ഏറുന്ന ജോലി സമ്മർദ്ദവും ആത്മഹത്യകളും [ലേഖനം]

 ഏറുന്ന ജോലി സമ്മർദ്ദവും ആത്മഹത്യകളും

[ലേഖനം]

മുൻപ് വല്ലപ്പോഴും, ഇപ്പോൾ പലപ്പോഴും, ഏറെ വേദനിപ്പിയ്ക്കുന്ന ഇത്തരം ചില വാർത്തകളുമായാണ്, ദിനപത്രങ്ങൾ അതിരാവിലെ നമ്മുടെ മുൻപിലേയ്ക്കെത്താറുള്ളത്.

"ജോലി സമ്മർദ്ദം മൂലം യുവാവ് അല്ലെങ്കിൽ യുവതി ആത്മഹത്യ ചെയ്തു ...". 

അത്തരം വാർത്തകളുടെ ഉള്ളറകളിലേയ്ക്ക് ചെല്ലുമ്പോഴാണ് അറിയുന്നത്, ആൾ ജോലിയിൽ കയറിയിട്ട് ഏതാനും ചില മാസങ്ങളേ ആയിട്ടുള്ളൂ; അല്ലെങ്കിൽ കുറേയേറെയായി.... എന്നൊക്കെ.

എന്തേ ഇത്തരം മരണങ്ങൾ അടുത്തിടെയായി വല്ലാതെ പെരുകുന്നു?

എന്താണ് ഈ അമിത ജോലി സമ്മർദ്ദത്തിന് കാരണം?

ജോലിഭാരവും, ജോലി സമ്മർദ്ദവും തമ്മിൽ വല്ല ബന്ധവുമുണ്ടോ?

പലരും പറയുന്നത് പോലെ, സർക്കാരിനോ അല്ലെങ്കിൽ തൊഴിലുടമകൾക്കോ ഇതിൽ കാര്യമായി എന്തെങ്കിലും ചെയ്യാനുണ്ടോ?

എന്താണ് ഇതിനൊരു പരിഹാരം?  

ചോദ്യങ്ങൾ, അങ്ങിനെ അനവധിയാണ്.

ആദ്യം തന്നെ പറയട്ടെ, നമ്മൾ ഇതിന്റെ കാരണങ്ങളിലേയ്ക്ക് പോകുന്നതേയില്ല. 

എന്തുകൊണ്ടെന്നാൽ, അത് ഏറെ ഗഹനവും, ഇത്തിരി സങ്കീർണ്ണവും ആയതു കൊണ്ടും, 'സമയമില്ലായ്മ' മൂലം അത്തരമൊരു ദീർഘവായനയ്ക്ക് നിങ്ങളിൽ ആർക്കും തന്നെ, തീരെ സമയമില്ലാത്തതു കൊണ്ടും, മാത്രം.

ജോലിഭാരവും, ജോലി സമ്മർദ്ദവും തമ്മിൽ ബന്ധമുണ്ടോ?  എന്ന് ചോദിച്ചാൽ .... ബന്ധമുണ്ട്, എന്നാൽ നേരിട്ടുള്ള ബന്ധമല്ല എന്ന് പറയേണ്ടി വരും. ഒന്ന് കൂടി വിശദമാക്കാം.

ജോലി ഭാരം കുറച്ചത് കൊണ്ട്, ഒരാളുടെ ജോലി സമ്മർദ്ദം കുറയണം എന്നില്ല. ജോലി ഭാരം കൂടിയത് കൊണ്ട്, ഒരാളുടെ ജോലി സമ്മർദ്ദം കൂടണം എന്നുമില്ല. അതായത്, ജോലി ഭാരം എത്ര? എന്നതിനേക്കാൾ, ജോലി എവ്വിധം ചെയ്യുന്നു, എന്നതിനോടാണ് ജോലി സമ്മർദ്ദത്തിന് കൂടുതൽ ബന്ധം എന്നർത്ഥം.

അതിനാൽ തന്നെ, നിയമം മൂലം സർക്കാരുകളോ, അതുമല്ലെങ്കിൽ സ്വമേധയാ തൊഴിലുടമകളോ, ജോലി ഭാരമോ, ജോലി സമയമോ കുറച്ചതു കൊണ്ടോ, ക്ലിപ്തപ്പെടുത്തിയത് കൊണ്ടോ, ഒരാളുടെ ജോലി സമ്മർദ്ദം കുറയണം എന്നില്ല. [കുറയില്ല എന്നുമില്ല കേട്ടോ]. 

കാരണം, അതിന് തികച്ചും വ്യക്തി അധിഷ്ഠിതമായ വലിയൊരു മാനസിക തലം കൂടിയുണ്ട്, എന്നത് തന്നെ. [ഏറെ ആഴവും പരപ്പും ഉള്ള വിഷയമാണ് അത് എന്നതിനാൽ, അതും ഇവിടെ നമ്മൾ പ്രതിപാദിയ്ക്കുന്നില്ല]

ഇനി നമ്മൾ, ആ പ്രധാന ചോദ്യത്തിലേയ്ക്ക് വരുന്നു: എന്താണ് ഇതിനൊരു പരിഹാരം? 

അതിശാസ്ത്രീയമോ, അതിസങ്കീർണ്ണമോ, അപ്രായോഗികമോ ആയ കുറേയേറെ പരിഹാര മാർഗ്ഗങ്ങൾ അല്ല നമ്മൾ ഇവിടെ പറയുന്നത്. മറിച്ച്, ഏതൊരാൾക്കും, വേണമെങ്കിൽ നാളെ മുതൽ തന്നെ പ്രാവർത്തികമാക്കാൻ പറ്റുന്ന, ചില ലളിതമായ മാർഗ്ഗങ്ങൾ മാത്രമാണ്.

1. നിങ്ങൾ ചെയ്യുന്ന ജോലി എന്തുമാകട്ടെ, അതത് ദിവസം ചെയ്തു തീർക്കാനുള്ള ജോലികളുടെ ഒരു പട്ടിക ദിവസത്തിന്റെ (അഥവാ ജോലിയുടെ) തുടക്കത്തിൽ തന്നെ തയ്യാറാക്കി മുൻപിൽ വയ്ക്കുക. അതും, അവയുടെ 'മുൻഗണനാക്രമം' അനുസരിച്ച്.

2. ഈ പട്ടികയിൽ ഇടയ്ക്കൊക്കെ കൂട്ടിച്ചേർക്കലുകൾ വേണ്ടി വന്നേക്കാം. എങ്കിൽ അത് ചെയ്യുക. ഓർക്കുക, എത്ര കൂട്ടിച്ചേർത്താലും നിങ്ങളുടെ ജോലി സമയത്തിനുള്ളിൽ ഏകദേശമെങ്കിലും ഒതുങ്ങുന്നതാകണം ഈ പട്ടിക. (ബാക്കിയാവുന്നവ അടുത്ത ദിവസത്തെ പട്ടികയിൽ ചേർക്കുക]

3. പട്ടിക നോക്കി ജോലികളെ ഒന്നൊന്നായി പൂർത്തീകരിയ്ക്കുക. ചെറുതോ വലുതോ ആകട്ടെ, ഓരോ ജോലിയും നിങ്ങളുടെ സംതൃപ്തിയ്ക്കും നിലവാരത്തിനുമൊത്താണ് നിങ്ങൾ പൂർത്തീകരിയ്ക്കുന്നത് എന്ന്, ഉറപ്പാക്കുക. ചെയ്തു തീർക്കുന്ന മുറയ്ക്ക്, ആ ജോലികളെ പട്ടികയിൽ നിന്നും വെട്ടിക്കളയുക.

4. ഒരോ ദിവസവും, ജോലി നിർത്തുന്നതിന് 15 മിനിറ്റ് മുൻപേ, നിങ്ങളുടെ പട്ടിക പരിശോധിയ്ക്കുക. ഏതെങ്കിലും ജോലി ചെയ്യാതെ  അവശേഷിയ്ക്കുന്നു എങ്കിൽ, അതിന്റെ കാരണം കണ്ടെത്തുക. മറ്റാരെങ്കിലും നൽകേണ്ടിയിരുന്ന വിവരങ്ങൾ നൽകാത്തത് കൊണ്ടാണ് ആ ജോലി തീർക്കാനാവാതെ വന്നത് എങ്കിൽ, അത് അവരെ ഒന്ന് ഓർമ്മപ്പെടുത്തുക. നിങ്ങളുടെ സമയക്കുറവിനാലോ, മറ്റു ജോലികൾ ഉദ്ദേശിച്ചതിനേക്കാൾ ഏറെ സമയം എടുത്തതിനാലോ ആണ്, ഈ ജോലി ബാക്കി വന്നതെങ്കിൽ? എങ്കിൽ, ആ കാലതാമസം മറ്റാരെയെങ്കിലും ബാധിയ്ക്കുമോ എന്ന് ആദ്യം പരിശോധിയ്ക്കുക. അങ്ങിനെയെങ്കിൽ ആ ആളിനെ അക്കാര്യം അറിയിയ്ക്കുക. ശേഷം, ഈ രണ്ടു തരം ജോലികളും മുൻഗണനാ ക്രമത്തിൽ തൊട്ടടുത്ത ദിവസത്തെ നിങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുക.

5. ഇന്നത്തെ പട്ടിക ഒന്ന് കൂടി പരിശോധിയ്ക്കുക. എല്ലാം നന്നായി (നിങ്ങൾക്കാവുന്നതു പോലെ) ചെയ്തു തീർത്തു എന്ന് ഉറപ്പു വരുത്തുക.

6. ഇപ്പോൾ ഓർമ്മയിൽ ഉള്ള കാര്യങ്ങൾ വച്ച്, നാളത്തേയ്ക്കുള്ള പട്ടിക തയ്യാറാക്കുക.

7. സന്തോഷത്തോടെ, നിറഞ്ഞ ചിരിയോടെ, നിങ്ങളുടെ ഇന്നത്തെ ജോലി അവസാനിപ്പിയ്ക്കുക.

8. സഹപ്രവർത്തകരോട് ചിരിച്ചു കൊണ്ട് യാത്ര പറയുക.

9. വഴിയിൽ കണ്ടു മുട്ടുന്ന സുഹൃത്തുക്കളോട് ഒന്ന് ചിരിയ്ക്കുക, ഒന്നോ രണ്ടോ വാക്കുകളിൽ കുശലം പറയുക.

10. സന്തോഷത്തോടെ സ്വന്തം വീട്ടിലേയ്ക്ക് (അഥവാ താമസ സ്ഥലത്തേയ്ക്ക്) എത്തുക. അവിടെ, അതേ സന്തോഷത്തോടെ സമയം ചിലവഴിയ്ക്കുക.

11. നാളെ ചെയ്യാനുള്ള ജോലികൾ എന്തൊക്കെ എന്ന് 'ടെൻഷൻ' അടിയ്‌ക്കേണ്ടതില്ല. കാരണം, അത് നിങ്ങൾ തന്നെ കൃത്യമായി ജോലിസ്ഥലത്ത് രേഖപ്പെടുത്തി വച്ചിട്ടുണ്ടല്ലോ. നാളെ അവിടെയെത്തി അതൊന്ന് മറിച്ചു നോക്കിയാൽ മതിയല്ലോ.

12. ഓർക്കുക. നിങ്ങളോ നിങ്ങളുടെ സഹപ്രവർത്തകരോ എല്ലാം തികഞ്ഞ 'പെർഫെക്ഷനിസ്റ്റുകൾ' അല്ല. അതിനാൽ തന്നെ, ജോലിയിൽ ചില വീഴ്ചകൾ ഉണ്ടായേക്കാം. അവ എത്രയും വേഗം കണ്ടെത്തി പരിഹരിച്ച്, അവയുടെ ആവർത്തനങ്ങൾ ഇല്ലാതാക്കി, മുന്നേറുന്നതിലാണ് യഥാർത്ഥ മിടുക്ക്.

13. ഇതിനൊപ്പം തന്നെ ഏറെ പ്രധാനമാണ് 'ജോസം' കണ്ടെത്തുക എന്നതും. 'ജോസം' എന്നത് മനസ്സിലായിക്കാണില്ല, അല്ലേ? 'ജോസം' എന്നാൽ 'ജോലിയിലെ സംതൃപ്‌തി' അഥവാ 'ജോബ് സാറ്റിസ്ഫാക്ഷൻ'. അതിനെക്കുറിച്ച് മുൻപൊരിയ്ക്കൽ നമ്മൾ വിശദമായി പറഞ്ഞിരുന്നു. ഈ ലിങ്കിൽ നിങ്ങൾക്ക് ഇപ്പോഴും അത് വായിയ്ക്കാവുന്നതാണ്. http://binumonippally.blogspot.com/2022/02/blog-post.html

14. ഓർമ്മ വയ്ക്കുക. ഓരോ ജോലിയും നിങ്ങൾ ചെയ്യുന്നത്, പ്രാഥമികമായി  നിങ്ങൾക്ക് വേണ്ടിയാകണം. അതീവ ശ്രദ്ധയോടെ, കഴിയുന്നത്ര നിലവാരത്തോടെ. നിങ്ങളുടെ സംതൃപ്തിയാണ് അവിടെ ഏറ്റവും പ്രധാനം. അതിന് ശേഷം മാത്രം, ആ ജോലികളെ മറ്റുള്ളവരോ, നിങ്ങളുടെ മേലുദ്യോഗസ്ഥരോ വിലയിരുത്തട്ടെ.  ['ആർക്കാനും വേണ്ടി ഓക്കാനിയ്ക്കരുത്', എന്ന ആ പഴഞ്ചൊല്ല് ഇടയ്ക്കൊക്കെ ഓർക്കുക].

14. ജോലിയിൽ എട്ടോ ഒൻപതോ മണിക്കൂറുകൾ ചിലവിടുക; പിന്നെ കുറച്ചു മണിക്കൂറുകൾ കുടുംബത്തോടും സുഹൃത്തുക്കൾക്കളോടും ഒത്ത് ചിലവിടുക. എന്നിട്ട്, ബാക്കിയാവുന്നതിൽ നിന്നും ഒരു 30 മിനുട്ട് നിങ്ങൾ നിങ്ങൾക്കായി മാത്രം മാറ്റിവയ്ക്കുക. നിങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന നിങ്ങളുടെ ആ 'ഹോബി'യ്ക്കായി. അത് പാട്ടു കേൾക്കലാവാം, പാട്ടു പാടലാവാം, വായനയാവാം, എഴുത്താവാം, ടിവി കാണലാവാം, നടപ്പാവാം, പാചകമാവാം, പൂന്തോട്ടപരിപാലനമാവാം, തയ്യലാവാം, വീട് വൃത്തിയാക്കലാവാം, ചാറ്റിങ് ആവാം .. അങ്ങിനെ, 'സ്വയം മറന്ന്' നിങ്ങൾക്ക് ആസ്വദിയ്ക്കാനാവുന്ന, എന്തുമാകാം.

15. അവസാനമായി. ഇത്രയൊക്കെ ചെയ്തിട്ടും, കുറെയേറെ ആഴ്ചകൾ നന്നായി പരിശ്രമിച്ചിട്ടും, നിങ്ങളുടെ ജോലി സമ്മർദ്ദം ഒട്ടും തന്നെ കുറയുന്നില്ല എങ്കിൽ, ധൈര്യപൂർവ്വം ഇക്കാര്യം നിങ്ങളുടെ മേലധികാരിയുമായി ചർച്ച ചെയ്യുക. സാധ്യമെങ്കിൽ, ജോലിയിൽ ആവശ്യമുള്ള പുനഃക്രമീകരണങ്ങൾ നടത്തുക. എന്നിട്ടും കാര്യമായ മാറ്റങ്ങൾ ഇല്ല എങ്കിൽ, ഒരു ജോലിമാറ്റത്തെ കുറിച്ച് കാര്യമായി ചിന്തിയ്ക്കുക. അത് നിങ്ങൾ ഒരു മോശം ആൾ ആയതു കൊണ്ടല്ല; മറിച്ച്, "എത്ര മിടുക്കുണ്ടായാലും ലോകത്തിലെ എല്ലാ ജോലികളും എല്ലാവരെയും കൊണ്ട് ഏറ്റവും നന്നായി ചെയ്യാനാവില്"ല എന്ന ആ സാമാന്യ തത്വം കൊണ്ട് മാത്രം.

അപ്പോൾ....?

സമയബന്ധിതമായി, ക്രമപ്പട്ടികയനുസരിച്ച്, നിങ്ങളുടെ നിലവാരത്തിൽ, നിങ്ങളുടെ വേഗതയിൽ, ജോലികളെ ഒന്നൊന്നായി ചെയ്തു തീർക്കുക. തീരാതെ വന്നാൽ, സ്വമനസ്സാലെ കൂടുതൽ സമയം ചിലവഴിയ്ക്കാൻ ആകുമെങ്കിൽ, അങ്ങിനെ ചെയ്യുക. 

എന്നിട്ട്....?

പുഞ്ചിരിയോടെ അന്നന്നത്തെ ജോലി നിർത്തി, സന്തോഷത്തോടെ വ്യക്തി ജീവിതത്തിലേയ്ക്ക് മടങ്ങുക.

ജോലിചെയ്യേണ്ടത്, സമ്മർദ്ദത്തിന് വേണ്ടിയാവരുത്; മറിച്ച്, സന്തോഷത്തിനു വേണ്ടിയാവണം..!!

ഇന്നാണ് ജീവിതം ഓർക്ക നമ്മൾ 

ഇന്നിന്റെ ജീവിതം ജീവിയ്ക്കുക...

 


=================

സ്നേഹപൂർവ്വം 

ബിനു മോനിപ്പള്ളി 

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********


 

 

 

 


Comments

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]