ഇന്ന് നഗരത്തിൽ ഗതാഗത നിയന്ത്രണം ...!! [ലേഖനം]
ഇന്ന് നഗരത്തിൽ ഗതാഗത നിയന്ത്രണം ...!! [ലേഖനം]
മിക്കവാറും ദിവസത്തെ ദിനപ്പത്രങ്ങളിൽ കൂടി കേരളത്തിലെ (പ്രത്യേകിച്ച്, തിരുവനന്തപുരത്തെ) നഗരവാസികൾക്കു വളരെ സുപരിചിതമായ അറിയിപ്പ്.
അല്ലെ ?
പത്മനാഭന്റെ നാട്ടുകാർക്ക് ഇപ്പോൾ ഇതൊരു പുതുമയുള്ള വാർത്തയേയല്ല, കാരണം, അവർക്കറിയാം അറിയിപ്പിൽ 'നിയന്ത്രണം' എന്നാണെങ്കിലും ഫലത്തിൽ ഇത് 'ഗതാഗത സ്തംഭനം' തന്നെ ആയിരിക്കുമെന്നും, ഒന്നുകിൽ അന്ന് വീടെത്താൻ അർദ്ധരാത്രി ആകുമെന്നും; അല്ലെങ്കിൽ 'അര-ദിവസം' അവധി എടുത്തു ഉച്ചയോടെ വീടെത്തണം എന്നും.
കഷ്ടം.
മുൻപൊക്കെ പ്രധാന രാഷ്ട്രീയപാർട്ടികളോ സംഘടനകളോ വല്ലപ്പോഴും സെക്രട്ടറിയേറ്റിനു മുൻപിൽ നടത്താറുള്ള പ്രകടനങ്ങൾക്കു മാത്രമായിരുന്നു ഇത്തരം ഗതാഗത 'നിയന്ത്രണങ്ങൾ'.
എന്നാൽ ഇന്നോ?
ഏതെങ്കിലും ഒരു 'ഈർക്കിൽ' പാർട്ടി അഥവാ സംഘടന ഒന്ന് തീരുമാനിച്ചാൽ മതി നമ്മുടെ നഗരത്തെ മണിക്കൂറുകളോളം സ്തംഭിപ്പിക്കാൻ!
ഇക്കഴിഞ്ഞ മാസം ഒരു ഞായറാഴ്ച പത്രത്തിൽ ഇതേ അറിയിപ്പുണ്ടായിരുന്നു. കേരളീയർക്ക് വെറും 'കേട്ടറിവ്' മാത്രമുള്ള ഒരു ഉത്തരേന്ത്യൻ പാർട്ടിയുടെ എന്തോ ഒരു പദയാത്രയും, അതിനെ തുടർന്നുള്ള പ്രകടനവും. ഒരു പക്ഷെ കേരളത്തിൽ ആകെക്കൂടി ആ പാർട്ടിക്ക് ഒരു 200 അംഗങ്ങൾ കാണുമോ എന്ന് സംശയം ആണ്. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ പോലും ആ പാർട്ടി എവിടെയെങ്കിലും ജയിച്ചതായി കേട്ടിട്ടില്ല. പക്ഷെ സംഭവിച്ചതോ? പാളയം മുതൽ കിഴക്കേകോട്ട വരെ ഒരു വാഹനം പോലും കടത്തി വിട്ടില്ല, അതും മണിക്കൂറുകളോളം. ആകെ വീണു കിട്ടിയ ഒരു ഞായർ ദിനത്തിൽ പല കാര്യങ്ങൾക്കായി നഗരത്തിലെത്തിയ ആയിരങ്ങൾ ആ കുരുക്കിൽ പെട്ടു.
ഈ പറഞ്ഞത് വെറും ഒരു ഉദാഹരണം മാത്രം. ഒന്നല്ലെങ്കിൽ മറ്റൊരു പാർട്ടിയുടെ / സംഘടനയുടെ ഇത്തരം പ്രകടനകോലാഹലങ്ങൾ ഇല്ലാത്ത ദിവസങ്ങൾ നന്നേ ചുരുക്കം !
ഇതിലെല്ലാം ഏറ്റവും കൂടുതൽ അനുഭവിക്കുന്നതോ? ഈ കുരുക്കിൽ പെട്ടുപോകുന്ന സാധാരണ ജനങ്ങളും, പിന്നെ ഇതിനൊക്കെ മൂകസാക്ഷിയാകേണ്ടി വരുന്ന പാവം കുറെ പോലീസ്സുകാരും.
അബദ്ധവശാൽ ഏതെങ്കിലും വണ്ടിക്കാരൻ അല്പം വഴിക്കുവേണ്ടി ഒന്ന് ഹോൺ മുഴക്കിയാലോ? രൗദ്രഭാവത്തോടെ ഓടിയെത്തുകയായി ജാഥയിലെ കുട്ടിനേതാക്കന്മാർ (അതോ 'കത്തി വേഷക്കാരോ'?). പിന്നെ, അവരുടെ വായിൽനിന്നുതിരുന്നതൊന്നും ഇവിടെ എഴുതാൻ കൊള്ളില്ല.
വൈകിട്ട് നേരത്തെ വീടെത്താൻ പായുന്ന സ്കൂൾ / കോളേജ് വിദ്യാർഥികളായാലും, ഒരു ദിവസത്തെ അദ്ധ്വാനത്തിനു ശേഷം ഒന്നു വിശ്രമിക്കാനുള്ള ധൃതിയിൽ എങ്ങിനെയെങ്കിലും ഒന്ന് വീടണയാൻ കൊതിക്കുന്ന ജോലിക്കാരായാലും ശരി, ഈ പ്രകടനങ്ങൾക്കും, ഗതാഗത ക്കുരുക്കിനുമൊക്കെ മുൻപിൽ തീർത്തും നിസ്സഹായരായി, നിശബ്ദരായി അഥവാ പ്രതികരണശേഷി നശിച്ചവരേപ്പോലെ നില്ക്കാനേ കഴിയൂ. ഈ നഗരത്തിലുള്ള അസംഖ്യം കടകളിലെ (വിശിഷ്യാ, തുണിക്കടകളിലെ) നൂറു കണക്കിന് സ്ത്രീ ജീവനക്കാരെ കൂടി ഒന്നോർത്തു നോക്കൂ. ദിവസം മുഴുവൻ നിന്നുകൊണ്ട് ജോലി ചെയ്തു, രാത്രിയിൽ ആദ്യം കിട്ടുന്ന ബസിൽ വീടെത്താൻ പായുമ്പോൾ ആണ് ഈ 'പ്രകടനകോലാഹലങ്ങൾ'.
ആരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ?
ഇത്തരം ദുഷ്പ്രവണതകൾ അവസാനിപ്പിക്കേണ്ടതല്ലേ? വെറും നൂറുപേര് വിചാരിച്ചാൽ ഒരു മഹാനഗരം തന്നെ നിശ്ചലമാക്കാൻ പറ്റും എന്ന ഈ സ്ഥിതി മാറേണ്ടതല്ലേ ?
ഏതു സംഘടനകളും പാർട്ടികളും സ്വന്തം ശക്തി തെളിയിക്കാൻ ഇവിടെ സമ്മേളനങ്ങൾ നടത്തിക്കൊള്ളട്ടെ. ഒരു കുഴപ്പവുമില്ല. പക്ഷെ, ഗതാഗതം തടസ്സപ്പെടുത്തിയുള്ള ഇത്തരം 'വഴിമുടക്കി പ്രകടനങ്ങൾ' ഇനിയും ആവശ്യമാണോ ? ആലോചിക്കേണ്ടതല്ലേ ?
ഒരു ജനാധിപത്യരാജ്യത്ത് ജനങ്ങൾക്ക് സമാധാനപരമായി സംഘടിക്കുവാനുള്ള സ്വാതന്ത്ര്യം തീർച്ചയായും ഉണ്ട്. പക്ഷെ, അതുകൊണ്ടു മറ്റൊരാളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്താൻ ആർക്കാണ് അധികാരം ?
'ഒരാളുടെ സ്വാതന്ത്ര്യം അടുത്തയാളുടെ മൂക്കിൻതുമ്പു വരെ മാത്രം' എന്ന ചൊല്ല് ഓർക്കുക. ഇവിടെയാണ് അതിന്റെ പ്രസക്തി.
ചില ലഘുനിർദ്ദേശങ്ങൾ കൂടി മുന്നോട്ടു വച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം.
1. പൊതുഗതാഗതം മുടക്കിയുള്ള എല്ലാത്തരം പ്രകടനങ്ങളും ജാഥകളും പൂർണ്ണമായും നിരോധിക്കുക. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ (അങ്ങിനെ ഉണ്ടെങ്കിൽ) പാതയുടെ ഒരു വശത്ത് കൂടി മാത്രം 'ഒറ്റവരി' ആയി പ്രകടനങ്ങൾ അനുവദിക്കുക.
2. ഓരോ പ്രകടനത്തിനു മുന്പും 'ജാഥാ കൺവീനർ' പൊതു ഗതാഗതം തടസ്സപ്പെടുത്തില്ല എന്ന സത്യവാങ്മൂലം ബന്ധപ്പെട്ട അധികാരിക്ക് നല്കുക. അഥവാ തടസ്സപ്പെട്ടാൽ കനത്ത പിഴ ഈടാക്കുകയും (7 ദിവസത്തിനുള്ളിൽ) ആ തുക 'റോഡ് സുരക്ഷാ അതോറിറ്റി' യിലേക്ക് മുതൽക്കൂട്ടുകയും ചെയ്യുക.
3. രാഷ്ട്രീയപ്പാർട്ടികളും സംഘടനകളും ഇത്തരം പ്രകടനങ്ങൾ പരമാവധി ഒഴിവാക്കി തങ്ങളുടെ സമ്മേളനങ്ങൾ, സ്റ്റേഡിയം, മൈതാനം, ബീച്ച് എന്നിവിടങ്ങളിൽ, പൊതു ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ സംഘടിപ്പിക്കുക. അങ്ങിനെ തങ്ങളുടെ 'ശക്തി' തെളിയിക്കുക. [എത്ര കണ്ടു ജനങ്ങളെ ബുദ്ധിമുട്ടിച്ചു എന്നതിനേക്കാൾ എത്രയധികം 'കുറച്ചു' ബുദ്ധിമുട്ടിച്ചു എന്നതാവട്ടെ ഇനി മുതൽ 'ശക്തി'യുടെ അളവ് കോൽ].
സമ്മേളനസ്ഥലത്തേക്കും തിരിച്ചും, വാഹനങ്ങൾക്ക് പോകുവാനും വരുവാനും, ഏറ്റവും ഗതാഗത തിരക്ക് കുറഞ്ഞ സമയം 'ജാഥാ കൺവീനർ' തീരുമാനിക്കുകയും അത് പൊതു ജനങ്ങളെ ക്കൂടി (മുൻകൂട്ടി) അറിയിക്കുകയും ചെയ്യുക.
4. തങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ഒരു സംഘടനയെയോ രാഷ്ട്രീയപാർട്ടിയേയോ തങ്ങൾ ഒരു തരത്തിലും പിന്തുണക്കില്ല എന്ന് ഈ നാട്ടിലെ ഓരോ പൗരനും തീരുമാനിക്കുക. തിരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ ആ വികാരം പ്രകടമാക്കുകയും ചെയ്യുക.
............ബാക്കി നിർദ്ദേശങ്ങൾ നിങ്ങളുടെതാകട്ടെ .....
Comments
Post a Comment