ലാൽ സലാം .... സഖാവേ ....!!

മുൻകുറിപ്പ്: മുഖ്യമന്ത്രിയായിരുന്ന 'സഖാവി'നേക്കാൾ എനിക്കിഷ്ടം, പ്രതിപക്ഷനേതാവായിരുന്ന സഖാവിനെയായിരുന്നു. കാരണം, അവിടെ അദ്ദേഹത്തിന് അധികാരത്തിൻെറ കെട്ടുപാടുകൾ ഇല്ലായിരുന്നു; കക്ഷിരാഷ്ട്രീയത്തിന്റെ പരിമിതികൾ ഇല്ലായിരുന്നു. അതിനാൽ തന്നെ, ജനകീയ പ്രശ്നങ്ങളിൽ, തന്റെ സ്വതഃസിദ്ധമായ ആ ശൈലിയിൽ പ്രതികരിയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

ഏറെ മുൻപ് എഴുതിയ ഈ കവിത, ഇന്ന് സഖാവിന്റെ സ്മരണയ്ക്ക് മുൻപിൽ സമർപ്പിയ്ക്കുന്നു...!! 

എന്റെ സ്വപ്നത്തിലെ കമ്മ്യൂണിസം   

[കവിത]


വിണ്ണിലെ കതിരവൻ ചെങ്കതിർ ചൊരിയുമ്പോൾ
ഉയരണം ചെങ്കൊടി എന്റെ നെഞ്ചിൽ
ഇൻക്വിലാബിന്റെയാ ശബ്ദം മുഴങ്ങവേ
ഉയരണം തുടിതാളമെന്റെ നെഞ്ചിൽ !

മാർക്സിന്റെ നെഞ്ചിൽ വിരിഞ്ഞ സ്വപ്നം
ഏംഗൽസു പോറ്റിയ നല്ല സ്വപ്നം
ലോകത്തെ മാറ്റി മറിച്ച സ്വപ്നം
കമ്മ്യൂണിസം എന്ന ചോന്ന സ്വപ്നം

അധമനെന്നാട്ടിയ ദളിതന്നു ഭൂമിയിൽ
അവകാശമുണ്ടെന്നുറപ്പിയ്ക്കുവാൻ
ആയിരമാളുകൾ ജീവൻ വെടിഞ്ഞിട്ടും
നെഞ്ചോടു ചേർത്തു പിടിച്ച സ്വപ്നം

പകലന്തിയോളം പണിയെടുക്കും
പണിയാളർ കാണാൻ കൊതിച്ച സ്വപ്നം
ഉടയാളർ ഞെട്ടിയുണർന്ന സ്വപ്നം
"എല്ലാർക്കുമെല്ലാം" .... എന്ന സ്വപ്നം

അപരന്റെ ചോരയിൽ കുതിരാതെ വേണമെൻ
ചെങ്കൊടി കാക്കുവാൻ ഓർമ്മ വേണം
ആയുധ സമരങ്ങളല്ലിനി വേണ്ടതോ ?
ആശയ സമരങ്ങൾ ഓർത്തിടേണം !

കപടവേഷങ്ങൾക്കു സ്ഥാനമില്ലാത്തതാ-
ണെന്റെ സ്വപ്നത്തിലെ കമ്മ്യൂണിസം
അധികാര മോഹമാം അപ്പം കൊതിയ്ക്കാത്ത
അരവയർ നിറവാണെന്റെ സ്വപ്നം

തൊലിനിറം നോക്കാതെ, കൊടിനിറം നോക്കാതെ
മടിയിലെ കനമോ തിരഞ്ഞിടാതെ
മനുജന്റെയരികിലേയ്‌ക്കോടിയെത്തീടുന്ന
മഹനീയ സ്നേഹമെൻ കമ്മ്യൂണിസം

കാരിരുമ്പിൻ കരുത്തുള്ളിൽ നിറയണം
വാക്കിൽ തുളുമ്പണം ആത്മധൈര്യം
ഉള്ളിൽ കെടാതങ്ങെരിയുന്നോരഗ്നിയിൽ
സ്ഫുടം ചെയ്തതാവണം കമ്മ്യൂണിസം

'സഖാവെ'ന്ന പേർ വെറും ഭംഗിയല്ലോർക്കണം
സഖാവേ നീയതു ചൊല്ലിടുമ്പോൾ
സഹജീവി ബഹുമാനമുള്ളിൽ നിറയ്ക്കുന്ന
സുഖമുള്ള ദൃഢനാമമോർമ്മ വേണം

നല്ലൊരു നാളേയ്ക്കായ് കൈകോർത്തു നീങ്ങുവാൻ
നമ്മെ ഒരുക്കുന്നു കമ്മ്യൂണിസം
അഴിമതി തീണ്ടാത്ത, ജാതി തിരിയ്ക്കാത്ത
സമശീർഷ-സുന്ദരലോക സ്വപ്നം

അധികാര മോഹങ്ങൾ ഉള്ളിൽ നിറയ്ക്കുന്ന
നേതാക്കളൊന്നുമേ വേണ്ട വേണ്ട
തോളോടുതോൾ ചേർന്ന്, പണിയെടുത്തുണ്ണുന്ന
സമരസഖാക്കൾ മതി നമുക്ക് !

നിറയട്ടെ നാടിതു നന്മയാലേ .....
ഉയരട്ടെ ഇൻക്വിലാബ് നാട് നീളെ ....
നിറയട്ടെ ചെമ്പനീർ പൂക്കളെങ്ങും ....
വിടരട്ടെ ചോന്ന പ്രഭാതങ്ങളും..... !

 

നിറയട്ടെ നിന്നോർമ്മ ഹൃത്തിനുള്ളിൽ 

ഒഴുകട്ടെ നിന്നഗ്നി സിരകളതിൽ 

പടരട്ടെ അതിൽ നിന്നും സമരാഗ്നിയായ്

ഉയരട്ടെ ഇൻക്വിലാബ് ഇനിയുറക്കെ ...!

ലാൽ സലാം .... സഖാവേ ....!!

=================

സ്നേഹപൂർവ്വം 

ബിനു മോനിപ്പള്ളി 

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********

 

 

Comments

  1. 👍👌👌👌

    ReplyDelete
  2. ഉയരട്ടെ ഇൻക്വിലാബ് ഇനിയുറക്കെ ...!

    ലാൽ സലാം .... സഖാവേ ....!!

    ReplyDelete
    Replies
    1. നന്നായിട്ടു ണ്ട്, ആശയ ഗാഭീര്യം ഉണ്ട്

      Delete

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]

'കെട്ടുനിറ'യും ശബരിമല യാത്രയും [ഹൈന്ദവ പുരാണങ്ങളിലൂടെ - 2]