ഫേസ്ബുക്കിലെ ഫോട്ടോ പോസ്റ്റുകൾ : അതിർവരമ്പുകൾ ആവശ്യമോ ? [ലേഖനം]
ഫേസ്ബുക്ക് (എഫ്ബി) അക്കൗണ്ട് ഇല്ലാത്തവർ ഈ കാലഘട്ടത്തിൽ വളരെ വിരളമായിരിക്കും. ഉറപ്പ്.
എഫ്ബിയിൽ ഒരു പോസ്റ്റെങ്കിലും (മിക്കവാറും ഫോട്ടോസ്) ഇടാത്ത ഒരു ദിവസത്തെ കുറിച്ചു ആലോചിക്കാൻ പോലും വയ്യ, ഞാനും നിങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ സമൂഹത്തിന്...... അല്ലേ ?
പക്ഷെ, എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ഈ എഫ്ബിയിൽ ഇടുന്ന ഫോട്ടോകളുടെ സ്വകാര്യതയെ പറ്റി? അഥവാ അവ എങ്ങിനെയൊക്കെ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം എന്നതിനെ പറ്റി?
ഓ... പിന്നെ ...ഇതൊക്കെ ആലോചിച്ചാണോ ഇപ്പോൾ എഫ്ബിയിൽ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്? എന്നല്ലേ നിങ്ങൾ ഇപ്പോൾ ചിന്തിച്ചത്?
നിങ്ങളും കണ്ടു കാണും, കഴിഞ്ഞ ദിവസം ഒരു യുവതി "ഫീലിംഗ് ലേസി" എന്ന അടിക്കുറിപ്പോടെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഞായർ രാവിലെ, ഒരു അവധി ദിവസത്തിന്റെ എല്ലാ അലസതയോടെയും ഉറക്കമെഴുന്നേറ്റു, അതേ പോലെ തന്നെ അലസമായ വേഷത്തിൽ (അതും നിശാവസ്ത്രത്തിൽ) ഉള്ള ഒരു ഫോട്ടോ. ഒരു പക്ഷേ, വെറുതെ ഒരു രസത്തിന് വേണ്ടി പോസ്റ്റ് ചെയ്തതാവാം, അതും ഒരു നിമിഷത്തെ മാത്രം ആലോചനയിൽ. എന്നാൽ ആ ഫോട്ടോയ്ക്കു ചുവട്ടിൽ വന്ന ഒട്ടു മിക്ക കമന്റുകളും സഭ്യതയുടെ അതിരുകൾ ഭേദിയ്ക്കുന്നതായിരുന്നു!
ഇതിൽ നമ്മൾ ആരെ കുറ്റപ്പെടുത്തണം? ആ ഫോട്ടോ ഇട്ട ആളെയോ? അതോ അതിനു താഴെ കമന്റ്സ് ഇട്ട ആളുകളേയോ ?
ഇത് വെറും ഒരു ഉദാഹരണം മാത്രം. ഇതുപോലെ എത്രയെത്ര ഫോട്ടോകളാണ് ഒരോ നിമിഷവും എഫ്ബിയിൽ വന്നു നിറയുന്നത്? ആണിന്റെയും പെണ്ണിന്റേയും.
ആണാണെങ്കിൽ സ്വന്തം ശരീരസൗന്ദര്യം വെളിപ്പെടുത്തുന്നത്, വെള്ളത്തിൽ മുങ്ങി പൊങ്ങുന്നത്, നിരത്തിയ കുപ്പിയും ഗ്ലാസ്സുകളുമായി ഇരിക്കുന്നത്, കണ്ണട വച്ചത്, കണ്ണട വയ്ക്കാത്തത്, ഫീലിംഗ് ക്രേസി, ഫീലിംഗ് ലേസി ..... ...അങ്ങിനെ അങ്ങിനെ....
ഇനി പെൺകുട്ടികൾ ആണെങ്കിലോ? ഫോർമൽ ഡ്രസ്സിൽ, കാഷ്വൽ ഡ്രെസ്സിൽ, രാത്രി ഡ്രെസ്സിൽ, ...ഫീലിംഗ് ലോൺലി, ഫീലിംഗ് ഔസം ....അങ്ങിനെ അങ്ങിനെ...
നവരസങ്ങൾ മുഖത്ത് വിരിയിച്ച് ......ഇരുന്നും നിന്നും കിടന്നുമൊക്കെ ഉള്ള ഫോട്ടോകൾ .....
പിന്നിൽ നിന്നും, മുന്നിൽ നിന്നും. മുകളിൽ നിന്നും. താഴെ നിന്നുമൊക്കെയുള്ള സെൽഫികളിൽ രണ്ടു കൂട്ടരും ഒരുപോലെ തന്നെ. മിക്കതും, സ്വന്തം ശരീരത്തിന്റെ അഴകളവുകൾ വെളിവാക്കുന്നതുമായിരിക്കും !
(അതാണല്ലോ അതിന്റെയൊരു 'ത്രിൽ' അല്ലേ?).
മറ്റു ചിലരുണ്ട്. ദിവസേന (ചിലപ്പോൾ ഒരു ദിവസം തന്നെ ഒന്നിൽ കൂടുതൽ തവണ) സ്വന്തം പ്രൊഫൈൽ ചിത്രം മാറ്റിക്കൊണ്ടിരിക്കും. മിക്കവാറും എല്ലാം തന്നെ സെൽഫിയും ആയിരിക്കും. ഏതുചിത്രം ഇട്ടാലും ഇക്കൂട്ടർക്ക് തൃപ്‌തി ആകില്ല. (ചില മനശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ഇത് കടുത്ത ആത്മ- വിശ്വാസക്കുറവിന്റെ ലക്ഷണമാണത്രേ !)
ചിലരുടെ എഫ്ബി പോസ്റ്റുകൾ മൊത്തം ലിസ്റ്റ് ചെയ്തു നോക്കിയാൽ 99% ഉം സെൽഫി തന്നെ ആയിരിക്കും.പലതരത്തിൽ, പല പോസുകളിൽ ഉള്ള ചിത്രങ്ങൾ.
ഇനി......
"സ്വന്തം എഫ്ബി പേജിൽ സ്വന്തം ചിത്രം പോസ്റ് ചെയ്യുന്നതിൽ എന്താണിത്ര കുഴപ്പം? ഇതൊന്നും ചെയ്യാൻ അല്ലെങ്കിൽ പിന്നെ എന്തിനാണ് ഈ എഫ്ബി?"
ന്യായമായ ചോദ്യം. "ഒരു കുഴപ്പവുമില്ല...!" എന്നു തന്നെയാണ് ഉത്തരം.
എങ്കിൽ പിന്നെ എന്താണ് പ്രശ്നം?
പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളുടെ സ്വഭാവവും, അവയുടെ എണ്ണവുമാണ് യഥാർത്ഥ പ്രശ്നം !!
ഉദാഹരണത്തിന്: നിങ്ങൾ തനിയെയോ, കൂട്ടുകാരോടൊത്തോ, അതുമല്ലെങ്കിൽ ബന്ധുക്കളോടൊത്തോ ഒരു യാത്ര പോയി എന്ന് കരുതുക. ആ യാത്രയിലെ സുന്ദര ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് വളരെ നല്ലതു തന്നെ. നിങ്ങളുടെ മറ്റു കൂട്ടുകാർക്കും ബന്ധുക്കൾക്കുമൊക്കെ അവ ആസ്വദിക്കുകയുമാവാം. [യാത്രയ്ക്കു പകരം കുടുംബാംഗങ്ങളുടെ ജന്മദിനം, വിവാഹ വാർഷികം, കുട്ടികളുടെ സ്‌കൂളിൽ അല്ലെങ്കിൽ കോളേജിൽ നടന്ന കലാപരിപാടികൾ, അവയിൽ അവർക്കു ലഭിച്ച സമ്മാനങ്ങൾ, സമാനമായ മറ്റു ആഘോഷങ്ങൾ ...അങ്ങിനെ എന്തും ആകാം].
എന്നാൽ, ഇതിനൊക്കെ പകരം, നിങ്ങൾ പോസ്റ്റ് ചെയ്യുന്നത് സ്വന്തം ഫോട്ടോകൾ മാത്രമാണെങ്കിലോ? അതു തന്നെ മണിക്കൂറുകൾ ഇടവിട്ടു പോസ്റ്റ് ചെയ്താലോ ? വളരെ അലസമായ, അല്ലെങ്കിൽ സന്ദർഭത്തിന് അനുചിതമായ അഥവാ അനഭിലഷണീയമായ വസ്ത്രധാരണത്തോടെയുള്ളവ (മുൻപ് സൂചിപ്പിച്ച നിശാവസ്ത്രം ഒരു ഉദാഹരണം) കൂടി ആയാലോ?
അതുമല്ലെങ്കിൽ, കാഴ്ച്ചക്കാർക്ക് തികച്ചും അരോചകമായ ഒരു സന്ദർ ഭത്തിലുള്ളതായാലോ ? ( ഉദാഹരണത്തിന്: മദ്യപിക്കുന്നതോ, മദ്യപിച്ചു ലക്കുകെട്ട രീതിയിൽ ഉള്ളതോ ആയ ചിത്രങ്ങൾ).
എന്തായാലും, നമ്മുടെ "നല്ല" കൂട്ടുകാർക്കോ, വീട്ടുകാർക്കോ നമ്മളെ ഈ രീതിയിൽ കാണണം എന്ന് ഒരു താല്പര്യവും കാണില്ല. പിന്നെ ആർക്കു വേണ്ടിയാണ് നാം ഇത്തരം ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നത് ? ചിന്തിക്കേണ്ടതല്ലേ ?
ഒരു ഉദാഹരണം കൂടി പറഞ്ഞു നമുക്കിത് അവസാനിപ്പിക്കാം. നിങ്ങൾ നിങ്ങളുടെ വിവിധ പോസുകളിലുള്ള കുറെയധികം ഫോട്ടോകൾ തിരക്കേറിയ ഒരു ബസ്സ്റ്റോപ്പിൽ, ഒരു മേശമേൽ വെറുതെ ഇടുന്നു എന്ന് കരുതുക. എന്തു സംഭവിക്കും?
കുറേയാളുകൾ അവ ശ്രദ്ധിക്കുക പോലുമില്ല; കുറേപ്പേർ അത് എടുത്തു നോക്കി അവിടെ തന്നെ ഉപേക്ഷിക്കും; മറ്റു ചിലർ അവയെ പറ്റി നല്ലതോ ചീത്തയോ ആയ കമൻറ്സ് പറയും; ഇനിയും ചിലർ, അവയിലെ ചില "നല്ല" ഫോട്ടോകൾ എടുത്തുകൊണ്ടു പോകും; അവരിൽ തന്നെ ചിലർ പിന്നീട് അതിൽ ചില 'തല വെട്ടിമാറ്റലുകൾ' നടത്തും, എന്നിട്ടു അവയെ പിറ്റേന്ന് അതേ ബസ്സ്റ്റോപ്പിൽ തന്നെ പ്രദർശിപ്പിക്കും........
ഇതിൽ ഏതൊക്കെ സാദ്ധ്യതകൾ നടന്നേക്കാം, അതിൽ ഏതൊക്കെ അഭിലഷണീയമാണ്, ഏതൊക്കെ അനഭിലഷണീയമാണ് എന്നൊക്കെ നിങ്ങൾ തന്നെ ഒന്നു ചിന്തിച്ചു നോക്കൂ ...!!
അവസാനമായി ഒരു ചോദ്യം കൂടി....
അപ്പോൾ ഒരു ഫോട്ടോയും എഫ്ബിയിൽ ഇടാൻ പറ്റില്ല എന്നാണോ?
അല്ല.....
പിന്നെ?
നിങ്ങൾ, നിങ്ങളുടെ ഏതൊക്കെ ഫോട്ടോകൾ ഒരു വലിയ ഫ്ളക്സിൽ പ്രിന്റ് ചെയ്തു നിങ്ങളുടെ തൊട്ടടുത്ത കവലയിൽ പ്രദർശിപ്പിക്കാൻ ധൈര്യപ്പെടുമോ, അത്തരത്തിലുള്ള ഏതൊരു ഫോട്ടോയും ധൈര്യമായി എഫ്ബിയിൽ പോസ്റ്റ് ചെയ്തോളൂ...ലൈക്കുകളും കമന്റ്സുകളും ധാരാളം വാങ്ങിച്ചോളൂ ....
അല്ലാത്ത ഒരു ഫോട്ടോയും (നിങ്ങളുടെതായാലും, നിങ്ങളുടെ പ്രിയപ്പെട്ടവരുടെതായാലും) ഒരു കാരണവശാലും എഫ്ബിയിൽ പോസ്റ്റ് ചെയ്യരുതേ ... പകരം അവ ആവശ്യമെങ്കിൽ, നിങ്ങളുടെ മാത്രം സ്വകാര്യതയായി സൂക്ഷിക്കുക....!!
സൂക്ഷിച്ചാൽ ദുഖിക്കേണ്ട ...!!
*****
പിൻകുറിപ്പ്: രാവിലെ എഴുന്നേറ്റ പടി "ഫീലിംഗ് ലേസി" എന്നും, ബാത്റൂമിൽ പോകുമ്പോൾ "ഫീലിംഗ് എക്സൈയ്റ്റഡ്" എന്നും, കുളിച്ചു കൊണ്ടിരിക്കുമ്പോൾ "ഫീലിംഗ് കൂൾ" എന്നും, തിരികെ ഇറങ്ങുമ്പോൾ "ഫീലിംഗ് റിലാക്സ്ഡ്" എന്നും, രാത്രി ബെഡ്‌റൂമിൽ "ഫീലിംഗ് ..........." എന്നുമൊക്കെ അടിക്കുറിപ്പുള്ള തത്സമയ ഫോട്ടോകൾ എഫ്ബിയിൽ വരുന്ന കാലം അതിവിദൂരമല്ല ![അഭ്യർത്ഥന: എഫ്ബിയിൽ നിങ്ങൾ ഇടുന്ന ഫോട്ടോകൾ ഒരുപക്ഷേ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം എന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം. ഒരിക്കലും ഇത് എഫ്ബിക്ക് എതിരെയോ അതിൽ ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നതിനെതിരെയോ ഉള്ള ലേഖനമായി തെറ്റിദ്ധരിക്കാതിരിക്കുക]
******
visit: binumonippally.blogspot.in
mail: binu_mp@hotmail.com
mail: binu_mp@hotmail.com
[ചിത്രത്തിന് കടപ്പാട്: ഗൂഗിൾ ഇമേജസ്]
Comments
Post a Comment