വിജയകരമായ കുടുംബ ജീവിതം.. ?? [ലേഖനം]


വിജയകരമായ കുടുംബ ജീവിതം : അഡ്ജസ്റ്മെന്റോ  അതോ അണ്ടർസ്റ്റാൻഡിങ്ങോ ?

കുഞ്ഞുപാക്കരൻ രാവിലെ, തന്റെ കറുമ്പിപശുവിനെ കറന്നെടുത്ത പാലുമായി അടുത്ത ചായക്കടയിലേക്കിറങ്ങിയതാണ്. അപ്പോഴാണ് നമ്മുടെ ദാമോദരൻ ചേട്ടന്റെ മൂത്ത മകൻ രാജീവൻ എതിരെ വന്നത്.

"ആഹ്...രാജീവനോ ? എന്തൊക്കെയാണെടാ വിശേഷങ്ങൾ ? കല്യാണത്തിന് ശേഷം നിന്നെ ഈ വഴിയൊന്നും കണ്ടേ ഇല്ലല്ലോ ? .."

"ഓ ...സുഖം തന്നെ ചേട്ടാ... അങ്ങിനെ പോകുന്നു... "

"അതെന്താടാ, രാജീവാ അങ്ങിനെ?  ഒരു... ഒരു ..സുഖമില്ലാത്ത പോലെ?..."

"ഒന്നുമില്ല ചേട്ടാ ...ഈ കുടുംബ ജീവിതം എന്നൊക്കെ പറയുന്നത് ഒരു adjustment അല്ലെ?  അത് കൊണ്ട് പറഞ്ഞതാ.... ശരി ഞാൻ പോട്ടെ..അടുത്ത ബസ് പിടിക്കണം...."
================

ഈ ചോദ്യവും ഈ ഉത്തരവും, നമുക്ക് വളരെ പരിചിതമല്ലേ ?

എങ്ങിനെയുണ്ട് കുടുംബജീവിതം? എന്ന ചോദ്യത്തിന് "ഓ ..!' എന്നാകും ആദ്യ ഉത്തരം. ഒന്നുകൂടി ചോദിച്ചാൽ "ഓ...ഇതൊക്കെ ഒരുതരം adjustment അല്ലെ?.." എന്നാകും അടുത്ത ഉത്തരം!

ശരിക്കും കുടുംബ ജീവിതം ഒരു adjustment മാത്രമാണോ ?

അല്ല എന്നാണ് എന്റെ അഭിപ്രായം. കാരണം:

1. ഏതൊരു adjustment ഉം ഒരു താൽക്കാലിക സംവിധാനമാണല്ലോ? കുടുംബ ജീവിതം അങ്ങിനെയാണോ ?
['വർഷങ്ങൾ നീണ്ട  ദാമ്പത്യ ജീവിതത്തിനു ശേഷം ദമ്പതികൾ വേർപിരിഞ്ഞു...' എന്നതൊക്കെ ഇന്നൊരു വാർത്തയേ അല്ലാതായി അല്ലെ ? എന്താണ് ഇതിനു കാരണം? ഇത്രയും വർഷങ്ങൾ ഒരുമിച്ചു ജീവിച്ചിട്ടും പങ്കാളിയെ മനസിലാക്കാൻ പറ്റിയില്ല (അഥവാ ശ്രമിച്ചില്ല) എന്നാണോ? അതോ, ഈ കാലം മുഴുവൻ അഡ്ജസ്റ്റ് ചെയ്തു നോക്കി, പറ്റാതായപ്പോൾ വേർപിരിഞ്ഞു എന്നാണോ?]

2. ഏതൊരു adjustment ലും അതിൽ ഉൾപ്പെട്ട രണ്ടു കക്ഷികൾ കൃത്യം 50% വീതം adjust ചെയ്യുക എന്നത് തീർത്തും അപ്രായോഗികമാണ്. അല്ലെ ?
[അപ്പോൾ ഒരു കക്ഷി 25% ഉം മറ്റേ കക്ഷി 75% ഉം adjust ചെയ്യുന്നു എന്ന് കരുതുക (അനുപാതത്തിൽ ചില ഏറ്റക്കുറച്ചിലുകൾ കണ്ടേക്കാം, എങ്കിലും). ജീവിതം കുഴപ്പമില്ലാതെ മുന്നോട്ടു പോകും. പക്ഷെ എത്രനാൾ ഒരു കക്ഷി 75% അഡ്ജസ്റ്റ് ചെയ്യും? കുറച്ചു നാൾ കഴിയുമ്പോൾ ആ കക്ഷിക്ക്‌ തോന്നില്ലേ എന്തിനാണ് താൻ മാത്രം ഇങ്ങിനെ "കൂടുതൽ" അഡ്ജസ്റ്റ് ചെയ്യുന്നത് എന്ന്? എന്താകും ഫലം? ആ കക്ഷി തന്റെ adjustment 50% ആക്കി കുറയ്ക്കുന്നു. പകരം മറ്റേ കക്ഷി തന്റെ adjustment 50% ആക്കി കൂട്ടിയാൽ അവരുടെ ജീവിതം പഴയപോലെ തന്നെ സുഖകരം. പക്ഷെ, അതിനുള്ള സാധ്യത അതിവിദൂരം. രണ്ടാം കക്ഷി തന്റെ വിഹിതം കൂട്ടാൻ തയ്യാറാകുന്നില്ലെങ്കിൽ? (അതായത് ഒരു കക്ഷി 25% വും മറ്റേ കക്ഷി 50% ഉം അഡ്ജസ്റ്റ് ചെയ്യുന്നു എങ്കിൽ ബാക്കി 25% ആര് അഡ്ജസ്റ്റ് ചെയ്യും? ). സംശയിക്കേണ്ട, അവിടെ പ്രശ്നങ്ങളുടെ തുടക്കമാകും.]

 3. ഒരാൾക്ക് വേണ്ടി മറ്റൊരാൾ അഡ്ജസ്റ്റ് ചെയ്യുന്നതിന് എപ്പോഴും ഒരു പരിധിയുണ്ട്.
[അത് ഓഫീസിൽ ആയാലും, വ്യക്തി ജീവിതത്തിൽ ആയാലും, കുടുംബ ജീവിതത്തിൽ ആയാലും. പരിധി ആര്, എന്ന് മറികടക്കുന്നോ അതോടെ പിന്നെ adjustment കൾക്ക് തന്നെ പ്രസക്തി ഇല്ലാതെയാകുന്നു. ഫലമോ, അതു പ്രശ്നങ്ങളുടെ തുടക്കവും ആകും.]

ശരി, വിജയകരമായ കുടുംബജീവിതം, മുഴുവനായ adjustment അല്ല എന്ന് സമ്മതിക്കുന്നു എന്ന് കരുതുക. പിന്നെ വേറെ എന്താണ് ?

ഉറപ്പിച്ചു പറയാൻ കഴിയും അവിടെ വേണ്ടത് understanding ആണ് എന്ന്.
[Understanding എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് 'പരസ്പരം, ആഴത്തിലുള്ള തിരിച്ചറിയൽ അഥവാ മനസ്സിലാക്കൽ' എന്നാണ്]

താഴെ പറയുന്നവയെ ആ ഗണത്തിൽ ഉൾപ്പെടുത്താം.

1. ദാമ്പത്യ ജീവിതത്തിന്റെ തുടക്കം മുതൽ തന്നെ തന്റെ പങ്കാളിയെ അടുത്തറിയാൻ ശ്രമിക്കുക - നല്ല വശങ്ങളും ചീത്ത വശങ്ങളും.
[ചീത്ത വശങ്ങൾ, പരസ്പരം സംസാരിച്ചു മെച്ചപ്പെടുത്താൻ കഴിയുന്നവ ആണെങ്കിൽ അതിനു ശ്രമിക്കുക. ഇനി, അഥവാ അങ്ങിനെ മാറ്റാൻ കഴിയാത്തവ ആണെങ്കിൽ, അത് തന്റെ പങ്കാളിയുടെ സ്വഭാവത്തിന്റെ 'പ്രത്യേകത' ('സ്വഭാവദൂഷ്യം' അല്ല) ആയിക്കണ്ടു അതുമായി പൊരുത്തപ്പെട്ടു മുന്നോട്ടു പോകുക. (പൊരുത്തപ്പെടൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു 'താൽക്കാലിക adjustment' അല്ല, മറിച്ചു 'സ്ഥിരമായ മനസിലാക്കൽ' ആണ്)]

2. കുടുംബ ജീവിതത്തിന്റെ തുടക്കകാലത്തു ദമ്പതികൾ സാധാരണ പുറമെ കാണിക്കുന്നതാവില്ല, അയാളുടെ/ അവളുടെ യഥാർത്ഥ സ്വഭാവം.
[പലപ്പോഴും ഒരുതരം 'പൊളീഷ്ഡ് സ്വഭാവം' ആയിരിക്കും ഈ സമയം അവർ പുറമേയ്ക്ക് പ്രകടിപ്പിക്കുന്നത്. (വേണമെങ്കിൽ ആലങ്കാരികമായി അതിനെ 'പുതുമോടി' എന്നും പറയാം). പക്ഷെ, ദിവസങ്ങൾ കഴിയുമ്പോൾ രണ്ടു പേരുടെയും യഥാർത്ഥ സ്വഭാവം പുറത്തേക്കു വന്നു തുടങ്ങും, അപ്പോൾ മുതലാണ് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്ന adjustment അല്ലെങ്കിൽ understanding വേണ്ടി വരിക. അവിടെയാണ് understanding നു കൂടുതൽ പ്രാധാന്യവും, ഒപ്പം പ്രായോഗികതയും കൈവരുന്നതും.]

3. പങ്കാളികളിൽ ഓരോരുത്തരും മനസിലാക്കണം താൻ ഒരിക്കലും 'എല്ലാം തികഞ്ഞ ഒരു ഉത്തമവ്യക്തി' അല്ല എന്ന്.
[മറിച്ച്, ഒട്ടേറെ ഗുണങ്ങളും ഒപ്പം അതിലേറെ ദോഷങ്ങളും ഉള്ള ഒരു സാധാരണ വ്യക്തി മാത്രമാണ് താൻ എന്ന് തിരിച്ചറിയണം. (ഈ തിരിച്ചറിവ് പലർക്കും ഉണ്ട് താനും, പ്രത്യേകിച്ചും, തന്റെ കയ്യിൽ നിന്നും തെറ്റുകൾ പറ്റുമ്പോൾ ഈ തത്വം പലപ്പോഴും ഒരു ന്യായീകരണം ആയി പറയുകയും ചെയ്യും!). പക്ഷെ, അതിനേക്കാൾ പ്രധാനപ്പെട്ടതാണ് തന്റെ പങ്കാളിയും തന്നെ പോലെ തന്നെ ഒട്ടേറെ ഗുണങ്ങളും ഒപ്പം ദോഷങ്ങളും ഉള്ള ഒരു സാധാരണ വ്യക്തി മാത്രമാണ് എന്ന തിരിച്ചറിവ്. (ഇതാണ് പല പങ്കാളികൾക്കും ഇല്ലാത്തതും !)].

4. ഈ ലോകത്തിൽ ഒരിക്കലും ഒരാൾക്കും, മറ്റൊരാൾക്ക് 100% ഇഷ്ടപെടുന്ന രീതിയിൽ മാത്രം ദീർഘകാലം (അതായത്, ജീവിതകാലം മുഴുവൻ) പെരുമാറാൻ ആവില്ല  എന്ന സത്യം ഉൾക്കൊള്ളുക. അത് ദമ്പതിമാർക്കിടയിൽ ആയാൽ പോലും.
[തനിക്കൊരിക്കലും തന്റെ പങ്കാളിയുടെ സങ്കൽപ്പവുമായി 100% താദാത്മ്യം പ്രാപിക്കാൻ പറ്റില്ല എന്ന് സ്വയം മനസ്സിലാക്കുമ്പോൾ തന്നെ, മറിച്ചും മനസിലാക്കുക. (100% തന്റെ സങ്കപ്പത്തിലെ ആളായി മാറാൻ, തന്റെ പങ്കാളിക്കും ആകില്ല). ഈ തിരിച്ചറിവ്/മനസ്സിലാക്കൽ, നമ്മൾ മുൻപ് പറഞ്ഞ adjustment ന്റെ ആവശ്യകത തുലോം കുറയ്ക്കുകയും ചെയ്യും].

5. തന്റെ പങ്കാളിയുടെ സ്വഭാവത്തിൽ/പെരുമാറ്റത്തിൽ, തനിക്കു തീർത്തും പൊരുത്തപ്പെടാൻ പറ്റാത്ത കാര്യങ്ങൾ ഉണ്ട് എങ്കിൽ, അതിനെ കുറിച്ച് പങ്കാളിയോട് തന്നെ തുറന്നു സംസാരിക്കുന്ന ശീലം തുടക്കം മുതലേ വളർത്തിയെടുക്കുക,
[അതിനുള്ള ധൈര്യവും, ഒപ്പം സ്വാതന്ത്ര്യവും, പങ്കാളികൾക്കിടയിൽ തീർച്ചയായും ഉണ്ടാകണം, ഇല്ലെങ്കിൽ ഉണ്ടാക്കിയെടുക്കണം]

6. ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം: തങ്ങളുടെ കുടുംബജീവിതം എങ്ങിനെ സന്തോഷകരമായി കെട്ടിപ്പടുക്കണം എന്നത്, ഒരിയ്ക്കലും മറ്റൊരാളിനെ അഥവാ കുടുംബത്തിനെ, മാതൃകയാക്കി ചെയ്യാൻ ശ്രമിക്കരുത്. അതു പോലെ തന്നെ, ഏതെങ്കിലും പുസ്തകത്തിലോ ലേഖനത്തിലോ ഒക്കെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അതേപടി സ്വന്തം ജീവിതത്തിലേക്ക് പകർത്താനും ശ്രമിക്കരുത്.
[അത്തരം പുസ്തകങ്ങളും ലേഖനങ്ങളും ഒക്കെ ഒരു വഴികാട്ടി മാത്രമാണ് എന്ന് തിരിച്ചറിയണം, ഓരോ കുടുംബത്തിലെയും ദമ്പതിമാരുടെ സ്വഭാവത്തിലെ പ്രത്യേകതകൾ അനുസരിച്ചു, അവർ തന്നെ വേണം കുടുംബത്തിലെ അന്തരീക്ഷം സുഖകരമാക്കി മാറ്റിയെടുക്കുവാൻ; അല്ലെങ്കിൽ അതിനുള്ള ശ്രമങ്ങൾ നടത്താൻ].

ഇനി:
ഈ വിഷയം നമുക്ക് ഇങ്ങനെ എത്ര വേണമെങ്കിലും വിശകലനം ചെയ്യാം. എന്നാൽ അതിനു തുനിയുന്നില്ല, കാരണം വിസ്താര ഭയം തന്നെ. (മാത്രവുമല്ല കുടുബജീവിതത്തിലെ പെരുകുന്ന പ്രശ്നങ്ങളെ കുറിച്ച്, കുറേകൂടി വിശദമായി മുൻപൊരിക്കൽ ഇതേ ബ്ലോഗിൽ തന്നെ നമ്മൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
http://binumonippally.blogspot.in/2015/07/valarunna-keralam-thakarunna-kutumba.html?m=1 ).

ചുരുക്കത്തിൽ:
ഇനി പറയൂ, എന്താണ് സന്തോഷകരമായ ഒരു കുടുംബജീവിതത്തിനു, അവശ്യം വേണ്ടത്? Adjustment ആണോ, അതോ Understanding ആണോ?

പ്രായോഗിക വശം കൂടി പരിഗണിച്ചു, നമുക്ക് ഇങ്ങിനെ ഉപസംഹരിച്ചാലോ?

"സന്തോഷകരവും, ആരോഗ്യകരവുമായ ഒരു കുടുംബ ജീവിതത്തിനു അവശ്യം വേണ്ടത്, ദമ്പതിമാർക്കിടയിൽ കുറഞ്ഞത് 75% Understanding ഉം പരമാവധി 25% വരെ adjustment ഉം ഉണ്ടാകുക എന്നതാകുന്നു"

എന്താണ് നിങ്ങളുടെ അഭിപ്രായം?

[ഇനി, ഈ ലേഖനം വായിച്ചപ്പോൾ ചുരുക്കം ചിലരെങ്കിലും ആലോചിച്ചു കാണും, ദമ്പതിമാർക്കിടയിൽ 'സ്നേഹം' ഉണ്ടെങ്കിൽ ഈ പറയുന്ന adjustment ഉം understanding ഉം ഒക്കെ ആവശ്യമുണ്ടോ? അഥവാ ആവശ്യമുണ്ടെങ്കിൽ തന്നെ അതൊക്കെ തനിയെ വരില്ലേ എന്ന്. 110% ശരിയാണ്. പക്ഷെ അത് ദമ്പതിമാർക്കിടയിൽ 'യഥാർത്ഥ സ്നേഹം' ഉള്ളപ്പോൾ മാത്രം ! സത്യസന്ധമായി പറഞ്ഞാൽ ഇന്നത്തെ കാലത്ത് എത്ര ദമ്പതിമാരുണ്ട് അങ്ങിനെ ? ഇന്നത്തെ ദമ്പതിമാരെ അടച്ചാക്ഷേപിക്കുകയല്ല, മറിച്ച് നമ്മൾ മുൻപിൽ കാണുന്ന ചില യാഥാർഥ്യങ്ങളെ പറ്റി തുറന്നുപറയുന്നു എന്ന് മാത്രം. ഒപ്പം, ഇത് വായിക്കുന്ന ഒരു ദമ്പതികൾക്കെങ്കിലും ഈ ലേഖനം ഒരല്പം ഗുണം ചെയ്തെങ്കിലോ? എന്ന  പ്രത്യാശയും.... ]

[കുറിപ്പ്: എളുപ്പത്തിലുള്ള വായനക്ക് വേണ്ടി adjustment, understanding എന്നീ ആംഗലേയ പദങ്ങൾ അങ്ങിനെ തന്നെ ഈ ലേഖനത്തിൽ പലപ്പോഴും ഉപയോഗിച്ചിരിക്കുന്നു. ക്ഷമിക്കുക.]

*************
binumonippally.blogspot.in

*ചിത്രത്തിന് കടപ്പാട്: Google Images

Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]