കണ്ട കാഴ്ചകൾ - ഭാഗം 1 [വിശ്വസാഹോദര്യം]
കണ്ട കാഴ്ചകൾ - ഭാഗം 1 [വിശ്വസാഹോദര്യം]
നമസ്കാരം ...!
ഞാൻ ബിനു മോനിപ്പള്ളി ..... "കണ്ട കാഴ്ചകളി"ലേയ്ക്ക് സുസ്വാഗതം.
പലപ്പോഴും, (മിക്കവാറും യാത്രകൾക്കിടയിൽ) അവിചാരിതമായി നമ്മുടെ കണ്ണിൽ തടയുന്ന ചില കാഴ്ചകളെ കുറിച്ചാണ് 'കണ്ട കാഴ്ചകൾ' എന്ന ഈ ചെറുപരമ്പര. (അതുകൊണ്ടു തന്നെ, ഈ പരമ്പരയിലെ തുടർഭാഗങ്ങൾക്ക് കൃത്യമായ ഇടവേളകളുമില്ല).
കുറച്ചു കൂടി കൃത്യമായി പറഞ്ഞാൽ, അത്തരം കാഴ്ചകളെ ഒന്ന് കൂടി വിശകലനം ചെയ്യുമ്പോൾ, മനസ്സിൽ വരുന്ന ചില 'അവശ്യ/അനാവശ്യ' ചിന്തകളെ കുറിച്ച്....!!
ഒന്നാം ഭാഗം: വിശ്വസാഹോദര്യം
രാവിലെയുള്ള യാത്രകളിൽ, നമ്മുടെ കണ്ണിലുടക്കുന്ന ഒരു സ്ഥിരം കാഴ്ച്ചയാണ് വഴിയരികിലെ വീടുകൾക്ക് മുൻപിൽ, തങ്ങളുടെ കുട്ടികളേയും കൊണ്ട് സ്കൂൾ ബസ്സിന് കാത്തുനിൽക്കുന്ന അച്ഛനോ അമ്മയോ... (അല്ലെങ്കിൽ രണ്ടുപേരുമോ.)
അല്ലേ?
പലപ്പോഴും അടുത്തടുത്ത ഗേറ്റുകളിൽ, അല്ലെങ്കിൽ എതിർ വശത്തായുള്ള ഗേറ്റുകളിൽ, അവരങ്ങനെ നിരന്നു നിൽക്കുന്നത് കാണാം.
പക്ഷേ, നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? ആ അയൽക്കാർ തമ്മിൽ സംസാരിയ്ക്കുന്നത് അപൂർവ്വമാണ്. ഒന്നുകിൽ നിശബ്ദർ... അല്ലെങ്കിൽ, സ്വന്തം മൊബൈലുകളിൽ.
ചിലരുടെ ആ മുഖഭാവം തന്നെ മറ്റേയാളോടുള്ള ഒരു പുച്ഛമാണ്... ഞാൻ 'പെരിയ' ഡോക്ടർ ....അവനേതോ 'തുക്കടാ' പ്രൈവറ്റ് കമ്പനിയിൽ... മിണ്ടാൻ പോയാൽ പിന്നെ പരിചയമാകും... തന്റെ വീട്ടിൽ ഒരു ഫങ്ഷൻ നടത്തിയാൽ അവരെ വിളിയ്ക്കണം ... ശേഷം, അവർ വിളിച്ചാൽ അവരുടെ വീട്ടിൽ പോകണം ... വല്യ പൊല്ലാപ്പാണെന്നേ .... അതൊന്നും എന്റെ സ്റ്റാറ്റസിനു ചേരുകേം ഇല്ല ....!
അതുകൊണ്ടെന്തു ചെയ്യും? ആ കുട്ടികളേയും തമ്മിൽത്തമ്മിൽ മിണ്ടാൻ അവർ സമ്മതിയ്ക്കില്ല.
എന്തിനേറെ?
സ്വന്തം കുട്ടികളോട് പോലും അവർ അവിടെ വച്ച് ചിരിച്ചൊന്ന് സംസാരിയ്ക്കുന്നത്, മിക്കവാറും നമുക്ക് കാണാൻ ആവില്ല.
രാവിലെ മുതൽ വൈകുന്നേരം വരെ സ്കൂൾ .. പിന്നെ മണിക്കൂറുകൾ നീളുന്ന ട്യൂഷൻ.. അതും കഴിഞ്ഞ് ക്ഷീണിച്ചു വീട്ടിൽ എത്തിയാലോ? ചെയ്താലും ചെയ്താലും തീരാത്ത ഹോം വർക്ക്. എല്ലാം കഴിഞ്ഞ്, അച്ഛനോടോ അമ്മയോടോ ഇത്തിരി മിണ്ടാനെത്തുമ്പോഴോ? ദേ, അവർ രണ്ടു പേരും മൊബൈലിൽ...!
എന്നാൽ പിന്നെ, രാവിലെ ഇങ്ങിനെ വീണു കിട്ടുന്ന ആ അഞ്ചോ പത്തോ നിമിഷങ്ങളെങ്കിലും, അവരോടൊന്നു മിണ്ടിക്കൂടെ? കൂടുതൽ വേണ്ട, ആ സ്‌കൂൾ ബസ് വരാൻ കാത്തുനിൽക്കുന്ന കുറച്ച് സമയം മാത്രം മതി.
ഏയ് ... അതെങ്ങിനെ ?
നമ്മുടെ തലയിൽ ആ അമേരിക്കൻ പ്രസിഡന്റിനുള്ളതിനേക്കാൾ വലിയ പ്രശ്നങ്ങളും ടെൻഷനും ഒക്കെയല്ലേ? ഹരിച്ചാലും ഗുണിച്ചാലും തീരാത്ത ജീവിത'തീരുവ' പ്രശ്നങ്ങൾ.
അതിനിടയിൽ ഇതൊക്കെ എന്ത്? വെറും 'ചീള്' കാര്യങ്ങൾ ..!
ഇനി, ഇതിലെ രസമെന്താണെന്നു ചോദിച്ചാൽ ...
ഈ കുട്ടികളെ സ്‌കൂളിൽ പഠിപ്പിയ്ക്കുന്നതോ? ഊർജ്ജസ്വലവും, ആരോഗ്യകരവുമായ സൗഹൃദങ്ങളെ പറ്റിയും, പിന്നെ വിശ്വസാഹോദര്യത്തെ പറ്റിയും ഒക്കെ .....
വൈകിട്ട് മോൻ അഥവാ മോൾ സംശയത്തോടെ അടുത്ത് വരും.
"അച്ഛാ/അമ്മേ ... ഈ വിശ്വസാഹോദര്യം എന്നൊക്കെ പറഞ്ഞാൽ എന്താ?"
"മോനെ/മോളെ ... അതേ... അത് നമ്മൾ ലോകത്തിലെ എല്ലാവരോടും നല്ല സൗമ്യമായി, സൗഹൃദത്തോടെ, സ്നേഹത്തോടെ ... ഒക്കെ പെരുമാറണം ..."
"അതെന്തിനാ ..?"
"എന്നാലേ ..നമ്മൾ നല്ല മനുഷ്യരാകൂ ..?"
"അപ്പോ ... നമ്മൾ ഒട്ടും നല്ല മനുഷ്യരല്ലല്ലേ ..?
"ഏ .."
"അല്ല ..അച്ഛനും അമ്മയും രാവിലെ അത്രേം നേരം ആ സ്കൂൾ വണ്ടി നോക്കി നിൽക്കുമ്പോഴും, ആരേം നോക്കി ചിരിയ്ക്കാറും ഇല്ല .. . ആരോടും ഒന്നും മിണ്ടാറും ഇല്ല ...?"
കുഞ്ഞുമനസ്സിലെ ആ ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടുന്ന ആ അച്ഛന്റെയോ അമ്മയുടെയോ 'കടുത്ത' പ്രതികരണം എന്തായിരിയ്ക്കും എന്ന്, ഞാനായിട്ടു പറയാതെ തന്നെ, നമുക്കെല്ലാം നന്നായറിയാം ... അല്ലേ ...?
കാരണം, അവർ നമ്മളാണല്ലോ ....!
ഏവർക്കും ... നല്ല ദിവസം ആശംസിയ്ക്കുന്നു.
വിശ്വസാഹോദര്യ ആശംസകളോടെ ....!!
=================
സ്നേഹപൂർവ്വം
ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
********

Well said 👌
ReplyDelete