ഒ. എൻ. വി. അനുസ്മരണം........
[മാർച്ച്-1-2016: ടെക്നോപാർക്കിലെ 'പ്രതിദ്ധ്വനി സാഹിത്യ ക്ലബ്ബും' മലയാള ഐക്യവേദിയും സംയുക്തമായി സംഘടിപ്പിച്ച 'ലോക മാതൃഭാഷാ ദിന'ത്തോട് അനുബന്ധിച്ചു നടത്തിയ ഒ. എൻ. വി. അനുസ്മരണ പ്രസംഗത്തിൽ നിന്നും .......]
".......................ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ് അഥവാ ഓ. എൻ വി കുറുപ്പ് അഥവാ ഓ. എൻ വി.
അനിതര സാധാരണമായ തന്റെ രചനാ വൈഭവം കൊണ്ട്, ദശാബ്ദങ്ങൾ നമ്മൾ മലയാളികളെ അത്ഭുതപ്പെടുത്തുകയും അതു വഴി നമ്മുടെയൊക്കെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടുകയും ചെയ്ത, മലയാളത്തിന്റെ പ്രിയ കവി.
അദ്ദേഹം കാലത്തിന്റെ അനിവാര്യതയായ മരണത്തിലേക്ക് നടന്നു പോയിട്ട് വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ.
എന്താണ് ഓ. എൻ വി. സാറിനെ നമ്മൾ ഇത്രയധികം ഇഷ്ടപ്പെടാൻ കാരണം ? അല്ലെങ്കിൽ എന്താണ് അദ്ദേഹത്തെ, സമകാലികരായ മറ്റു കവികളിൽ നിന്നും ഇത്രമേൽ വ്യതസ്തനാക്കുന്നത് ? ആലോചിച്ചു നോക്കിയിട്ടുണ്ടോ ?
ഒരുപക്ഷെ ഓ. എൻ വി. സാറിനെക്കൾ കൂടുതൽ കവിതകളും ഗാനങ്ങളും എഴുതിയ ഒന്നിലേറെ കവികൾ നമുക്കുണ്ട്. എന്നിട്ടും അവരെക്കാളൊക്കെ നമ്മൾ ഓ. എൻ വി. സാറിനെ ഇഷ്ടപെടുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്തുകൊണ്ട്?
രണ്ട് കാരണങ്ങളാണ് എനിക്ക് കാണാൻ കഴിയുന്നത്.
1. മലയാള കവിതയേയും സിനിമാഗാനശാഖയേയും ഇത്രമേൽ 'ജനകീയമാക്കിയ' മറ്റൊരു കവിയും നമുക്കില്ല.
2. കവിതയാകട്ടെ, ചലച്ചിത്രഗാനമാകട്ടെ, നാടകഗാനമാകട്ടെ എല്ലാത്തിനെയും സമഭാവത്തോടെ കണ്ടുകൊണ്ട് മൂന്നിലും തന്റെ അപാരമായ രചനാവൈഭവം ഒരുപോലെ പ്രകടമാക്കിയ ഒരു മഹാ സാഹിത്യകാരനായിരുന്നു ഓ. എൻ വി. സാർ.
കലാരംഗത്തും സാഹിത്യരംഗത്തുമൊക്കെ പലവിധ ധാരണകളും അഥവാ തെറ്റിധാരണകളും വച്ച് പുലര്ത്തുന്നവരാണ് പലരും. സിനിമാഗാനങ്ങൾ എഴുതാൻ പോയാൽ കവി എന്ന നിലയിൽ ഉള്ള സ്ഥാനം നഷ്ടമാകും എന്നും, നാടക ഗാനങ്ങൾ എഴുതുന്നത് കുറഞ്ഞ തരം പണി ആണ് എന്നുമൊക്കെയുള്ള സങ്കുചിതചിന്താഗതികൾ വച്ചു പല സാഹിത്യകാരമാരും ഉള്ള ഒരു കാലഘട്ടത്തിൽ ഇവ മൂന്നിനെയും ഒരേപോലെ കാണുകയും മൂന്നിലും ഉത്കൃഷ്ടമായ രചനകളെ നമുക്ക് സമ്മാനിക്കുകയും ചെയ്ത ഒരു അതുല്യ സാഹിത്യകാരൻ ആയിരുന്നു ഓ. എൻ വി. സാർ എന്ന് നിസംശയം പറയാം.
ഓ. എൻ വി. രചനകളുടെ എടുത്തു പറയത്തക്ക മറ്റൊരു സവിശേഷത അവയുടെ 'ലാളിത്യം' ആണ്. ഒരു സാഹിത്യകാരന് ഭാരതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ പുരസ്കാരമായ 'ജ്ഞാനപീഠ' ജേതാവായിട്ടു പോലും തന്റെ രചനകളിലെ ആ 'ലാളിത്യം' ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറായില്ല എന്നതാണ് സത്യം.
സാധാരണ കവികൾ തങ്ങളുടെ ഭാഷാനൈപുണ്യം പ്രകടിപ്പിക്കാൻ കുറച്ചെങ്കിലും 'കട്ടി' കൂടിയ മലയാള വാക്കുകളും പദപ്രയോഗങ്ങങ്ങളും, ചിലപ്പോഴൊക്കെ അല്പ്പം സംസ്കൃതവും ഒക്കെ തങ്ങളുടെ രചനകളിൽ ഉൾപ്പെടുത്താറുണ്ട്,
എന്നാൽ ഓ. എൻ വി. സാറിന്റെ കവിതകളും ഗാാനങ്ങളുമൊക്കെ നോക്കുക.
ഏതൊരു സാധാരണ മലയാളിക്കും ഒറ്റ കേൾവിയിൽ അഥവാ ഒറ്റ വായനയിൽ മനസിലാക്കാൻ പറ്റുന്ന, അല്ലെങ്കിൽ സ്വന്തം ഹൃദയത്തിലേക്ക് ആവാഹിക്കാൻ പറ്റുന്ന അത്ര ലളിതമാണ് ആ രചനകൾ എല്ലാം.
ഭൂമിക്കൊരു ചരമഗീതം, കോതമ്പുമണികൾ തുടങ്ങിയ കവിതകളായാലും,
ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ മുകുളമായ് നീയെന്റെ മുന്നിൽ നിന്നു.....
ഓർമ്മകളെ കൈവള ചാർത്തി.....വരൂ വിമൂകമീ വേദിയിൽ ....
ഇന്ദ്രനീലിമയോലും ഈ മിഴി പൊയ്കകളിൽ ഇന്നലെ നിൻ മുഖം ......
അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ ഒരു മാത്ര വെറുതെ നിനച്ചു പോയി....
ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം ...
മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി, മഞ്ഞക്കുറിമുണ്ടു ചുറ്റി ....
----തുടങ്ങി
എത്രയോ ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. ഇവയൊന്നും മനസിലാക്കാൻ നമ്മുക്ക് ഒരു മലയാളനിഘണ്ടുവിന്റെയും ആവശ്യമില്ല അല്ലെ ? കാരണം അത്ര ലളിതമാണ് ആ വരികൾ. അതാണല്ലോ അവയുടെ ഏറ്റവും വലിയ പ്രത്യേകതയും.
1946 ൽ പുറത്തിറങ്ങിയ 'മുന്നോട്ട്' എന്ന ആദ്യ കൃതി മുതൽ 2016 ലെ അവസാന കൃതി വരെ ആ ലാളിത്യം നിലനിർത്താൻ ഓ. എൻ വി. സാറിനായി എന്നതാന് സത്യം.
ഒരു ചോദ്യം കൂടി. ഓ. എൻ വി. സാറിന്റെ രചനകളുടെ ഏറ്റവും വലിയ ആകർഷണീയത എന്താണ് ? നമ്മൾ ഇപ്പോൾ പറഞ്ഞ ആ ലാളിത്യം ആണോ? അതോ അവയുടെ കാവ്യഗുണം ആണോ? അതോ അവയിൽ അടങ്ങിയിരിക്കുന്ന ആ വികാരമാണോ ? അതുമല്ലെങ്കിൽ വളരെ താളാത്മകമായി ചൊല്ലാൻ കഴിയുന്ന ആ ഘടനയാണോ?
എന്താണ് ?
ഒറ്റ വാക്കിൽ ഒരു ഉത്തരം ബുദ്ധിമുട്ടാകും അല്ലെ ? കാരണം ഈ പറഞ്ഞ എല്ലാ ഗുണങ്ങളുടെയും ഒരു കിറുകൃത്യമായ അല്ലെങ്കിൽ ചേരുംപടി ചേർത്ത ഒരു 'മിശ്രണം' ആണ് ഓരോ ഓ. എൻ വി. രചനകളും. അല്ലെ ?
ഓ. എൻ വി. സാറിനെ പോലുള്ള ഒരു മഹാസാഹിത്യകാരന്റെ ഓരോ കവിതകളും അല്ലെങ്കിൽ ഗാനങ്ങളും എടുത്ത് അവയെ ആഴത്തിൽ വിശകലനം ചെയ്യാനുള്ള അറിവ് എനിക്കില്ലാത്തതിനാൽ ഞാൻ അതിനു മുതിരുന്നില്ല. അഥവാ മുതിർന്നാൽ അത് വലിയ ഒരു അവിവേകവും ആകും.
അതുകൊണ്ടു തന്നെ, ഓ. എൻ വി. സാറിന്റെ ആത്മാവിനു നിത്യശാന്തി നേർന്നു കൊണ്ടും, നിത്യഹരിതമായ ആ ഓർമ്മകൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടും നിർത്തട്ടെ,
നന്ദി, നമസ്കാരം.............................."
=======================
സ്നേഹത്തോടെ ബിനു.
Comments
Post a Comment