ജീവനെടുക്കുന്ന 'സെൽഫി'...... മാനം കെടുത്തുന്ന 'സെൽഫി'.....!! [ലേഖനം]


അമിത 'സെൽഫി ഭ്രമം' അഥവാ 'സെൽഫിറ്റിസ്'

നാൾക്കുനാൾ കൂടിവരുന്ന 'സെൽഫി' ഭ്രമം.

കൂടെക്കൂടെ പത്രത്തിൽ വരുന്ന ' 'സെൽഫി എടുക്കുന്നതിനിടെ അപകടം; വീണ്ടും മരണം' എന്ന വാർത്തകൾക്കപ്പുറം നമ്മൾ മലയാളികൾ കാര്യമായി ചർച്ച ചെയ്യാത്ത വിഷയം.

എന്നാൽ ഓർക്കുക. പുതുതലമുറക്കിടയിൽ അതിവേഗം പടരുന്ന ഒരു വിപത്തായി മാറുകയാണ് ഇത്.

എങ്ങിനെയെങ്കിലും 'വ്യത്യസ്ത  'സെൽഫി' എടുത്തു ഫേസ്ബുക്കിൽ (അല്ലെങ്കിൽ സമാനമായ മറ്റൊരു മീഡിയയിൽ) പോസ്റ്റ്‌ ചെയ്യുകയും അങ്ങിനെ പരമാവധി 'ലൈക്‌' നേടി ആത്മനിർവൃതി അടയുകയും ചെയ്യുക എന്ന ഒരൊറ്റ ഉദ്ദേശത്തിൽ അഥവാ പരക്കം പാച്ചിലിനിടയിൽ സ്വജീവൻ പൊലിഞ്ഞ എത്രയോ വാർത്തകൾ നമ്മുടെ മുൻപിലുണ്ട്?

എന്നിട്ടും ?

* ഇലക്ട്രിക് ട്രെയിനിനു  മുകളിൽ നിന്ന്  'സെൽഫി' എടുക്കാൻ ശ്രമം.

* ഉയർന്നു പൊങ്ങിയ തിരമാലകൾക്കു  നടുവിൽ നിന്ന്  'സെൽഫി' എടുക്കാൻ ശ്രമം.

*. ഓടിയെത്തുന്ന തീവണ്ടിക്ക് മുൻപിൽ നിന്ന്  'സെൽഫി' എടുക്കാൻ ശ്രമം.

*. നുരഞ്ഞുപതയുന്ന വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന്  'സെൽഫി' എടുക്കാൻ ശ്രമം.

*. മുതലയുടെ വായിൽ തലതിരുകി നിന്ന്  'സെൽഫി' എടുക്കാൻ ശ്രമം.

ഇങ്ങനെ എത്രയോ വാർത്തകളാണ് ഇതുമായി ബന്ധപ്പെട്ടു നാം വായിച്ചത് ? പക്ഷെ, എല്ലാത്തിലും  'സെൽഫി' എടുത്ത (അഥവാ ശ്രമിച്ച) ആളുടെ മരണത്തിൽ ആയിരുന്നു അവസാനം എന്ന് മാത്രം.

എന്താണ് പുതുതലമുറയെ (പുതുതലമുറ എന്നുദ്ദേശിച്ചത് ചെറുപ്പക്കാരെ മാത്രമല്ല;  'സെൽഫി' ഒരു ഹരമാക്കി മാറ്റിയ എല്ലാവരെയും കൂടി ആണ്) ഈ  'സെൽഫി' ഇത്രയധികം ആകർഷിക്കാൻ കാരണം ?

അമേരിക്ക പോലുള്ള പല വികസിത രാജ്യങ്ങളിലും  ഈ വിഷയത്തിൽ ഒട്ടേറെ പഠനങ്ങൾ നടന്നു കഴിഞ്ഞു [അഥവാ നടന്നുകൊണ്ടിരിക്കുന്നു]. ഒപ്പം, ഇതിന്റെ പരിഹാരമാർഗ്ഗങ്ങളെ  പറ്റിയുള്ള  ഗൗരവകരമായ ചർച്ചകളും. ഇതിൽ നിന്നുതന്നെ വിഷയത്തിന്റെ ഗൗരവം നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

American Psychiatric Association (APA ) ഇത്തരം സെൽഫി അഡിക്ഷൻ സൂചിപ്പിക്കാൻ 'സെൽഫിറ്റിസ്' എന്ന ഒരു പുതിയ വാക്ക് തന്നെ ഉപയോഗിക്കുന്നു.

APA യുടെ പഠനപ്രകാരം ഒരാൾ ഒരു ദിവസം 2 സെൽഫിയിൽ കൂടുതൽ എടുക്കുന്നുവെങ്കിൽ, അതിനെ സെൽഫിറ്റിസ് എന്ന മാനസിക വൈകല്യമായി കരുതാം. സെൽഫിറ്റിസ് പ്രധാനമായും 3 അവസ്ഥകളിൽ ആകാം.

1. ബോർഡർ ലൈൻ : ദിവസേന (പരമാവധി) 3 സെൽഫി വരെ എടുക്കുന്നു, എന്നാൽ ഒന്നും സോഷ്യൽ മീഡിയകളിൽ പോസ്റ്റ്‌ ചെയ്യുന്നില്ല.

2. അക്യൂട്ട്: ദിവസേന 3 സെൽഫി എടുക്കുകയും അവ സോഷ്യൽ മീഡിയകളിൽ പോസ്റ്റ്‌ ചെയ്യുകയും ചെയ്യുക.

3. ക്രോണിക്: ദിവസേന 6 ൽ  കൂടുതൽ സെൽഫി എടുക്കുകയും അവയെല്ലാം സോഷ്യൽ മീഡിയകളിൽ പോസ്റ്റ്‌ ചെയ്യുകയും ചെയ്യുക.

ഇവയിൽ അക്യൂട്ട്സെൽഫിറ്റിസ്  ചികിത്സ ആവശ്യമായതും,  ക്രോണിക്സെൽഫിറ്റിസ് അടിയന്തിരചികിത്സ ആവശ്യമായതും ആകുന്നു എന്നാണ്APA യുടെ പഠനങ്ങൾ പറയുന്നത്.

സെൽഫിറ്റിസിന്റെ കാരണങ്ങളെ പറ്റി വ്യത്യസ്തമായ അഭിപ്രായങ്ങളാണ് മനശാസ്ത്രജ്ഞർക്കുള്ളത്. അവയിൽ ചിലതിതാ:

** ആത്മവിശ്വാസക്കുറവ്

** സ്വന്തം ശരീരത്തെക്കുറിച്ചും സൌന്ദര്യത്തെക്കുറിച്ചുമുള്ള മതിപ്പില്ലായ്മ.

** സമൂഹത്തിൽ താൻ ഗൗനിക്കപ്പെടുന്നില്ല എന്ന അപകർഷതാബോധം

** മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുവാനുള്ള എളുപ്പ മാർഗ്ഗം.

** താനും 'ഫാഷനബ്ൾ' ആണ് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള തിടുക്കം.

** സമൂഹത്തോട് നേരിട്ട് സംവദിക്കുവാനുള്ള വിമുഖത അഥവാ ഭയം. പകരം 'വെർച്വൽ' ലോകത്തോട് സംവദിക്കുവാനുള്ള അടക്കാനാവാത്ത ത്വര.

** യഥാർഥലോകത്ത് തനിക്കു കിട്ടാത്ത അംഗീകാരം 'വെർച്വൽ' ലോകത്തിൽ നേടുവാനുള്ള ശ്രമം.

** ടീനേജുകാരാണെങ്കിൽ, താൻ മുതിർന്നു എന്ന് മറ്റുള്ളവരെ അറിയിക്കാനുള്ള എളുപ്പമാർഗ്ഗം.

** അനാവശ്യമായ അതിസാഹസികത.

** സമൂഹത്തിന്റെ (അനർഹമായ) സഹാനുഭൂതി പിടിച്ചുപറ്റുവാനുള്ള ശ്രമം.

.... ഇങ്ങനെ എന്തും ആകാം നമ്മൾ പറഞ്ഞ സെൽഫിറ്റിസ് എന്ന മാനസികാവസ്ഥയുടെ അടിസ്ഥാനകാരണം.

ഇനി, കാരണം എന്ത് തന്നെയായാലും ഈ 'സെൽഫിറ്റിസ്' നിങ്ങളെ നയിക്കുന്നത് താഴെ പറയുന്ന അവസ്ഥാ വിശേഷങ്ങളിലേക്കാകും.

*** അതിസാഹസികത മൂലമുള്ള മരണം അഥവാ അംഗവൈകല്യം.

*** സമൂഹത്തിൽ നിന്നും ചുറ്റുപാടുകളിൽ നിന്നുമുള്ള പൂർണ്ണമായ ഒറ്റപ്പെടൽ.

*** താനും സെൽഫിയും മാത്രമാണ് ലോകം എന്ന സങ്കീർണ്ണമായ ചിന്താഗതിയും, അതുണ്ടാക്കുന്ന പ്രവചനാതീതമായ സ്വഭാവവൈകൃതങ്ങളും.

*** കുടുംബം, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സമൂഹം എന്നിവയോടുള്ള നിസംഗസമീപനവും അതുണ്ടാക്കിയേക്കാവുന്ന ശിഥിലമായ വ്യക്തി ബന്ധങ്ങളും, ഒന്നിനോടും കടപ്പാടോ ഉത്തരവാദിത്ത്വങ്ങളോ ഇല്ലാത്ത ഒരു തരം നിർജ്ജീവാവസ്ഥയും.

*** ആഹാരത്തോടുള്ള വെറുപ്പും തുടർന്നുണ്ടാകുന്ന ശാരീരിക-മാനസിക രോഗാവസ്ഥകളും.

ഇനി, എന്താണ് ഇതിനൊരു പ്രതിവിധി ?

മനശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ കൃത്യമായ മനശാസ്ത്രചികിത്സ വേണ്ട അവസ്ഥയാണ് സെൽഫിറ്റിസ്. എന്നാൽ നമ്മുടെ സാമൂഹിക ചുറ്റുപാടുകളിൽ എത്രപേർ അതിനു തയ്യാറാകും അഥവാ സമൂഹം അതിനെ എങ്ങിനെ നോക്കിക്കാണും എന്നുള്ളത് വളരെ പ്രധാനമാണ്.

അതുകൊണ്ടു തന്നെ, കഴിയുന്നത്ര മുൻകരുതലുകൾ എടുക്കുക എന്നതാണ് നമുക്ക് മുന്നിലുള്ള ഏറ്റവും പ്രധാനമായതും പ്രായോഗികവുമായ പ്രതിവിധി.

+ ഓരോ വ്യക്തിയും സ്വയം വിശകലനം നടത്തുകയും താൻ മേല്പ്പറഞ്ഞ സെൽഫിറ്റിസിന്റെ 3 അവസ്ഥകളിൽ ഏതിലെങ്കിലും ഉൾപ്പെടുന്നുണ്ടോ എന്ന് സ്വയം കണ്ടെത്തുകയും ചെയ്യുക.

+ കുട്ടികളുടെ കാര്യത്തിൽ, മാതാപിതാക്കൾ കൂടുതൽ ശ്രദ്ധാലുക്കൾ ആകുകയും, കഴിയുന്നതും മൊബൈലും ആയി വളരെയധികം സമയം  തനിയെ ചിലവിടുന്നത്‌ നിരുത്സാഹപ്പെടുത്തുകയും ചെയ്യുക.

+ സോഷ്യൽ മീഡിയകളിൽ ആക്റ്റീവ് ആകുന്നതിനു സ്വയം സമയപരിധി തീരുമാനിക്കുക. ജോലിക്കിടയിലോ പഠനത്തിനിടയിലോ ഒരു കാരണ വശാലും സോഷ്യൽ മീഡിയകളിൽ ആക്റ്റീവ് ആകില്ല എന്ന് സ്വയം തീരുമാനിക്കുക 

+ തന്റെ എണ്ണമറ്റ സെൽഫികൾ കാണാൻ മറ്റൊരാൾക്കും താല്പര്യം ഉണ്ടാകില്ല എന്ന തിരിച്ചറിവുണ്ടാകുക. മറിച്ച്, അങ്ങിനെ പോസ്റ്റ്‌ ചെയ്യുന്നത് തന്നെക്കുറിച്ച് അവർക്കിടയിൽ അവമതിപ്പ്‌ ഉണ്ടാക്കുവാൻ മാത്രമേ ഉപകരിക്കൂ എന്നും മനസ്സിലാക്കുക.

+ ഇനി  സോഷ്യൽ മീഡിയകളിൽ എന്തെങ്കിലും പോസ്റ്റ്‌ ചെയ്യാൻ അനിയന്തിതമായ അഭിനിവേശം ഉണ്ടാവുകയാനെങ്കിൽ, സെൽഫി ക്ക് പകരം താൻ തന്നെ എടുത്ത പ്രക്രതിദൃശ്യങ്ങളോ മറ്റോ പോസ്റ്റ്‌ ചെയ്യുക. അങ്ങിനെ സെൽഫിയോടുള്ള അമിതഭ്രമം കുറച്ചു കൊണ്ടുവരിക.

+ അമിത മൊബൈൽ / സെൽഫി ഭ്രമം അത്യന്തം അപകടകരമാണെന്നും അത് നിങ്ങളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ വളർച്ചയെ തളർത്തുന്നതാണെന്നും തിരിച്ചറിയുക. മാത്രമല്ല അതു നിങ്ങളെ നയിക്കുന്നത് മേല്പ്പറഞ്ഞ സെൽഫിറ്റിസ് എന്ന മാനസിക അവസ്ഥയിലേക്കാണെന്നും തിരിച്ചറിയുക. ആവശ്യമായ നിയന്ത്രണങ്ങൾ സ്വയം എർപ്പെടുത്തുക.

"അധികമായാൽ അമൃതും വിഷം"




പിൻകുറിപ്പ്: ദാ, ഈ പോസ്റ്റ്‌ ഇട്ടതിന്റെ തൊട്ടടുത്ത ദിവസത്തെ ദിനപത്രത്തിൽ മറ്റൊരു സെൽഫി വാർത്ത. പ്രസവമുറിയിൽ യുവതി മേക്കപ്പ് ഇടുന്ന സെൽഫി 'വൈറൽ' ആയത്രേ !! ഒരൽപ്പം ആശ്വാസം അത് നമ്മുടെ കേരളത്തിൽ അല്ല എന്നത് മാത്രമാണ്. പക്ഷേ, ഇനി അത് എത്ര മലയാളികൾ അനുകരിക്കുമോ ആവോ ? കഷ്ട്ടം......


--------------------
കടപ്പാട്: സെൽഫിറ്റിസുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് - The American Psychiatric Association (APA).
visit my blog at: binumonippally.blogspot.com
---------------------
===================================
ഇതാ ഈ ബ്ലോഗ്‌ പോസ്റ്റ്‌ ചെയ്തതിനു ശേഷം 12-ഏപ്രിൽ-2016 ലെ മറ്റൊരു പത്രവാർത്ത .......
===================================
വീണ്ടും ....ഇതാ മറ്റൊരെണ്ണം ..... ഇത്തവണ കേരളത്തിൽ ...
===================================
ഇതുവരെ നമ്മൾ  പറഞ്ഞത് സെൽഫി മൂലമുള്ള മരണങ്ങളെ കുറിച്ചായിരുന്നു എങ്കിൽ,  ഇതാ സെൽഫി മൂലം ജോലി പോയ ഒരു വാർത്ത...... അങ്ങ് മെക്സിക്കൊയിൽ നിന്നും...

[മംഗളം പത്രം - ഏപ്രിൽ-21-2016]

===================================

===================================














Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]