ഓണം: അന്നും ഇന്നും [കവിത]



ഓണം വന്നോണം വന്നോണം വന്നേ 
ഓണനിലാവു തെളിഞ്ഞു നിന്നേ  
പൊയ്പ്പോയ നല്ക്കാല ഓർമ്മയുമായിതാ 
വീണ്ടുമൊരോണമിങ്ങോടിയെത്തി !

മാനുഷരെ പണ്ടു നന്നായി പോറ്റിയ 
മാവേലി മന്നന്റെയോർമ്മയോണം 
എങ്കിലുമറിയാതെ ചോദിച്ചു പോയി ഞാൻ ഇന്നത്തെയോണമൊരോണമാണോ?

ഓണം: അന്ന്
അത്തം വെളുക്കുമ്പോൾ ചിത്തത്തിലുത്സവ 
താളം തുടിക്കുന്ന കുട്ടികളോ 
പൂക്കൂട കൈയിൽ കറക്കികറക്കിയാ 
പൂക്കളെ തേടിയിറങ്ങിടുന്നു 

നാടായ നാടൊക്കെ ചുറ്റിത്തിരിഞ്ഞവർ 
പൂക്കളുമായെങ്ങെത്തിടുന്നു 
മുറ്റത്തെ ചാണകവട്ടത്തിലന്നത്തെ 
പൂക്കളമായതു മാറിടുന്നു 
താളമിട്ടെത്തുന്ന തുമ്പിക്ക് മുന്നിലാ 
തുമ്പപ്പൂ നാണിച്ചൊളിച്ചിടുന്നു 
കൈകൊട്ടി പാട്ടിന്റെ താളത്തിനൊപ്പിച്ച് 
മങ്കമാർ ആടിത്തിമിർത്തിടുന്നു 
ഉത്രാടരാത്രിയങ്ങെത്തവേ വീടൊരു 
ഉത്സവ വേദിയായ് മാറിടുന്നു 
ആട്ടവും പാട്ടുമായ് പൊട്ടിച്ചിരിച്ചവർ 
തങ്ങളിൽ സ്നേഹം പകുത്തിടുന്നു 

നാളത്തെ സദ്യക്കായ് ഉപ്പേരിയുണ്ടാക്കു-
മച്ഛന്റെ കൂടെയായ് കുട്ടിക്കൂട്ടം 
ഓലനും കാളനും ഒന്നിച്ചൊരുക്കുന്ന
മുത്തച്ഛനൽപ്പം കെറുവിലായി 

ഉള്ളിലായ് പെണ്ണുങ്ങൾ ഒച്ചവെച്ചുച്ചത്തിൽ 
ഓരോരോ കാര്യം കലമ്പിടുന്നു 
അരി പൊടിച്ചീടുന്നു, പൊടി വറുത്തീടുന്നു 
ഇഞ്ചിക്കറിയ്ക്കുപ്പു നോക്കിടുന്നു 

അന്നു തൊടിയിൽ നിന്നെത്തിച്ച ചേനയും 
ചേമ്പും നുറുക്കിയെടുത്തിടുന്നു 
വെണ്ട, വഴുതിന, പയറുവർഗ്ഗങ്ങളും
നന്നായ് കഴുകിയരിഞ്ഞിടുന്നു 

നേരം വെളുക്കുമ്പോൾ കോടിയുടുത്തൊരാ-
കുട്ടികളാമോദമുല്ലസിക്കും 
ഉള്ളിൽ, ഉരുളിയിൽ വെട്ടിത്തിളയ്ക്കുമാ 
പായസം നെയ് ചേർത്തിറക്കി വയ്ക്കും 

തൂശനിലയിൽ നിരത്തി വിളമ്പുമാ 
സദ്യവട്ടത്തിന്റെയോർമ്മയിന്നും 
വർഷങ്ങൾ മാഞ്ഞിട്ടും മായാതെ നിൽക്കുന്നു 
നമ്മുടെ നാവിന്റെ തുമ്പിലെന്നും.


ഓണം: ഇന്ന്
അത്തം വെളുക്കുമ്പോൾ 'ചാറ്റിന്റെ' ക്ഷീണത്തിൽ
കുട്ടികൾ പാതിയുണർന്നെണീക്കും
'ഗൂഗിളിൽ' തപ്പിത്തിരഞ്ഞു പിടിച്ചിടും
വർണ്ണാഭ സുന്ദര പൂക്കളങ്ങൾ

കൈകൊട്ടിപ്പാടുവാൻ പാടെ മറന്നൊരാ
പെണ്ണുങ്ങൾ 'എഫ്ബി'യിൽ പോസ്റ്റിടുന്നു
ന്യുജനറേഷനാം പയ്യന്മാർ  ക്യൂ നിന്നാ
പോസ്റ്റായ പോസ്റ്റൊക്കെ 'ലൈക്കി'ടുന്നു

മുത്തച്ഛൻ പണ്ടത്തെ സ്കൂളിലെയോർമ്മകൾ
'വാട്സ്ആപ്' ഗ്രൂപ്പിലയവിറക്കും
അച്ഛനാ നേരത്ത് യൂട്യൂബിൽ കേറി
രണ്ടോണപഴംപാട്ടു മൂളിനോക്കും

ക്ളബ്ബുകൾ ഓണത്തിൻ പേരുപറഞ്ഞതു
നാട്ടിൽ പിരിവിന്റെ ഹേതുവാക്കും
പിന്നെയോ ഫ്ളക്സിന്റെ പൂക്കളം തീർത്തു
കൊണ്ടോണ മഹോത്സവം കൊണ്ടാടിടും

പൂക്കളം തീർക്കുവാൻ ഒരുനുള്ളു പൂ പോലും
മാവേലിമന്നന്റെ നാട്ടിലില്ല
അയലത്തെ നാട്ടിൽ നിന്നെത്തിയില്ലെങ്കിലീ
നാടിന്നു പൂക്കളം ഓർമ്മയാകും

ഉത്രാടരാത്രിയങ്ങെത്തവേ വീടൊരു 
ഉത്സവ വേദിയായ് മാറിടില്ല 
പകരമോ, 'ജീവിത ടെൻഷൻ' കുറയ്ക്കുവാൻ 
മദ്യസൽക്കാരം പൊടിപൊടിയ്ക്കും 

'
കോടികൾവേണ്ടിന്നു കുട്ടികൾക്കൊന്നുമേ
പോയ കാലത്തിന്റെ ഓർമ്മയല്ലേ ?
ഓണസമ്മാനമായ് 'ഐഫോൺകൊടുക്കുകിൽ
ഒരുപാടു സന്തോഷമിന്നവർക്ക്  !

സദ്യവട്ടങ്ങളോ വീട്ടിൽ ഒരുക്കേണ്ട 
ക്ളീനിങ് വേണ്ട, തിരക്കു വേണ്ട 
നഗരത്തിൻ മുന്തിയ ഹോട്ടലിൽ നേരത്തെ 
'ബുക്ക്' ചെയ്തെപ്പോഴേ 'നെറ്റ്വഴി !

****


പൊട്ടിക്കരയുവാനാവാതെ കയ്യിനാൽ 
കണ്ണുതുടയ്ക്കുന്നു മാവേലി 
നാടിന്റെ പോക്കിതു കാണവേ ഉള്ളിലോ 
തേങ്ങിക്കരയുന്നു മാവേലി 

പോയ വർഷത്തെയാ തിരുവോണനാളിലോ 
ചോരക്കളം തീർത്തു പ്രജകൾ നമ്മൾ
കൊല്ലും കൊലയുമായ് താണ്ഡവമാടുമീ
നാടിന്നു വേണമോ പൊന്നോണം?

പൊട്ടിക്കരയുവാനാവാതെ കയ്യിനാൽ 
കണ്ണുതുടയ്ക്കുന്നു മാവേലി 
നാടിന്റെ പോക്കിതു കാണവേ ഉള്ളിലോ 
തേങ്ങിക്കരയുന്നു മാവേലി ...!!

*************
binumonippally.blogspot.in

*ചിത്രത്തിന് കടപ്പാട്: Google Images






Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]