾക്കാവുന്നതു പോലെ, തങ്ങളുടെ വശവും അലങ്കരിച്ചത്.

കാഴ്ചകൾ കണ്ട് യാത്ര തുടർന്ന ഞങ്ങൾ, ഇടയ്ക്കു നിർത്തി, തേയിലക്കാടുകളിൽ നിന്നും, ഇരുന്നും, കിടന്നുമൊക്കെ കുറെയേറെ ഫോട്ടോകൾ പകർത്തി. 



വിരിച്ചിട്ട മെത്തപോലെ, നമ്മെ വല്ലാതെ ആകർഷിയ്ക്കുന്നതാണ്, എവിടെയും തേയിലക്കാടുകൾ. 

എത്ര കണ്ടാലും, പകർത്തിയാലും അത് മതിവരില്ല. പതുപതുത്ത മെത്ത മേലെയുള്ള ആ ഉറക്കം പോലെ.

ഇതാ, ഇതൊന്ന് നോക്കൂ? എങ്ങിനെ വർണ്ണിയ്ക്കണം ഞാൻ ഇതിനെ? 

അനേകം അടി ഉയരത്തിൽ നിന്നും, ആ കനത്ത പാറക്കൂട്ടത്തെ തഴുകിത്തലോടി, പുറമേയ്ക്ക് പരുക്കനായിരുന്ന അവനെ, ഒരു മാൻകുട്ടിയെപ്പോലെ ഒതുക്കവും, മയവുമുള്ളവനാക്കി, പിന്നെ അവന്റെ പിടിയിൽ നിന്നും കുതറിമാറി, കിലുകിലെ ചിരിച്ച്, താഴേയ്ക്ക് ഓടിയിറങ്ങി, റോഡിനടിയിൽ അൽപ്പനേരം ഒളിച്ചു കളിച്ച്, പിന്നെയും, അതാ അപ്പുറത്തെ ആ തേയിലക്കാട്ടിനുള്ളിലേയ്ക്ക് മറയുന്ന ഈ കൃസൃതിക്കുടുക്കയെ....?

മനസ്സില്ലാമനസ്സോടെ ഞങ്ങൾ പിന്നെയും യാത്ര തുടർന്നപ്പോഴാണ്, അത് സംഭവിച്ചത്. പെട്ടെന്നു ചുറ്റുപാടും വല്ലാതങ്ങ് മാറി. കനത്ത കോടമഞ്ഞ് എങ്ങും നിറഞ്ഞു പരന്നു. 'നിങ്ങൾ പോകല്ലേ ഇവിടെ നിന്നും...' എന്ന് ആരോ ഞങ്ങളോട് പറയുന്നത് പോലെ. 

മഞ്ഞു കണ്ടതും വീണ്ടും വണ്ടി നിർത്തി എല്ലാവരും ചാടി പുറത്തിറങ്ങി. പിന്നെ, ഫോട്ടോഷൂട്ടിന്റെയും, വീഡിയോഷൂട്ടിന്റെയും ബഹളം. 

ഓരോരുത്തർ അങ്ങോട്ടു നടക്കുന്നു ..... ഇങ്ങോട്ടു നടക്കുന്നു. ചിലർ മഞ്ഞിലേയ്ക്ക് നടന്നു മറയുന്നു .. മറ്റു ചിലർ മഞ്ഞിൽ നിന്നും പ്രത്യക്ഷരാകുന്നു ...എന്നുവേണ്ട, ആകെയൊരു ജഗപൊക മേളം. പിന്നെ ഷൂട്ട് ചെയ്ത വീഡിയോകളിൽ, ചേരുന്ന മ്യൂസിക് കേറ്റുവാനുള്ള തത്രപ്പാട്.

പക്ഷേ, ഇത്തരം അസുലഭ അനുഭവങ്ങൾ, ദൃശ്യങ്ങൾ... ഒക്കെ നമുക്ക് ഭാഗ്യം കൂടിയുണ്ടെങ്കിലേ, ഏതൊരു യാത്രയിലും ലഭ്യമാകൂ. ഞങ്ങളുടെ ഈ രണ്ടാം ദിനത്തിലെ  അപ്രതീക്ഷിത മൂന്നാർ യാത്ര, ഈ ഒരൊറ്റ അനുഭവത്തിൽ തന്നെ സമ്പൂർണ്ണ സഫലം.

ശേഷം, മൂന്നാർ ടൗണിൽ ചെറിയ ഷോപ്പിംഗ്. പ്രകൃതിയുടെ മിശ്രണവും കണ്ണൻ ദേവന്റെ പാക്കിങ്ങും, ഹോം മേഡ് ചോക്ലേറ്റുകളും, ഫ്രഷ് കാരറ്റും, സ്പെഷ്യൽ പാഷൻ ഫ്രൂട്ടും, ഒക്കെ വണ്ടിയിൽ ആവോളം നിറഞ്ഞു.

പിന്നെ മടക്കയാത്ര. 

ചെറിയ ചാറ്റൽ മഴയിലൂടെ, മൂന്നാർ ഞങ്ങളെ വല്ലാത്തൊരു സങ്കടത്തോടെ യാത്രയാക്കി. 

വീണ്ടും വിശപ്പു കലശലായി. ഉച്ചഭക്ഷണം കഴിച്ചിട്ടില്ല. നേരം 4 മണിയോട് അടുക്കുന്നു. വഴിയിൽ കണ്ട ഒരു കൊച്ചുഹോട്ടലിൽ ഭക്ഷണം കഴിയ്ക്കാൻ കയറി. സാമ്പാറും, നാടൻ കറികളും, പുളിശ്ശേരിയും ഒക്കെ ചേർന്ന നല്ലൊരു ഊണ് കഴിച്ചു. കൂടെ ഒരു പരവമീൻ വറുത്തതും. ചിലരാകട്ടെ ബിരിയാണി കഴിച്ചു.

വളരെ ചെറിയ ഹോട്ടലിലായതിനാൽ തന്നെ, വിളമ്പാൻ കടയുടമയും പിന്നെ അദ്ദേഹത്തിന്റെ ചെറിയ മോനും മാത്രം. അതിനാൽ, ആദ്യം തന്നെ ഭക്ഷണം കഴിച്ചുകഴിഞ്ഞ ഞങ്ങളുടെ സുഹൃത്തും, അവരുടെ കൂടെ ഞങ്ങൾക്ക് വിളമ്പാൻ കൂടി. അപ്പോഴാണ് മറ്റൊരു ചെറു സംഘം ആ ഹോട്ടലിൽ എത്തിയത്. ഞങ്ങൾക്ക് വിളമ്പിക്കൊണ്ടിരുന്ന സുഹൃത്തിനെ അവർ അടുത്തേയ്ക്കു വിളിച്ചു, എന്നിട്ടു പറഞ്ഞു.

'ചേട്ടാ ..എനിയ്ക്കൊരു ഊണ്, വിത്ത് മത്തി ഫ്രൈ.. ദേ ഇവനു പൊറോട്ട, ഇറച്ചിക്കറി.. അവന് ബിരിയാണി, അവിടെ ചപ്പാത്തിയും മുട്ടക്കറിയും..വേഗം വേണേ..."

പാവം ഇത് കേട്ടതും ഒരു നിമിഷം എന്ത് പറയണം എന്നറിയാതെ കുഴങ്ങി. അപ്പോൾ, ദേ വരുന്നു അവരുടെ അടുത്ത ഡയലോഗ്.

"ഒന്ന് വേഗം താ ചേട്ടാ ... ഞങ്ങ മൂന്നാറിലേയ്ക്കാ ... മിസ്സാക്കല്ലേ...."

പാവം, പതുക്കെ അവരുടെ അടുത്ത് ചെന്ന് ഒച്ച താഴ്ത്തി പറഞ്ഞു.

"അത് ..പിന്നെ ... ഞാനേ ... ഇവിടത്തെ ആളല്ല ... ദേ ഇവരുടെ കൂടെ വന്നതാ ...സഹായിയ്ക്കാൻ വേണ്ടി വിളമ്പിയതാ.... ഒരു കൈയബദ്ധം... നാറ്റിയ്ക്കരുത്..."

വിശന്നു വലഞ്ഞ്‍, മുന്നിലെ ഭക്ഷണത്തെ ദയയേതുമില്ലാതെ ആക്രമിച്ചു കൊണ്ടിരുന്ന സകലരും, ഒരു നിമിഷം ആ പണി നിർത്തി. പിന്നൊരു ചിരിയായിരുന്നു. ഒരൊന്നൊന്നര ചിരി.

പെയ്തു തുടങ്ങിയ മഴയിൽ, യാത്ര തുടർന്ന ഞങ്ങൾ, നേര്യമംഗലത്ത് നിന്നും ഓരോ ചായ കുടിച്ചു ക്ഷീണമകറ്റി. 

പിന്നെ, നമ്മുടെ സ്വന്തം മോനിപ്പള്ളി വഴി മടക്കയാത്ര തുടർന്നു. ചെങ്ങന്നൂർ കഴിഞ്ഞപ്പോൾ രാത്രിഭക്ഷണം.

അനന്തപുരിയിലേയ്ക്കടുത്തപ്പോൾ, ഇടയ്ക്ക് ചിലർ വിട ചൊല്ലി പിരിഞ്ഞു.

ഏതാണ്ട് 12:45 ആയപ്പോൾ, ഞങ്ങൾ ടെക്നോപാർക്കിലെത്തി. 

പിന്നെ, നല്ലൊരു യാത്രയുടെ, അതിലും നല്ല ഓർമ്മകളുമായി, യാത്ര വേഗം തീർന്നതിന്റെ ചെറിയ നൊമ്പരവുമായി, കൂടെ, ബാക്കി നിൽക്കുന്ന ആ ഉറക്കം പൂർത്തിയാക്കാനുള്ള ഇത്തിരി വെമ്പലുമായി, അവരവരുടെ വീടുകളിലേക്ക് മടങ്ങി.

അപ്പോ .... എല്ലാരും ഹാപ്പിയല്ലേ ..? എന്നാ പിന്നെ ഞാനും ഹാപ്പി .... !!

രണ്ടു ദിനങ്ങൾ നീണ്ടുനിന്ന സുഖകരമായ യാത്ര. വഴക്കുകളില്ലാതെ, അസ്വാരസ്യങ്ങൾ ഒന്നുമില്ലാതെ, ചെറിയ കുട്ടികൾ കൂടെയുണ്ടായിട്ടു പോലും ആർക്കും ആരോഗ്യപ്രശ്നങ്ങൾ ഏതുമില്ലാതെ, സുന്ദരവും, സുഖപ്രദവും, സുരക്ഷിതവുമായ ഒരു യാത്ര സാധ്യമാക്കിയതിന്, ജഗദീശ്വരനോട് നന്ദി പറഞ്ഞു കൊണ്ട് ....

അടുത്ത ഒരു യാത്രാവിശേഷങ്ങളുമായി, വീണ്ടും കാണുന്നതു വരെ ...

സ്നേഹത്തോടെ വിട....

സ്വന്തം ബിനു മോനിപ്പള്ളി 

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********

=============

പിൻകുറിപ്പ്: കൂടുതൽ ചിത്രങ്ങൾ ചുവടെ ചേർക്കുന്നു. ഇനിയും എത്രയോ ബാക്കി

 







ഈ യാത്രയിൽ ചിത്രീകരിച്ച, മൂന്നാർ ടോപ് സ്റ്റേഷന്റെ മനോഹര വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. 

*********




Comments

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]