പ്രണയം ...[മലയാളം കവിത]
പ്രണയത്തിനെക്കുറിച്ചെഴുതാതെ വയ്യിനി-
പ്രണയിക്കുമാത്മാവു ചൊല്ലി
പ്രണയത്തിനെക്കുറിച്ചെഴുതാതെ വയ്യിനി-
പ്രണയിക്കുമാത്മാവു ചൊല്ലി
അറിയാതെ മനസിന്റെയുള്ളിൽ നിന്നുയരുന്ന
സുഖമുള്ള കുളിരാണ് പ്രണയം
അകലേക്ക് പോകുമ്പോൾ അരികിലേയ്ക്കണയുന്ന
സുഖമുള്ള നോവാണ് പ്രണയം
നനുനനെ പെയ്യുന്ന മഴയുടെ ചാറ്റലിൽ
അകതാരിലുണരുന്നു പ്രണയം
മഴയേറ്റു നിന്നൊരാ തുമ്പ തൻ തുഞ്ചത്തു-
മൊട്ടിട്ടു നില്ക്കുന്നു പ്രണയം
കരിമേഘമൊഴിയുന്ന മാനത്തുദിക്കുന്ന
മഴവില്ലിലുണരുന്നു പ്രണയം
കരിമേഘവർണ്ണനാം അമ്പാടിയുണ്ണിതൻ
മനതാരിലാകെയും പ്രണയം
കൗമാരമുള്ളിൽ നിറയ്ക്കുന്ന കുസൃതി തൻ
ഓമനപ്പേരാണ് പ്രണയം
യൗവ്വനത്തള്ളലിൽ പിടിവിട്ടു പായുന്ന
യാഗാശ്വമാകുന്നു പ്രണയം
ഒരുവേളയുള്ളിൽ നിറഞ്ഞുവെന്നാൽ പിന്നെ
ഗതിവേഗമേറുന്നു പ്രണയം
കണ്ടുനിൽക്കുന്നവർക്കവിവേകമായ് മാറും
അതിരുവിടുന്നോരാ പ്രണയം
അനുരാഗലോലയാം സന്ധ്യയെ പുല്കുന്ന
കുങ്കുമച്ഛവിയാണ് പ്രണയം
അതുകഴിഞ്ഞെത്തുന്ന നറുനിലാതിങ്കളാൽ
കുടയുന്ന പനിനീര് പ്രണയം
മനുജനീ മണ്ണിൽ പിറക്കുമ്പോളറിയാതെ
ഉള്ളിൽ കുരുക്കുന്ന പ്രണയം
മറുവേളയൊരു ദിനം വിണ്ണിലേക്കുയരുമ്പോൾ
ആത്മാവിലലിയുന്നു പ്രണയം
പ്രണയത്തിനെക്കുറിച്ചെഴുതാതെ വയ്യിനി-
പ്രണയിക്കുമാത്മാവു ചൊല്ലി
പ്രണയത്തിനെക്കുറിച്ചെഴുതാതെ വയ്യിനി-
പ്രണയിക്കുമാത്മാവു ചൊല്ലി
** ** **
പ്രണയം ഉള്ളിൽ സൂക്ഷിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കുമായി സമർപ്പിക്കുന്നു.
സ്നേഹത്തോടെ,
ബിനു
Comments
Post a Comment