കേരളത്തിലെ മാറിവരുന്ന സമര രീതികൾ [ലേഖനം]
ഒരു പക്ഷെ നിങ്ങളും ശ്രദ്ധിച്ചു കാണണം, നമ്മുടെ ഈ കൊച്ചു കേരളത്തിൽ കുറച്ചു നാളായി നമ്മൾ കാണുന്ന ചില വേറിട്ട സമരരീതികളും, അവയുടെ സചിത്ര പത്രവാർത്തകളും, ഒപ്പം ലൈവ് ആയ ചാനൽ സംപ്രേഷണവും. ചില ഉദാഹരണങ്ങൾ ഇതാ.
1 . PSC റാങ്ക് ലിസ്റ്റ് കാലാവധി കൂട്ടണം എന്നാവശ്യപ്പെട്ടു സെക്രട്ടറിയേറ്റിനു മുൻപിൽ സമരസമിതിയുടെ ധർണയും, അതിനിടയിൽ സമീപത്തെ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയുള്ള ഒരു യുവാവിന്റെ പ്രതിഷേധവും.
2. തങ്ങളുടെ ചില ആവശ്യങ്ങളിൽ അടിയന്തിര നടപടി ആവശ്യപ്പെട്ടു ഫാർമസി വിദ്യാർത്ഥിനികൾ കോളേജ് കെട്ടിടത്തിന്റെ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി സമരം നടത്തി.
3. മെച്ചപ്പെട്ട സേവനവ്യവസ്ഥകൾക്കും സർക്കാർ അംഗീകരിച്ച മിനിമം വേതനം കിട്ടുന്നതിനുമായി സ്വകാര്യ ആശുപത്രിയിലെ നേഴ്‌സുമാർ, ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ കയറി സമരം നടത്തുകയും ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു.
ഇത് ചില ഉദാഹരങ്ങങ്ങൾ മാത്രം. സമാനരീതിയിൽ മറ്റു കുറെ സമരങ്ങൾ കൂടി കേരളത്തിൽ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇനി, എന്താണ് ഇതിൽ ഇത്ര വലിയ പ്രത്യേകത എന്നാണോ ?
ഒന്ന് ആഴത്തിൽ ചിന്തിച്ചു നോക്കൂ. ഈ സമരങ്ങളിൽ എല്ലാം തന്നെ നമുക്ക് കാണാൻ കഴിയുന്ന ചില 'പൊതുഘടകങ്ങൾ' ഉണ്ട്.
1. മിക്കവാറും, അഭ്യസ്തവിദ്യരായ ചെറുപ്പക്കാരാണ് ഈ സമരങ്ങൾ എല്ലാം തന്നെ നടത്തിയത്.
2. ഒരു രാഷ്ട്രീയ സംഘടനയുടെയും പേരിൽ അല്ല ഈ സമരങ്ങൾ ഒന്നും തന്നെ നടന്നത്.
3. മറ്റു സമരങ്ങളിൽ കാണുന്നത് പോലെ, പൊതുമുതൽ നശിപ്പിക്കാനോ ക്രമസമാധാനം തകർക്കാനോ ഉള്ള ഒരു പ്രവണതയും ഈ സമരങ്ങളിൽ ഉണ്ടായിരുന്നില്ല. മറിച്ച്, 'ആത്മഹത്യാ ഭീഷണി' ആയിരുന്നു ഇവരുടെ മുഖ്യ സമരായുധം.
ഒറ്റനോട്ടത്തിൽ നിരുപദ്രവകരം എന്നോ, വേറിട്ട ചില സമരരീതികൾ എന്നോ ഒക്കെ പറഞ്ഞു നമുക്ക് വേണമെങ്കിൽ ഇതിനെ തള്ളിക്കളയാം. പക്ഷെ, എനിക്ക് തോന്നുന്നു ഈ സമരങ്ങൾ നമ്മുടെ കേരള സമൂഹത്തിനു മുൻപിൽ അതീവ ഗൗരവമേറിയ ചില ചോദ്യങ്ങൾ/വിഷയങ്ങൾ ഉയർത്തുന്നുണ്ട് എന്ന്.
1. അനുദിനം കൂടിവരുന്ന തൊഴിലില്ലായ്മയും അനുബന്ധ പ്രശ്നങ്ങളും, ഒപ്പം സ്വകാര്യ മേഖലയിലെ തൊഴിൽ/വേതന ചൂഷണങ്ങളും, അഭ്യസ്തവിദ്യരായ കേരളീയ യുവതലമുറയിൽ വല്ലാത്ത ഒരുതരം അരക്ഷിത ബോധം വളർത്തിയിരിയ്ക്കുന്നു.
2. രാഷ്ട്രീയപാർട്ടികളിലും, രാഷ്ട്രീയചായ്‌വുള്ള സംഘടനകളിലുമുള്ള കേരളീയ യുവത്വത്തിന്റെ വിശ്വാസം അതിവേഗം നഷ്ടമായികൊണ്ടിരിക്കുന്നു. ഒരു പക്ഷെ, അത് അത്യന്തം അപകടകരമായ രാഷ്ട്രീയ അരാജകത്വത്തിലേക്കോ അല്ലെങ്കിൽ അരാഷ്ട്രീയ ചുറ്റുപാടുകളിലേക്കോ കേരളത്തെ കൊണ്ടെത്തിക്കാം.
3. പൊതുമുതലോ, മറ്റു വസ്തുവകകളോ വച്ച് വിലപേശുന്നതിനേക്കാൾ നല്ലത്, സ്വന്തം ജീവൻ വച്ച് വിലപേശുകയാണ് എന്ന അതീവ ഗൗരവതരമായ ഒരു തരം ആത്മഹത്യാപ്രവണതയിലേക്കോ അഥവാ അന്തർമുഖത്വത്തിലേക്കോ നമ്മുടെ കേരളയുവത്വം വഴിമാറി നടക്കാൻ തുടങ്ങിയിരിക്കുന്നു എന്നും കരുതേണ്ടിയിരിക്കുന്നു.
ഈ സ്ഥിതി തുടർന്നാൽ, ഇത്തരം സമര പരിപാടികൾ നമ്മുടെ സമൂഹത്തെ എവിടേക്കാവും എത്തിക്കുക?
തീർച്ചയായും, അത് നല്ല ഒരു ഭാവിയിലേക്കല്ല വിരൽ ചൂണ്ടുന്നത്. നിയതമായ നേതൃത്വമോ ലിഖിതമായ മാർഗ്ഗരേഖയോ ഒന്നുമില്ലാതെ രൂപപ്പെടുന്ന ഇത്തരം ആൾക്കൂട്ടങ്ങൾക്കു സമൂഹത്തിനോടോ അതുമല്ലെങ്കിൽ തങ്ങളോടു തന്നെയോ ഒരു പ്രതിബദ്ധതയും ഉണ്ടായിരിക്കില്ല. അതിനാൽ ഒരു പക്ഷെ തങ്ങളുടെ ലക്ഷ്യപൂർത്തീകരണത്തിനായി ഏതറ്റം വരെ പോകാനും, വേണ്ടിവന്നാൽ സ്വജീവൻ ഉപേക്ഷിക്കാൻ തന്നെയും ഇവർ സന്നദ്ധരായേക്കും. അങ്ങിനെ സംഭവിച്ചാൽ അത് ഒരു പക്ഷെ മറ്റുള്ള ആളുകൾക്കും സമാന സമര രീതികൾ അവലംബിക്കാൻ പ്രേരണ നൽകിയേക്കാം.
മറ്റൊരു കാര്യം. തുടക്കത്തിൽ സമാധാനപരമായ സമരരീതികൾ ആയിരിക്കാം ഇവർ സ്വീകരിക്കുന്നത് എങ്കിലും സമരം തുടരുന്ന അവസരത്തിൽ കൂടുതൽ തീവ്രമായ അഥവാ അക്രമാസക്തമായ രീതികളിലേക്ക് ഏതു നിമിഷം വേണമെങ്കിലും ഇത്തരം സമരങ്ങൾ ചുവട് മാറ്റിയേക്കാം.
അത്തരം അപകടകരമായ ഒരു സ്ഥിതിവിശേഷത്തിലേക്കു നമ്മുടെ ഈ കൊച്ചു കേരളം എത്താതിരിക്കുവാൻ നാമും ആവശ്യമായ മുൻകരുതലുകൾ എടുത്തേ മതിയാകൂ.
ഈ കാര്യത്തിൽ ഏറ്റവും ആദ്യം ചെയ്യാൻ പറ്റുന്നത് അഥവാ ഏറ്റവും ഫലപ്രദമായി ചെയ്യാൻ കഴിയുന്നത് നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് തന്നെയാണ്. കേവലമായ അധികാര രാഷ്രീയത്തിന്റെ വെള്ളിവെളിച്ചത്തിൽ നിന്നും, അഴിമതിയുടെ കൂത്തരങ്ങുകളിൽ നിന്നും, ഉത്തരവാദപ്പെട്ട നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, സമൂഹത്തിന്റെ നീറുന്ന അടിസ്ഥാന പ്രശ്നങ്ങളിലേക്ക് തങ്ങളുടെ അടിയന്തിര ശ്രദ്ധ തിരിക്കേണ്ടതിനുള്ള സമയം നന്നേ അതിക്രമിച്ചിരിക്കുന്നു.
ഒപ്പം നാം ഓരോ കേരളീയനും.
അതുപോലെ ഇവിടെയുള്ള അസംഖ്യം സംഘടനകൾ ഒന്നോർക്കണം. ആത്യന്തികമായി അവരുടെ കൂറ് സ്വന്തം അണികളോടാകണം, പോരാടുന്നത് അവരുടെ ന്യായമായ അവകാശങ്ങൾക്കു വേണ്ടിയാകണം. അല്ലാതെ "അന്ധമായി" ഒരു രാഷ്ട്രീയ പാർട്ടിയോടും കൂറ് കാട്ടുന്നവരാകരുത്. അവരുടെ താളത്തിനു മാത്രം തുള്ളുന്നവരും ആകരുത്.
തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ കേൾക്കാനും, സമയബന്ധിതമായി അവ പരിഹരിക്കാനും ആർജവമുള്ള പൊതുജന / രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇവിടെ ഉണ്ട്, എന്ന് ഇവിടുത്തെ പ്രബുദ്ധരായ, അഭ്യസ്തവിദ്യരായ കേരള ജനതയ്ക്ക് തോന്നിയാൽ അഥവാ തിരിച്ചറിഞ്ഞാൽ, മേല്പറഞ്ഞ എല്ലാ പ്രശ്ങ്ങളും അതോടെ തീരും!
അല്ലെങ്കിൽ, നാളെ നമുക്ക് പറഞ്ഞു അഭിമാനിക്കാൻ ഒരു പക്ഷെ, 'സുന്ദര കേരളം' എന്നത് സുഖമുള്ള ഒരു ഭൂതകാല സ്മരണ മാത്രമായി മാറിയേക്കാം !
*************
പിൻകുറിപ്പ്: ഈ ലേഖനം എഴുതുന്ന അതേ സമയത്താണ് നമ്മുടെ അയൽ സംസ്‌ഥാനത്ത് ഏതാണ്ട് സമാന സ്വഭാവമുള്ള 'ജെല്ലിക്കെട്ട്' സമരം അരങ്ങേറിയത്. വളരെ സമാധാനപരമായി, മാതൃകാപരമായി, തുടങ്ങുകയും പുരോഗമിക്കുകയും ചെയ്ത ആ സമരം പിന്നീട് പൊടുന്നനെ വ്യാപക അക്രമങ്ങളിലേക്കും ഒരു പോലീസ് സ്റ്റേഷൻ അഗ്നിക്കിരയാക്കുന്നതിലേക്കും വരെ എത്തി ! സമരാനുകൂലികളുടെ ഏതാണ്ട് എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ച്, നിയമസഭയിൽ പ്രത്യേക ബില്ല് പാസാക്കിയതിനാൽ ആ സമരം അവിടെ തീർന്നു. ഇല്ലായിരുന്നുവെങ്കിലോ ? ഇത് നമുക്കും കൂടിയുള്ള ഒരു മുന്നറിയിപ്പല്ലേ ?
******
visit: binumonippally.blogspot.in
mail: binu_mp@hotmail.com
mail: binu_mp@hotmail.com
[ചിത്രത്തിന് കടപ്പാട്: ഗൂഗിൾ ഇമേജസ്]
[ജനുവരി-25-2017 ൽ എഴുതിയ ഈ പോസ്റ്റിനു ശേഷം ലോ അക്കാദമി പ്രശ്നവുമായി ബന്ധപ്പെട്ട് ഫെബ്രുവരി-7-2017 ൽ തിരുവനന്തപുരത്തു നടന്ന സമാനമായ രണ്ടു സംഭവങ്ങൾ ഇതാ ....നമ്മൾ ഇവിടെ ചർച്ച ചെയ്ത വിഷയത്തിന്റെ ആനുകാലിക പ്രസക്തിയും അപകടാവസ്ഥയും വെളിവാക്കാൻ ഇതിലും കൂടുതൽ ഉദാഹരണങ്ങൾ വേണ്ട തന്നെ.....!]
Comments
Post a Comment