വയൽവാരത്തേയ്ക്കൊരു വെയിൽ യാത്ര
വയൽവാരത്തേയ്ക്കൊരു വെയിൽ യാത്ര
[യാത്രാക്കുറിപ്പ്]
"ഡാ ..കൊച്ചേ ..നമുക്കൊന്ന് ചെമ്പഴന്തി പോയാലോ ..?"
ചോദ്യം അച്ഛന്റേതാണ്. ആൾ ഇന്നലെ രാത്രി വയനാട് നിന്നും, അനന്തപുരിയിൽ ഞങ്ങളുടെ അടുത്തേയ്ക്ക് എത്തിയതേ ഉള്ളൂ. നന്നായി ഒന്നുറങ്ങി ആ യാത്രാക്ഷീണമൊക്കെ ഒട്ടുമാറ്റി, എഴുന്നേറ്റപ്പോൾ ഉള്ള ചോദ്യമാണ്.
"ഇപ്പോഴോ ..? അച്ഛാ, സമയം 11 മണി ആയല്ലോ .."
"അതിനെന്താ .. നമുക്കൊന്ന് പോയി നോക്കാം .... ഞാനിതുവരെ പോയിട്ടില്ല..."
"അത് ശരിയാ ....ഞാനും ..."
എന്നാൽ പിന്നെ ഒന്ന് പോയേക്കാം, എന്നായി ഞങ്ങൾ. ആരൊക്കെയുണ്ട് കൂടെക്കൂടാൻ എന്ന ചോദ്യത്തിന്, എല്ലാവരും ഉണ്ട് എന്നായിരുന്നു മറുപടി.
അങ്ങിനെ, ആ കത്തുന്ന വെയിലിലൂടെ ഞങ്ങൾ ചെമ്പഴന്തിയിലേക്ക് പുറപ്പെട്ടു. താമസസ്ഥലത്തു നിന്നും അധികം ദൂരമില്ല. എന്നാൽ, ഇതേ വരെ അവിടം സന്ദർശിയ്ക്കാനായിരുന്നില്ല. പലപ്പോഴും പ്ലാൻ ചെയ്തിരുന്നുവെങ്കിലും, പലവിധ കാരണങ്ങളാൽ, അതൊക്കെയും മാറ്റിവയ്ക്കപ്പെടുകയായിരുന്നു.
സ്ഥലത്തെത്തി, റോഡരികിൽ വണ്ടി നിർത്തി. ലക്ഷ്യസ്ഥാനം ഒന്നുകൂടെ ഉറപ്പിയ്ക്കാനായി, വഴിയരികിൽ നിന്നവരോട് ഞാൻ ഇറങ്ങിച്ചെന്ന് ചോദിച്ചു.
"ചേട്ടാ ..ഈ വയൽവാരം വീട് ...?"
"ദേ ..ഇത് തന്നെ ..." അവർ ഇടത്തേയ്ക്ക് കൈചൂണ്ടി.
"വണ്ടി അകത്തേയ്ക്ക് പോകുമോ ..?"
"പിന്നില്ലാതെ .... നേരെ കയറിയ്ക്കോ ......"
വണ്ടിയിലേയ്ക്ക് മടങ്ങാൻ തിരിയവേ, കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരാൾ കൂട്ടിച്ചേർത്തു.
"ഇപ്പൊ ..ഉച്ചയായില്ലേ ... അവിടെ ഊണ് ഉണ്ടാകും ..കഴിയ്ക്കണം കേട്ടോ .."
ഇത് കേട്ടപ്പോൾ ഇത്തിരി അത്ഭുതവും, ഒപ്പം സന്തോഷവുമായി.
സാധാരണ നാട്ടിൻപുറങ്ങളിൽ ആണ്, ആരെങ്കിലും വഴി ചോദിയ്ക്കുമ്പോൾ ഇത്ര സന്തോഷത്തോടെ, ആത്മാർത്ഥമായി ഇത്തരമൊരു ഉത്തരം കിട്ടുക. ഒരു പക്ഷേ, ചെമ്പഴന്തിയും താരതമ്യേന ഒരു ഗ്രാമമായതുകൊണ്ടാകും.
'ചെമ്പഴന്തി ശ്രീ നാരായണ ഗുരുകുലം' എന്നെഴുതിയ വലിയ കമാനവും കടന്ന് അകത്തേയ്ക്ക് ചെന്നപ്പോൾ, വിശാലമായ, ടൈലുകൾ പാകിയ, വൃത്തിയുള്ള പാർക്കിംഗ് സ്ഥലം.
മുന്നിൽ, നിറയെ മരങ്ങൾ നിറഞ്ഞ അതിവിശാലമായ അങ്കണം. എല്ലാ മരങ്ങളെയും തറകൾ കെട്ടി സംരക്ഷിച്ചിരിയ്ക്കുന്നു. ആ തറകളാകട്ടെ, നമ്മൾ സന്ദർശകർക്ക് ഇരിയ്ക്കാൻ വേണ്ടി, തീർത്തും വൃത്തിയാക്കിയിരിയ്ക്കുന്നു.
ശരിയ്ക്കും, സുന്ദരം.
വലതുവശത്തെ ഓഫീസ് കെട്ടിടവും കഴിഞ്ഞ്, അൽപ്പം മുൻപോട്ടു നടക്കുമ്പോൾ, പല്ലുകൾ കൊഴിഞ്ഞ മോണ കാട്ടി, നിറഞ്ഞു ചിരിച്ച്, നമ്മെ സ്വീകരിയ്ക്കുന്നത് ദേ ഈ മുതുമുത്തശ്ശി പ്ലാവാണ്.
'മോൻ ... അകത്തു പോയിട്ട് ഇങ്ങോട്ടു വാ ... എനിയ്ക്കിന്ന് കുറെയേറെ വിശേഷങ്ങൾ നിന്നോട് പറയുവാനുണ്ട് ..' എന്ന മട്ടിൽ.
ഇടതു വശത്തായി ഒരു ചെറിയ ക്ഷേത്രം. ക്ഷേത്രമതിലിനു പുറത്തായി നിറയെ കായ്ച്ച് നിൽക്കുന്ന ഒരു അമ്പഴമരം, അകത്ത് കൂവള മരം.
കുറച്ചു മുൻപിൽ, വലതു വശത്തായി പാർശ്വഭിത്തികളില്ലാത്ത, അതിവിശാലമായ ഒരു ആഡിറ്റോറിയം.
പ്ലാവും, മാവും, പിന്നെ പേരറിയാത്ത, നിറയെ കായ്ച്ചും, പൂത്തുമൊക്കെ നിൽക്കുന്ന അനേകം മരങ്ങളും, ആ കുഞ്ഞിലക്കൈകൾ വീശി നമ്മളെ മാടി വിളിയ്ക്കുന്നു.
എല്ലാ മരങ്ങളിലും തന്നെ, ഗുരുദേവ സൂക്തങ്ങൾ എഴുതിയ ചെറിയ ബോർഡുകൾ.
ശരിയ്ക്കും ഒരു ഹരിതസുന്ദര കാഴ്ച.
നേരെ മുന്നിൽ ഒട്ടു ദൂരെയായി, അതാ നമ്മൾ ലക്ഷ്യമാക്കി വന്ന ആ വയൽവാരം വീട്.
പാദരക്ഷകൾ അഴിച്ചു വച്ച് അങ്ങോട്ട് നടന്നു.
കല്ലുകൾ പാകിയ, ചെറിയ ഇറക്കമുള്ള, ആ വഴിയിലൂടെ നടന്നപ്പോൾ ഗുരുവിന്റെ ഏറെ പ്രശസ്തമായ 'ദൈവദശക'ത്തിലെ ചില വരികൾ, അറിയാതെ ഓർമ്മയിലേയ്ക്ക് ഓടിയെത്തി.
ആഴമേറും നിന്‍ മഹസ്സാ-
മാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം
ശരിയ്ക്കും, ഒരു ചരിത്ര സ്മാരകം എങ്ങിനെ നിലനിർത്തണം? എങ്ങിനെ സംരക്ഷിക്കണം? എന്നതിന്ന്റെ ഉത്തമോദാഹരണമാണ്, നമ്മൾ ഇപ്പോൾ മുന്നിൽ കാണുന്ന ഈ വയൽവാരം വീട്.
മൂന്ന് മുറികൾ മാത്രമുള്ള, ചാണകം മെഴുകിയ മൺഭിത്തികളുള്ള, മെടഞ്ഞ തെങ്ങോലകൾ മേഞ്ഞ, ഒരു കൊച്ചുവീട്. അത്, അതേ തനിമയോടെ, ഭംഗിയായി, അതീവ വൃത്തിയായി സംരക്ഷിച്ചിരിയ്ക്കുന്നു.
പിന്നെ, കാലത്തിന്റെ ആ മഞ്ഞു-മഴ-വെയിൽ താഡനങ്ങളിൽ നിന്നും, ഒരു സംരക്ഷണ കവചമെന്നപോൽ, ഏറെ ഉയർത്തിക്കെട്ടിയ ഒരു കൂറ്റൻ സംരക്ഷണപ്പന്തൽ, ആ വീടിനെ ആകെയും കാത്തുസൂക്ഷിയ്ക്കുന്നു.
കുറച്ചു പേർ അവിടിരുന്ന്, വളരെ നേർത്ത ശബ്ദത്തിൽ ഗുരുദേവസൂക്തങ്ങൾ ഉരുവിടുന്നു. അതൊഴിച്ചു നിർത്തിയാൽ, എങ്ങും പരിപൂർണ്ണ നിശബ്ദത.
വീടിന്റെ ഇടതു വശത്തു മുൻപിലായി, ഒരു ഇരുചക്ര റിക്ഷ. ശ്രീ നാരായണ ഗുരു ഉപയോഗിച്ചിരുന്നതാകണം.
കേരളം ജന്മമേകിയ, ഭാരതം ഇന്നേവരെ കണ്ട, സാമൂഹ്യപരിഷ്കർത്താക്കളിൽ മുൻപനായ ശ്രീ നാരായണ ഗുരുവിന്റെ ജന്മഗൃഹമാണ്, ചെമ്പഴന്തിയിലുള്ള ഈ വയൽവാരം വീട്.
1856 ഓഗസ്റ് 20 ന് ജനിച്ച്, 1928 സെപ്റ്റംബർ 20 നു സമാധിയായ ഗുരുവിന്റെ, ഈ ജന്മഗൃഹം, ആ ധന്യജീവിതം എന്നതുപോലെ, ലളിതവും, എന്നാൽ സഗൗരവ-സാത്വികവുമായ ഒരു അനുഭവമാണ്, ഇന്നും നമുക്ക് പ്രദാനം ചെയ്യുക.
വയൽവാരം വീട്ടിലേയ്ക്ക് നടന്നിറങ്ങുമ്പോൾ, വലതുവശത്തായി ഒരു ചെറിയ ഗണപതി ക്ഷേത്രം കാണാം.
അതിനും കുറച്ചുകൂടി മുന്നിലായി, മനോഹരങ്ങളായ പുഷ്പങ്ങളും പേറി, ഒരു പടുകൂറ്റൻ *നാഗലിംഗ/നാഗപുഷ്പ മരം.
മറ്റു പല ക്ഷേത്രങ്ങളിലും നമുക്കീ വൃക്ഷത്തെ കാണാനാകും. പ്രത്യേകിച്ച്, ശിവക്ഷേത്രങ്ങളിലും, നാഗരാജ ക്ഷേത്രങ്ങളിലും.
ശ്രീ നാരായണഗുരുവിന്റെ ചരിത്രവും, ആ കാലഘട്ടവിശേഷങ്ങളുമൊക്കെ, അവിടെയൊരു മരത്തണലിലിരുന്ന്, അച്ഛൻ ഞങ്ങളോട് പങ്കുവച്ചു.
പിന്നെ, ഞങ്ങൾ മുൻപ് ആ നാട്ടുകാർ സൂചിപ്പിച്ച ആ ഉച്ചയൂണ് എവിടെ എന്നൊന്ന് നോക്കി. അങ്ങിനെയൊരു കാര്യം പക്ഷേ എവിടെയും കാണാനില്ല. ഇന്ന് ഊണ് ഉണ്ടാവില്ലായിരിയ്ക്കും; എങ്കിൽ മടങ്ങാം എന്ന് കരുതി നിൽക്കുമ്പോളാണ് അനിയൻ പറയുന്നത്, ഞാൻ ആ ഇരുനിലക്കെട്ടിടത്തിന്റെ മുകൾ നിലയിൽ ഒന്ന് നോക്കട്ടെ എന്ന്. കയറി നോക്കിയപ്പോൾ, അവിടെ അതാ വിശാലമായ ഒരു ഡൈനിങ്ങ് ഹാൾ. കുറച്ചു പേർ ഭക്ഷണം കഴിയ്ക്കുന്നുമുണ്ട്.
വേഗം ഓഫീസിൽ പോയി, ഗുരുപൂജ വഴിപാടിന് കൂപ്പൺ എടുത്തു. പിന്നെ, ആ സദ്യാലയത്തിലേയ്ക്ക് ചെന്നു.
മുൻപ് സൂചിപ്പിച്ചതുപോലെ, വൃത്തിയും വെടിപ്പുമുള്ള സദ്യാലയം. ചിരിച്ചുകൊണ്ട് നമുക്ക് ആഹാരം വിളമ്പുന്ന നടത്തിപ്പുകാർ. നാലോ അഞ്ചോ കൂട്ടം കറികളും, നല്ല കുത്തരിച്ചോറും. ഒഴിയ്ക്കാൻ സാമ്പാറും, രസവും. കുടിയ്ക്കാൻ ചെറു ചൂടുവെള്ളവും.
വിളമ്പുന്നതോ? നല്ല വൃത്തിയുള്ള സ്റ്റീൽ പാത്രങ്ങളിലും. ഇരുന്നു കഴിയ്ക്കാനാകട്ടെ നിരനിരയായി ധാരാളം ബഞ്ചുകളും ഡെസ്കുകളും. തിരക്കോ ബഹളങ്ങളോ ഒന്നുമില്ല.
ഇടയ്ക്ക്, നമുക്കടുത്ത് വന്ന് നമ്മുടെ യാത്രാവിശേഷങ്ങൾ ചോദിയ്ക്കുന്ന ഭാരവാഹികൾ. കൂടെ, ചോറോ കറികളോ കൂടുതലായി വേണമോ എന്ന അന്വേഷണവും.
ആഹാ ... ഇത് കൊള്ളാമല്ലോ എന്ന് വിചാരിച്ചിരിയ്ക്കവേ, അവർ ഒന്ന് കൂടി വന്ന് ഓർമ്മപ്പെടുത്തി. പായസം കൂടി ഉണ്ട്, കഴിയ്ക്കാൻ മറക്കല്ലേ.
ഊണ് കഴിഞ്ഞു ചെന്ന്, പായസം വാങ്ങി. പഴമൊക്കെ നമുക്ക് ആവശ്യത്തിന് എടുക്കാം. പഴത്തിനൊപ്പം ആ ശർക്കരപ്പായസവും കൂടി കഴിച്ചു കഴിഞ്ഞപ്പോൾ, മനസ്സുപോലെ തന്നെ, എല്ലാവരുടെയും വയറും നിറഞ്ഞു.
ഇത്രയും നന്നായി ഞങ്ങളെ സൽക്കരിച്ച അവരോട്, ഒരു നന്ദിയെങ്കിലും പറയേണ്ടേ? അതിനായി ചെന്നപ്പോൾ, ഇങ്ങോട്ടൊരു ചോദ്യം.
"ഞങ്ങളുടെ ഊണ് ഇഷ്ടമായോ ?"
"അതെന്തു ചോദ്യം ..? ഇത് നല്ല സൂപ്പർ സദ്യ തന്നെയല്ലേ ...!"
"കയ്യിൽ എന്തേലും പാത്രം ഉണ്ടോ?"
"അയ്യോ .. ഇല്ലല്ലോ ..എന്തിനാ ..?"
"കുറച്ചു പായസം കൊണ്ട് പോകാം.."
പാത്രം ഇല്ല എന്ന് പറഞ്ഞപ്പോൾ, അവർ സ്നേഹപൂർവ്വം ഒന്നുകൂടി ഓർമ്മപ്പെടുത്തി.
"ഇനിയും ഇടയ്ക്കു വരണം കേട്ടോ. അപ്പോൾ മറക്കാതെ ഒരു പാത്രം കൂടി എടുക്കണേ...".
വീണ്ടും കുറച്ചുനേരം കൂടി, ഞങ്ങൾ ആ മുത്തശ്ശിപ്ലാവിന് ചാരെ വിശ്രമിച്ചപ്പോൾ, മനസ്സിൽ ഓർത്തു.
"ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് "
എന്നും....
“ശുചിത്വം അടുക്കളയില്‍ നിന്ന് തുടങ്ങുക”
എന്നും ഒക്കെ, ആഹ്വാനം ചെയ്ത ശ്രീ നാരായണ ഗുരുവിനെ ആദരിയ്ക്കുന്നത്, ശരിയ്ക്കും ഇങ്ങിനെയാവണം അഥവാ ഇങ്ങിനെ തന്നെയാവണം.
100/100 മാർക്ക് .... !!
"അച്ഛാ ... വയൽവാരം വീട് കണ്ടല്ലോ .... സദ്യയും കഴിച്ചു ... എന്നാ നമുക്കിനി പോയാലോ ..?"
"ആ ... പോയേക്കാം... കൊച്ചേ ... വൈകിട്ട് വീണ്ടും പോണ്ടേ ..?"
"എങ്ങോട്ട് ..?"
"മറന്നോ... നീ എന്നെ ആഴിമല കൊണ്ടുപോകാന്ന് പറഞ്ഞിട്ട് .....?"
"ആഹ് ... അത് ശരിയാല്ലോ ... അതിനെന്താ നമ്മക്ക് വൈകിട്ട് പോയേക്കാന്നെ ..."
തലയ്ക്കു മുകളിൽ എരിയുന്ന ആ മധ്യാഹ്നസൂര്യന്റെ ചൂടിൽ നിന്നും ഇത്തിരി രക്ഷതേടി, കൂട്ടത്തിലെ ചിലർ ഓരോ ഐസ്ക്രീം വാങ്ങിക്കുടിച്ചു. [ഇവിടെ തിരോന്തരത്ത് അപ്പികള് ഐസ്ക്രീം ചെല്ലനെ 'കുടിയ്ക്കു'വാത്രെ]
പിന്നെ, സാമോദം, ശാന്തരായി ഞങ്ങൾ മടങ്ങി. ഒരു അപ്രതീക്ഷ യാത്രയുടെ, ആ അസാധാരണ ഓർമ്മ സുഖവുമായി.
**അറിവിലുമേറിയറിഞ്ഞീടുന്നവന്‍ തന്നു-
രുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കിത്തെരു-
തെരെ വീണുവണങ്ങിയോതിടേണം.
=================
സ്നേഹപൂർവ്വം
ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
********
പിൻകുറിപ്പ്: കഴിയുമെങ്കിൽ നിങ്ങളും ഇവിടം സന്ദർശിയ്ക്കുക. സ്വാദിഷ്ടമായ ആ ഊണും കഴിച്ച്, തിരക്കൊഴിഞ്ഞ ആ മരത്തണലുകളിലൊന്നിൽ ഇത്തിരിയേറെ നേരം വെറുതെയിരിയ്ക്കുക. പറ്റിയാൽ, കണ്ണുകളടച്ച് ഒന്ന് ധ്യാനിയ്ക്കുക. ആളൊഴിഞ്ഞ ഉത്സവപ്പറമ്പ് പോലെ, നിങ്ങളുടെ മനസ്സിലും, തിരക്കൊഴിയും. പിന്നെ, ആ ശാന്തമായ മനസ്സോടെ നിങ്ങൾക്ക് മടങ്ങാം. തീർച്ച.
*[ഉഷ്ണമേഖലാ മഴക്കാടുകളിൽ കാണപ്പെടുന്ന ഒരിനം വൃക്ഷമാണു് നാഗലിംഗം. (ശാസ്ത്രീയനാമം: Couroupita guianensis). ഇതിന് കൈലാസപതി എന്നും പേരുണ്ട്. പീരങ്കിയുണ്ടകൾ പോലുള്ള കായ്കൾ ഉണ്ടാവുന്നതിനാൽ ഇതിന് ഇംഗ്ലീഷിൽ Cannon ball Tree എന്നാണു പേര്. സംസ്കൃതത്തിൽ നാഗപുഷ്പമെന്നും തമിഴിൽ നാഗലിംഗം, ഹിന്ദിയിൽ നാഗലിംഗ, തെലുങ്കിൽ കോടിലിംഗാലു, മറാത്തിയിൽ ശിവലിംഗ എന്നീ പേരുകളിൽ അറിയപ്പെടുന്നു.]
**ആത്മോപദേശശതകം: നാരായണഗുരു തനി മലയാളത്തിൽ തന്നെയാണ് ഈ കൃതി എഴുതിയിട്ടുള്ളതെങ്കിലും, വേണ്ടത്ര ശ്രദ്ധ ഇതിനു ലഭിച്ചിട്ടില്ലെന്നു വേണം കരുതാൻ. ആത്മാവ് ആത്മാവിനോടു തന്നെ ഉപദേശിക്കുകയാണന്നും, ആത്മാവിനെ ഉപദേശിക്കുകയാണെന്നും ഒക്കെ അർത്ഥമെടുക്കാം. ‘ആത്മ’ശബ്ദത്തിന് ‘താൻ’ എന്നാണ് അർത്ഥം. ഇതു മനസ്സിൽവച്ചു വേണം ഈ കൃതിയിലേക്ക് കടക്കുവാൻ. സാധാരണ മതങ്ങളിൽ പറയുന്ന ഒന്നുമല്ല ഇവിടെ പഠനവിഷയം. അറിവെന്നതാണ് ആദ്യപദം തന്നെ. സാധാരണഗതിയിൽ, ഒരു ഈശ്വരവന്ദനത്തോടെ തുടങ്ങേണ്ടതാണെന്ന് ഓർക്കുമ്പോളാണ് നമുക്കിതിന്റെ ഗൗരവം മനസ്സിലാകുക. ‘ബ്രഹ്മം' എന്ന വാക്ക് ഒരിക്കൽ പോലും ഉപയോഗിച്ചിട്ടില്ല ഈ നൂറുശ്ലോകങ്ങളിൽ. എന്നാൽ, ഉപനിഷദുക്തി രഹസ്യത്തെ ഓർമ്മപ്പെടുത്തുന്നുമുണ്ട്. ഉപനിഷത്തുകൾ ബ്രഹ്മത്തെയാണല്ലോ പ്രതിപാദിക്കുന്നത്. വർദ്ധിച്ചുകൊണ്ടിരിക്കുന്നതാണ് ബ്രഹ്മം. അറിവിനല്ലാതെ മറ്റെന്തിന് സദാ വർദ്ധിച്ചുകൊണ്ടിരിക്കാനാകും? ‘ഒത്തുപുറത്തും’ എന്നതും വളരെ ശ്രദ്ധേയമാണ്. ‘അകവും പുറവും’ ഒക്കുക വളരെ പ്രധാനമാണ്. ഇവയുടെ ഒക്കായ്കയാണു ജീവിതത്തിൽ മിക്കവാറും പ്രശ്നങ്ങളുണ്ടാക്കുന്നത് . ഈ ഒക്കൽ തന്നെയാണ് 'യോഗം’ എന്നറിയപ്പെടുന്നത്, അല്ലെങ്കിൽ അറിയപ്പെടേണ്ടത് എന്നുതന്നെ പറയാം. ഒക്കുമ്പോൾ 'പ്രോജ്ജ്വലി’ക്കുകയാണ്, വെറുതെ പുകഞ്ഞുകത്തുകയൊന്നുമല്ല. എന്താണ് 'പ്രോജ്ജ്വലി’ക്കുന്നത്? ‘കരു’വാണത്. മുട്ടയുടെ കരുപോലൊന്ന്, വിരിഞ്ഞു വളരാനുള്ള എല്ലാ സാദ്ധ്യതകളും അടങ്ങിയിരിക്കുന്ന, എല്ലാത്തിനും കാരണമാകുന്ന ഒന്ന്. [വ്യാഖ്യാനം: വിനയചൈതന്യ /സായാഹ്‌ന ഫൗണ്ടേഷൻ]
*****














👍
ReplyDelete