വർഗീയത വേരുറപ്പിക്കുന്ന കേരളം ....[ലേഖനം]

വർഗീയത വേരുറപ്പിക്കുന്ന കേരളം ....[ലേഖനം]


മതസൗഹാർദ്ദത്തിനു പേരുകേട്ട ഈ നാടിന്റെ ഇന്നത്തെ പോക്ക് ആപല്ക്കരമല്ലേ ?  അതിവേഗം ബഹുദൂരം (ബഹുമാനപ്പെട്ട മുഖ്യമന്ത്രി ക്ഷമിക്കുക) ഈ നാട് വർഗീയമാകുകയാണോ ? കേരളം മാത്രമല്ല ഭാരതമൊട്ടാകെയും ?

നാമും നാം ഉൾപ്പെടുന്ന ഈ  സമൂഹവും  ഇരുത്തി ചിന്തിക്കേണ്ട സമയമായിരിക്കുന്നു. 

എന്തിനാണ് നമുക്കീ 'സാമുദായിക സംവരണം'?

ആലോചിച്ചു നോക്കിയിട്ടുണ്ടോ? ജീവിക്കാൻ ഗതിയില്ലാത്തവനല്ലേ ഇവിടെ സംവരണം വേണ്ടത്? അല്ലാതെ ഏതെങ്കിലും മതവിഭാഗത്തിൽ വിശ്വസിക്കുന്നു എന്നതിന്റെ പേരിൽ മാത്രമാണോ?

സാമ്പത്തികമായി  മുന്നോക്കക്കാരനോ, പിന്നോക്കക്കാരനോ, ഭൂരിപക്ഷസമുദായക്കാരനോ , ന്യൂനപക്ഷസമുദായക്കാരനൊ  ആകട്ടെ അവനല്ലേ ഇവിടെ സംവരണം വേണ്ടത് ? ലക്ഷങ്ങളുടെ അല്ലെങ്കിൽ കോടികളുടെ ആസ്തിയുള്ള ഒരുവന് ഇവിടെ വിദ്യാഭ്യാസത്തിനും  ജോലിക്കും സാമുദായികാടിസ്ഥാനത്തിൽ സംവരണമുള്ളപ്പോൾ,  ഭൂരിപക്ഷസമുദായക്കാരനാണ് എന്നുള്ള ഒറ്റ ക്കാരണത്താൽ മറ്റൊരുവന് അതും ഒരു പട്ടിണിപ്പാവത്തിനു ഇത്തരം  ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് നീതിയാണോ ?

എന്തിന് ? ഹൈക്കോടതി ഉൾപ്പെടെയുള്ള നമ്മുടെ  ഉന്നതനീതിപീഠങ്ങളിലേക്കുള്ള  നിയമനങ്ങൾ പോലും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലാകുന്നത് തികച്ചും പരിതാപകരമല്ലേ ? ഒരു ക്രിസ്ത്യൻ, രണ്ടു ഹിന്ദു, ഒരു മുസ്ലിം, ഒരു പിന്നോക്കക്കാരൻ...ഇതാണോ ഇത്തരം തിരഞ്ഞെടുപ്പുകളിൽ വേണ്ടത്? അതോ മുൻകാല പരിചയവും പ്രാഗത്ഭ്യവും മാത്രമാണോ ? ഇനി അത്തരം യോഗ്യത ഉള്ളവർ എല്ലാം ഒരു  സമുദായത്തിൽ പെട്ടവരായിപ്പോയി  എന്ന് തന്നെ ഇരിക്കട്ടെ, അവരെ നിയമിച്ചാൽ എന്താണിവിടെ കുഴപ്പം സംഭവിക്കുക?

എന്തിന്, ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോലും ഇവിടെ എല്ലാ രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളെ നിർത്തുന്നത് ആ വാർഡിലെ വോട്ടർമാരുടെ ജാതിയും ഉപജാതിയുമൊക്കെ നോക്കിയല്ലേ ?

ഒരു കുഞ്ഞിന്റെ ജനനം മുതൽ തുടങ്ങി, വിദ്യാഭ്യാസകാലത്തിലൂടെ  കടന്നു, ഉദ്യോഗകാലം വഴി തുടർന്ന്, വിവാഹജീവിതത്തിൽ കൂടെപോയി വാർദ്ധക്യത്തിലൂടെ മരണത്തിലേക്കെത്തുന്നത് വരെ അവൻ/അവൾ  കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതും വരെ എല്ലാം ജാതിയുടെയും, ഉപജാതിയുടെയും, ഭാഷയുടെയും ഒക്കെ അടിസ്ഥാനത്തിലുള്ള സംവരണങ്ങളും അതിർവരമ്പുകളും ഒക്കെയാണെങ്കിൽ പിന്നെ, എങ്ങിനെയാണ് അവന് / അവൾക്ക്  മതാതീതമായി അഥവാ മാനുഷികമായി ചിന്തിക്കുവാനും  പ്രവർത്തിക്കുവാനും കഴിയുക ?

ഇത്തരം  ചുറ്റുപാടുകളിൽ വളർന്നു വരുന്ന ഈ പുത്തൻ തലമുറയിൽ നിന്നും എന്ത് മതേതരത്വവും മതസൗഹാർദ്ദവുമാണ്  നമ്മൾ പ്രതീക്ഷിക്കേണ്ടത്  ?

ദിവസേന നമ്മുടെ മുൻപിലേക്കെത്തുന്ന ദിനപത്രങ്ങളുടെ ചില സ്ഥിരം തലക്കെട്ടുകൾ നോക്കുക.
- പട്ടിക വർഗയുവതിയെ പീഡിപ്പിച്ചു. പ്രതിയെ തിരയുന്നു
- ആദിവാസി യുവതി പീഡനതിനിരയായി.
- ഹരിജൻ യുവാവിനു പോലീസ് മർദ്ദനം
- പിന്നോക്ക സമുദായത്തിൽ പെട്ട വിദ്യാർത്ഥിക്ക് പഠനവായ്പ നിഷേധിച്ചു.

ഒന്ന് ചോദിച്ചോട്ടെ ? എന്തിനാണ് ഇത്തരം വാർത്തകളിൽ ജാതി/സമുദായം ചേർക്കുന്നത് ?
ഏതു സമുദായത്തിൽ പെട്ടതുമാകട്ടെ, ഏതൊരു പെണ്ണിന്റെയും മാനം വിലപ്പെട്ടതല്ലേ ? അതോ അതും ജാതി/ മതാടിസ്ഥാനത്തിലാണോ ?

ഏതൊരാൾക്കും അകാരണമായി പോലീസ്  മർദ്ദനം ഏൽക്കുന്നത് അപലപനീയമല്ലേ?

പഠനത്തിൽ മിടുക്കനായ ഏതൊരു വിദ്യാർത്ഥിക്കും വായ്പ നിഷേധിക്കുന്നത് തെറ്റല്ലേ ?

പിന്നെ എന്തിനാണ് നമ്മൾ ഇതിലൊക്കെ ജാതി ചേർക്കുന്നത് ? എന്തിനാണ് നമ്മുടെ പത്രങ്ങളും ചാനലുകളും  ഇത്തരത്തിൽ വിഷലിപ്തമായ വാർത്തകൾ പടച്ചുവിടുന്നത് ?

ഉത്തരം ഒന്നെയുള്ളൂ. അവർക്കറിയാം ഈ പരിഷ്കൃത കേരളസമൂഹത്തിലും മതം / ജാതി ആഴത്തിൽ വേരൂന്നിയ ഒന്നാണെന്നും, തങ്ങളുടെ സ്വാർത്‌ഥലാഭത്തിനു വേണ്ടി മുതലെടപ്പ് നടത്താൻ, അതിനെക്കൾ പറ്റിയ മറ്റൊന്നില്ലെന്നും.

എന്തിനും ഏതിനും വർഗീയതയുടെ നിറം ചാർത്തുന്നതിന് ഇതാ  മറ്റു ചില ഉദാഹരങ്ങങ്ങൾ കൂടി.

- നിലവിളക്ക് 'ഹൈന്ദവത'യുമായി ബന്ധപ്പെട്ടതായതിനാൽ താൻ അതു  കൊളുത്തില്ലെന്നു കേരളതിലെ ഒരു മന്ത്രി. അതും വിദ്യാഭ്യാസ മന്ത്രി.

[ഇനി മെഴുകുതിരി ക്രിസ്തീയ ആചാരവുമായി ബന്ധപ്പെട്ടതിനാൽ താൻ ഇനി മുതൽ വൈദ്യുതി പോയാൽപോലും മെഴുകുതിരി കൊളുത്തില്ലെന്നും ഈ മന്ത്രി പറഞ്ഞേക്കും. അല്ലെങ്കിലും "വെളിച്ചം ദു:ഖമാണ് ഉണ്ണി  തമസല്ലോ സുഖപ്രദം" എന്നാണല്ലോ?]

- ഭാരതത്തിൽ അവസാനമായി തൂക്കിലേറ്റിയ കുററവാളികളെല്ലാം ഒരു പ്രത്യേക സമുദായത്തിൽ പെട്ടവരാണെന്നു തൊഴിലാളിവർഗ പാർട്ടിയുടെ ഉന്നതനേതാവ്‌
[കഷ്ടം. കൊടുംകുറ്റവാളികളുടെ പോലും ജാതിയും മതവും നോക്കി വേണം തൂക്കാൻ എന്ന് വരെയായി കാര്യങ്ങൾ. അതോ, ഇത്തരം സന്ദർഭങ്ങൾ ഒഴിവാക്കാൻ മറ്റൊരു മതത്തിൽ പെട്ട ഒരാൾ തൂക്കുകയർ കിട്ടാൻ പറ്റുന്ന തരത്തിലുള്ള കുറ്റം ചെയ്യണം, എന്നിട്ട് അയാളെ ആദ്യം തൂക്കണം  എന്നാണോ  അദ്ദേഹം ഉദ്ദേശിച്ചത് ? ഇനി മനുഷ്യസ്നേഹത്തിന്റെ പേരിലായിരുന്നു ഈ പ്രസ്താവനയെങ്കിൽ അതിങ്ങനെ ആകാമായിരുന്നല്ലോ. "ഏതു കൊടുംകുറ്റവാളിയുമാകട്ടെ, ഈ പരിഷ്കൃത സമൂഹത്തിൽ തൂക്കുകയർ പോലുള്ള അപരിഷ്കൃത ശിക്ഷാനടപടികൾക്ക് അവരെ പോലും വിധേയരാക്കാൻ പാടില്ല". എങ്കിൽ എത്ര വിവേകപൂർണ്ണമാകുമായിരുന്നു അത്?]. 


ഇത്തരത്തിൽ, വർഗീയത നമ്മുടെ സമൂഹത്തിൽ വേരുരറപ്പിക്കുന്നതിനും, അതിനെ വിവിധ ജാതി, മത, കക്ഷി-സംഘടനകൾ സ്വന്തം സ്വാർഥതാല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നതിനും, എത്രയോ ഉദാഹരണങ്ങൾ നമുക്ക് കാണാൻ കഴിയും? പക്ഷെ, വിസ്താരഭയത്താൽ അതൊന്നും ഇവിടെ ഇനിയും പ്രതിപാദിക്കുന്നില്ല എന്ന് മാത്രം.

അഭ്യസ്തവിദ്യരായ കേരളസമൂഹത്തിനോട് ഒറ്റ ഓർമ്മപ്പെടുത്തൽ മാത്രം. 

എന്നാണോ ജാതിയും മതവും അടിസ്ഥാനമാക്കിയുള്ള നമ്മുടെ കാഴ്ച്ചപ്പാടുകളും ചിന്താഗതിയും മാറുന്നത്, അന്ന് മാത്രമേ നമ്മുടെ ഈ നാട് രക്ഷപെടൂ. അതിന്റെ ആദ്യ പടിയെന്നോണം, ഇന്നുള്ള ഈ സാമുദായികസംവരണമെങ്കിലും സമൂലം പിഴുതെറിയാൻ ഇവിടുത്തെ ഏതെങ്കിലും ഭരണാധികാരികൾ തയ്യാറാകുമോ? അഥവാ തയ്യാറായാൽ, അതിനു ഇവിടുത്തെ 'മതമൗലിക വാദികൾ" സമ്മതിക്കുമോ?

ജീവിക്കാൻ വഴിയില്ലാത്തവൻ നായരോ, നമ്പൂതിരിയോ, നായാടിയോ, ഹരിജനോ, മുസ്ലിമോ, ക്രിസ്ത്യനോ, പാഴ്സിയോ ആകട്ടെ അവനാണ് സംവരണം വേണ്ടത്. അല്ലാതെ, വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചു വീണ, ഏതൊരു സമുദായത്തിലും പെട്ട പ്രഭുക്കന്മാർക്കൊ അവരുടെ പിന്തലമുറക്കോ അല്ല.
=================================================================
അടിക്കുറിപ്പ്:
തീർച്ചയായും നിങ്ങൾക്ക് ഈ ചിന്താഗതികളോട് യോജിക്കുകയോ വിയോജിക്കുകയോ ആവാം.
പക്ഷേ ഒരു അഭ്യർത്‌ഥന മാത്രം. ഇതിലെങ്കിലും നിങ്ങൾ സ്ഥാപിത താല്പര്യങ്ങൾ കാണരുത്. ഏതെങ്കിലും ഒരു സമുദയത്തേയൊ രാഷ്ട്രീയപ്രസ്ഥാനങ്ങളെയോ കുറ്റപ്പെടുത്താനല്ല  ഈ ലേഖനം. മറിച്ച്, ഇനിയൊരിക്കൽ കൂടി സ്വാമി വിവേകാനന്ദൻ ഈ കേരളം സന്ദർശിച്ചാൽ "കേരളം ഒരു മതഭ്രാന്താലയം ആണ്"എന്ന് ഒരു പടികൂടി കടത്തി പറയരുത് എന്ന് ആഗ്രഹം കൊണ്ടുമാത്രമാണ്.


സ്നേഹത്തോടെ,
ബിനു







Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]